ലഹരി പതയും യൗവ്വനം. – ജോണ്‍സണ്‍ ഇരിങ്ങോള്‍

Facebook
Twitter
WhatsApp
Email

കേട്ടവര്‍ മൂക്കിന്‍ തുമ്പില്‍ വിരല്‍ വച്ചു. അത്ഭുതം പോലെ അറിയാതെ നാവുകള്‍ പറഞ്ഞു. ‘ദൈവമേ.’
പ്രായഭേദമന്യേ നാട്ടുകാര്‍ ആ മുറ്റത്തേക്ക് ഓടികൂടാന്‍ തുടങ്ങി. നിറകണ്ണുകളും വാടിയ മുഖങ്ങളുമല്ലാതെ ആരുമില്ലാ. തകര്‍തിയായി പന്തലിന്‍റെ പണി ചെയ്യുന്ന ഭായിമാര്‍. സിറ്റൗട്ടില്‍ ജീവച്ഛമായിരിക്കുന്ന രാമചന്ദ്രന്‍. ആകാശം ഇടിഞ്ഞ് വീഴുമെന്നു പറഞ്ഞാല്‍ പോലും പതറാത്ത മനുഷ്യന്‍. തുറന്നിരിക്കുന്ന രണ്ട് കണ്ണുകള്‍ മാത്രം.
മുറിക്കുളളില്‍ വെട്ടിയിട്ട വാഴപോലെ കിടക്കുന്ന ശുഭദ്ര. അരികിലിരുന്ന് തേങ്ങികരയുന്ന മകള്‍. ഇതെല്ലാം കണ്ട് കണ്ണുനീര്‍ തുടച്ച് മാറി മാറി നില്‍ക്കുന്ന സ്വന്തത്തിലും അയല്‍ പക്കത്തുമുളള സ്ത്രീകള്‍. കാര്യങ്ങള്‍ ഒന്നും ആര്‍ക്കും ആരോടും ചോദിക്കാന്‍ കഴിയുന്നില്ലാ.
ഒന്നുമില്ലായിമയില്‍ നിന്നും ജീവിതം തുടങ്ങിയ രാമചന്ദ്രന്‍. പണമാണ് ജീവിതത്തില്‍ എല്ലാത്തിനും മുകളില്‍ എന്നയാള്‍ ചിന്തിച്ചിരുന്നു. വെറും ഇലക്ട്രിക്കല്‍ വയറിംങ്ങുമായി നടന്നയാള്‍. തട്ടി മുട്ടി ഒരുനാള്‍ ഒരു റീസോ കമ്പനി തുടങ്ങി. എന്തൊക്കയോ കാണിച്ച് കമ്പനി വളര്‍ത്തി. പീലിംഗും, പ്രസുമായി വലിയൊരു പ്ലൈവുഡ് ഫാക്ടറിയാക്കി. ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ കോടീശ്വരന്‍. ഭാര്യയും മകളും മകനുമായിരുന്നു കുടുംബം. അയാള്‍ക്കറിയാം മക്കള്‍ പഠിക്കാന്‍ വലിയ മിടുക്കരല്ലായെന്ന്. എന്നാലും ഫുള്‍ എ പ്ലസ് വാങ്ങിക്കാന്‍ വേണ്ടി കുട്ടികള്‍ പറയുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പൈസയ്ക്ക് യാതൊരു ദാരിദ്രവും ഉണ്ടായിരുന്നില്ലാ. കുട്ടികളാകട്ടെ പശുവിന്‍റെ അകിട്ടിലെ പാല്‍പോലെ ഊറ്റി കുടിക്കുന്നു. പ്ലസ്ടൂവിന് പഠിക്കുമ്പോള്‍ തന്നെ മകള്‍ ഒരുവനുമായി ഇഷ്ടത്തിലാകുകയും ഒളിച്ചോടി പോകുകയും ചെയ്തു. സ്റ്റാറ്റസ് നിലനിര്‍ത്താനായി ഊട്ടിയില്‍ വച്ച് പിടികൂടി നാട്ടിലെത്തിച്ച് നാലാളറിയെ ലക്ഷങ്ങള്‍ ചിലവഴിച്ച് വിവാഹം നല്‍കി കൊടുത്തു.
രാമചന്ദ്രന്‍റെ കണ്ണില്‍ നിന്നും രണ്ട് തുളളി കണ്ണുനീര്‍ മാറിലേക്ക് വീണു. അയാള്‍ കണ്‍പീളകള്‍ ഇറുക്കി.
മകനെ പഠിപ്പിച്ചു ഫുള്‍ എ പ്ലസ് കിട്ടിയില്ലെങ്കിലും പണം കൊടുത്ത് എന്‍ജിനീയറിംഗിന് അഡ്മിഷന്‍ തരപ്പെടുത്തി. വീട്ടില്‍ വന്ന് പോകാന്‍ മാത്രം ദൂരം , ലൈസന്‍സും വാഹനവും ഉണ്ടായിരുന്നിട്ടും. ധാരാളം പഠിക്കാനുണ്ട് വീട്ടില്‍ വന്ന് പോയാല്‍ സമയം കിട്ടില്ലായെന്ന് പറഞ്ഞ് കോളേജിനടുത്ത മുറി വാടകക്കെടുത്ത് താമസിച്ചു. കയ്യില്‍ എപ്പോഴും ആവശ്യത്തിലേറെ പണവും. നാല് വര്‍ഷം കടന്ന് പോയി.

മകന്‍ ജയിച്ചോ തോറ്റോ എന്നൊന്നും വീട്ടിലാര്‍ക്കും അറിയില്ലാ. പഠിത്തം കഴിഞ്ഞ് വീട്ടിലെത്തിയ അവന്‍ ആരോടും യാതൊരു ബന്ധവുമില്ലാത്തപോലെ മുറിക്കുളളില്‍ ഒതുങ്ങികൂടി. അച്ഛനോ അമ്മയോ സഹോദരിയോ ഭര്‍ത്താവോ എന്ത് ചോദിച്ചാലും ഉത്തരമില്ലാ. ആവര്‍ത്തിച്ച് ചോദിച്ചാല്‍ പൊട്ടി തെറിക്കുന്ന സ്വഭാവം.
കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ അച്ഛനോട് ഒരു കാര്യം മാത്രം സംസാരിച്ചു. അയാള്‍ക്ക് ഉന്നത വിദ്യാഭ്യാസമെടുക്കാന്‍ ദുബായിക്ക് പോകണമെത്രെ. തിരിച്ചുളള ചോദ്യത്തിന് മറുപടി ഒന്നുമില്ലാ. ഒടുവില്‍ അച്ഛന്‍ അനുവാദം നല്‍കി. അങ്ങനെ ദുബായിക്ക്. വീണ്ടും നാല് വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തി. പഴയതിലും കഷ്ടം. മുറിക്കുളളില്‍ നിന്നും തീരെ പുറത്തിങ്ങുന്നില്ലാ. നേരാവണ്ണം ഭക്ഷണമില്ല കുളിയില്ലാ. ഇടയ്ക്കെല്ലാം ഫോണ്‍വിളിക്കുന്നത് കേള്‍ക്കാം. മണിക്കൂറുകള്‍ കഴിയും. ഒരാള്‍ വീട്ടില്‍ വരും. മുറിയ്ക്കകത്ത് പോകും തിരിച്ച് പോകും. അയാള്‍ ആരാന്നോ എന്തിന് വന്നുവെന്നോ വീട്ടിലുളള മറ്റുളളവര്‍ക്ക് ചോദിക്കാനോ പറയുവാനോ അനുവാദമില്ലാ.
വീടും പരിസരങ്ങളും ജനസാന്ദ്രമാണ്. ചെറുകൂട്ടങ്ങളായി ജനം സംസാരിക്കാന്‍ തുടങ്ങി. വെറും പാവം പയ്യിന്‍ അവന് എന്ത് പറ്റി. എന്തോ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു. ആരെല്ലാമോ ഇവിടെ എത്തിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പോയ്സണ്‍ അടിച്ചു. ഇത് മാത്രം ജനങ്ങള്‍ക്കറിയാം.
ഒരു ആംബുലന്‍സ് പടിക്കെയെത്തി. ബോഡി പന്തലിലേക്ക്. കൂട്ടകരച്ചില്‍ ബോധരഹിതനായി രാമചന്ദ്രന്‍ കസേരയില്‍ നിന്ന് താഴെ വീണു.

About The Author

Leave a Reply

Your email address will not be published. Required fields are marked *