ഞാന്‍ പഠിച്ച എന്‍റെ ഗ്രാമത്തിലെ വലിയ സ്കൂള്‍ കുട്ടികളുടെ എണ്ണത്തിലും അന്നും ഇന്നും മുന്നില്‍. എന്നാല്‍ ഞാന്‍ പഠിച്ചകാലവും, അദ്ധ്യാപകരും. പഠനവും പഠിപ്പിക്കുന്ന രീതികളും അടിമുടി മാറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും, വിദ്യാലയങ്ങള്‍ക്കും ഇന്ന് എപ്ലസ് മാത്രം മതി. എന്തിനുളള എ പ്ലസാണ് വേണ്ടതെന്ന് ആരും ചിന്തിക്കുന്നില്ല. അമൂല്‍ ബേബികളേയോ അതോ ബ്രോയിലര്‍ ചിക്കന്‍ ഫാമോ? നാം സൃഷ്ടിക്കുന്നത്.
പത്തും പതിനൊന്നും, പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കൗമാരക്കാരായ കുട്ടികളെ മീറ്റിംഗ് നടക്കാറുളള ഹാളില്‍ വിളിച്ചു കൂട്ടി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ സ്ഥലം സി.ഐ ഐപ്പ് സാര്‍ മുഖ്യ പ്രഭാഷകനായി എത്തി.
ഈശ്വരപ്രാര്‍ത്ഥനയും, സ്വാഗതവും, അദ്ധ്യക്ഷ പ്രസംഗവും പെട്ടെന്ന് പൂര്‍ത്തിയാക്കി ഐപ്പ് സാര്‍ ക്ലാസാരംഭിച്ചു. ലഹരിയുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു.
കഞ്ചാവ്, മദ്യം, മയക്കുമരുന്നുകള്‍, മിഠായികള്‍, മധുര പലഹാരങ്ങള്‍ രുചിയൂറുന്ന മറ്റു വിഭവങ്ങള്‍, പാനിയങ്ങള്‍ തുടങ്ങിയ വസ്തുക്കളിലൂടെ കുട്ടികള്‍ അറിഞ്ഞും അറിയാതെയും ലഹരിസാധനങ്ങളില്‍ എത്തപ്പെടുന്ന രീതികള്‍ അതിലെ ചതികുഴികള്‍. അത്മൂലം സംഭവിക്കുന്ന വന്‍ ആപത്തുകള്‍. ശാരീരിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങള്‍. വ്യക്തികളിലും, കുടുംബങ്ങളിലും, സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍. അങ്ങനെ നീണ്ടുപോയ ഒന്നര മണിക്കൂര്‍ ക്ലാസ്.
കുട്ടികളുടെ സംശയ നിവാരണത്തിനായി അല്പനേരം കാത്ത് നിന്നു. കുട്ടികളുടെ അടക്കം പറച്ചില്‍. ഐപ്പ് സാര്‍ ‘ദൈര്യമായി ചോദിക്കൂ’. ഇരുന്നും എണീറ്റുമായി ഒരു കുട്ടി.
‘സാര്‍ ഇതെല്ലാം മുതിര്‍ന്ന കരങ്ങളിലൂടെയല്ലേ ഞങ്ങളില്‍ എത്തുന്നത്. അവര്‍ക്കും മക്കളും കൊച്ചു മക്കളും ഉളളവരല്ലേ?’
അദ്ധ്യാപകര്‍ മുഖാമുഖം, ഒരു അദ്ധ്യാപകന്‍ ആഗ്യഭാഷയില്‍ ആ കുട്ടിയോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഐപ്പ് സാറിന്‍റെ ദൃഷ്ടിയില്‍ അത് പതിയുകയും ചെയ്തു.
‘സി.ഐ ആ അദ്ധ്യാപകനോടായി. അവര്‍ ചോദിക്കട്ടെ എല്ലാ തിന്മകള്‍ക്കെതിരെയും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കട്ടെ.’
ഇത് കേട്ടതും മറ്റൊരു കുട്ടി. സര്‍ അങ്ങനെയെങ്കില്‍ നിയമപാലകരായ നിങ്ങള്‍ മുതല്‍ ഭരണം നിയന്ത്രിക്കുന്ന എല്ലാ സംവിധാനങ്ങളിലും, മുതിര്‍ന്ന് ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടല്ലോ?.
സി.ഐ അല്പനേരം കൂടി കാത്തിരുന്നു. വേറെ ചോദ്യങ്ങള്‍ ഇല്ലായെന്ന് മനസിലാക്കി മറുപടി പറയുവാന്‍ തുടങ്ങി.
വേലിയില്‍ മുളയ്ക്കുന്ന കാട്ടുവളളി ചെടി കണ്ടിട്ടുണ്ടോ കുട്ടികളെ. അവ വളരാന്‍ തുടങ്ങിയാല്‍ പടരും. അവയെ വെട്ടിനീക്കിയില്ലെങ്കില്‍ ആ പ്രദേശം മുഴുവന്‍ പടരും. പിന്നെയും അനുകൂല സാഹചര്യമാണെങ്കില്‍ ദേശം മുഴുവന്‍ വ്യാപിക്കും. അവ ഒരു നാള്‍ കൊണ്ട് വളര്‍ന്നവയല്ലാ. അത് മുളച്ച്ത് ഒരു നാമ്പില്‍ നിന്നായിരിക്കും. അതുകൊണ്ട് തന്നെ നമ്മള്‍ ആ നാമ്പില്‍ എത്തണം. വ്യാപിച്ചത് എവിടെ വരെ എത്തിയോ അവിടെന്ന് തുടങ്ങണം. അതാണ് കൗമാരക്കാരായ നിങ്ങളില്‍ നിന്നും പുറകോട്ട് സഞ്ചരിക്കുന്നത്. അതിന് നിയമവും സംവിധാനങ്ങളും മുന്നിലുണ്ട്.
രാത്രിയും, പകലും പ്രകൃതി നിയമമാണ്. പ്രകൃതിയും, എല്ലാ ജന്മങ്ങളും ഒരു യാത്രമാത്രമാണ്. നിങ്ങള്‍ സ്കൂളില്‍ നിന്നും ഒരു യാത്ര പോയി മടങ്ങി വരുന്നത് പോലെ. വിവേകിയും, നന്മനിറഞ്ഞവനുമാണ് നരന്‍. ഇരുളിനെ മുറിക്കുവാന്‍ വെളിച്ചത്തിനെ സാധിക്കൂ. പക്ഷെ ഇരുള്‍ നമുക്കൊപ്പമുണ്ട്. നന്മയുളളവന്‍ വെളിച്ചമാണ്. അവര്‍ പ്രകാശിക്കും. ലഹരി ഇരുളാണ് അവ ഒരുനാളും പ്രകാശിക്കില്ലാ. ഇത് മാറ്റങ്ങളുടെ ലോകമാണ് ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ കാലം. നന്മയുടെയും തിന്മയുടെയും പോരാട്ടത്തിന്‍റെ കാലം. പണകൊതിയന്മാരുടെയും ദുഷ്ടശക്തികളുടെയും ലോകം. നമ്മുടെ ലഹരി നന്മയായിരിക്കട്ടെ. രക്ഷിതാക്കളും, അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും നേടിയെടുക്കേണ്ട യഥാര്‍ത്ഥ എ പ്ലസുകള്‍ നന്മയായിരിക്കട്ടെ. നന്മയാം എ പ്ലസുകള്‍.













