മിനികഥ – ജഗദീശ് കരിമുളയ്ക്കൽ – പുലിവാൽ

Facebook
Twitter
WhatsApp
Email

സമയം വൈകിട്ട് 5 മണി. കടയിൽ നിന്നും ഇറങ്ങി പതിവുപോലെ ചായ കുടിയ്ക്കാനായി ചാരുംമൂട് പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് തെക്കുമാറി ചന്ദ്രൻ പിള്ളയുടെ കടയിലേക്ക് നടന്നു. കിഴക്കു പടിഞ്ഞാറു കെ.പി റോഡിന്റെ മദ്ധ്യത്തിലൂടെയുള്ള പഴകിപ്പൊളിഞ്ഞ ഡിവൈഡർ ഈ അടുത്ത കാലത്ത് പുതുക്കിപ്പണിതു. അതിനു മുമ്പുണ്ടായിരുന്ന ഈ പഴകിപ്പൊളിഞ്ഞ ഡിവൈഡറിൽ കൊടികളും മറ്റും നാട്ടുന്ന തിന്നായി ഇടവിട്ട് കുഴികളിട്ടിരുന്നു. അതിൽ എല്ലാരാഷ്ട്രീയക്കാരും നിരനിരയായി കൊടികൾ നാട്ടുക പതിവായിരുന്നു. പരിപാടി കഴിഞ്ഞാൽ കൊടികൾ അവർ എടുത്തു കൊണ്ടു പോകും.

ഡിവൈഡർ പുതുക്കിപണിയുന്ന അവസരത്തിൽ ഒരു കൊടി അതിന്റെ കമ്പൊടിഞ്ഞ് അവിടെ നില്പുണ്ടായിരുന്നു. ജോലിക്കാർ അതിനെ ആദരവോടെ എടുത്ത് റോഡിന് കുറുകെ വച്ചു.
അതിൽ കെട്ടിയിരുന്ന രണ്ടു മൂന്നു നിറങ്ങൾ ഉള്ള ഒരു പതാക തുണി മണ്ണിൽ പറന്നു കളിച്ചു. അതു വഴി വന്നും പോയിക്കൊണ്ടുമിരുന്ന വാഹനങ്ങൾ അതിന്റെ ഈറ കമ്പിൽ കയറിയിറങ്ങി ചതഞ്ഞു പറിഞ്ഞു ചിതലിച്ച അവസ്ഥയിലായിരുന്നു.
ഞാൻ റോഡു മുറിച്ചു കടക്കവേ ആ കമ്പിന്റെ കൂർത്തുമൂർത്ത ചീള് എന്റെ കാലിൽ തടഞ്ഞു..
കാലിൽ അതിന്റെ ചീളു കുത്തിക്കയറി മുറിഞ്ഞു. വല്ലാതെ ചോര പൊടിഞ്ഞു
” ഹൊ ! എന്തൊരു കഷ്ടകാലം “.ഞാൻ കൊടിയേയും, വണ്ടി കയറി കുടലു ചാടിയ ശ്വാനനെപ്പോലെ കൊടി കെട്ടിയ കമ്പിനേയും കൊടിയേയും നോക്കി.
പൊതുജന ശല്യക്കാരനായി മൃതപ്രായനായി കിടക്കുന്ന അതിനെ എടുത്തു മാറ്റുന്നത് ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നല്ല പ്രവർത്തിയായി ഒരു നിമിഷം എനിക്കുതോന്നി. ഞാൻ ഒടിഞ്ഞു പറിഞ്ഞ ആ കൊടിയും കമ്പും എടുക്കാനായി കുനിഞ്ഞു.
“അരുത് ; തൊട്ടു പോകരുത് ; അത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയാണ് “.
എന്റെ മനസ്സ് എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി.
“നീ ഈ കൊടി ഇവിടെ നിന്നെടുത്തു മാറ്റിയാൽ
ഇതിന്റെ ഉടമസ്ഥരായ രാഷ്ട്രീയക്കാർ അവരുടെ കൊടി നീ നശിപ്പിച്ച് പാതയോരത്തെ ഓടയിൽ എറിഞ്ഞു എന്ന് ആരോപിച്ച് അവർ നാളെ കട കമ്പോളങ്ങളടച്ച് ഹർത്താൽ നടത്തും. നിന്നെ അവർ ദേഹോപദ്രവം ഏല്പിക്കും.
പ്രശ്നം ഗുരുതരമാകും എന്തിനാണ് പുലിവാൽ പിടിക്കുന്നത്. ”
ഞാൻ ചുറ്റും നോക്കി. എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ എന്റെ കൈകളെ പിന്നോട്ടെടുത്തു. ഞാൻ ചായക്കടയെ ലക്ഷ്യമാക്കി നടന്നു. കാലിലെ വേദന കൊണ്ടു ഞാൻ ആ റോഡിൽ വീണുകിടക്കുന്ന കൊടിയെ വീണ്ടും ഒന്നുകൂടി നോക്കി. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വരുന്ന വാഹനങ്ങൾ ആ കൊടിയെ ചമ്രം ചിമ്രം ചിവിട്ടിയരച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *