LIMA WORLD LIBRARY

സതീശൻറെ കിനാവുകളെല്ലാം മലർപ്പൊടിക്കാരൻറെ സ്വപ്നം ! – കെ.എ ഫ്രാന്‍സിസ്

സജി ചെറിയാൻ രണ്ടാം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ‘കരിദിന’മായി ആചരിച്ച സതീശന്റെ കിനാവുകൾ മലർപ്പൊടിക്കാരൻറെ സ്വപ്നം പോലെയായി. പോലീസ് റിപ്പോർട്ട് തള്ളണമെന്ന നോയൽ വക്കീലിന്റെ ഹർജിയിൽ അനുകൂലവിധി ഉണ്ടാകുമെന്നും അതേ തുടർന്ന് സത്യപ്രതിജ്ഞയെടുത്ത സജി മന്ത്രി കസേരയിൽ നിന്നിറങ്ങി പോകുമെന്നായിരുന്നു സതീശൻ കണ്ട ദിവാസ്വപ്നം! അങ്ങനെ സംഭവിച്ചാൽ പിണറായിക്ക് അതൊരു നാണക്കേടാകും എന്നും സതീശൻ കണക്കുകൂട്ടി. പക്ഷേ ‘മാത്തമാറ്റിക്സ്’ എല്ലാം തെറ്റി. സജിയുടെ പേരിലുള്ള ആരോപണത്തിന് ഒരു കാര്യവുമില്ലെന്ന് കോടതി കണ്ടെത്തി കഴിഞ്ഞു.

പിടികിട്ടാ ചോദ്യം :

മുഖ്യമന്ത്രി പിണറായിക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാകുമെന്ന് എങ്ങനെ മുൻകൂട്ടി ഉറപ്പു കിട്ടി എന്നാണ് ഇപ്പോൾ സതീശന് അറിയാത്തത്. പിണറായിയുടെ ചില കാര്യങ്ങൾ അങ്ങനെയാണ്. സതീശാ. ഒരു റിസ്ക് എടുക്കാൻ അദ്ദേഹം തയ്യാറാവുന്നു. ഈ കളിയിൽ മറ്റൊരു നേട്ടം കൂടി ഉണ്ടായി. ഗവർണർ / മുഖ്യമന്ത്രി പോരാട്ടത്തിന് ഒരു അന്ത്യം വന്നുവെന്ന് മാത്രമല്ല അത് ഗവർണർ മുഖ്യമന്ത്രിയുടെ വഴിക്ക് വന്നുവെന്ന ഒരു ധാരണ നാട്ടുകാർക്കിടയിൽ ഉണ്ടാക്കി കൊണ്ടുമായിരുന്നു.

എന്തൊക്കെ ചെലവുകൾ ? :

മുഖ്യമന്ത്രിയും ഗവർണറും പോരാട്ടം നിർത്തിയത് ഇരുകൂട്ടർക്കുമെന്നല്ല, നമുക്കും നല്ലത് തന്നെ. വാശിപുറത്ത് ഇവർ രണ്ടുപേരും എന്തു നടത്തിയാലും പണം പോകുന്നത് നമ്മുടെ ഖജനാവിൽനിന്ന് തന്നെയല്ലേ ? ഗവർണറെ ഒതുക്കാൻ ഒരു നിയമസഭാ സമ്മേളനം വരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടി. പിന്നെ ക്രിസ്മസ് സദ്യവട്ടങ്ങളുമായി ഇരുകൂട്ടരും ഉണ്ടാക്കിയ നഷ്ടം. കോടതിയിൽ പലതവണ പോയതിന്റെ ചെലവ് എന്നു വേണ്ട ഗോവിന്ദന്മാഷ് നടത്തിയ ഗവർണർ വിരുദ്ധ ഷോയ്ക്ക് നമ്മൾ സംഭാവന നൽകിയ തുക. ഈ ചക്കളത്തി പോരില്ലായിരുന്നെങ്കിൽ ഇത്തരം ചെലവുകൾ വേണ്ടി വരുമായിരുന്നോ ?

സതീശൻ ശരി :

ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനും അതിൻറെ മുഖ്യമന്ത്രിക്കെതിരെ കേരളത്തിൽ വന്ന ഒരു ഗവർണറും കാണിക്കാത്ത വികൃതികൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ഇയ്യിടെ നടത്തിയത്. അണ്ടിയോ മാങ്ങയോ മൂത്തതെന്ന മട്ടിലായി ഒടുവിലത്തെ ചില കളികൾ! ചുരുക്കിപ്പറഞ്ഞാൽ ഗവർണറെ കൊണ്ട് സർക്കാറും നമ്മളും പൊറുതിമുട്ടി. സതീശൻ അപ്പോഴും പറഞ്ഞു ഇത് വെറുതെയാണ്, നാടകമാണ്. അതപ്പടി ശരിയായി. ഗവർണർക്ക് മന്ത്രിമാരോടുള്ള പ്രിയവും അപ്രിയവും ഒക്കെ പള്ളിയിൽ പറഞ്ഞാൽ മതിയെന്നാക്കിയതും വിജയം.

കുന്തം, കൂടോത്രം ! :

ഇതിനിടെ സജിയെക്കാളേറെ വാവിട്ടു ഓരോ വൺ, ടൂ, ത്രീ പറയുന്ന മണിയാശാനോ അതിനപ്പുറമുള്ളവരോ പറഞ്ഞാലും അതൊക്കെ അവരുടെ ഇഷ്ടം എന്ന നിലയിൽ സുപ്രീംകോടതിവിധി വന്നതും പുകിലായി. അല്ലെങ്കിൽ ഒരു മന്ത്രിയായെന്നു കരുതി ഓരോ കാര്യങ്ങളിലുമുള്ള തനതായ അഭിപ്രായം പറയാനും ഭരണഘടനയനുസരിച്ച് തന്നെ പറയാം. അതാണ് സുപ്രീംകോടതിയുടെ സമീപകാല വിധി. മാത്രമല്ല കുന്തവും കുടചക്രവും എന്നൊക്കെ പറഞ്ഞാലും അങ്ങനെയൊന്നുമാവാത്തതല്ലേ നമ്മുടെ ഭരണഘടന. അതു തൊട്ട് തന്നെയായിരുന്നു സജിയുടെ സഗൗരവ പ്രതിജ്ഞയും.

ശരിക്കുമൊരു മിസ്സ് :

കൂട്ടത്തിൽ പറയണമല്ലോ സജിയുടെ മിടുക്ക്. സജി മന്ത്രിസഭയിൽ പ്രത്യേകിച്ച് ഫിഷറീസ് മന്ത്രി പദത്തിൽ ഉണ്ടായിരുന്നെങ്കിൽ വിഴിഞ്ഞം സമരം ഇങ്ങനെ വഷളാകുമായിരുന്നില്ലെന്ന് പിണറായിക്ക് ശരിക്കും ബോധ്യം വന്നിട്ടുണ്ട്. തുടക്കത്തിലെ സമരാഗ്നി ഊതിക്കെടുത്താൻ സജിക്ക് കഴിയുമായിരുന്നു എന്ന് പിണറായി തന്നെ അടുത്ത സഹപ്രവർത്തകരോട് പറയുന്നത് കേട്ടവരുണ്ട്. അതുകൊണ്ടാണ് ഇന്നലെ നാം സജിയെ മിസ്സ് ചെയ്തതായി പിണറായിക്ക് തോന്നി എന്ന് പ്രത്യേകം പറഞ്ഞത്. അതാണ് ആ ലേഖനത്തിന് സജിയുടെ കഴിവുകൾ വാഴ്ത്തുന്ന വിധം ഒരു തലക്കെട്ടിട്ടതും. ആലപ്പുഴ ജില്ലയിൽ നിന്ന് പിണറായി മന്ത്രിസഭയിൽ വന്ന സുധാകരനും തോമസ് ഐസക്കും സജിയും കട്ടയ്ക്ക് കട്ട തന്നെ.

ബോറടി തുടരരുതേ :

ഉന്നതതല ശുണ്ഠിയും കടിപിടിയും തീർന്നതോടെ ഗവർണറുടെ നയപ്രഖ്യാപനം ഇല്ലാത്ത ഒരു നിയമസഭയെ പറ്റി കൂടി ചിന്തിച്ച സർക്കാർ ഇപ്പോൾ ഗവർണറുടെ നയപ്രഖ്യാപനത്തോടെ തന്നെ ബജറ്റ് സമ്മേളനം തുടങ്ങാൻ നിശ്ചയിച്ചു. ഇനി ആകെയുള്ള പ്രശ്നം ചാൻസലർ സ്ഥാനത്തുനിന്നും ഗവർണർ നീക്കാനുള്ള ബില്ലിന്റെ കാര്യവും അതോടനുബന്ധിച്ചുള്ള നൂലാമാലകളും മാത്രം. പിണറായിയെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും ഒരു വഴി ഉണ്ടല്ലോ. അത് തന്നെ ഗവർണർ നിശ്ചയിച്ചാൽ പ്രശ്നം തീരും. അല്ലെങ്കിലോ അവർക്ക് വാശിപിടിച്ചു നമ്മെ ബോറടിപ്പിക്കാം.

വാൽക്കഷണം :

പാവറട്ടി സ്കൂളിൽ കടന്നൽ കുത്തേറ്റ് നാൽപതു പെൺകുട്ടികൾക്ക് പരിക്കേറ്റു എന്ന വാർത്തക്ക് ശേഷം ചിന്താ ജെറോമിന്റെ അഭിമുഖം ചാനലിൽ കണ്ടവർക്കൊക്കെ കടന്നൽകുത്തേറ്റത് പോലെയായി. ഇങ്ങനെയുമുണ്ടോ ഇത്ര അഹന്തയോടെ ഉള്ള ഒരു വിശദീകരണം ? സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം പാലിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് ചിന്താ ജെറോമിന്റെ പ്രകടനം കണ്ടിട്ടാകാം. സർക്കാർ രൂപീകരിച്ച ഇത്തരം സ്ഥാപന മേധാവികളുടെ സേവനത്തിന് ഇത്രയും വലിയ വേതനം വേണമോയെന്ന് സർക്കാർ ആലോചിക്കണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px