ബസ്സിൽ നല്ല തിരക്കാണ്. പരമാവധി ആളുകളെയും കുത്തി നിറച്ച് ആടിയാടിയാണ് ബസ്സ് വരുന്നത്.
പെരുംതിരക്ക് തന്നെ.
അതിനിടയിലൂടെ കുത്തിത്തിരക്കി കഷ്ടപ്പെട്ടാണ് കണ്ടക്ടർ പണം വാങ്ങുന്നത്.
കമ്പിയിൽ ചാരി ശ്രമപ്പെട്ട് ബാലൻസ് ചെയ്ത് നിൽക്കുകയാണ് വർക്കിച്ചായൻ. ടൗണിൽ നിന്നുള്ള വരവാണ്.
ആള് ഇച്ചിരി മിനുങ്ങിയിട്ടുണ്ട്.
പൊതുവേ സൗമ്യഭാവമാണ് അച്ചായന് . മുഖത്ത് എപ്പോഴും പുഞ്ചിരി കാണും.
“ടിക്കറ്റ് …? ”
കണ്ടക്ടർ വർക്കിച്ചായന് നേരെ കൈ നീട്ടി. വർക്കിച്ചായൻ പെടക്ക്ണ ഒരഞ്ഞൂറ് കണ്ടക്ടർക്ക് നേരെ തിരിച്ച് നീട്ടി.
”അഞ്ഞൂറോ…?”
“ങാ… അഞ്ഞൂറ് തന്നെ… ന്ത്യേയ്. ?”
“ചില്ലറയില്ലേടോ…?”
“യില്ല സാറേ. ചില്ലറയില്ല.! ”
“ഈ മുടിഞ്ഞ തെരക്കിനെടേല് ഓരോ വയ്യാവേലികള് … ”
“ചില്ലറയില്ലാഞ്ഞിട്ട് തന്നെയാ കണ്ടക്ടർ സാറേ…! ”
“ആട്ടെ ..നിങ്ങള് ,
എത്ര പേരാ…?”
“ഏഴ് പേര്. ”
“ഓ… ഏഴ് പേരുണ്ടോ..?”
കണ്ടക്ടർ ഒന്നയഞ്ഞു.
“ണ്ട്.. ഏഴാള്ണ്ട്. ”
“ബാക്കി ആറ് പേരെവിടെ …? പൊറകിലാണോ…?”
“അല്ല… ഒരാള് മൂവാറ്റുപുഴയാ…
അവന് കൃഷിയാ..
അവന്റെ താഴെയുള്ളത് നാലും പെണ്ണ്ങ്ങളാ… എല്ലാരേം കെട്ടിച്ച് വിട്ട്.
എല്ലാർക്കും സുഖവാ….
ചെറിയവന് ഗവർമെന്റ് ജോലിയുണ്ട്….”
അന്തംവിട്ട് നിക്കുന്ന കണ്ടക്ടറെ നോക്കി
വർക്കിച്ചായൻ വീണ്ടും വാതോരാതെ കുടുംബ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു.
സാക്കിർ – സാക്കി
നിലമ്പൂർ













