ക്രിസ്മസ് ചിന്തകൾ. – അന്തിക്രിസ്തു അരങ്ങ് വാഴുന്ന ആധുനിക ക്രിസ്ത്യാനിറ്റി ? – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email

മനുഷ്യ വർഗ്ഗ ചരിത്രത്തിലെ മഹത്തായ ഒരു വഴിത്തിരിവായിരുന്നു ക്രിസ്തുവിന്റെ ജനനത്തോടെസംജാതമായത്. ഇരുട്ടിൽ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടു എന്ന് ചരിത്രകാരന്മാർ എഴുതി. സർവ്വജനത്തിനും വരുവാനുള്ള നന്മ എന്ന് വിലയിരുത്തപ്പെട്ട ആ സംഭവ വികാസത്തോടെ രക്ഷയുടെയും, പ്രത്യാശയുടെയും ചക്രവാളങ്ങൾ വികസ്വരം ആവുകയായിരുന്നു.

വിശ്വ സാഹോദര്യത്തിന്റെ പ്രായോഗിക പരിപാടിയിലൂടെ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നതിനുള്ള ഒരു ചിന്താ  പദ്ധതിയാണ് യേശു പറഞ്ഞു വച്ചതും, ഒരു പരിധി വരെ സ്വന്തം ജീവിതത്തിലൂടെ നടപ്പിലാക്കിയതും. ദൈവത്തെയും, മനുഷ്യനെയും, പ്രകൃതിയെയും സ്നേഹത്തിന്റെ നേർ ചരടിൽ അവിടുന്ന് കോർത്ത് വച്ചു. ( അർഥം മനസിലാവാത്ത അനുയായികൾ പിന്നീട് ഇതിനെ പിതാ,പുത്രാ, പരിശുദ്ധാത്മാ എന്ന് വ്യാഖ്യാനിച്ചു ) അനേകായിരം സംവത്സരങ്ങളിലൂടെ എഴുതപ്പെട്ട സർവ്വ – മത / പ്രത്യയ ശാസ്ത്ര – സിദ്ധാന്തങ്ങളെയും  സംഗ്രഹിച്ച്‌ അതി ലളിതമായ രണ്ടേ രണ്ട്  വാചകങ്ങളിൽ അവിടുന്ന് ക്രോഡീകരിച്ചു. ഒന്ന് : ദൈവത്തെ  സ്നേഹിക്കുക, രണ്ട് : മനുഷ്യനെ സ്നേഹിക്കുക. ഈ രണ്ടേ രണ്ടു വാചകങ്ങളുടെ കാലാന്തരീയവും, ദേശാന്തരീയവുമായ വ്യാഖ്യാനങ്ങളാകുന്നു എന്നെന്നും മനുഷ്യ വർഗ്ഗം നെഞ്ചിലേറ്റുന്ന സിദ്ധാന്തങ്ങളും, അവരേഖപ്പെടുത്തപ്പെട്ട ഗ്രന്ഥ സമുച്ചയങ്ങളും.

( ദൈവത്തെ സ്നേഹിക്കുകയെന്നാൽ മനുഷ്യനെ സ്നേഹിക്കുകയെന്നും, മനുഷ്യനെ സ്നേഹിക്കുകയെന്നാൽദൈവത്തെ സ്നേഹിക്കുകയെന്നും ആണെന്ന് സ്വന്തം പ്രവർത്തികളിലൂടെ ലോകത്തിനു കാണിച്ചു തരുമ്പോൾ  എന്നും അദ്ദേഹം എതിർത്തിരുന്നത് കൊട്ടാരക്കെട്ടുകളിലെ മത പുരോഹിത വേതാളങ്ങളെ ആയിരുന്നു എന്നത്  സൗകര്യപൂർവം മറന്നു കൊണ്ടാണ് ഇന്നും ക്രിസ്തുവിന്റെ അളിയന്മാരായി അഭിനയിക്കുന്ന പുരോഹിത സർവസർവ്വ സൈന്യാധിപന്മാരുടെ ഇടപെടലുകൾ. )

ഇന്ന് നില നിൽക്കുന്ന ക്രിസ്തീയ സഭകൾ ഉൾപ്പടെയുള്ള മനുഷ്യ സമൂഹങ്ങൾക്ക് ഈ ആശയം വേണ്ടത്രഉൾക്കൊള്ളാൻ ആയിട്ടില്ലെന്നാണ് എന്റെ സുചിന്തിതമായ എളിയ കണ്ടെത്തൽ. അയൽക്കാരൻ എന്ന വാക്കിന്റെപ്രായോഗിക അർത്ഥതലം പോലും മനസിലാക്കാതെയാണ് കപട തീയോളജിയുടെ വക്താക്കൾഡോക്ടർമാരെയും, പാസ്റ്റർമാരെയും പടച്ചു വിടുന്നത് എന്ന് എനിക്ക് തോന്നുന്നു.

അയൽക്കാരൻ എന്ന വാക്കിന് അടുത്ത വീട്ടിലെ ആൾ എന്ന് മാത്രമല്ലാ അർത്ഥം. ഞാനൊഴികെയുള്ള  എന്റെലോകത്തിലെ ഏവനും എനിക്ക് അയൽക്കാരനാണ്. അവനെ ഒട്ടും കുറയാതെ എന്നെപ്പോലെ തന്നെയാണ്  ഞാൻ സ്‌നേഹിക്കേണ്ടത്. ഇവിടെ ക്രിസ്തു പറയാതെ പറഞ്ഞ ‘ കരുതൽ ‘ എന്ന പുതിയൊരു അർത്ഥതലം  കൂടിസംജാതമാവുന്നുണ്ട്. ഈ പുതിയ അർത്ഥ തലത്തിലൂടെ സമീപിക്കുമ്പോൾ നാമൊഴികെയുള്ള നമ്മുടെലോകത്തെ കരുതുന്നതിനുള്ള ഒരുപകരണമാണ് നാം എന്ന് വരുന്നു. അയൽക്കാരൻ എന്ന അവനു വേണ്ടിസ്വന്തം ജീവനെ കൊടുക്കുന്ന സഹോദരനായി മാറുവാൻ ഓരോ മനുഷ്യനും സാധ്യമാവുമ്പോൾ യേശു വിഭാവനംചെയ്ത പുതിയ ലോകം  ഈ മണ്ണിൽ നമുക്കിടയിൽ സംജാതമാകും.

ഇവിടെ അതിരുകൾ തിരിക്കപ്പെട്ട രാജ്യങ്ങൾക്ക് എന്ത് പ്രസക്തി ? ലേബലുകൾ ഒട്ടിക്കപ്പെട്ട  വർഗ്ഗീകരണത്തിന്എന്ത് പ്രസക്തി ? അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും എന്ന എന്റെ സങ്കല്പം രൂപപ്പെട്ട്വന്നത് ഇങ്ങിനെയാണ്.

അവസാന കാലത്ത് അന്തിക്രിസ്തു ലോകത്തിന്റെ അധിപനാകും എന്ന് ബൈബിൾ ദാർശനികന്മാർ  വിലയിരുത്തുന്നു.  അന്തിക്രിസ്തു എന്ന വാക്ക് Anti Christ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന്പരിഭാഷപ്പെടുത്തിയിട്ടുള്ളതാണ്. ഈ വാക്കിന് ക്രിസ്തുവിരോധികൾ എന്നാണ് അർത്ഥം  വരേണ്ടത്  എന്നതിനാൽ ക്രിസ്തുവിരോധികളുടെ ആധിപത്യം സംജാതമാകും എന്നാണ് ദാർശനികൻ അർത്ഥമാക്കുന്നത്. ക്രിസ്തു വിരോധികൾ എന്നാൽ ക്രിസ്തുവിന്റെ ആശയങ്ങൾക്ക് കടക വിരുദ്ധമായ ആശയങ്ങൾഉൾക്കൊള്ളുന്നവർ എന്നാണല്ലോ ? സ്നേഹത്തിനും, കരുതലിനും പകരമായി അവർ വിദ്വേഷവും, ചൂഷണവുംഉൾക്കൊള്ളുകയും, അത് നടപ്പിലാക്കുകയും ചെയ്യുമ്പോൾ ദാർശനികൻ അർത്ഥമാക്കുന്ന അന്തിക്രിസ്തുവിന്റെ  കാലം വന്നു ചേരുന്നു.

ക്രിസ്തുവിനും വളരേ മുൻപേ കലിയുഗ കല്പനയിലൂടെ ഭാരതീയ ദർശനങ്ങളും ഇത് പറഞ്ഞു വച്ചിരുന്നു  എന്നതിനാൽ ഭാരതത്തിലെ സിന്ധു – ഗംഗാ നദീ തടങ്ങളിലും, ഈജിപ്തിലെ നീല നദീ തടങ്ങളിലും വളർന്നുവന്ന രണ്ട് ജനപഥങ്ങൾ തങ്ങളുടെ വംശ നാശത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളെപ്പറ്റി ബോധ പൂർവംവ്യാകുലപ്പെടുകയാണ്‌ ഇവിടെ ചെയ്യുന്നത്.

ഈ സാഹചര്യങ്ങൾ സാവധാനം കാലുറപ്പിച്ചു കഴിഞ്ഞ ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ ശേഷം പടിഞ്ഞാറൻ നാടുകളിൽ വേര് പിടിക്കുകയും, ലോകത്താകമാനം വളർന്നു പടരുകയും ചെയ്ത  അനിശ്ചിതത്വത്തിന്റെ ( അസ്തിത്വ വേദന എന്ന് സാഹിത്യഭാഷ ) ആക്രമണത്തിൽ നിന്നുള്ള മോചനം എന്ന നിലയിലാണ്  ‘ എൻജോയ് ദി ലൈഫ് ‘ നെ  ലോകംനെഞ്ചിലേറ്റിയത്.  തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന അതിന്റെ വിപര്യയങ്ങളിൽ  മനുഷ്യ രാശി മൂക്കുകുത്തി വീഴുമ്പോൾ അവർ പോലും അറിയാതെ ആദ്യമായി അന്തിക്രിസ്തു ലോകത്തിൽ കാല് കുത്തി. വിയർപ്പോടെ അപ്പം ഭക്ഷിക്കണമെന്ന സർവ ലൗകിക ധർമ്മ സംഹിത വലിച്ചെറിഞ്ഞു കൊണ്ട് അനർഹമായതും, അപരന്റതായതും ആസ്വദിക്കണമെന്ന ആർത്തിയോടെ കുതിച്ചു പായുകയാണ് ‘ അടിപൊളിയൻ ’ എന്ന്മലയാളീകരിക്കപ്പെട്ട ആധുനിക ലോക വ്യവസ്ഥകൾ.

ഈ കുതിപ്പിന് ആശയ പരമായ പുത്തൻ ന്യായ വാദങ്ങളുമായി മീഡിയകൾ രംഗത്തു വരുന്നു ; മീഡിയകളുടെആശയങ്ങൾ ജന ഹൃദയങ്ങളി എത്തിക്കാൻ സെക്സ് പ്രധാന പ്രസർവേറ്റീവക്കുന്നു ; എതിർ സെക്‌സിനോടുള്ളആകർക്ഷണത്തിൽ കൊഴുപ്പിന്റെയും, മുഴുപ്പിന്റെയും പിറകേ മുക്രയിട്ടോടിയ ജനം മുഖപ്പട്ട കെട്ടിയകുതിരകളെപ്പോലെ മീഡിയകൾ പറഞ്ഞതെല്ലാം സത്യമാണെന്നു വിശ്വസിച്ച് ഒരു പുത്തൻ ജീവിത ക്രമംരൂപപ്പെടുത്തിയെടുക്കുന്നു.

ഇതിൽ നിന്നുളവായ സാമൂഹ്യ സാഹചര്യങ്ങളുടെ നീരാളിപ്പിടുത്തങ്ങൾ ഉളവാക്കിയ പ്രായോഗിക  ആസ്വാദനങ്ങളാണ് നമുക്ക് ചുറ്റും ആടിത്തിമിർക്കുന്ന ദുരന്ത പർവങ്ങളുടെ അനുഭവ സമസ്യകൾ എന്ന്ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

* ആഹാരത്തിന്റെയും മരുന്നിന്റെയും ലേബലിൽ വിനാശ കരമായ വിഷ വസ്തുക്കളെ അകത്താക്കേണ്ടി വരിക !

* പരസ്യ വായാടികളുടെ കപട പ്രലോഭനങ്ങളിൽ അകപ്പെട്ട് അനാവശ്യ വസ്തുക്കൾ ഏറ്റു വാങ്ങേണ്ടി വരിക !

* കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽ മാഫിയകളുടെ പരീക്ഷണ ഗിനിപന്നികളായി സ്വന്തം ജീവിതവും സമ്പാദ്യവുംതുലച്ചു കളയേണ്ടി വരിക !

* മത / രാഷ്ട്രീയ / കച്ചവട യജമാനന്മാരുടെ അടിമകളായി അവരുടെ അറവു ശാലകളിലേക്ക്  ആട്ടിത്തെളിക്കപ്പെടേണ്ടി വരിക !

* മദ്യവും, മദിരാക്ഷിയും നുരയ്ക്കുന്ന പുത്തൻ മൂഷികപ്പൂട്ടുകളിൽ കഴുത്തുകൾ അകപ്പെടുത്തി മാനസിക മരണം  അനുഭവിക്കേണ്ടി വരിക !

* ആസ്വാദന മേഖലകൾ അനന്തമായി വികസിക്കുമ്പോൾ അതനുഭവിക്കാൻ ആരെക്കൊന്നും പണം ഉണ്ടാക്കേണ്ടിവരിക !

* സ്വന്തം മനഃസാക്ഷിയിൽ ശവക്കുഴി തോണ്ടി അതിൽ അപരന്റെ അവകാശങ്ങളെ ഉളുപ്പില്ലാതെ കുഴിച്ചു മൂടേണ്ടിവരിക !

* മദ്യ / മയക്കുമരുന്ന് മാഫിയകളുടെ മരണക്കെണികളിൽ മക്കളെ എറിഞ്ഞു കൊടുക്കേണ്ട ഗതികെട്ടസാഹചര്യങ്ങളിൽ അകപ്പെടേണ്ടി വരിക !

* അധർമ്മത്തിന്റെ  അട്ടഹാസത്തിൽ അടിപിണഞ്ഞ് പോയ ധർമ്മത്തന്റെ വിലാപത്തെ അവഗണിക്കേണ്ടി വരിക!

ഇപ്രകാരമുള്ള നിരവധി ജീവിത സാഹചര്യങ്ങളിലൂടെ കലിയുടെയും അന്തിക്രിസ്തുവിന്റെയും അജയ്യ  കാലടികൾ മനുഷ്യ ജീവിത വേദികകളിൽ അതി ശക്തമായി അമർന്നു കഴിഞ്ഞു. ഇനിയുള്ള നാളെകളിൽ  അവർ അപ്രതിരോധ്യന്മാരായ വാമനന്മാരായി വളർന്നു മുറ്റുമ്പോൾ സമസ്ത ലോകവും സർവ നാശത്തിന്റെപാതാള നിഗൂഢതകളിൽ ചവിട്ടി താഴ്ത്തപ്പെടും.

ക്രിസ്തുവിനെ പിൻ പറ്റുന്നുവെന്ന് അവകാശപ്പെടുകയും വർഷാവർഷം ക്രിസ്തുമസ് ആഘോഷങ്ങളിൽഅഭിരമിക്കുകയും ചെയ്യുന്ന ക്രിസ്തീയ സഭകൾ പോലും അറിഞ്ഞോ അറിയാതെയോ അന്തിക്രിസ്തുവിനെറോൾമോഡൽ ആക്കുകയാണ്  ചെയ്തു കൊണ്ടിരിക്കുന്നത്. ക്രിസ്തു വിഭാവനം ചെയ്ത യഥാർത്ഥ  ലോകത്തിന്റെ അർത്ഥവും വ്യാപ്തിയും കണ്ടെത്തുവാൻ അവർക്ക്‌ കഴിയാത്ത പോകുന്നതാവാം ഒരു കാരണം. അതല്ലെങ്കിൽ അപരനോടുള്ള സ്നേഹത്തിന്റെ പ്രായോഗിക സാദ്ധ്യതകൾ കരുതൽ എന്ന മഹത്തായമൂല്യത്തിൽ അധിഷ്ഠിതമാണെന്ന് മനസ്സിലാവാത്തതാവാം. അഥവാ മനസ്സിലാക്കിയാൽ തന്നെ അത്നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭൗതികമായ  നഷ്ടക്കണക്കുകളുടെ പെരുപ്പത്തെയോർത്തുള്ളവ്യക്തിഗതമായ ആധികൾ കൊണ്ടാവാം.

സഹോദരൻ എന്ന് വിളിക്കപ്പെടേണ്ടവൻ മനുഷ്യ കുലത്തിലെ മറ്റാരുമാകാം എന്നത് മാത്രമല്ലാ, അവൻ നമ്മൾകാണുന്നവനോ, കാണാത്തവനോ ആകാം എന്നതും കൂടി ഇവിടെ പ്രസക്തമാണ്‌. അവൻ ദരിദ്രനോബലഹീനനോ ആകാം. അവൻ യുക്രെയിനിലെ ബോംബർ മിസ്സൈലുകളുടെ ഹുംകാരവങ്ങളിൽ ഭയന്ന് വിറച്ച്അമ്മമാരുടെ ഹൃദയമിടിപ്പുകളിൽ അഭയാന്വേഷികളായി പറ്റിച്ചേരുന്ന പിഞ്ചു പൈതങ്ങളാവാം. സോമാലിയൻഗ്രാമാന്തരങ്ങളിലെ ചളിക്കുളങ്ങൾക്കരികിൽ ഒരു തുണ്ട് റൊട്ടിക്കായി മാനത്തേക്ക് കണ്ണയച്ച് കാത്തിരിക്കുന്നദരിദ്ര ബാലന്മാരാവാവാം.

ക്രിസ്തുവിന്റെ ചിന്താ പദ്ധതികളിൽ നാം കരുതേണ്ടി വരുന്നത് ഇവരെയൊക്കെയാണ്. ഇവിടെയെല്ലാം നമുക്ക്  വ്യക്തി പരമായ നഷ്ടങ്ങൾ ഉണ്ടാവുന്നു. നമ്മുടെ തീൻ മേശകളിൽ നിറഞ്ഞു കവിയുന്ന വിഭവങ്ങൾആസ്വദിക്കുമ്പോൾ യുക്രെയിൻ പൈതങ്ങളുടെയും, സോമാലിയൻ ബാല്യങ്ങളുടെയും വൈവശ്യ മുഖങ്ങൾ നമ്മെഅസ്വസ്ഥരാക്കുന്നു. ഇതേ മാനറിൽ ഒരു ക്രിസ്ത്യാനിയുടെ ഏതൊരു ജീവിത വ്യാപാരങ്ങളിലും അവന്  നിയന്ത്രണത്തിന്റെ വിലങ്ങുകൾ വരുന്നു. അവനൊഴികെയുള്ള അവന്റെ ലോകത്തിന്റെ വേദന അവന്റേതായിഅവൻ നെഞ്ചിലേറ്റുമ്പോൾ അവന് ആഘോഷങ്ങളിൽ അഭിരമിക്കാൻ ആവുന്നില്ല.

ഇവിടെ, അടിക്കുവാനും പൊളിക്കുവാനും ആഘോഷിക്കുവാനും വേണ്ടി അവസരങ്ങൾ ഒരുക്കി  കാത്തുകാത്തിരിക്കുന്ന അന്തിക്രിസ്തുവിന്റെ ലോകത്തേക്ക് സ്വാഭാവികമായും നാം വഴുതി വീണു പോകുന്നു. സ്വയംനഷ്ടപ്പെട്ടുകൊണ്ടും അപരനെ കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ആ ഒറ്റ വസ്ത്രക്കാരനെ ആർക്കു വേണം? അപരന്റെ അവകാശങ്ങൾ അടിച്ചെടുത്ത് സ്വന്തം താവളത്തിൽ കൂട്ടി വയ്ക്കുകയും, അതിന്റെ  അപാരമായആഘോഷ സാധ്യതകളിൽ അർമ്മാദിക്കുകയും ചെയ്യുന്ന അന്തിക്രിസ്തുവിന്റെ പുതിയ  ലോകത്തിലെ പുത്തൻക്രിസ്ത്യാനികളുടെ കൂട്ടങ്ങൾ വളർന്നു പെരുകുകയാണ്.

ഇരുട്ടിൽ സഞ്ചരിച്ച ജനം അന്ന് കണ്ട് നെഞ്ചിലേറ്റിയ ആ വലിയ വെളിച്ചം ഇങ്ങിനി വരാതെവണ്ണം അകലങ്ങളിൽഅകന്നു കഴിഞ്ഞു. ഇരുട്ടിന്റെ സുരക്ഷിതത്വത്തിൽ അന്തിക്രിസ്തുവിന്റെ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കുന്ന ലോകം അവനെ റോൾമോഡൽ ആക്കിക്കഴിഞ്ഞു. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നതാണ്വർത്തമാന കാലസന്ധികളിലെ ഇന്നുകളിൽ മാനവ രാശിയുടെ  മുന്നിലുള്ള ഏറ്റവും പ്രസക്തമായ ചോദ്യം. എങ്കിലും രണ്ട് സഹസ്രാബ്ദങ്ങളുടെ സജീവ സാന്നിധ്യമായി തെളിഞ്ഞു കത്തിനിന്ന ആ മഹാ വെളിച്ചംഅണയാതെ കാത്തു വയ്ക്കുവാൻ മാനവ രാശിയുടെ ഇന്നുള്ള അവശേഷിപ്പുകളായ നമ്മൾക്ക് ബാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സമാഗതമാവുന്ന ക്രിസ്മസ് അനുസ്മരണങ്ങൾക്ക് ആശംസകൾ !

About The Author

Leave a Reply

Your email address will not be published. Required fields are marked *