സംഗതി ഫ്ലാഷ്ബാക്കാണ് ഒരു പത്തിരുപതു കൊല്ലം പുറകോട്ട്. പൗലോ അപ്പന്റെ കൂടെ മരംവെട്ടു പഠിക്കാൻ കൂടിയിട്ട് എട്ടോമ്പത് വർഷായി. നന്നായിട്ട് മരം വെട്ടാൻ പഠിച്ചെന്നു നാട്ടുകാർ പറയുന്നുണ്ട്, മാത്രവുമല്ല അപ്പൻ കുടിക്കുന്നതിനേക്കാൾ ഒരു കുപ്പിയെങ്കിലും കള്ള് കൂടുതൽ കുടിക്കാനും തുടങ്ങി. കള്ളു കുടിയുടെ കാര്യത്തിൽ അപ്പനിൽ പെരുന്തച്ചൻ കോംപ്ലക്സ് വർക്ക് ഔട്ട് ചെയ്യുന്നുണ്ടോ എന്നു പൗലോയ്ക്കൊരു സംശയം തോന്നിത്തുടങ്ങിയ കാലം. ഒരു ദിവസം രാവിലെ എഴുന്നേറ്റ പൗലോയ്ക്ക് വെളിപാടുണ്ടായി. ഒരു പെണ്ണ് കെട്ടണം. നേരെ അപ്പൻ കിടക്കുന്നിടത്തേക്ക് മാർച്ചു ചെയ്തു. അപ്പൻ അന്ത്രയോസ് മാപ്പിള നീണ്ടു നിവർന്നു കിടന്നുറങ്ങുന്നത് പൗലോയ്ക്ക് പിടിച്ചില്ല. ഏഴു മണിയായിട്ടും കിടന്നുറങ്ങുന്നു. മകന്റെ കാര്യത്തിൽ വല്ല നോട്ടൊണ്ടോ. വയസ്സ് ഇരുപത്തഞ്ചായി. അപ്പൻ ഇരുപത്തിമൂന്നായപ്പോളെ കെട്ടി. അപ്പന്റെ ഇരുപത്തിനാലാം വയസ്സിൽ ഭാര്യ ഒറോത പൗലോയെ പെറ്റിട്ടു. അങ്ങനെ നോക്കിയാൽ പൗലോയിപ്പോൾ രണ്ടു വർഷം ലേറ്റല്ലേ. അപ്പനെ തട്ടി വിളിച്ചു,
“അപ്പാ, അപ്പാ”
അപ്പനനങ്ങിയില്ല
കർത്താവെ അപ്പനെങ്ങാനും തട്ടിപ്പോയോ
അപ്പന്റെ ചന്തി നോക്കി ഒരു മുട്ടു കൊടുത്തു
അപ്പനൊന്നനങ്ങി
“അപ്പാ അപ്പനൊന്നേറ്റേ”
ആന്ത്രയോസ് മടിച്ചു മടിച്ച് മൂരി നിവർത്തി, കണ്ണു തുറന്നപ്പോൾ ചങ്കും വിരിച്ചു നിൽക്കുന്ന പൗലെയെ കണ്ട് അയാളൊന്നന്താളിച്ചു
“എന്താടാ”
“അപ്പനേക്ക്, എനിക്കൊരു പെണ്ണു കെട്ടണം”
“ഭ കഴുവർട മോനേ , പൊക്കോണം എന്റെ കൺവെട്ടത്തൂന്ന്, അപ്പന് മുമ്പുണ്ടായ സന്തതീ.”
പൗലോ കൂസിയില്ല. ബഹളം കേട്ട് വന്ന ഒറോതക്കൊന്നും മനസ്സിലായില്ല
“അമ്മച്ചീ പൗലോയ്ക്കു പെണ്ണു കെട്ടണം അപ്പനേർത്താലും ഞാങ്കെട്ടും”
ഇതു പറഞ്ഞിട്ട് മഴുവും സഞ്ചിമെടുത്ത് പൗലോ ഷാപ്പിലേക്ക് പോയി
ഓറോതക്ക് മനസ്സിലായി മകന്റെ വെഷമം അവർ ആന്ത്രയോസിനോട് കയർത്തു
“മനുഷ്യാ പൌലോപ്പി പറഞ്ഞത് കേട്ടാർന്നോ നിങ്ങക്ക് വല്ല വിചാരോണ്ടോ, അവനൊരു പെണ്ണു വേണോന്ന്”
ആന്ത്രയോസ് മിണ്ടിയില്ല, പൗലോ പറഞ്ഞ പോലെ ചെയ്യും എന്നയാക്കറിയാം. സമ്മതിക്കുന്നതാ ബുദ്ധി. പൗലോയെ പെണക്കിയാൽ അവമ്പണിതരും. വയസ്സമ്പത് തെകയാറായി പഴയ പോലെ മരങ്കയറാൻ പറ്റുന്നില്ല, പൗലോയാണ് ഇനി ചെലവിന്നൊണ്ടാക്കണ്ടത്, അവനിവിടുന്നു പോയാ അവസാനം പട്ടിണി കെടക്കേണ്ടി
വരും.അവങ്കെട്ടിക്കോട്ടെ.
“എന്നാ നീ വർക്കിയോട് ഒന്നു വരാമ്പറ” ഇതും പറഞ്ഞേച്ചു ആന്ത്രയോസ് വീണ്ടും നടു നിവർത്തി.
നാട്ടിലെ ബ്രോക്കറാണ് ചട്ടുകാലൻ വർക്കി, അതിപ്പോ കല്യാണാണെങ്കിലും, സ്ഥലക്കച്ചോടാണെങ്കിലും, വണ്ടി വിൽപ്പനയാണെങ്കിലും വർക്കി നടത്തി കൊടുക്കും. അത്യാവശ്യം മുടക്കിയും കൊടുക്കും
വർക്കി വന്നു പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ പൗലോ പെണ്ണു കാണാൻ പോകുന്നു കൂടെ ഓറോതയും വർക്കിയും. ആന്ത്രയോസിനു അത്യാവശ്യമായി അരമനയിൽ വീണ മരം വെട്ടി മാറ്റാൻ പോകേണ്ടി വന്നു. അതുകൊണ്ടയാൾ പോയില്ല.
പുറമറ്റത്തെ ഓടു പണിക്കാരൻ ദേവസ്യാ മകൾ മേരിയാണ് പെണ്ണ്. നാലു മക്കളിൽ ഇളയവളാണ് മേരി. മൂത്തത് മൂന്നാങ്ങളമാർ.
പെണ്ണ് കാപ്പിയുമായി വന്നു നിലത്തു കളം വരച്ചു. പാപ്പിക്കൊന്നും ചോദിക്കാനില്ലാത്തതിനാൽ ഉടനെ തിരിച്ചുപോയി. അപ്പൻ ദേവസ്യായുടെ മുമ്പിലിരുന്ന് പൗലോ പലഹാരങ്ങൾ വെട്ടി വിഴുങ്ങി. പലഹാരം തീർന്നിട്ടും പാപ്പിയൊന്നും പറഞ്ഞില്ല ദേവസ്യ രഹസ്യമായി വർക്കിയെ കണ്ണു കാണിച്ചു. പൗലോയുടെ മനസ്സറിയണമല്ലോ. വർക്കി നോക്കുമ്പോൾ ക്ഷമയോടെ അവസാന ഏത്തപ്പഴവും ഇരുന്നു തിന്നുകയാണ് പൗലോ. ക്ഷമ കെട്ടു വർക്കി ചോദിച്ചു.
“പൗലോ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ”
“എന്ത് പറയാൻ എല്ലാം നല്ലതാരുന്നു”
“കാപ്പിയുടെ കാര്യമല്ല മേരിയെ കണ്ടില്ലേ അതിന്റെ കാര്യാ ചോയിച്ചെ”
“എന്തു കിട്ടും” പൗലോ വെട്ടിത്തുറന്നു ചോദിച്ചു
“അതിപ്പോ അവക്കൊരു പത്തു പവന്റെ പോന്നു കൊടുക്കണെന്നാ”
പൗലോ മിണ്ടിയില്ല. ദേവസ്യയെ ഒന്നു നോക്കി
“കൂടാതെ പതിനായിരം രൂപയും അവളുടെ ചെറുക്കനായി ഞങ്ങൾ കരുതിയിട്ടോണ്ട് ”
ദേവസ്യ പൗലോയുടെ മുഖത്തേക്കൊന്നു പാളി നോക്കി. നിർവികാരനായി നമ്മുടെ കഥാനായകൻ ഇരിക്കുന്നു.
പൗലോയ്ക്കു തൃപ്തിയില്ല എന്നു വർക്കിക്ക് മനസ്സിലായി. ചട്ടി ചട്ടി ദേവസ്യയുടെ അടുത്തു ചെന്നിരുന്നു ചെവിയിലെന്തോ മന്ത്രിച്ചു. ദേവസ്യ തലയാട്ടി എന്നിട്ട് തുടർന്നു
“എന്റെ പെമ്പിള ദീനാമ്മയുടെ വീതത്തിലുള്ള ഒരു ഇരുപത്തഞ്ചു സെന്റ് തെങ്ങിൻ തോപ്പ് മേരിക്ക് കൊടുക്കണെന്നാ അവള് തീരുമാനിച്ചിരിക്കുന്നെ.”
പൗലോയിൽ ചലനമുണ്ടായി. അന്നാദ്യമായി ഒരു പുഞ്ചിരി ആ മുഖത്ത് കാണുമാറായി.
ദേവസ്യാച്ചന് ഉത്സാഹമായി പ്രതീക്ഷയും.
“തെങ്ങും തോപ്പെന്നു പറഞ്ഞാൽ കായ്ക്കാറായ ഒന്നാന്തരം തെങ്ങുകളാ. അതിൽ ഏട്ടെണ്ണം ചോട്ട വന്നു, ചെത്താൻ കൊടുത്തേക്കുവാ. ഒരു പത്തു പന്ത്രണ്ടു ലിറ്റർ കള്ളു കിട്ടും ദവസോം” ദേവസ്യ ടോപ് ഗിയറിലായി. ഒരു നിമിഷം പൗലോ നിശബ്ദനായി ഇരുന്നു. ഇനി കൂടുതലായി എന്തു പറയും എന്നോർത്തു വർക്കി കൂട്ടിച്ചേർത്തു.
“മേരിപ്പെണ്ണിനോട് എന്തെങ്കിലും തനിയെ സംസാരിക്കണമെങ്കിൽ ഇവർക്കെതിർപ്പില്ല”
പൗലോ എഴുന്നേറ്റു നിന്നു. ആ മുഖത്ത് സന്തോഷം ഓളം വെട്ടി.
ഒരു തവണ എല്ലാവരെയും നോക്കി എന്നിട്ടുറച്ച ശബ്ദത്തിൽ പറഞ്ഞു.
“എനിക്കീ കെട്ടു മതി, പെണ്ണിനോട് എനിക്കൊന്നും പറയാനില്ല, പക്ഷെ ആ തെങ്ങു ചെത്താൻ വരുന്ന ചെത്തുകാരനോട് എനിക്ക് ചില കാര്യങ്ങള് ഒറ്റക്ക് പറയാനുണ്ട്. എന്നിട്ട് തീയതി കുറിക്കാം.
വായും പൊളിച്ചിരുന്ന ദേവസ്യയുടെയും വർക്കിയുടെയും മുന്നിലൂടെ ഓറോതയുടെ കയ്യും പിടിച്ച് പൗലോ പുറത്തേക്ക് നടന്നു.












