ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി /മുഖ്യമന്ത്രി /ബാലാവകാശ കമ്മീഷൻ ചെയർമാൻ സമക്ഷം ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനി ബോധിപ്പിക്കുന്ന സങ്കട ഹർജി.
“ഞാൻ പഠിക്കുന്ന സ്കൂൾ ഉൾപ്പെടെ കേരളത്തിലെ സ്‌കൂളുകളിൽ ഇപ്പോൾ നടന്നു വരുന്ന മീറ്റിങ്ങുകൾ യഥാർത്ഥത്തിൽ ഞങ്ങൾക്കെല്ലാം ഒരു തലവേദന ആയി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല സ്കൂളിൽ നടക്കുന്ന ഓരോ മീറ്റിങ്ങിലും പങ്കെടുക്കുന്ന ആളുകൾ(പ്രസംഗകർ ) വന്ന് അവരവരുടെ കഴിവനുസരിച്ച് “പ്രസംഗമാമാങ്കം” നടത്തിയിട്ടു പോവുകയാണ്. ഒരാൾക്കുപോലും ഞങ്ങളെ കുറിച്ച് പറയാനോ ഞങ്ങളുടെ ആഗ്രഹത്തിനോ മാനസികാവസ്ഥയ്ക്കോ അനുസരിച്ച് ഒരു നല്ലവാക്ക് പറയാനോ അറിയുകയുമില്ല . ഞങ്ങൾക്ക് ഇത്തരം മാമന്മാരുടെ രാഷ്ട്രീയപ്രസംഗങ്ങൾ മനസ്സിലാകുന്നുമില്ല. “അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു, അവിടെ സ്കൂൾ ടോയ്‌ലറ്റ് പണിഞ്ഞു, മറ്റൊരിടത്ത് റോഡ് പണിതു, വേറെ ഒരിടത്ത് പാലം പണിഞ്ഞു എന്നിങ്ങനെ പോകുന്നു അവരുടെ വീരവാദങ്ങൾ! ” അതും മണിക്കൂറുകൾ നീളുന്ന പരിപാടികളാണ് എല്ലാ സ്‌കൂളുകളിലും. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളുടെ ഞങ്ങൾ കാണാനാഗ്രഹിക്കുന്ന കലാവിരുന്ന് പോലും ഒന്ന് അവതരിപ്പിക്കാൻ അതിനിടയിൽ സമയം കിട്ടാറില്ല. ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഒന്നും സ്കൂൾ വാർഷികപരിപാടി ഉദ്ഘാടനച്ചടങ്ങിൽ കാണാറില്ല. സംശയമുണ്ടെങ്കിൽ നിങ്ങൾ ഞങ്ങളുടെ സ്കൂൾ വാർഷികത്തിന്റെയോ മറ്റ് പരിപാടിയുടെയോ നോട്ടീസ് നോക്കിയാൽ മതി. ഇരുപത്തഞ്ചിൽ കുറയാത്ത പ്രസംഗ തൊഴിലാളികൾ ഞങ്ങളെ മണിക്കൂറുകളോളം ഇരുത്തി ബോറടിപ്പിക്കുകയാണ്. ഇടക്ക് ഒന്ന് ബാത്ത് റൂമിൽ പോകാനോ അല്പം വെള്ളം കുടിക്കാൻ പോകാനോ അനുവദിക്കാത്ത തരത്തിൽ ചുറ്റിനും കേഡറ്റുകളോ അധ്യാപകരോ ഉണ്ടാകും ഒരാളെ പോലും എഴുനേൽക്കാൻ സമ്മതിക്കില്ല. കാരണം പ്രസംഗകർക്ക് ഓഡിയൻസ് ആയി കുട്ടികൾ കേൾക്കാൻ ഇല്ലെങ്കിൽ സ്കൂൾ അധികൃതരെ ജനപ്രതിനിധികളായ പ്രസംഗകർ വഴക്ക് പറയും പോലും! അതാണ് ഞങ്ങളുടെ HM ന്റെയും ടീച്ചർമാരുടെയും പേടി. അല്ലാ ഒന്ന് ചോദിച്ചോട്ടെ
നിങ്ങൾ സ്‌കൂൾ വാർഷികം നടത്തുന്നത് ഞങ്ങൾ കുട്ടികളെ സന്തോഷിപ്പിക്കാനാണോ അതോ സ്ഥലത്തെ ജനപ്രതിനിധികളെയും രാഷ്ട്രീയകാരെയും സോപ്പിട്ടു സന്തോഷിപ്പിക്കാനാണോ?
ഞങ്ങൾ വിദ്യാർത്ഥികളാണോ നിങ്ങളുടെ ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും നേട്ടങ്ങളുടെ പട്ടിക നിരത്തുന്ന പ്രസംഗം മുഴുവൻ കേട്ട് വിലയിരുത്തേണ്ടവർ?സംശയം കൊണ്ട് ചോദിച്ചതാ. ഒരു സത്യം പറയാമല്ലോ ഞങ്ങളിൽ ഒരു കുട്ടിക്ക് പോലും നിങ്ങളുടെ മത്സരിച്ചുള്ള ഈ രാഷ്ട്രീയ നേട്ടം പറച്ചിൽ കേൾക്കാൻ ഒരു ശതമാനം പോലും താല്പര്യം ഇല്ല.അത്ര തന്നെ.
ആയതിനാൽ കേരളത്തിലെ എല്ലാ കുട്ടികൾക്കും വേണ്ടി ഞാൻ അധികാരികളോട് ആവശ്യപ്പെടുകയാണ് സ്കൂളിൽ നടക്കുന്ന ചടങ്ങുകളിലെ രാഷ്ട്രീയ പ്രസംഗകരുടെ എണ്ണം കുറച്ച് പത്തോ അതിൽ താഴെയായോ ആക്കി നിയന്ത്രിക്കണമെന്നും ഞങ്ങളോട് ക്രിയാത്മകമായി ഇന്ററാക്ട് ചെയ്യാൻ അറിയാവുന്നവരെ മാത്രം സ്‌കൂളുൾ ഫങ്ക്ഷനുകളിൽ അതിഥികളാക്കാൻ തീരുമാനം ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും വേണ്ടി:
ഒരു ഒൻപതാം ക്ലാസ്
വിദ്യാർത്ഥിനി













