ജീവിതം – (ശ്രീകുമാരി സന്തോഷ്‌)

Facebook
Twitter
WhatsApp
Email

ആകാശം നിശ്ചലമായിരുന്നു. വിജനമായ ഒരു വീഥി പോലെ. മരങ്ങളും കെട്ടിടങ്ങളും ആൾക്കാരും ഇല്ല. തികച്ചും ഒറ്റപ്പെട്ട വഴി . ഒരു മൂലയിൽ കാർമേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു പെയ്യാൻ വെമ്പുന്ന മഴ ആ കരിമ്പട കെട്ടിൽ ഒളിഞ്ഞിരുന്നു ഭൂമിയെ നോക്കികൊണ്ടിരുന്നു.
പർവതങ്ങൾ ഹരിതാഭയിൽ കുളിച്ചു. മുൻപ് പെയ്ത മഴയുടെ തുള്ളികൾ സൂര്യ രശ്മികൾ തട്ടി ജ്വലിച്ചു . പല ദിക്കുകളിൽ നിന്നും പക്ഷികൾ മലനിരകളിൽ ചേക്കേറിയിരുന്നു പ്രത്യേകം തിരഞ്ഞെടുത്ത മരങ്ങളിൽ ഓരോ പക്ഷിക്കൂട്ടവും അവർക്കായി പാർപ്പിടങ്ങൾ തീർത്തു.

മഴ കുറേശ്ശേ പെയ്യാൻ തുടങ്ങി, ഉയരെ പർവതമുകളിൽ gനേർത്ത ചാലുകൾ രൂപപ്പെട്ടു, ചാലുകൾ ഒന്നു ചേർന്ന് വെള്ളച്ചാട്ടമായി താഴേക്കൊഴുകി.
കാതങ്ങൾ നടന്നിട്ടും തീരാത്ത ആകാശ വീഥികൾ അവസാനിക്കുന്നിടത്തു നിന്നും തുടങ്ങുകയായി. ഭൂമിയുടെ ഒരറ്റത്തേക്ക് ഇടുങ്ങിയ വഴികൾ പ്രത്യക്ഷപ്പെട്ടു. അഴുക്കു ചാലുകളും ശുദ്ധ ജലവും മാറി മാറി കണ്ടു . പടികളും പടവുകളും ധാരാളം. ചിലതിൽ നിന്നും തെന്നി വീണു പാതാള കുഴികളിൽ ആണ്ടുപോയി. കയ്‌ കാൽ കുഴഞ്ഞപ്പോൾ പിടിവിട്ടു കൂടുതൽ അഴങ്ങളിലേക്ക് ആഞ്ഞു പതിച്ചു. അവിടെ കിടന്ന് ഉറക്കെ ഉറക്കെ കരഞ്ഞു. കരഞ്ഞു കരഞ്ഞു ചിരിക്കാൻ പഠിച്ചു. ആകാശ വീഥികളിൽ എത്താൻ വീണ്ടും പ്രത്യാശയോടെ മുകളിലേക്കു കണ്ണു പായിച്ചു. കനത്ത ഇരുട്ടിൽ ഒഴുകിയലഞ്ഞു.
പിടിവള്ളി പോലെ കിട്ടിയ ഏണിപ്പടികളിൽ മുറുകെ പിടിച്ചു. ദൂരെ ദൂരെ നക്ഷത്ര തിളക്കം. ആകാശ വീഥികളിലേക്ക് വഴികാട്ടികൾ.

ജീവിതത്തെ കുറിച്ചു അയാളുടെ പഠനം ഇത്തരത്തിൽ ആയിരുന്നു. അയാളുടെ മാത്രം കാര്യമായിട്ടാണ് അയാൾ ഈ രീതിയിൽ ജീവിതത്തെ അപഗ്രധിച്ചത്. എവിടെയോ എത്താൻ മോഹിച്ചു ഒറ്റപ്പെട്ടതും ബഹുദൂരം വിജനതയിൽ തനിച്ചായതും മരണത്തിന്റെ പിടിയിൽ അകപ്പെട്ടു ഇരുട്ടിന്റെയും വേദനയുടെയും താഴ്ചയിലേക്ക് നിലം പതിച്ചതും ഏതോ ഇടുക്കിലൂടെ ഒരിറ്റു ജീവ ശ്വാസം വീണ്ടു കിട്ടിയതും തിരിച്ചു ഭൂമിയിൽ എത്തിയതും അവിടെ നിന്നു മരണ കിണറിന്റെ വശങ്ങളിൽ അള്ളി പിടിച്ചു കിടന്നതും അയാൾ ഓർത്തു.

ഇന്ന് അയാൾ ശാന്തനാണ്. അയാൾക്ക്‌ മുന്നിൽ വിജന വീഥികൾ നക്ഷത്ര പ്രകാശം ചൊരിയുന്നു. തുടക്കവും ഒടുക്കവും പാരമ്യതയിൽ എത്തുന്നു ഭൂമിയും ആകാശവും മനോജ്ഞമാകുന്നു
സ്നേഹത്തിന്റെ നീർ വേര് മുറിച്ചു കടന്നു പോകുമ്പോൾ പ്രണയിനിക്ക് വേണ്ടി പ്രത്യാശയുടെ ചിറകു വിരിച്ചു
ദുർബലമായ ഉറപ്പുകൾ കാറ്റിലാടുമ്പോൾ പ്രണയിനിക്കായി വിടർന്ന സ്നേഹചിറകുകൾ കരിഞ്ഞു തീർന്നിരുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *