ആക്സിഡന്റിന് ശേഷം കാലിലും കൈയിലും തോളിലുമൊക്കെയുള്ള കമ്പികളാൽ തൂങ്ങിയാടുന്ന ശരീരവുമായി ജീവിക്കുന്നതിനാൽ വർഷങ്ങളായി ഞാൻ ശബരിമലയിൽ പോകാറില്ല…
ഈ വർഷം പോകണമെന്ന് ഒരാഗ്രഹം തോന്നി…
ഈ സെപ്റ്റംബറിൽ
നെഞ്ചു വേദന വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നതിനാൽ വീട്ടുകാരും കൂട്ടുകാരും എന്നെ നിരുത്സാഹപ്പെടുത്തി…
നഴ്സറി മുതൽ പത്താം ക്ലാസ് വരെ
ഒന്നിച്ച് പഠിച്ച,
രാഷ്ട്രീയത്തിൽ ഒന്നിച്ച് പ്രവർത്തിച്ച,
ഏറെ നാളത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ
ദുബായ് അനിയോടും വിനോദിനോടും ശബരിമലയിൽ പോകാൻ എനിക്ക് കൂട്ടു വരാമോ എന്ന് ചോദിച്ചു…
അനിയും വിനോദും പറഞ്ഞു-“മലക്ക് പോയി മരിക്കുന്നെങ്കിൽ മരിക്കട്ടെ.
നിന്റെ ആഗ്രഹമല്ലേ,നമുക്ക് പോകാമെടാ…”
ചങ്കുകൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിന് കാലനെ പേടിക്കണം…?
നവംബർ മുപ്പതാം തീയതി ഇരുമുടി കെട്ടി യാത്ര ആരംഭിച്ചു…
ഇരുപതോളം വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ ഒന്നിച്ചൊരു യാത്ര ചെയ്യുന്നത്…
ഓർമ്മകൾ പങ്കുവെച്ചും കഥകൾ പറഞ്ഞുമുള്ള ഞങ്ങളുടെ ആത്മീയ യാത്ര പമ്പയിലെത്തി…
പമ്പയിൽ കുളിച്ച് മല കയറാൻ തുടങ്ങി…
മെല്ലെ,മെല്ലെ,വളരെ മെല്ലെ നടന്നു…
നടന്നിട്ടും നടന്നിട്ടും മല തീരുന്നില്ല…
കാലുകൾ കുതിച്ചു പായാൻ ആഗ്രഹിച്ചെങ്കിലും കിതപ്പും നെഞ്ചിടിപ്പുമാണ് കുതിച്ചത്…
നീലിമല കയറിയപ്പോൾ നെഞ്ച് വേദന തുടങ്ങി…
ഓരോ നിമിഷം കഴിയുന്തോറും വേദന കൂടുകയും ശരീരം വിയർക്കാനും വിറക്കാനും തുടങ്ങി…
ഒരടി പോലും നടക്കാൻ കഴിയുന്നില്ല…
സിമന്റ് കൈവരിയിൽ അനിയുടെ മടിയിൽ തല വെച്ച് കിടന്നു…
രണ്ടു പേരും കൂടി
വിയർപ്പു തുടച്ചതിന് ശേഷം തോർത്തുകൾ കൊണ്ട് വീശി തന്നു…
ഞാൻ കിടന്നതിന്
അല്പം അകലെയാണ് ദേവസ്വം ബോർഡിന്റെ ചൂടുള്ള ചുക്ക് വെള്ളം വിതരണം ചെയ്യുന്നത്…
വിനോദിനെ എനിക്ക് കാവലിരുത്തിയിട്ട്
ദുബായ് അനി പോയി വെള്ളം വാങ്ങി കൊണ്ടു വന്നു കുടിക്കാൻ തന്നു…
അനിയുടെ മടിയിൽ തലയും വിനോദിന്റെ മടിയിൽ കാലുകളും വെച്ചു കുറച്ചു നേരം കൂടി കിടന്നു…
എന്റെ കാൽമുട്ടുകളും പാദങ്ങളും വിനോദ് തടവി തന്നു കൊണ്ടിരുന്നു…
സാന്ത്വനത്തിന്റേയും സമാശ്വാസത്തിന്റേയും ആർദ്രതയോടെ കൂട്ടുകാർ കാണിച്ച കരുതലിന്റേയും സ്നേഹത്തിന്റേയും ആഹ്ലാദരവം എന്റെ മനസിനെ വീർപ്പുമുട്ടിച്ചു…
പാദബലവും ദേഹബലവും തരണേയെന്ന് അയ്യപ്പനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് വീണ്ടും മല കയറാൻ തുടങ്ങി…
രണ്ട് കൂട്ടുകാരും ഇടവും വലവുമായി എന്നോടൊപ്പം നടന്നു…
ഭാഗ്യം…
അയ്യപ്പനെ കാണാൻ ഒരു മിനിട്ട് പോലും കാത്തു നിൽക്കേണ്ടി വന്നില്ല…
മല കയറിയപ്പോൾ വെയിലും ഇറങ്ങിയപ്പോൾ മഞ്ഞുമായതിനാൽ
തിരിച്ച് പമ്പയിലെത്തിയപ്പോൾ ശരീരം തളർന്നുടഞ്ഞെങ്കിലും മനസ് ഉണർന്നുയർന്നു…
മനസ്സിൽ ഉണർന്നുയർന്ന ഊർജ്ജ പ്രവാഹവുമായി ഡിസംബർ ഒന്നു മുതൽ ഒരു മാസം ഒരു തപസ് പോലെയായിരുന്നു ജീവിതം…
മനസിനെ ചിന്തകളുടെ ആലയിലിട്ട് ഉരുക്കിയെടുത്തു…
ജോലി സംബന്ധമായ ഫോൺ വിളികളിൽ മാത്രമായി ഒതുങ്ങി…
ഒരു മാസത്തെ തപസ്സിൽ തിരുത്താനുള്ളതെല്ലാം തിരുത്തി,കളയേണ്ട കൂട്ടുകാരുൾപ്പെടയുള്ള എല്ലാത്തിനെയും കളഞ്ഞു…
ഇനി പുതിയ പ്രഭാതങ്ങളും
പുതിയ ചിന്തകളും
പുതിയ പ്രവർത്തനങ്ങളുമായൊരു
പുതിയ ജീവിതം…
അജയ് തുണ്ടത്തിൽ………
സിനിമാ മേഖലയിലെ പത്രപ്രവർത്തകനായ
അജയ് തുണ്ടത്തിൽ എന്റെ സുഹൃത്താണ്…
എനിക്ക് സുഖമില്ല എന്നറിഞ്ഞതു മുതൽ അജയ് പോകുന്ന എല്ലാ അമ്പലങ്ങളിലും എന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പൂജകൾ ചെയ്യാറുണ്ട്…
ഇന്നലെയും അജയ് തുണ്ടത്തിൽ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു…
സ്വാർത്ഥതയുടെ ഇരുണ്ട കാലത്തിൽ സഹജീവി സ്നേഹത്തിന്റെ നെയ് വിളക്കാണ് അജയ് തുണ്ടത്തിലിനെ പോലുള്ളവർ…
കൂട്ടുകാരുടെ കുറ്റവും കുറവും മാത്രം പാടി നടക്കുകയും പാര വെക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്തിൽ സൗഹൃദത്തിന്റെ കെടാവിളക്കുകളാണ് അജയ് തുണ്ടത്തിലുമാർ…
ദുസഹമായ ജീവിതാനുഭവങ്ങൾക്കിടയിലും തലോടുവാനും സാന്ത്വനിപ്പിക്കാനും എത്തിയ കൂട്ടുകാരുടെ സ്നേഹത്തിന്റെ വിശുദ്ധ ഹസ്തങ്ങളിലാണിപ്പോൾ എന്റെ ഹൃദയം…
പത്താം ക്ലാസിലെ കൂട്ടായ്മയായ ക്ലാസ്മേറ്റ്സിലെ രണ്ട് കൂട്ടുകാരെ കുറിച്ച് അടുത്ത കുറിപ്പിൽ…
നാളത്തെ പുലരിയുടെ ഇളംവെയിലിൽ വിരിഞ്ഞുണരുന്ന പുതുവർഷത്തിലേക്ക് എല്ലാ കൂട്ടുകാരേയും സ്വാഗതം ചെയ്യുന്നു…
പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും സൗഭാഗ്യവും
നിറഞ്ഞതാകട്ടെ 2023………💐💐💐
___ഉല്ലാസ് ശ്രീധർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏