ശ്രീകുമാരി സന്തോഷ്‌ – കഥ – ശിവം

Facebook
Twitter
WhatsApp
Email

കല്യാണിയുടെ സംസാരം തുടർന്നു കൊണ്ടേയിരുന്നു. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിതറിയോടുന്ന ഓർമ്മകൾ മഞ്ചാടി കുരു പോലെ ഹൃദയത്തിൽ ചുമന്ന പൊട്ടുകൾ തീർത്തു. നെഞ്ചു പൊട്ടുന്ന വേദനയിൽ നിന്നും ഒരാശ്വാസം കിട്ടട്ടെയെന്നുപറഞ്ഞു കല്യാണി പിടിച്ചു വണ്ടിയിൽ കയറ്റിയതാണ് . ഇരുൾ മൂടിയ തണുത്ത സ്ഥലം. നിനക്കു പറ്റിയ സ്ഥലം ഇതു തന്നെ മാളവിക . ഒരാഴ്ച കൊണ്ടു തീർക്കാവുന്നതേയുള്ളൂ ശ്രമിച്ചു നോക്കു. നിന്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ എല്ലാരും ഉണ്ട്. ഞാൻ പോയിട്ടു വരാം. ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അപ്പോൾ തന്നെ ഉറങ്ങി പോയി. ആഹാരം കഴിക്കാൻ കൂട്ടാക്കിയില്ല. സ്വർണ്ണമ്മ എന്ന സഹായിയോട് ആവശ്യം ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞു കിടന്നതാണ്. വെട്ടം അധികം കയറാത്ത മണ്ണിനാൽ നിർമിച്ച സുന്ദരമായ മുറി
ഉറക്ക ചടവോടെ കണ്ണു തിരുമ്മി. അലസമായി ഫോണിൽ മെസ്സേജ് നോക്കി കിടക്കുമ്പോൾ സ്വർണ്ണമ്മ കാപ്പിയുമായി വന്നു. കാപ്പി കുടിച്ച് വീണ്ടും അങ്ങനെ കിടന്നു.
മണ്ണ് വീടിന്റെ സുഖമുള്ള അന്തരീക്ഷം മാളവിക ക്ക് ഇഷ്ടമായി
വെളുത്തു തുടങ്ങുന്നതേയുള്ളൂ. നോക്കി നിൽക്കുന്ന തിനിടയിൽ മാറിപ്പോകുന്ന മേഘ പുകകൾ വാനത്തിൽ ചിത്രങ്ങൾ തീർത്തു
ഒരു മാറ്റം ആവശ്യമായിരുന്നു.
അവഗണന യുടെ കയങ്ങളിൽ ആണ്ടു പോയ മനസ്സിന് ഒരു തിരിച്ചു വരവ് ആവശ്യമായിരുന്നു.
കല്യാണി തനിക്കു വേണ്ടി തിരഞ്ഞെടുത്ത സ്ഥലം അതിനു പറ്റിയതായിരുന്നു
ബുജിയുമൊത്തു വരച്ച ചിത്രങ്ങൾ
തന്റെ ചിത്രങ്ങളെ വാനോളം പുകഴ്ത്തിയ ബുജി എന്തിനിങ്ങനെ ചെയ്തു. മനസ്സിലാകുന്നില്ല. ക്രൂരമായ അവന്റെ ചെയ്തികൾ ക്ഷമിക്കാനാവുന്നില്ല .
മാസങ്ങൾ ഊണും ഉറക്കവുമില്ലാതെ വരച്ചെടുത്ത ചിത്രം ഒരു ദാഷിണ്യവുമില്ലാതെയല്ലേ അവൻ വലിച്ചെറിഞ്ഞത്. അതു മാത്രമോ നിറങ്ങൾ കോരിയൊഴിച്ചു വൃത്തികേടാക്കാൻ അവന് എങ്ങനെ തോന്നി.
എന്റെ സൃഷ്ടിയെ അവൻ എന്തിനു തച്ചുടച്ചു. എന്നും അവനോടൊപ്പം മാത്രമേ ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുള്ളൂ. ഇതൊന്നു മാത്രം ചിത്രകലാ പ്രദർശനത്തിന് വേണ്ടി അവന്റെ അഭിപ്രായത്തിനു കാത്തു നിൽക്കാതെ വരച്ചുപോയി. അതിനു ഈ വിധം ക്രൂരത. അവന്റെ ഈഗോ. താൻ എന്ന കലാകാരിയുടെ സ്വാതന്ത്ര്യം ആണ് അവൻ ഇല്ലാതാക്കിയത്. അവൻ പറയുന്ന എല്ലാ മാറ്റങ്ങളും ചിത്രങ്ങളിൽ വരുത്തിയിരുന്നു എപ്പോളും. ഇതൊന്നു മാത്രം അനുവാദമില്ലാതെ വരച്ചു പോയി. ബുജിയുടെ ആശയങ്ങൾ എന്നും അംഗീകരിച്ചിട്ടേയുള്ളു. എന്നു വെച്ച് തനിക്കു സ്വന്തമായി ഒന്നും പാടില്ലേ.

ചോദ്യങ്ങൾ മനസ്സിൽ ഉത്തരങ്ങൾ ഇല്ലാതെ വീർപ്പുമുട്ടി.
ഒരു ചിത്രകാരിയുടെ അധഃപധനം അല്ലേ ഇത്. കല്യാണി എന്ന നന്മ മരത്തിന്റെ ഇടപെടീൽ ഇല്ലായിരുന്നെങ്കിൽ ആ ഇരുട്ട് മുറിയിൽ ഹോമിക്ക പ്പെട്ടേനെ.
അവൾ തിരഞ്ഞെടുത്തു തന്ന സ്ഥലം ഒരു ഏകാന്ത വാസത്തിനു പറ്റിയതായിരുന്നു ബുജിയുമായി തെറ്റി പിരിഞ്ഞ ശേഷം ഒന്നിനും വ്യക്തതയില്ല. ഒന്നും പൂർണ്ണമാകുന്നില്ല.

കല്യാണി അവൾ ക്ഷേത്ര കല ചുവർ ചിത്രങ്ങളിൽ നിപുണയായിരുന്നു. അപൂർണ്ണ മായ ചിത്രങ്ങൾ തന്റെ പ്രത്യേകത യായിരുന്നു. അതിനെ കാണുന്നവരിൽ പെട്ടന്ന് എത്തുന്ന വിധം സുതാര്യമാക്കി തീർക്കുന്നത് ബുജിയുടെ ജോലിയായിരുന്നു. പതിവിൽ നിന്ന് മാറി അപൂർണ്ണതയിൽ സായൂജ്യം കണ്ടെത്തി വരച്ചു മതിയാക്കിയ ചിത്രമാണ് അവൻ നശിപ്പിച്ചത്.
ഒരാഴ്ച കഴിഞ്ഞു കല്യാണി ഇന്നെത്തും ക്യാൻവാസും നിറങ്ങളും അവൾ വാങ്ങി തന്നപോലെ തന്നെ യിരിക്കുന്നു. വളവു തിരിഞ്ഞു വരുന്ന കല്യാണയുടെ കാർ നോക്കി നിർവികരതയോടെ ഇരുന്നു. വന്ന ഉടനെ ഓടിവന്നു കെട്ടിപ്പിടിച്ചു അവൾ തെല്ലൊരു കുറുമ്പോടെ ചോദിച്ചു നീ ഇന്നു കുളിച്ചില്ലേ ഇതുവരെ മാളവിക എന്തൊരു വേഷം. ആട്ടെ പടം പൂർത്തിയാക്കിയോ. പെട്ടന്ന് അവൾ അകത്തു കയറി ധൃതിയിൽ ഒരു പരിശോധന നടത്തി തിരിച്ചു വന്നു. ഈ ഒരാഴ്ച നീ എന്തു ചെയ്തു . സ്കെച്ച് പോലും ആയിട്ടില്ല. കഴിയുന്നില്ല കല്യാണി എനിക്കൊന്നിനും കഴിയുന്നില്ല. മാളവിക യുടെ വിതുമ്പൽ കല്യാണിയെ പൊട്ടി കരയിച്ചു. നീ പുറത്തേക്കു ഒന്ന് നോക്കിയേ മാളവിക. ബുജി. അവൻ എന്തിനു ഇവിടെ വന്നു. എനിക്ക് കാണണ്ട അവനെ. അന്നത്തെ സംഭവത്തിന്‌ ശേഷം ബുജി കുറ്റബോധത്താൽ തളർന്നു വീണു കഴിക്കാതെ കുടിക്കാതെ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിന്നെ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ടു ബുജിയുടെ അമ്മ എന്നെ വിളിച്ചു. ഈ ഒരാഴ്ച്ച നമ്മുടെ ക്യാമ്പ് ലെ എല്ലാവരും അവന്റെ കൂടെ ആയിരുന്നു. വിവരങ്ങൾ പറഞ്ഞു ഞാൻ അവനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതാണ്. അവൻ നിറങ്ങൾ കോരിയൊഴിച്ച തന്റെ ചിത്രം നെഞ്ചോടു ചേർത്തു വെച്ചിരുന്നു. നിന്റെ ഈ അപൂർണ്ണമായ ചിത്രത്തിൽ ബുജിയുടെ ദേഷ്യം തീർത്ത അലംകോലങ്ങൾ നിന്റെ ചിത്രത്തിനെ യൂണിവേഴ്സിറ്റി ലെവൽ ൽ പുരസ്‌കാരത്തിനു അർഹമാക്കി. നിന്നെ പൂർണ്ണ മാക്കാൻ അവന് മാത്രമേ കഴിയൂ മാളവിക. ബുജി യില്ലാതെ നീ ശക്തി മാത്രമാണ് ഇവിടെ ശിവ ശക്തി പൂർണ്ണ മാകുന്നു. പ്രകൃതിയും പുരുഷനും ഒന്നിക്കുന്നു. ബുജിയിൽ അലിഞ്ഞു ചേരാനെ മാളവികക്ക് കഴിയൂ. ബുജിയുടെ കരങ്ങൾ മാളവികയെ തഴുകി കൊണ്ടിരുന്നു. മണ്ണ് വീടിന്റെ ചുവരുകളിൽ പറ്റി പിടിച്ച ഈർപ്പം ഇല്ലാതായി വെയിലിന്റെ ചെറു ചൂട് . അവളുടെ വലിയ മിഴികളിൽ ഉടക്കിനിന്ന ബുജിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. താണ്ഡവമാടുന്ന രണ്ടു മനസ്സുകളുടെ പൂർത്തീകരണം. പെട്ടി പാക്ക് ചെയ്തു കല്യാണിയെത്തി. നമുക്ക് ഇവിടം വിടാം. ബുജിയുടെ കൈകളിൽ ഒതുങ്ങുമ്പോൾ മലയിടുക്കുകളിൽ ഒരു മഴക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *