തൂക്ക് – നർമ്മ കഥ – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email

അവസാനം കർത്താവ് രണ്ടാമത് വരാൻ തന്നെ തീരുമാനിച്ചു. “ മദ്ധ്യാകാശേ സ്വർഗീയ ദൂതരുമായ്  എപ്പോൾ വരും? “ എന്ന മനോഹര കവിത എത്രയോ സുന്ദരിക്കുട്ടികളുടെ നാണക്കവിളുകൾ  ശ്രുതി മധുരമായിപാടിച്ചുവപ്പിക്കുന്നതിന്റെ ശീലുകൾ കേട്ട് മടുത്തിട്ടാണ് ‘ ഇഞ്ഞി താമസിപ്പിക്കുന്നില്ല ‘  എന്ന് കർത്താവ് തീരുമാനംഎടുത്തത്തും, ദൂതന്മാർ മുഖാന്തിരം വിവരം ഭൂമിയിൽ അറിയിച്ചതും.

രാജോചിതമായ ഒരു സ്വീകരണം തന്നെ കർത്താവിന് കൊടുക്കുന്നതാണെന്നും, അത് കോതമംഗലം ചെറിയപള്ളിയിൽ വച്ച് തന്നെ ആയിരിക്കുമെന്നും പരിശുദ്ധ യാക്കോബായ പക്ഷം അപ്പോൾ തന്നെ പ്രഖ്യാപിച്ചു. പള്ളിപിടുത്ത പരിപാടികളുടെ ആത്യന്തിക ലക്‌ഷ്യം നാലുകാശ് വീഴുന്ന ചെറിയ പള്ളി ആയതു കൊണ്ടും, പള്ളിപ്പൂട്ട് കുത്തിത്തുറന്ന് കുർബാന ചൊല്ലാൻ കോടതി ഉത്തരവിന്റെ പോലീസ് കടലാസുമായി എത്തിയഓർത്തഡോക്സ് വികാരി എട്ടുകാലി  മമ്മൂഞ്ഞിനെ ആട്ടിയോടിച്ച അക്രമത്തിന് തീരുമാനം ഉണ്ടാക്കിയിട്ടുമല്ലാതെഒരു കർത്താവും അങ്ങോട്ട് കയറാൻ നോക്കേണ്ടന്നും, വേണ്ടി വന്നാൽ കൊല്ലാനും ചാവാനും തയ്യാറുള്ളദേവലോക ചാവേർ ഗുണ്ടകളെ അവിടങ്ങളിൽ ആകെ വിന്യസിച്ചിട്ടുണ്ടെന്നും, തീരുമാനത്തെ തുറന്നെതിർത്തുകൊണ്ട്  ഓർത്തഡോക്സ് പക്ഷവും പ്രഖ്യാപിച്ചു.

വിവരം സ്വർഗ്ഗത്തിൽ അറിഞ്ഞതോടെ കർത്താവും ഒന്ന് കിടുങ്ങി. പല സ്വർഗ്ഗീയ ദൂതന്മാർക്കും കൂടെപ്പോരാൻപേടി. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന തങ്ങൾക്ക് മടവാള് കൊണ്ടുള്ള അമ്പത്താറും അതിനുംമേലെയും വെട്ട് വെട്ടി ഒരു മനുഷ്യനെ ( ഒറ്റക്കൊരു വെട്ട് മതിയായിരുന്നല്ലോ ? ) കൊല്ലുന്ന  സാംസ്‌കാരികപാരമ്പര്യമുള്ള ഒരു പ്രദേശത്തേക്ക് എങ്ങിനെ വിശ്വസിച്ച് ചെല്ലും എന്നായിരുന്നു അവരുടെ തികച്ചും ന്യായമായപേടി.

കേട്ടപ്പോൾ  സംഗതി ശരിയാണെന്ന് കർത്താവിന്റെ ഓഫീസും സ്ഥിരീകരിച്ചു. കാഹളം ഊതണമെങ്കിൽ അതിന്പരിശീലനം സിദ്ധിച്ച ഇവന്മാർ തന്നെ വേണം. ഇവന്മാരുടെ ഊത്ത് കേട്ടിട്ട് വേണം പാതാള ഗോപുരങ്ങളിൽഉറങ്ങിക്കിടക്കുന്ന അയ്യായിരം കോടി സ്ത്രീ പുരുഷന്മാർക്ക് ഞെട്ടി  ഉണരുവാനും, അന്തിമ ന്യായ വിധിക്കായിഅരയും തലയും മുറുക്കി അറ്റൻഷനായി സിംഹാസനത്തിന്റെ മുന്നിൽ നിൽക്കുവാനും, അവിടെ ഭയങ്കരങ്ങളായകണക്കു പുസ്തകങ്ങൾ വിടർത്തപ്പെടുന്നതും, തങ്ങളുടെ കുറ്റങ്ങൾ വായിക്കപ്പെടുന്നതും കേട്ട് ആത്മ നിർവൃതിഅടയുവാനും.

പിന്നെ തിരക്കിട്ട ചർച്ചകളുടെ പെരുമഴക്കാലം. ഏതായാലും കുറേ സ്വീകരണങ്ങൾ ഉണ്ടാവും എന്ന് തീർച്ചയാണ്. ആദ്യ സ്വീകരണ സ്ഥലം ആരുടെ തെരഞ്ഞെടുക്കണം എന്നതിലായിരുന്നു കൺഫിയൂഷൻ. പോരെങ്കിൽമുടിവെള്ളക്കാരും, കെട്ടിപ്പിടുത്തക്കാരും വരെ തങ്ങളുടെ സ്വീകരണ സ്ഥലത്തേക്ക് ആദ്യം വരണം എന്നഅപേക്ഷയുമായി നിരയിൽ ഉണ്ട് താനും. മിക്കവരുടെയും  പ്രധാന അപേക്ഷ എന്നത് സ്വീകരണത്തോട്അനുബന്ധിച്ച് തങ്ങൾ പുതുതായി സ്ഥാപിക്കുന്ന ഡിജിറ്റൽ കാണിക്ക വഞ്ചിയിലെ ആദ്യ കാണിക്ക അർപ്പിച്ചുകൊണ്ട് അതിന്റെ ഉത്‌ഘാടനം കർത്താവ് തന്നെ നിർവഹിച്ചു തരേണം എന്നുള്ളത്‌ ആയിരുന്നുവെങ്കിലും, പത്ത്മുപ്പത്തി മൂന്ന് വർഷക്കാലം ഭൂമിയിൽ ജീവിച്ചിട്ടും ഉടുതുണിക്ക് മറുതുണി സമ്പാദിക്കുവാനോ,  തലചായ്ക്കാനൊരു ഇടം കണ്ടു വയ്ക്കാനോ സാധിക്കാത്ത താനെങ്ങനെ സ്വീകരണക്കാരുടെ സ്റ്റാൻഡേർഡിനൊത്തഒരു തുക കാണിക്കവഞ്ചിയിൽ നിക്ഷേപിക്കും എന്നതായിരുന്നു കർത്താവിന്റെ ആധി.

പ്രശ്നം ഗുരുതരമായിരുന്നെങ്കിലും കാര്യം നിസ്സാരമായി പരിഹരിച്ചു കൊണ്ട് ഉപദേശക സമിതിയുടെ ചെയർമാൻ  പത്രോസ് തന്നെ മുന്നോട്ട് വന്നു. സ്‌പോൺസർഷിപ്പ് ഏർപ്പെടുത്താം. പരിശുദ്ധ കാതോലിക്കാമാരുടെഅനുഗ്രഹാശിസ്സുകളോടെ അത്താഴപ്പട്ടിണിക്കാർക്ക് അന്തിവായ്‌പ കൊടുക്കുകയും, കഴുത്തറുപ്പൻ പലിശ പിടിച്ചുവാങ്ങി കോടീശ്വരന്മാരായി വിലസുകയും ചെയ്യുന്നവർ  എത്ര വേണമെങ്കിലും സഭയിലുണ്ടെന്നും, അവർ പുഷ്പ്പംപോലെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുമെന്നും, അറിഞ്ഞതോടെ അതിനും പരിഹാരമായി.

അവരുടെ അതുല്യമായ ഇത്തരം സേവനങ്ങളുടെ പേരിൽ ഷെവലിയാർ സ്ഥാനവും, കമാണ്ടർ സ്ഥാനവുമൊക്കെകൽപ്പിച്ചു നല്കിയിട്ടുള്ളതിനാൽ പരിപാടി നടക്കുന്നതിനിടക്ക് അവരുടെ പേരുകൾ   ഇടയ്ക്കിടെ  ഓർത്ത്പറയുന്നതോടൊപ്പം, ലോകത്താകമാനമുള്ള കഞ്ഞി കുടിക്കാനില്ലാ  തെണ്ടികളുടെ സ്വർണ്ണ മോഹങ്ങൾക്ക് ‘ അണിഞ്ഞാസ്വദിക്കാനും, അവസാനം പണയം വയ്ക്കാനുമായി ‘ തങ്ങൾ ഒരുക്കുന്ന ചാരിറ്റി സംവിധാനങ്ങളെപ്പറ്റിഒരു നാലു തവണ  അങ്ങ് പറഞ്ഞേക്കണം – അത്രേയുള്ളു. ദിനവൃത്താന്ത ചാനലിലെ കോടി കൊടുപ്പൻപരിപാടിയിലെ അവതാരകനെ വേണമെന്നുണ്ടെങ്കിൽ മാതൃകയാക്കാം.

ഏതു സഭയിൽ  ആദ്യം ഇറങ്ങും എന്നതൊരു പ്രശ്നമായി  നിന്നു.  ഇത്രക്കൊന്നും താനും ഉദ്ദേശിച്ചിരുന്നില്ലെന്ന്കർത്താവ് തന്നെ പറഞ്ഞു പോയി.

ആകമാന കത്തോലിക്കാ തിരുസഭ ഉണ്ടെങ്കിലും, അവർക്ക് തന്നെക്കാൾ വില അവരുടെ പോപ്പിനോടായതിനാലും, മീൻ നാറുന്ന നമ്മുടെ വേഷവുമായി അങ്ങോട്ട് ചെന്നാൽ റോസാപ്പൂ പോലുള്ള പോപ്പിന്റെ ആളുകൾ തന്നെപിടിച്ചു പുറത്താക്കുമെന്നും മനസ്സിലാക്കിയതോടെ അങ്ങോട്ടുള്ള പോക്കും വേണ്ടന്ന് വച്ചു.

പെട്ടെന്ന് ഒരാശയം കർത്താവിന്റെ മനസ്സിലേക്ക് വന്നു. വെള്ളയും വെള്ളയും ധരിച്ച് അടച്ചിട്ട മുറികളിൽ സൂത്രം, സൂത്രം എന്ന് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്ന ഒരു കൂട്ടരുണ്ടല്ലോ ? മറ്റുള്ള മനുഷ്യ പാപികളുമായി യാതൊരുഇടപാടുകളുമില്ലാതെ വേർപാട് അനുഷ്ഠിക്കുന്ന ദൈവ ദാസന്മാരുടെ ഒരു കൂട്ടം. ഓ! നമ്മുടെ പ്രൊട്ടസ്റ്റന്റ്സഹോദരന്മാർ. അവരുടെ ചർച്ചിലേക്കാകാം ആദ്യ ഇറക്കം എന്ന് തീരുമാനിയ്ക്കപ്പെടുകയും വിവരം മൂത്തപാസ്റ്ററെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ പാസ്റ്റർ നിര്ദ്ധകണ്ഠനായി നിന്നുവെങ്കിലും പത്നിഇടഞ്ഞു പൊട്ടിത്തെറിച്ചു :

“ എത്ര കാലം നമ്മള് രണ്ടും കൂടി തൊണ്ട കീറി മറുഭാഷ പറഞ്ഞ്‌ പ്രാർത്ഥിച്ചിട്ടാ അച്ചായാ പത്ത് പൈസലോണില്ലാതെ പത്ത് കോടിയുടെ ഈ വീട്  നമ്മള് കെട്ടിപ്പൊക്കിയത് ? ഇങ്ങനെ ‘ ശട്ടോന്ന് ‘  പോകാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇരുന്നൂറ് കൊല്ലം പഴക്കം നിൽക്കുന്ന ഈ ബ്രസീലിയൻ ഗ്രാനൈറ്റ്കൊണ്ട് നമ്മുടെ ബാത്റൂം പൊതിഞ്ഞു വച്ചത് ?  അതും സ്കയർ ഫീറ്റിന് ഇരുന്നൂറ്റമ്പത്‌ ഡോളർ തീവിലകൊടുത്തത് ?

“ പോണെങ്കിൽ പോട്ടെടി. നമുക്ക് മുടക്കൊന്നുമില്ലല്ലോ, എല്ലാം ദശാംശം കിട്ടിയതല്ലേ ?”

“ അച്ചായനത് പറയാം. ഈ ദശാംശം ഇന്നാ പിടിച്ചോന്നും പറഞ്ഞ്‌ ആരും ചുമ്മാ തന്നതൊന്നുമല്ല. ആകൊറിയാക്കാരന്റെ അടുത്ത് പോയി എത്ര ദിവസം പാട് പെട്ടിട്ടാ ഈ കൊണാഞ്ചൻ മറുഭാഷ ഒന്ന്പഠിച്ചെടുത്തതെന്ന് എനിക്കെ അറിയൂ. “

“ ഇനിയിപ്പോ നീ പറ. എന്താ ചെയ്ക ? “

“ അയാളോട് ഇപ്പ ഇങ്ങോട്ട് കെട്ടിയെടുക്കണ്ടാന്ന് പറ. “

“ സാരമില്ല. നമ്മുടെ കർത്താവല്ലേ ? വരട്ടെ. “

“ പറ്റത്തില്ല. നമ്മുടെ ബാത്‌റൂമിൽ ഓർഡർ ചെയ്തിരിക്കുന്ന ആ ഡയമണ്ട് ടോയ്ലറ്റിൽ സാമാധാനമായിരുന്ന്ഒന്ന് തൂറിയിട്ടേ ഞാൻ എങ്ങോട്ടുമുള്ളൂ.”

“ അത് നീ പറയരുത് റാഹേലമ്മേ “

“ അച്ചായൻ ഒരക്ഷരം മിണ്ടരുത്. ഈ റാഹേലമ്മ വായ തുറന്നാൽ ചെലപ്പോ അച്ചായനും നറും. ദേ ഞാൻപറഞ്ഞില്ലെന്നു വേണ്ട. എനിക്കിനി ഒറ്റത്തുണിയുമായി ജീവിച്ച ആ ദരിദ്രവാസിയുടെ  സ്വർഗ്ഗം വേണ്ട. എന്റെപിള്ളേര് രണ്ടും എം. ഡി. കഴിഞ്ഞ് അടുത്ത കൊല്ലം ഇറങ്ങും. അവര് കെട്ടുമ്പോൾ സ്ത്രീധമായി ദേ കോടികൾതന്നെ എനിക്ക് വേണം. അത് ദേ എന്റെ ഈ കൈകളിൽ വച്ച് തരണം. എന്നിട്ട് വേണം ഈ റാഹേലമ്മയുടെ തനിഗുണം ചില തെണ്ടികളെ ഒന്നറിയിക്കാൻ. ങ്ഹാ!  അത്രക്കായോ ? “

X.                     X.                           X.                          X.                        X

എവിടെ ഒന്ന് ലാൻഡ് ചെയ്യും എന്ന സന്ദേഹവുമായി ആകാശ മേഘങ്ങളിൽ അൽപ്പനേരം രണ്ടാം വരവ് സംഘംഅലഞ്ഞു. എവിടെയെങ്കിലും ഒന്ന് കാലുറപ്പിച്ച് നിന്നിട്ട് വേണമല്ലോ കാഹള കലാകാരന്മാർക്ക് കടുപ്പത്തിൽഒന്നൂതാൻ. അത് കേട്ടിട്ട് വേണമല്ലോ മഹാകാല മടക്കുകളിൽ മയങ്ങുന്നവർക്ക് സ്വന്തം ശരീരം വീണ്ടെടുത്ത്ഒന്നുണരാൻ.

ആകെ കൺഫിയൂഷനായി എന്ന് പറഞ്ഞസൽ മതിയല്ലോ ? ‘ വരാന്നു പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുത് ‘ എന്ന്പറഞ്ഞ പോലെ ഇനി ഇറങ്ങാതിരിക്കാനും മേല. എവിടെ ചെന്നിറങ്ങും എന്നതാണ് ഏറ്റവും വലിയകൺഫിയൂഷൻ. മനഃ സമാധാനത്തോടെ കാല് വയ്ക്കാവുന്ന ഒരിടം ഭൂമിയിൽ എങ്ങും ഇല്ലാതായിരിക്കുന്നുഎന്നതാണ് യഥാർത്ഥ വസ്തുത.

റഷ്യ യുക്രെയിൻ മേഖലയിൽ ശവങ്ങൾ കുന്നു കൂടിക്കിടന്ന്  നാറുകയാണ്. ദക്ഷിണ ചൈനാക്കടലിൽഅമേരിക്കൻ അന്തർ വാഹിനികൾ മുരണ്ടു കൊണ്ട് മുങ്ങിക്കിടക്കുന്നു. ഉത്തരകൊറിയൻ ഉസ്താദിന്റെ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ പേപ്പട്ടികളെപ്പോലെ ചുമ്മാ ചുറ്റിക്കറങ്ങുന്നു. കഞ്ഞി കുടിക്കുമ്പോൾചമ്മന്തിക്ക് കടുക് വറുക്കാൻ വേണ്ടി ഇച്ചിരെ എണ്ണ  ചുമ്മാ മേടിക്കാൻ പോയ പാവം കുഞ്ഞുങ്ങളെ നൈജീരിയൻപട്ടാളം തോക്ക് ചൂണ്ടി മുൾമുനയിൽ നിർത്തിയിരിക്കുന്നു. തങ്ങളുടെ സ്വന്തം  ശരീരത്തിന്റെ അവകാശംതങ്ങൾക്കാണെന്നു പറയുവാനുള്ള മനുഷ്യാവകാശം നിഷേധിക്കുന്ന ഇറാനിലെ മൂത്ത മുള്ളാമാർ പാവംപെങ്കൊച്ചുങ്ങളെ തല്ലിക്കൊന്ന് വാങ്ക് വിളിച്ച് അള്ളാഹു അക്ബർ മുഴക്കുന്നു. കുട്ടിയുടെ കയ്യിലെ അപ്പംതട്ടിപ്പറിക്കുന്ന കറുത്ത കാക്കകളെപ്പോലെ ഇന്ത്യാ – പാക്കിസ്ഥാൻ പട്ടാളക്കാർ പരസ്പരം ഞോണ്ടുന്നു.

കളിയായും കാര്യമായും ആണവ മിസൈലുകൾ ചീറിപ്പായുന്ന ആകാശത്ത് അധിക നേരം തങ്ങുന്നത് അത്രശരിയാവില്ല എന്നറിഞ്ഞതോടെ തീരുമാനം പെട്ടന്നായിരുന്നു. പോരെങ്കിൽ വഴിതെറ്റി വന്നേക്കാവുന്ന ഡ്വാർഫ്പ്ലാനെറ്റുകളെ, ചിത്രകൂടപ്പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ അർജ്ജുനനെപ്പോലെ റോക്കറ്റ് അയച്ച് വഴി മാറ്റുമെന്ന്വീമ്പിളക്കുന്ന നാസയുടെ നിരീക്ഷണത്തിൽ എങ്ങാനും പെട്ടു പോയാലോ എന്ന ഭയവുമുണ്ട്. അങ്ങിനെപസഫിക് . അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ സംഗമ തീരത്തുള്ള കെന്നഡി  ഇന്റർനാഷണൽ എയർപോർട്ടിന്റെപ്രിവിശാലമായ റൺവേ സമുച്ചയത്തിൽ രണ്ടാം വരവ് സംഘം പറന്നിറങ്ങി.

കർണ്ണ കഠോരമായ കാഹള ശബ്ദം കേട്ടിട്ടാണ് അമേരിക്കൻ സെക്യൂരിറ്റി ഫോഴ്‌സന്റെ സ്‌പെഷ്യൽ കമാൻഡോസംഘം എയർ പോർട്ട് വളഞ്ഞത്. തങ്ങളുടെ സായുധ കാവൽ വെട്ടിച്ച് അതി സുരക്ഷിത സെക്യൂരിറ്റി മേഖലയിൽഅനുവാദമില്ലാതെ അതിക്രമിച്ചു കടന്ന ടെറോറിസ്റ്റ് സംഘത്തെയും, അവരുടെ കയ്യിലുള്ള വളഞ്ഞ കുഴലിന്റെആകൃതിയിലുള്ള അജ്ഞാത ആയുധങ്ങളെയും എങ്ങിനെ നേരിടണം എന്നറിയാതെ കമാൻഡോകളും ഒന്ന്കുഴങ്ങി.

എത്തും വരട്ടെ എന്ന ഭാവത്തോടെ എ. കെ. 47 തന്നെ ചൂണ്ടി ടെറോറിസ്റ്റു സംഘത്തെ വളഞ്ഞ് കമാൻഡോകൾകീഴടക്കി. ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുകയും, പച്ചയിറച്ചിയിൽ ആണിയടിച്ചവന് വേണ്ടിപ്രാർത്ഥിക്കുകയും ചെയ്ത കർത്താവിന്റെ സംഘം പ്രതികരിച്ചതേയില്ല.

കാഹളനാദം സഹിക്കാനാവാതെ ചിലരൊക്കെ ഉണർന്നെഴുന്നേറ്റ് വന്നുവെങ്കിലും സാഹചര്യങ്ങളുടെസജീവാവസ്ഥ അറിഞ്ഞപ്പോൾ പതിയെ തല വലിച്ചു കളഞ്ഞു.

നിറ തോക്കിന്റെ നിയമ വലയങ്ങളിൽ കുടുങ്ങി എമിഗ്രെഷൻ കൗണ്ടറിന് മുന്നിൽ സംഘം നിന്നു.

“ ആരാ സംഘത്തലവൻ ? “ എന്ന പൂച്ചക്കണ്ണും, പട്ടി രോമവുമുള്ള ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് കണ്ണുകൾകൊണ്ട് തന്നെ സംഘം കർത്താവിനെ കാട്ടിക്കൊടുത്തു.

“ കമോൺ, ഗിവ് മി ദി പാസ്പോർട്ട് “

. പണ്ട് പീലാത്തോസിന്റെ കോടതിയിൽ എന്ന പോലെ രോമം കത്രിക്കുന്നവരുടെ മുന്നിൽ കുഞ്ഞാടിനെപ്പോലെകർത്താവ് നിന്നു.

“ ആവശ്യമായ യാത്രാ ട്രേഖകളില്ലാതെ അതി സുരക്ഷിത സംരക്ഷിത മേഖലയിൽ ആയുധങ്ങളുമായിഅതിക്രമിച്ചു കടന്നതിനാൽ ബിൻലാദന്റെ മുഖച്ഛായയുള്ള ഈ സംഘത്തലവനെ അടിയന്തിരമായികോടതിയിൽ ഹാജരാക്കുക “ പൂച്ചക്കണ്ണൻ പട്ടി രോമങ്ങൾ വിറപ്പിച്ചു കൊണ്ട് ഉത്തരവായി.

X.                     X.                     X.                       X.                        X.

വിചാരണ അതിന്റെ അവസാന ഘട്ടത്തിലാണ്. കറുത്ത കോട്ടിട്ട വവ്വാലുകൾ പരസ്പ്പരം ചീറുകയാണ്. വാദ പ്രതിവാദങ്ങളുടെ മൂർദ്ധന്യത്തിലാണ് ജഡ്ജിയദ്ദേഹത്തിന് ’ രണ്ടിന് ‘ മുട്ടുന്നത്. ലേശം പൈൽസും, കോൺസ്റ്റിപ്പേഷനും ഒക്കെയുണ്ട്. മുട്ട് വന്നാൽ പിന്നെ പിടിച്ചു നിർത്തുക അസ്സാദ്ധ്യമാണ്. കൊട്ടുവടി ആഞ്ഞടിച്ച്അദ്ദേഹം വവ്വാലൂകളേ ഒരു വിധത്തിൽ ഒതുക്കി. അകത്തെ അടിയന്തിരാവസ്ഥ പുറത്തേക്ക് പ്രയാണം ആരംഭിച്ചുകഴിഞ്ഞു. പിന്നെ ഒരു നിമിഷം പോലും സഹിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. സർവ്വ ശക്തിയും സംഭരിച്ച്‌കൊട്ടുവടി ആഞ്ഞടിച്ചു കൊണ്ട് അദ്ദേഹം അലറി :

 

“ പ്രതിയെ മരിക്കുന്നത് വരെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു ! “

———————————————-

*  കഥയും കഥാപാത്രങ്ങളും സംഭവങ്ങളും വെറും ഭാവന സൃഷ്ടികൾ മാത്രം.

About The Author

Leave a Reply

Your email address will not be published. Required fields are marked *