വിവർത്തകർ രണ്ടാംകെട്ടിലെ സന്തതികളോ ? – എം രാജീവ് കുമാർ

ഒരു കാലത്ത് മലയാളത്തിലെ വിവർത്തകരാണ് ബംഗാളി സാഹിത്യത്തെയും ഹിന്ദിസാഹിത്യത്തെയും മലയാളത്തിന് പ്രിയതരമാക്കിയത്. ഇന്നു വിവർത്തനമേഖല സജീവമാണെങ്കിലും പുതിയ ഏതു ബംഗാളിനോവലും ഹിന്ദി നോവലും മലയാളത്തിലേക്കു വരുന്നു?

ഇന്ത്യൻ സാഹിത്യത്തിലെ നാഴികക്കല്ലുകളാകുന്ന കൃതികൾ കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്നുപോലും ഇപ്പോൾ പുറത്തു വരുന്നുണ്ടോ? ഒന്നും വേണ്ട, ഓരോ വർഷവും യുവസാഹിത്യ പുരസ്കാരം കിട്ടുന്നവരുടെ കൃതികൾ ചേർത്ത് ഒരു പുസ്തക മെങ്കിലും ഓരോ വർഷവും 15 ഭാഷകളിലും പ്രസിദ്ധപ്പെടുത്തിക്കൂടെ? അത് ഇന്ത്യൻ സാഹിത്യത്തിന്റെ പുതിയ മുഖം അറിയാൻ ഉപകരിക്കില്ലേ?

ഇന്ന് നൊബേലും ബുക്കറും കിട്ടിയാൽ മാത്രമല്ല വിദേശത്തുനിന്ന് തുരുതുരെ പുസ്തകങ്ങളാണ് മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്നത്. പരിഭാഷകരും ഏറെയാണ്. അങ്ങ് ജപ്പാനിൽ കിടക്കുന്ന മുറകാമി വരെ നമ്മുടെ ചങ്ങാതിയാണ്. എന്നാൽ തമിഴ് നാട്ടിലെയോ കന്നടത്തിലെയോ ഒരു എസ്. ഹരീഷിനെയോ സുഭാഷ് ചന്ദ്രനെയോ സന്തോഷ്‌ എച്ചിക്കാനത്തെയോ നമുക്കറിയാമോ?

ഇത്തരുണത്തിലാണ് നമ്മുടെ ബംഗാളിസാഹിത്യവും ഹിന്ദിസാഹിത്യവും കൈക്കുടന്നയിലൊതുക്കി മലയാളിക്ക് പകർന്നുതന്ന  രാവിവർമയെ ഓർക്കുന്നത്.

കിഷൻ ചന്ദറിന്റെ കഥകൾ ഓർക്കുന്നില്ലേ. ഇന്ത്യയുടെ ഹൃദയത്തിൽ തൊട്ട കഥകൾ. വിഭജനത്തിന്റെ മുറിവും പേറി അക്കഥകൾ മലയാളിയുടെ മനസ്സിലുംനിൽക്കാൻ കാരണം രാവിവർമ്മയുടെ തർജ്ജമയാണ്. ഇന്ത്യൻ വിഭജനത്തിന്റെ ചോരവീണു നനഞ്ഞ “പെഷവാർ എക്സ്പ്രസ്സ്‌ “,ബോംബെയിലെ വർഗീയ കലാപങ്ങളുടെ അകപൊരുൾ അന്വേഷിക്കുന്ന “ലാൽ ബാഗ്”…. തുടങ്ങിയ കിടിലൻ കഥകൾ ചേർത്ത് 1950 ൽ ചൂടാറും മുൻപേ വന്നൊരു സമാ ഹാരമുണ്ട്, “നാം കാടന്മാർ”

അക്കാലത്തു ഹിന്ദി ഉറുദു ബംഗാളി കഥകളും നോവലുകളും മലവെള്ള പ്പാച്ചിൽ പോലെയായിരുന്നു. രവിവർമ ഹിന്ദിയും ബംഗാളിയും, പി. എൻ. ഭട്ടതിരി കന്നടക്കഥകളും തകർത്തു പിടിച്ചു തർജ്ജമ ചെയ്യുന്ന കാലം. വനഭൂലി ന്റെ കഥകളും മഹാപ്രസ്ഥാനത്തിന്റെ മാർഗത്തിലൂടെ, താമസി തുടങ്ങി മുപ്പതോളം കൃതികൾ. വിഭൂതി ഭൂഷന്റെ “padherpanchali”മലയാളത്തിലാക്കി രവിവർമ മാതൃഭൂമിയുടെ കണ്ണിലുണ്ണിയാകുന്ന കാലം. മാതൃഭൂമി ഒരു ഹിന്ദി മാസിക തുടങ്ങി,”യുഗപ്രഭാത്”. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ എൻ. വി. കൃഷ്ണവാര്യർക്ക് അതിന്റെ അധികച്ചുമതല കൊടുത്തു. ഒപ്പം ജോലിചെയ്യാൻ അദ്ദേഹം മദ്രാസിൽ നിന്ന് രവിവർമ്മയെ കോഴിക്കോട്‌ കൂട്ടിക്കൊണ്ടു വന്ന് “യുഗപ്രഭാതിന്റെ കസ്സേരയിലിരുത്തി. പല വിദ്വാന്മാരും ആ കട്ടിൽ കണ്ട് പനിച്ചിരുന്നു. എൻ. വി. ആരാ മോൻ!  അവർ തമ്മിൽ ചങ്ങാതിമാരായിരുന്നു. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഒന്നിച്ചു പഠിച്ചവർ. ഹിന്ദി രണ്ടുപേരും സ്വന്തമായി പഠിച്ചവർ.

1968ൽ ലീവ് ചോദിച്ചു മാനേജമെന്റു കൊടു ക്കാതിരുന്നപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനം രാജിവച്ചിട്ട് എൻ. വി. കൃഷ്ണവാര്യർ തിരുവനന്തപുരത്തേക്കു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പോയി. അതോടെ “യുഗപ്രഭാ”തിന്റെ കട്ടയും പടവും മടങ്ങി. രവിവർമ്മക്ക് ചിറകു നഷ്ടപ്പെട്ടു.

മലയാളത്തിൽ ഒരു കാലത്ത് “വിക്രമൻ” എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരാളുണ്ടായിരുന്നു. ഒരാൾക്കും പിടികൊടുത്തിരുന്നില്ല. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ സി. ആർ. കേരളവർമയായിരുന്നു ആ അക്രമം കാണിച്ച വിക്രമൻ. വിക്രമനും രവിവർമയും ഇളയമ്മ മൂത്തമ്മ മക്കളായിരുന്നു. പ്രൊഫ. എം. ആർ. ചന്ദ്രശേഖരന്റെ “കാരമുള്ളും കാട്ടുപൂക്കളുടെ കരച്ചിലും” എന്ന പുസ്തകത്തിൽ കോഴിക്കോടുള്ള  അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. രസനീയമായി വായിച്ചു പോകാം. ചാലപ്പുറത്തെ “കല്യാണസൗഗന്ധികം” ലോഡ്ജിലുള്ള താമസവും ചുമരിൽ ചാരിയിരുന്ന്‌ നോട്ട്ബുക്ക്‌ തുടയിൽ വച്ച് എഴുതുന്ന രവിവർമ്മയുടെ ശീലവുമൊക്കെ സരസമായി പ്രതിപാദിച്ചിരിക്കുന്നു. മണിക്ക് ബാനർജിയുടെ “പത്മാനദിയിലെ മുക്കുവൻ” കല്യാണസൗഗന്ധികത്തിലേ താമസത്തിനിടയിൽ പരിഭാഷപ്പെടുത്തിയതാണ്. താരാശങ്കർ ബാനർജിയുടെ “ഗാണദേവത “യുടെ വിവർത്തനത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. എം. എൻ സത്യാർത്ഥിയുടെ പേരിലുള്ള പ്രഥമ അവാർഡും രവിവർമക്കായിരുന്നു.

1915നവംബർ 21 മുതൽ 2002 മെയ്‌ 1 വരെ 87വർഷം ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. ഇന്ത്യൻ ഭാഷയിൽ നിന്നുള്ള വിവർത്തകരുടെ ആദ്യ തലമുറയിലെ തിളങ്ങുന്ന കണ്ണികളാണ് എം. എൻ. സത്യാർത്ഥിയും രവിവർമയും. മലയാളിയെ ഭാരതത്തിന്റെ ആത്മാ വിലേക്കിറക്കിവിട്ട തോണിക്കാർ. അവർ കാട്ടിത്തന്ന ഊർജ്ജം മലയാള മനസ്സാക്ഷിയിലും ഓളം വെട്ടുന്നുണ്ട്. എന്നാൽ ഇടപ്പള്ളി കരുണാകരമേനോൻ മുതൽ എൻ. മൂസ്സക്കുട്ടി വരെയുള്ള വിവർത്തകർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ? പെരുവഴിയിലെ ചെണ്ടയാണവർ. കുറ്റംപറച്ചിൽ കേട്ടുകേട്ടു തഴമ്പിക്കും. രണ്ടാംകെട്ടിലെ സന്തതികളാണോ അവർ?

LEAVE A REPLY

Please enter your comment!
Please enter your name here