പ്രഭാതനക്ഷത്ര ഓർമകൾ സാക്കിർ – സാക്കി നിലമ്പൂർ

Facebook
Twitter
WhatsApp
Email

സ്വന്തമായി കെട്ടിടം വാങ്ങി അതിൽ ക്ലബ്ബിനു വേണ്ടതും നാടിന് വേണ്ടതുമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നാല്പതാം വാർഷികമാഘോഷിക്കുകയാണ് നാടിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമായ പ്രിയപ്പെട്ട ” മോർണിംഗ് സ്റ്റാർ ക്ലബ്ബ്.”

എന്റെ കുട്ടിക്കാലം.
ക്ലബ്ബുമായി വലിയ ആത്മബന്ധമൊന്നുമില്ല എനിക്കന്ന്.
ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികളിൽ കൂട്ടുകാരുമായിച്ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കും.

മോർണിംഗ് സ്റ്റാറിന്റെ വാർഷികാഘോഷം തന്നെയാണ് നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്ന്.
മാസങ്ങൾക്കു മുമ്പേ തുടങ്ങും ഞങ്ങൾ നാടക റിഹേഴ്സലും മറ്റും.
ഞാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചെറിയ ഹാസ്യ നാടകങ്ങളായിരിക്കും ഞങ്ങൾ അവതരിപ്പിക്കുക.
പിന്നെ പ്രധാനമായും അവതരിപ്പിക്കുന്നത് സിനിമാറ്റിക് ഡാൻസാണ്.


ഡാൻസിൽ സ്ഥിരമായ പെൺവേഷം ചെയ്യുന്നത് ഞാൻ തന്നെയായിരിക്കും.

അങ്ങനെ ഒരു വാർഷിക ദിവസം.

എന്റെ പെങ്ങളുടെ ചുരിദാറൊക്കെയിട്ടു ഭംഗിയായി മേയ്ക്കപ്പ് ചെയ്ത് നല്ല “സുന്ദരി”യായി വേദിയുടെ പിറകിൽ എന്നെ വിളിക്കുന്നതും കാത്ത് നിൽപ്പാണ് ഞാൻ .

അതിനിടയിലാണ് ഷാജിയുടെ വരവ്.
എന്റെ പ്രിയ സുഹൃത്താണവൻ.
ഞാനവനെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചു. അവൻ എന്നെ അവിശ്വസനീയമായി അന്തംവിട്ടൊന്ന് നോക്കി. ഞാൻ വീണ്ടും മനോഹരമായിത്തന്നെ ചിരിച്ച് പരിചയഭാവത്തിൽ അവനോട് തലയാട്ടി.

ഒട്ടും പരിചയമില്ലാത്ത ഏതോ ഒരു പെണ്ണ് ഇത്രയും അടുപ്പത്തോടെ തന്നോട് ചിരിക്കണമെങ്കിൽ അതിലെന്തെങ്കിലും വേണമല്ലോ എന്ന മട്ടിൽ അവൻ എന്റെ തൊട്ടരികിലെത്തി.

ഞാൻ സ്ത്രീ വേഷത്തിലാണ് നിൽക്കുന്നതെന്നോർക്കാതെ അവനോട് വീണ്ടും അടുപ്പത്തോടെ ചിരിച്ചു.

അവൻ ഒന്നുകൂടി എന്നോട് ചേർന്ന് നിന്നു.
എന്റെ കാൽ വിരലിൽ മെല്ലെയൊന്ന് ചവിട്ടി.
എനിക്ക് സംഗതി മനസ്സിലായി. ഈ തെണ്ടിക്കെന്നെ ഒട്ടും മനസ്സിലായിട്ടില്ല. ഇവനൊരു പണി കൊടുക്കണം.
ഞാനവനോട് ഒന്നുകൂടി ചേർന്ന് ഒട്ടി നിന്നു.

അവൻ വല്ലാതെ വിയർത്തു. മുഖത്ത് വല്ലാത്ത പരിഭ്രാന്തി. ചലനങ്ങളിൽ നല്ല വെപ്രാളം…! ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നവൻ ചുറ്റിലും നോക്കുന്നുണ്ട്. കിട്ടിയ അവസരം അവൻ നന്നായി മുതലാക്കുകയാണ്. അതിനിടയിൽ അവൻ പ്രേമപൂർവ്വം എന്റെ വിരലിൽ പതുക്കെ പിടിക്കുന്നു. കൈകളിൽ മെല്ലെ തഴുകുന്നു. ഉള്ളിൽ വല്ലാത്ത ചിരി പൊട്ടുന്നുണ്ടെങ്കിലും ഞാനും അവനോട് നന്നായി സഹകരിച്ചു കൊണ്ട് ചേർന്നു നിന്നു.
ഒടുവിൽ അനൗൺസ്മെന്റ് മുഴങ്ങി.

” അടുത്തതായി സിനിമാറ്റിക് ഡാൻസ്. അവതരിപ്പിക്കുന്നത് സാക്കിർ ആൻഡ് പാർട്ടി . ”

ഉടനെ ഞാൻ ഷാജിയോട് പറഞ്ഞു.
” യെട പന്നീ… ഇത് ഞാനാടാ… സാക്കിറ് .
അന്റെ ഒടുക്കത്തെ
ഒര് റങ്ക് …! ചെലക്കാതെ പൊയ്ക്കജ്ജ്…!!”

കത്തിജ്ജ്വലിച്ച് കൊണ്ടിരുന്ന തീകുണ്ഠത്തിലേക്ക് വെള്ളമൊഴിച്ചത് പോലെയായി ഷാജിയുടെ അവസ്ഥ.
അന്തംവിട്ട് നിൽക്കുന്ന ഷാജിയുടെ മുറുകെപ്പിടിച്ച കൈ വിടുവിച്ച് ഞാൻ സ്റ്റേജിലേക്കോടി .

ആ ഡാൻസ് കഴിഞ്ഞിറങ്ങിയതും ഞാൻ ഗ്രീൻ റൂമിലേക്കോടി. ഞങ്ങൾക്ക് ഒരു നാടകം കൂടിയുണ്ട്. ചെറിയൊരു ഹാസ്യനാടകം. നാടകത്തിന്റെ പേര്
” ഇജ്ജ് നടന്നോ ,
ഞാൻ ബെരാ….!” എന്നാണ്.
എന്ന് വെച്ചാൽ
നീ നടന്നോ ഞാൻ വരാമെന്ന് .

അങ്ങനെ നാടകത്തിന് വേണ്ടി ഞങ്ങളെയെല്ലാം മേയ്ക്കപ്പ്മാൻ അണിയിച്ചൊരുക്കുകയാണ്. നാടകത്തിലെ എന്റെ വേഷം
ഞാൻ കല്യാണ ബ്രോക്കറുടേതാണ്. എനിക്ക് ചെറിയൊരു ഊശാൻ താടിയും തലേക്കെട്ടും കട്ടിക്കണ്ണടയും കള്ളിമുണ്ടും ജൂബായും മാത്രമേയുള്ളൂ .
പിന്നെ കവിളിൽ കറുത്ത ഒരു ഉണ്ണി മറുകും.
കുറഞ്ഞ മേയ്ക്കപ്പ് മാത്രമായത് കൊണ്ട് എന്റേത് പെട്ടെന്ന് തീർന്നു.

ഫിറോസ് ബാബു ഹാജിയാരാണ്.
അവന് നല്ല നീണ്ട നരച്ച താടിയും മീശയുമാണ്. പിന്നെ പച്ച ബെൽട്ടും വെള്ളത്തലേക്കെട്ടും വെള്ളമുണ്ടും ജൂബയും.

മേയ്ക്കപ്പ്മാൻ ക്ലീൻ ഷേവ് ചെയ്ത ബാബുവിന്റെ മുഖത്ത്
ഒരു കൃതാവു മുതൽ മറ്റേ കൃതാവ് വരെയും പിന്നെ മീശയിലും രോമങ്ങൾ ഒട്ടിക്കാനുള്ള പശ നന്നായി തേച്ച് പിടിപ്പിച്ചു.
എന്നിട്ട് കുറേശ്ശേ കുറേശ്ശേയായി ഒട്ടിച്ചു തുടങ്ങി. അരമുക്കാൽ മണിക്കൂറെടുത്താണ് അവന്റെ മേയ്ക്കപ്പ് തീർന്നത്. അതിനിടയിൽ സംഘാടകരിലൊരാൾ വന്ന് പറഞ്ഞു.
“നോക്കീം… അട്ത്ത നാടകം ഇങ്ങൾദാ ട്ടൊ….”

“അയ്ന് ഞങ്ങളെ മേക്കപ്പ് കയിഞ്ഞിട്ടില്ല. ഇങ്ങള് വേറെ പരിപാടി കയറ്റിക്കോളിം..”
ഞാൻ പറഞ്ഞു.

“ന്നാ …. പിന്നെ അട്ത്തത് മോണിങ്ങ് സ്റ്റാറിന്റെ നാടകം കയരും, രണ്ട് മണിക്കൂറാ നാടകം. അത് കയിഞ്ഞാലേ പിന്നെ ഇങ്ങളെ നാടകം കയറ്റാൻ പറ്റ്വൊള്ളൂ…”

“അദ് പറ്റൂല. ഞങ്ങളെ നാടകം ആകെ
യിരുപദ് മിൻറ്റേ
ഒള്ളൂ. ”
ഞാൻ പറഞ്ഞു.

“ന്നാപ്പിന്നെ …. ഇങ്ങള് വേഗം വെരിം. സ്റ്റേജ് ഇപ്പൊ ഒയിവാ…..”

“അയ്ന് ഞങ്ങളെ മെയ്ക്കപ്പ് കയിഞ്ഞിട്ടില്ലാന്ന്.
ഇന്നാ പിന്നെ ങ്ങള്
ഓലോട് കയരാം പറീം… ”
ഞാൻ നിവൃത്തിയില്ലാതെ സമ്മതിച്ചു.

അങ്ങനെ മോർണിംഗ് സ്റ്റാറിന്റെ നാടകം വേദിയിൽ കയറി.

അൽപ്പനേരത്തിന് ശേഷം ബാബുവിന്റെയും മറ്റ് നടൻമാരുടെയും മേയ്ക്കപ്പ് പൂർത്തിയായി.
ഞങ്ങൾ , വേദിയിൽ കളിച്ചു കൊണ്ടിരിക്കുന്ന നാടകം തീരാനായി കാത്തിരുന്നു.

സ്റ്റാറിന്റേത് നല്ല സംവിധായകനെയൊക്കെ പണം കൊടുത്ത് കൊണ്ട് വന്ന് ചെയ്യിക്കുന്ന വലിയ നാടകമാണ്.
നാടകത്തിന്റെ രംഗ സജ്ജീകരണങ്ങൾ എല്ലാം കഴിഞ്ഞ് നാടകം തുടങ്ങിയത് തന്നെ അര മണിക്കൂറോളം കഴിഞ്ഞാണ്.

ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല. എല്ലാവർക്കും നന്നായി വിശക്കുന്നുമുണ്ട്. അതിനിടയിൽ ഒരാൾ വന്ന് പറഞ്ഞു.
“പിന്നെയ് ഭഷണം ണ്ട് ട്ടോ… ചോറും സാമ്പാറും.
പോയി തിന്നോളിം…”

കുടൽ കത്തിക്കരിഞ്ഞിരിക്കുന്ന
ഞങ്ങളെല്ലാവരും വെപ്രാളത്തോടെ ഭക്ഷണ ഹാളിലേക്കോടി.

എല്ലാവർക്കും പേപ്പർ പ്ലെയിറ്റ് കിട്ടി. ചോറ് വിളമ്പി. സാമ്പാറൊഴിച്ചു. ഞാനത് വലിയ ആർത്തിയിൽ രുചിയോടെ ആസ്വദിച്ച് തിന്നാൻ തുടങ്ങി.
ഇടക്ക് തല ഉയർത്തി നോക്കിയ ഞാൻ കണ്ടത് ചോറ് വാരി കൈയിൽ പിടിച്ച് സങ്കടത്തോടെ ഇരിക്കുന്ന ബാബുവിനെയാണ്.

” എന്ത്യേയ്…. അൻക്ക് ചോറ് മാണ്ടേ…?
യെന്താജ്ജ്
വെയ്ച്ചാത്തത്.”
ഞാൻ ചോദിച്ചു.

” കജ്ജ്ണ്ല്ല..”
അവൻ ദയനീയമായി പ്രയാസപ്പെട്ട് പറഞ്ഞു.

“ങേ,…?”

” വെയ്ച്ചാം ….. വെയ്ക്ക്ണ്… ല്ലാന്ന്…”

“എന്ത് വെയ്ക്ക്ണ് ല്ലാന്നാണ് ഇജ്ജ് പറീണദ്?”
എനിക്കവൻ പറയുന്നത് മനസ്സിലായില്ല.

“യെട തെണ്ടീ….
മീസമ്മീം താടിമ്മീം പസ തേച്ചദോണ്ട് ഇച്ച് തൊള്ള തൊറക്കാൻ വെയ്ക്ക്ണ് ല്ലാന്ന് ….”
അവൻ പറഞ്ഞൊപ്പിച്ചു.

എനിക്ക് വല്ലാതെയങ്ങ് ചിരി പൊട്ടി. ഞാൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് ദേഷ്യത്തോടെ അവൻ പല്ല് കടിച്ചു.
ഞാൻ പറഞ്ഞു.

“പൊന്നാര ബാബ്വോ…
എങ്ങനേലും ഇജ്ജദ് പള്ളീലാക്ക് .. ഓലെ നാടകം കയ്യാൻ ഇഞ്ഞും ഒന്നൊന്നര മണിക്കൂറ് ഞമ്മള് കാക്കണം.
പയ്ച്ച്ങ്ങാണ്ട് പട്ടി മായിരി ആകും ട്ടൊ…. പറഞ്ഞിലാന്ന് മാണ്ട.”

എന്റെ താക്കീത് കേട്ട്
ശ്രമപ്പെട്ട് വായ തുറന്ന് ഓരോ വറ്റുകളായി വായിലേക്ക് തിരുകി അവൻ കഴിക്കുന്നത് കണ്ട് വിഷമമുണ്ടായെങ്കിലും ചിരിയടക്കാനാവാതെ ഞാനത് നോക്കി നിന്നു.

പിന്നെയും സമയം നീങ്ങിക്കൊണ്ടിരുന്നു.
ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ഞങ്ങൾ കാത്തിരിക്കുക തന്നെയാണ്.
അതിനിടയിലാണ് ബാബുവിന് ഒരു
കോട്ടുവാ വന്നത്.
അവൻ താടിയും മീശയും കനത്തിലൊട്ടിച്ച് വെച്ച വാ തുറക്കാനാവാതെ പ്രത്യേകതരം ഗോഷ്ടികളോടെ ഒരു അപശബ്ദം പുറപ്പെടുവിച്ചു.
“ബ്വാ …. വ്… ഊ… ”

ഇതു വരെ കേൾക്കാത്ത ആ വികൃത ശബ്ദം കേട്ട് എല്ലാവരും പെട്ടെന്ന് അവനെ ഒന്ന് നോക്കി.
ഒരു കോട്ടുവാ ഇടാൻ അവൻ എത്രത്തോളം പ്രയാസപ്പെടുന്നുണ്ടെന്ന് അവന്റെ ആ ചേഷ്ടകളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി.
കോട്ടുവാ പൂർത്തിയാക്കി ജാള്യതയോടെ അവൻ തിരിച്ച് ഞങ്ങളെയും ദയനീയമായി നോക്കി.

സമയം പാതിരാ കഴിഞ്ഞു.
വേദിയിൽ നിന്ന് അനൗൺസ്മെന്റ് മുഴങ്ങി.!

“അവസാനമായി ഈ വേദിയിൽ അവതരിപ്പിക്കുന്നു.
സാക്കിർ & പാർട്ടിയുടെ നാടകം…
ഇജ്ജ് നടന്നോ …
ഞാം ബെരാ….!! ”

കാണികളൊഴിഞ്ഞ് ശുഷ്ക്കമായ സദസ്സിനു മുന്നിലെ വേദിയിൽ ഞങ്ങളെല്ലാവരും ആ കൊച്ചു നാടകം അഭിനയിച്ച് തകർത്തു.

ഇപ്പോൾ , നാടിന്റെ അഭിമാനമായ മോർണിംഗ് സ്റ്റാറിന്റെ നാല്പതാം വാർഷിക ദിനത്തിൽ ആധുനിക സൗകര്യങ്ങളെല്ലാമുള്ള സ്വന്തമായ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ ഇതെഴുതുമ്പോൾ വല്ലാതെ ഗൃഹാതുരത്വം തോന്നുന്ന മധുരമുള്ള ഓർമകളായി അത് മാറുന്നു..!

സാക്കിർ – സാക്കി

About The Author

Leave a Reply

Your email address will not be published. Required fields are marked *