LIMA WORLD LIBRARY

ശ്രീകുമാരി സന്തോഷ്‌ – കഥ – രാമനുണ്ണി തുടർച്ച 🌴🏠👨🏻‍🦰

കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും ഇരുപതിലെയും സംസ്കാരങ്ങൾ ആ ദേശത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.
വാര്യത്തെ കുട്ടിയെ വിവാഹം ചെയ്തതിൽ രാമനുണ്ണിക്ക് പലയിടത്തു നിന്നും ചില അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും സഹിക്കേണ്ടി വന്നു എന്നുള്ളത് പച്ച പരമാർത്ഥം.
ഇതൊന്നും രാമനുണ്ണിയുടെ വഴികളെ തടസ്സപ്പെടുത്തിയിരുന്നില്ല.
പറച്ചിലുകളെ നിസ്സാരമായി അവഗണിച്ചു പതിവു ചെയ്തികളുമായി രാമനുണ്ണി തന്റെ ഉറച്ച മനസ്സോടെ ജീവിതം അതിനെ അതിന്റെ വഴിക്കു സ്വാതന്ത്ര മായി വിട്ടിരുന്നു.
അമ്പലക്കുളത്തിൽ കുളി പതിവാക്കിയിരുന്ന രാമനുണ്ണിക്ക് വാര്യത്തെ കുട്ടിക്ക് തന്റെ ഹൃദയം പങ്കു വെച്ചതെങ്ങെനെയെന്നു ഒരു രൂപവുമില്ല. ഒട്ടും മാറാത്ത സ്വന്തം ഗ്രാമം പഴമകളെ മുറുകെ പ്പിടിച്ചു തന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ചെണ്ട കൊട്ടിക്കാൻ താൻ വെറുമൊരു ചെണ്ടക്കോൽ മാത്രമായിരുന്നു എന്ന സത്യം രാമനുണ്ണിയെ ഒട്ടൊന്നു വേദനിപ്പിച്ചു.
കാലം മാറിയത് ആരും അറിയാത്ത പോലെ.
കുളക്കടവിലെ ഇരുട്ടിൽ പതിയിരുന്ന നമ്പൂരിശന്റെ പിടിയിൽ നിന്നും രക്ഷപെടുത്തിയ മാളൂന് ഒരു ജീവിതം കൊടുത്തതാണോ താൻ ചെയ്ത തെറ്റ്. എന്തോഅറിയില്ല. ദെരിദ്രനായ കേശു വാര്യരുടെ മകൾ മാളുവിനെ പല വട്ടം കണ്ടിട്ടുണ്ടെങ്കിലും വേണ്ടാത്ത ഒരു നോട്ടം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലല്ലോ എന്നു രാമനുണ്ണി ഓർത്തു പോയി. എന്നോ സോപ്പു കുമിളകൾ പറപ്പിച്ചു കളിക്കുമ്പോൾ കടവിൽ കണ്ട കൊലുസ്സിട്ട പാദങ്ങൾ മനസ്സിൽ ഒരു നേരിയ ചലനം ഉണ്ടാക്കിയതോഴിച്ചാൽ രാമനുണ്ണിയെന്ന ശുദ്ധൻ അതിരു വിട്ടൊന്നും ചെയ്തിട്ടില്ല. കേശു വാര്യർ തന്നെയാണ് രാമുവിന്റെ ബലിഷ്ടമായ കരങ്ങളിൽ സ്വന്തം മകളെ ഏൽപ്പിച്ചത്. അവിടെ അവൾ സുരക്ഷിതയാണെന്നുള്ള സമാധാനത്തോടെ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.ഇതിനോടകം രാമനുണ്ണി രണ്ടു മക്കളുടെ അച്ഛനുമായി. എന്തിനും ഏതിനും ഇപ്പോഴും രാമനുണ്ണിയുണ്ട് നാട്ടുകാർക്കൊപ്പം. അച്ഛനും അമ്മയ്ക്കും തുണയായി മാളു എന്ന വാര്യത്തെ കുട്ടിയും . നന്ദിയില്ലാത്ത നാട്ടുകാരോട് രാമനുണ്ണിക്ക് പരാതിയിന്നുമില്ല. അദ്ധ്വാനം കൊണ്ട് താൻ വളരെയേറെ സമ്പാദിച്ചിരുന്നു. തുണയില്ലാത്ത ഒരു പെണ്ണിന് ജീവിതവും കൊടുത്തു. മാറി നിന്നു മുറുമുറുത്തവർ ഇന്നു തോളിൽ കയ്യിടാൻ മടിക്കുന്നില്ല.
ഇന്നും അന്തി മോന്തി പുഴക്കരയിൽ പാട്ടുകളുടെ ശീലുകളുമായി രാമനുണ്ണിയുടെ സായന്തനങ്ങൾ തുടരുന്നു . മാത്രമല്ല. പ്രഭാതത്തിൽ നാട്ടുകാർക്ക്‌ ഊർജ്ജമായി രാമനുണ്ണിയെത്തും ഉദയ സൂര്യനെ പ്പോലെ.

ശുഭം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px