വിധി – ഉല്ലാസ് ശ്രീധർ

Facebook
Twitter
WhatsApp
Email

ആകാശത്തോളം വിശാലതയും
കടലോളം ആഴവുമുള്ള ഒരു വാക്കാണ് വിധി…

കൊട്ടാരത്തിൽ ജനിച്ചവനെ കുടിലിലും കുടിലിൽ ജനിച്ചവനെ കൊട്ടാരത്തിലും എത്തിക്കുന്ന വിധിയുടെ വിളയാട്ടത്തിന്റെ വിവിധ ഭാവങ്ങളറിയുമ്പോഴാണ് നാം തലയിൽ കൈ വെച്ചു പോകുന്നത്…

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമാണ് കർണ്ണൻ…

ഭോജപുരിയിലെ കൊട്ടാരത്തിൽ
സൂര്യപുത്രനായി ജനിച്ചിട്ടും അധിരഥന്റെ കുടിലിൽ സൂതപുത്രനായി വളരേണ്ടി വന്ന കർണ്ണൻ…

അംഗരാജ്യത്തിലെ രാജാവായി കർണ്ണനെ ദുര്യോധനൻ വാഴിച്ചപ്പോൾ കുടിലിൽ ജനിച്ച കർണ്ണന്റെ വളർത്തച്ഛനും വളർത്തമ്മയുമായ അധിരഥനും രാധമ്മയും കൊട്ടാരത്തിലെത്തി…

കർണ്ണന്റെ അമ്മയുടെ ജീവിതമോ…?

മഥുര ഭരിച്ചിരുന്ന ശൂരസേനന്റെ പ്രിയപ്പെട്ട പുത്രിയായ കുന്തി…

ശ്രീ കൃഷ്ണ ഭഗവാന്റെ പിതാവ് വസുദേവരുടെ പ്രിയപ്പെട്ട സഹോദരിയായ കുന്തി…

പത്താമത്തെ വയസ്സു മുതൽ ഭോജരാജ്യത്തിലെ രാജാവായ കുന്തീഭോജന്റെ വളർത്തു മകളായും ചെറിയ പ്രായത്തിൽ തന്നെ ഭോജപുരിയിലെ രാജമാതാവിനെ പോലെയും വളർന്ന കുന്തി…

മനുവും
ഭരതനും
നഹുഷനും
ശന്തനുവും
ദുഷ്യന്തനും
യയാതിയും
പൂരുരവസും
അജമീഡനും
ദേവാതിഥിയും
സുഹോത്രനും
ഭരിച്ച ഹസ്തിനാപുരിയിൽ പതിനാറാമത്തെ വയസ്സിൽ പാണ്ഡുവിന്റെ ഭാര്യാ പദത്തിലൂടെ മഹാറാണിയായി കടന്നു വന്ന കുന്തി…

ഇത്രയൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടും വിധിയുടെ തൊഴികളേറ്റ് വളരാനും തളരാനുമായിരുന്നു കുന്തിയുടെ ജീവിതം…

കിന്ദമ മഹർഷിയുടെ ശാപവും ഏറ്റുവാങ്ങി വനവാസത്തിനിറങ്ങിയ പാണ്ഡുവിനോടൊപ്പം കുന്തിയുമുണ്ടായിരുന്നു…

ശരീരത്തിലെ അവസാനത്തെ സ്വർണ്ണ സാന്നിദ്ധ്യമായ കമ്മലുകളൂരി
ഗംഗയിലെറിഞ്ഞു കൊണ്ട് സന്യാസിനിയെ പോലെ ഹസ്തിനാപുരം വിട്ട് ഇരുപതു വർഷം കാട്ടിൽ ജീവിച്ച കുന്തി വിധിയുടെ വലിയൊരു ഉദാഹരണമാണ്…

പട്ടു മെത്തയിൽ കിടക്കേണ്ട ആ മഹാറാണി
എത്രയെത്ര കാടുകളിലാണ് അന്തിയുറങ്ങിയത്…

ഇന്ദ്രദ്യുമ്ന സരസ്,
നാഗശത പർവ്വതം,
ഹംസകൂട പർവ്വതം,
ശതശൃംഗ പർവ്വതം,
ഗന്ധമാദന പർവ്വതം…

ഒടുവിൽ…,

പാണ്ഡുവിന്റെ മരണത്തോടെ വീണ്ടും ഹസ്തിനാപുരിയിൽ അഞ്ചു മക്കളേയും തോഴിയും വൃദ്ധയുമായ ധാത്രിയേയും കൊണ്ട് അനാഥയെ പോലെ വന്നെത്തി…

മഹാറാണിയായും രാജമാതാവായും വീണ്ടും ജീവിച്ചു…

വീണ്ടും വനവാസം….

വീണ്ടും രാജമാതാവ്…

വീണ്ടും വനവാസം…

വീണ്ടും രാജമാതാവ്…

അങ്ങനെ എത്രയെത്ര വേഷങ്ങൾ കൊട്ടാരത്തിൽ ജനിച്ചു വളർന്ന് മഹാറാണിയായി ജീവിച്ച കുന്തി കെട്ടിയാടേണ്ടി വന്നു…

കർണ്ണനുൾപ്പടെ കരുത്തരായ ആറ് ആൺമക്കളുടെ അമ്മയായിട്ടും
പ്രപഞ്ചം മുഴുവൻ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന ശ്രീകൃഷ്ണ ഭഗവാന്റെ അപ്പച്ചിയായിട്ടും
‘സുഗന്ധത്താൽ സഞ്ചരിക്കുന്ന ജീവനുള്ള പാത്രം’ എന്നറിയപ്പെടുന്ന ദ്രൗപദിയുടെ അമ്മായിയമ്മയായിട്ടും കുന്തി അലയാത്ത കാടുകളില്ല…

ഇതിനെയാണ് വിധി എന്നു പറയുന്നത്…

നിങ്ങളുടെ സുഖവും ദു:ഖവും ഒരുപോലെ സ്വീകരിക്കുക…

നിങ്ങളുടെ സന്തോഷവും സങ്കടവും ഒരുപോലെ ആസ്വദിക്കുക…

ഇരുളും പകലും യാഥാർത്ഥ്യമാണ്…

അസ്തമിക്കുന്ന സൂര്യനാണ് നാളെ ഉദയസൂര്യന്റെ സ്വർണ്ണവർണ്ണവുമായി വരുന്നത്…

എല്ലാ ഇരുളും മാറും…
എല്ലാ ദു:ഖവും മാറും…
എല്ലാ സങ്കടങ്ങളും മാറും…

പ്രതീക്ഷയോടെ,
അറിഞ്ഞുകൊണ്ട് ആരേയും ചതിക്കാതെ ജീവിക്കുക…

എന്റെ എല്ലാ കൂട്ടുകാർക്കും
സമ്പത്തും
സൗഭാഗ്യവും
സമാധാനവും
സന്തോഷവും
നിറഞ്ഞ ജീവിതത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് “വിഷുദിനാശംസകൾ” നേരുന്നു……………………………………………

__ഉല്ലാസ് ശ്രീധർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *