നീല നിശീഥിനിയില്‍, നിന്‍ മണിമേടയില്‍ – സപ്ന അനു ബി ജോര്‍ജ്

Facebook
Twitter
WhatsApp
Email

കോഴിക്കോട്ടുകാരിയാണ് സാഫിദ. സര്‍ക്കാരിന്റെ കണക്കില്‍ ബി പി എല്‍ അഥവാ ദാരിദ്ര്യരേഖയ്ക്കു താഴെ. പത്തുപന്ത്രണ്ടു വര്‍ഷം മുമ്പത്തെ കഥയാണ്. സാഫിദയെത്തേടി ഒരു മഹാഭാഗ്യമെത്തി. ഒപ്പം പഠിച്ച, പിന്നീട് ഗള്‍ഫിലേക്കു വീട്ടുജോലിക്കായി പോയി പണം വാരുന്ന സോണിയയുടെ രൂപത്തിലാണ് ഭാഗ്യം അവളെത്തേടിയെത്തിയത്. അവള്‍ക്കും ഗള്‍ഫിലേക്കൊരു വിസ തരപ്പെടുത്തിക്കൊടുത്തു പഴയ സഹപാഠി. വലിയ പഠിപ്പൊന്നുമില്ലാത്തവര്‍ക്കു ലഭിക്കുന്ന ജോലി. ഗള്‍ഫില്‍ ശൈഖിന്റെ കുടുംബത്തിലെ വീട്ടുവേലക്കാരി. എന്നാലെന്താ, അഭിമാനത്തോടെ ജീവിക്കാമല്ലോ? ഇല്ലാത്ത പൈസ കടം വാങ്ങിയാണ് ഉപ്പയില്ലാത്ത മകളെ, ഉമ്മ കടല്‍ കടത്തിയത്. ഇനിയവള്‍ ഗള്‍ഫില്‍ നിന്നു ധാരാളം പണമയയ്ക്കുമല്ലോ. അതോടെ ആറു കുട്ടികളുള്ള കുടുംബത്തിന്റെ കഷ്ടപ്പാടെല്ലാം മാറും. ഉമ്മ സ്വപ്‌നം കണ്ടു.
പക്ഷേ ഉമ്മയുടെയും മൂത്തമകള്‍ സാഫിദയുടെയും കണക്കുകൂട്ടലുകളെല്ലാം പിഴച്ചത് അവള്‍ ഗള്‍ഫിലെത്തിയതോടെയാണ്. സോണിയ അവിടെ ഒരു മാന്‍പവര്‍ ഏജന്റിന്റെ സഹായിയാണെന്ന് അപ്പോള്‍ മാത്രമാണ് സാഫിദ തിരിച്ചറിഞ്ഞത്. തന്നെ കൊണ്ടുവന്നിരിക്കുന്നത് വീട്ടുജോലിക്കല്ലെന്നും നിശാ ക്ലബുകളുടെ മറുരൂപമായ ഡാന്‍സ് ബാറിലെ, ബാര്‍ ഡാന്‍സര്‍ കം സെര്‍വര്‍ ആയിട്ടാണെന്നും അറിഞ്ഞപ്പോള്‍ കരയാന്‍ കൂടി ആവാത്ത നിസ്സഹായാവസ്ഥയിലായി അവള്‍.
സാഫിദയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പേരും നഗരവും വ്യാജമാണെങ്കിലും ഇത്തരം സാഫിദമാര്‍ ഗള്‍ഫിലെ നിശാബാറുകളില്‍ നര്‍ത്തകരായി എത്രയോ ഉണ്ട്. വഞ്ചനയുടെ, ചതിയുടെ കണ്ണീര്‍ കഥകളാണ് അവരില്‍ പലരുടേതും. പക്ഷേ വന്നുപെട്ടാല്‍ പിന്നെ രക്ഷപ്പെടലില്ലാത്ത അവര്‍ നാട്ടില്‍ വീട്ടു ജോലിയെന്നോ മറ്റെന്തെങ്കിലും ജോലിയെന്നോ കള്ളം പറഞ്ഞു അറബിനാട്ടില്‍ രാവു പകലാക്കി ജീവിതം തള്ളിനീക്കുന്നു, നാട്ടിലെ ഉറ്റവര്‍ക്കുവേണ്ടി.
നിശാ ക്ലബ്ബുകള്‍, ബാറുകള്‍
മുംബൈയിലും മറ്റും ഗലികളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ബാറുകളുടെ മാതൃകയില്‍ നിശാ ക്ലബുകളുണ്ട്. ദുബായ് പോലെ അപൂര്‍വം രാജ്യങ്ങളൊഴികെ, മദ്യപാന ബാറുകള്‍ക്ക് നിരോധമുള്ള രാജ്യങ്ങളാണ് മധ്യേഷ്യയിലധികവും. പക്ഷേ അവിടെയും നിശാ ക്ലബുകളും ഡാന്‍സ് ബാറുകളും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. മലയാളികള്‍ പോലും ഇത്തരം ബാറുകളുടെ ഉടമകളായിട്ടുമുണ്ട്. ദിവസക്കൂലിക്കു വന്നുപെടുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തയ്‌വാന്‍, മലേഷ്യന്‍, ശ്രീലങ്കന്‍ തുടങ്ങി ഇന്ത്യക്കാര്‍ വരെ നൂറ്റന്‍പത് മുതല്‍ ഇരുന്നൂറ്റിയന്‍പത് വരെ ദിനാര്‍ ചെലവിട്ട് ഇതിനകത്തു കയറിപ്പറ്റാന്‍ മത്സരിക്കാറുണ്ട്. ഒരുപക്ഷേ നാട്ടില്‍ നിന്നു വിട്ട് എല്ലാ അര്‍ഥത്തിലുമുള്ള ശാരീരികവും മാനസികവുമായ ദാഹങ്ങളുമടക്കി ജീവിക്കുന്നവരുടെ ഉല്ലസിക്കാനും വിനോദിക്കാനുമുള്ള അടങ്ങാത്ത അഭിവാഞ്ജയുടെ ബഹിര്‍സ്ഫുരണമായി ഇതിനെ കാണാം. ഒറ്റയ്ക്കു താമസിക്കുന്ന ദിവസക്കൂലിക്കാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെ ഇത്തരം ബാറുകളില്‍ സന്ദര്‍ശകരാണ്. പാക്കിസ്ഥാനി, ബംഗാളി, ഫിലിപ്പിനോ, ഇംഗ്ലീഷ്, ആഫ്രിക്കന്‍ എന്നീ പേരുകളില്‍ അതതു നാട്ടിലെ നര്‍ത്തകിമാരെ അവതരിപ്പിക്കുന്ന ബാറുകള്‍ കാണാം. കേരളത്തിനുമുണ്ട് സിഗ്‌നേച്ചര്‍ ബാര്‍. പക്ഷേ അതിനു പേര്‍ മലയാളി ബാര്‍ എന്നല്ല, സൗത്തിന്ത്യന്‍ ബാര്‍ എന്നാണെന്നു മാത്രം.
ഡാന്‍സ് ബാറുകളില്‍ എത്തിപ്പെടുന്ന നിര്‍ഭാഗ്യവതികളായ അന്തേവാസികളിള്‍ ഭൂരിപക്ഷവും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുമെത്തുന്നവരാണ്. മലയാളികളെക്കൂടാതെ ആന്ധ്ര, തമിഴ് നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നര്‍ത്തകികള്‍ ഇവിടേക്കു നയിക്കപ്പെടുന്നു. ഗള്‍ഫില്‍ മാന്യമായ ഒരു ജോലി എന്നെല്ലാം പറഞ്ഞു വിശ്വസിപ്പിച്ചാണ് സോണിയയെപ്പോലുള്ള (പേരു വ്യാജം) ഏജന്റുമാര്‍ മുഖേന ഇവരെ കൊണ്ടുവരുന്നത്. പതിനെട്ടുവയസ്സുമുതല്‍ പ്രായമുള്ള പെണ്‍കുട്ടികളും യുവതികളുമാണ് മിക്കവാറും ബാര്‍ മാഫിയയുടെ ഇരകള്‍. സ്‌കൂളുകളില്‍ ആയകളായി വരുന്നവര്‍ മുതല്‍ ബാങ്കുകളില്‍ ഉദ്യോഗസ്ഥകളായി വരുന്നവര്‍ വരെ അപൂര്‍വ്വമായെങ്കിലും ഈ വലയത്തില്‍ പെടാറുണ്ട്.
വിമാനമിറങ്ങുന്ന ദിവസങ്ങളില്‍ നല്ല പെരുമാറ്റമായിരിക്കും, സ്വീകരണവും. വന്നപാടെ ഇവരുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ എന്നു വിളിക്കുന്നവര്‍ ഏറ്റെടുക്കും. പിന്നീട് രക്ഷപ്പെടണമെന്നുവിചാരിച്ചാലും രാജ്യം വിടുന്നതില്‍ നിന്ന് അവരെ തടയാനാണിത്. വഞ്ചന തിരിച്ചറിയാത്ത മിക്കവരും ഇതില്‍ ഇരകളാവുകയും ചെയ്യും. കുറച്ചു ദിവസം മറ്റുചിലരോടൊപ്പം ഏജന്‍സി നല്കുന്ന മുറികളില്‍ ഒന്നിച്ചു തങ്ങേണ്ടിവരും. റിക്രൂട്ട്‌മെന്റ് കഴിഞ്ഞാല്‍ സ്വന്തം മുറി, ശമ്പളം എന്നെല്ലാമായിരിക്കും ഏജന്റ് ‘മുനിയാണ്ടി’യുടെ വക വാഗ്ദാനങ്ങള്‍.
ആദ്യദിവസങ്ങളിള്‍ സൈറ്റ് സീയിംഗാണ്. ചുറ്റിക്കറങ്ങലിന്റെ ഭാഗമായി ഒരു ഡാന്‍സ് ബാറിലും കയറ്റം. പല രാജ്യക്കാരുടെ പല ശൈലിയിലുള്ള നൃത്തം കണ്ടിറങ്ങുമ്പോഴാവും മുനിയാണ്ടിയുടെ നിഷ്‌കളങ്കമായ ചോദ്യം- പത്തുദിവസം വീട്ടുജോലിയെടുത്താല്‍ കിട്ടുന്ന തുക ഇവിടെ തുള്ളിക്കളിക്കുന്നവര്‍ക്ക് ഒറ്റ രാത്രി ടിപ്പ് കിട്ടും അറിയാമോ? കൊച്ചിന് ഇഷ്ടമാണേല്‍ ഞാന്‍ പറഞ്ഞ് ഒരു വേക്കന്‍സി തരമാക്കാം. കുറച്ചുനാള്‍ മതിയല്ലോ. ആവശ്യത്തിനു പണമാകുമ്പോള്‍ വിട്ട് നാട്ടിലേക്കു പോവുകയുമാവാം. എന്തു പറയുന്നു? നാട്ടിലെ ദയനീയാവസ്ഥയോര്‍ത്തും പെട്ടെന്നു സമ്പാദിച്ചു നാട്ടിലേക്കു പോകാനുള്ള വെപ്രാളത്തിലും മിക്കവരും സമ്മതിക്കും. ഇതോടെ മുനിയാണ്ടിയുടെ വലയില്‍ സാഫിദ കുടുങ്ങിക്കഴിഞ്ഞു.
ഇരകള്‍ വലയിലായാല്‍
ചെറിയ ശമ്പളക്കാര്‍, അഷ്ടിക്കുമാത്രം വകയുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫിലെ തെരുവുകളിലെവിടെയെങ്കിലും ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലേക്കാവും സാഫിദമാര്‍ നയിക്കപ്പെടുക. അവിടെ ചാളയടുക്കിയതുപോലെ തിങ്ങിനിറഞ്ഞു താമസിക്കുന്ന സമാനവിധിക്കാരായ ഒരുപറ്റം നര്‍ത്തകിമാര്‍. പിന്നീട് അവരുടെ ജീവിതം ഇതൊക്കെയാണ്. ഈ മുറി, തിങ്ങിനിറഞ്ഞ ഒരു കാര്‍, പിന്നെ കാഴ്ച്ചക്കാരായ പുരുഷന്മാര്‍ നോട്ടുമാലകളും ബക്ഷിഷും എറിഞ്ഞു സന്തോഷിക്കുന്ന നൃത്തശാലകളും. അവരുടെ ലോകം ഈ ഇരുളിലേക്കൊതുങ്ങുകയായി. രാവിലെ ഈ ഞെരുങ്ങിയ മുറിയില്‍ത്തന്നെയാണ് പ്രാക്ടീസ്. പിന്നെ പായ്ക്കറ്റില്‍ എത്തുന്ന ഉച്ചയൂണ്. അരമണിക്കൂര്‍ ഉച്ചയുറക്കമാണ് റെസ്റ്റ്. നാലുമണിയോടെ തുടങ്ങുന്ന ദേഹശുദ്ധിയും മേയ്ക്കപ്പും. അപ്പോഴേക്കു കാറെത്തിയിരിക്കും ബാറിലേക്കു കൊണ്ടുപോകാനായി. എട്ടുമണിയോടെ ബാറില്‍ നൃത്തമാരംഭിക്കും. ബെല്ലി ഡാന്‍സ് മുതല്‍ ഡപ്പാംകൂത്തുവരെ പല ശൈലിയിലുള്ള ഫ്രീസ്റ്റൈല്‍ നൃത്താവതരണം. നിശാനര്‍ത്തനം രാവുവെളുക്കുവോളം നീളും. പുലര്‍ച്ചക്കെപ്പോഴോ തിരികെ മടങ്ങുന്ന നര്‍ത്തകരെ അപ്പാര്‍ട്ട്‌മെന്റിലാക്കി പുറത്തു നിന്നു പൂട്ടും. അത് അവരുടെ സുരക്ഷയെക്കരുതിയാണത്രേ! കാഴ്ചക്കാര്‍ക്കു സന്തോഷമായാല്‍ ടിപ്പ് എന്ന പ്ലാസ്റ്റിക്ക് മാല തങ്ങളിഷ്ടപ്പെടുന്ന നര്‍ത്തകിയ്ക്കുമേല്‍ എറിയുന്നു. ഈ പ്ലാസ്റ്റിക്ക് മാലയ്ക്കു വില അഞ്ചു റിയാല്‍. ഇതു കിട്ടിയാലും മൂന്നു റിയാല്‍ ബാറുകാരന്റെ വിഹിതമാണ്. ബാക്കി രണ്ടു റിയാലേയുള്ളൂ ഡാന്‍സര്‍ക്കുള്ളു.
നിശാ ക്ലബുകളുടെ ചരിത്രം
അതിപുരാതന കാലം മുതല്‍ തന്നെ പല സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുരപാന സദസ്സുകളും നൃത്തശാലകളുമൊക്കെ നിലവിലുണ്ടായിരുന്നു. ഭാരതത്തില്‍ ദേവദാസികളെയും നര്‍ത്തകികളെയുമെല്ലാം സമൂഹത്തില്‍ ഉന്നതസ്ഥാനത്താണ് പ്രതിഷ്ഠിച്ചിരുന്നത്. വാസ്തവത്തില്‍ ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് നിയമസാധുത വേണമെന്നാണ് അര്‍ഥശാസ്ത്രത്തില്‍ ചാണക്യന്‍ പോലും അനുശാസിച്ചത്. പുരാണങ്ങളില്‍ ദേവസദസ്സുകളില്‍ പാടാന്‍ ഗന്ധര്‍വ്വ കിന്നരന്മാരും ആടാന്‍ ഉര്‍വശി മേനക രംഭ തിലോത്തമമാരുമൊക്കെയുണ്ടായിരുന്നു. വസന്തസേനയും വാസവദത്തയും അമൃതപാലിയും നമ്മുടെ ഇതിഹാസങ്ങളിലെ നായികമാരാണ്. യവന- അറബ് സംസ്‌ക്കാരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷ കേന്ദ്രീകൃത പുരുഷ മേധാവിത്ത സമൂഹങ്ങളുടെയെല്ലാം പൊതു സ്വഭാവമാണ് ഇത്തരം മദ്യ- മാംസവ്യാപാര കേന്ദ്രങ്ങള്‍ക്ക് പിന്നിലെന്ന് ഫെമിനിസ്റ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുപ്ത സാമ്രാജ്യത്തില്‍ ദേവദാസിക്ക് പ്രഭുക്കള്‍ക്കു സമമായിരുന്നു സമൂഹത്തില്‍ സ്ഥാനം. അവരുടെ സമ്പത്തും സുരക്ഷയും ദേശത്തിന്റെ, ഭരണകൂടത്തിന്റെ ബാധ്യതയായാണ് ചാണക്യസൂത്രത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ മധ്യേഷ്യയിലെ ഡാന്‍സ് ബാറുകളിലെ ആധുനിക അന്തേവാസികളുടെ കാര്യം പരിതാപകരമാണ്. വേശ്യാലയങ്ങളിലെ പുഴുസമാന ജീവിതത്തോടാണ് അവയ്ക്കു സാമ്യം. ഇവിടെ എത്തിപ്പെടുന്നവരില്‍ പലരും അവിടെത്തന്നെ തങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇവിടെ വന്നുപെടുന്നവരില്‍ പലര്‍ക്കും സാഫിദയെപ്പോലെ ചില ജീവിത സാഹചര്യങ്ങള്‍ കാണും. സാമ്പത്തികമായ അത്യാവശ്യമാണ് അവരെ ഈ തൊഴിലിലേക്കു നയിക്കുക.
ഏജന്റുമാരുടെ ചതി വഴിയല്ലാതെ, ഇഷ്ടത്തോടെയല്ലെങ്കിലും ഗതികേടുകൊണ്ട് ഇവിടങ്ങളില്‍ എത്തിപ്പെടുന്നവരുമുണ്ട്. എന്തെങ്കിലും ചതികളില്‍ പെട്ട് മണലാരണ്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയോ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുടുങ്ങുകയോ ചെയ്യുമ്പോള്‍ പിന്നെ ഇത്തരം കുറുക്കുവഴികളെ ആശ്രയിക്കുകയേ അവര്ക്കു മാര്‍ഗ്ഗമുള്ളു. പണമുണ്ടാക്കും വരെ മാത്രം എന്ന നിബന്ധനയിലാണ് തുടക്കമെങ്കിലും പിന്നീട് അവര്‍ക്കു സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടാവും. അല്ലെങ്കില്‍ പൗരത്വരേഖകള്‍ കളവുപോയി എന്നോമറ്റോ പറഞ്ഞ് എംബസികളിള്‍ അഭയം പ്രാപിച്ച് നാട്ടിലേക്ക് കടക്കണം. പലപ്പോഴും നര്‍ത്തകികള്‍ക്ക് ശമ്പളമുണ്ടാവില്ല. ഭക്ഷണം, താമസം പിന്നെ ടിപ്പ്. അതിലൊതുങ്ങും അവരുടെ ജീവിതം. അപൂര്‍വമല്ലാതെ, ബാര്‍ഗേളുകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. മാനം കാക്കാന്‍ ആരുമതു പുറത്തുപറയാറില്ലെന്നു മാത്രം.
ഇത്തരം ഡാന്‍സ് ബാറുകളില്‍ പുരുഷന്മാര്‍ മാത്രമേ അര്‍ധനനന്ഗനൃത്തം കാണാനെത്തുന്നുള്ളൂ എന്നു കരുതിയാല്‍ തെറ്റി. അഭ്യസ്തവിദ്യരും ഉയര്‍ന്ന വരുമാനക്കാരുമായ സ്ത്രീകളും ഇവിടത്തെ സന്ദര്‍ശകരാവാറുണ്ട്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കാബറേ കാണുന്ന അല്ലെങ്കില്‍ സ്ത്രീ ശരീരത്തില്‍ അശ്ലീലം കാണുന്ന, ലൈംഗിക സുഖാനുഭൂതിയുണ്ടെന്നു കരുതാം. എന്നാല്‍ സ്ത്രീ കാഴ്ചക്കാരിലോ? ഏറെ പരിശ്രമിച്ച ശേഷം അത്തരത്തിലൊരാള്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറായി. തത്ക്കാലം നമുക്കവരെ ശ്രീമതി എന്നു വിളിക്കാം. ശ്രീമതി നിശാ ക്ലബില്‍ പോകുന്നത് ടെന്‍ഷന്‍ കുറയ്ക്കാനാണ്. ഉള്ളിലെ സംഘര്‍ഷങ്ങള്‍ പുറത്തുകളയാനാണ്. നര്‍ത്തകിമാരുടെ ചലനങ്ങള്‍ക്കൊപ്പം, സേവിക്കുന്ന മദ്യത്തിന്റെ വീര്യം- അതെല്ലാം അതിനവരെ സഹായിക്കുന്നു. നാട്ടിലാണെങ്കില്‍ ഇങ്ങനെ സ്വതന്ത്രമായി ജീവിക്കാനാവില്ലല്ലോ എന്നൊരു ചിന്തയും ഇതിനു പിന്നിലുണ്ടെന്ന് ശ്രീമതി ലേശം കുറ്റബോധത്തോടെ പറഞ്ഞു.
നിയമത്തിനു
ചെയ്യാനാവുന്നത്
ഇന്ത്യയേക്കാള്‍ കര്‍ശനമാണ് പല അറബ് രാജ്യങ്ങളിലെയും നീതിന്യായ വ്യവസ്ഥ. പരസ്യമായി സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതു പോലും വിലക്കിയിട്ടുള്ള നാടുകളുണ്ട്. അവിടങ്ങളിലും പക്ഷേ ഇരുട്ടിന്റെ മറവില്‍ ഡാന്‍സ് ബാറുകള്‍ സജീവമാണ്. ഗള്‍ഫില്‍ പലപ്പോഴും ഇത്തരം ബാറുകളെപ്പറ്റിയും അവിടത്തെ അന്തേവാസികളുടെ തൃണസമാനമായ ജീവിതത്തെപ്പറ്റിയുമൊക്കെ ടി വി പരിപാടികളും പത്രവാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അപ്പോള്‍ ബാറുകള്‍ സ്ഥലം മാറും. സ്ഥിരം സന്ദര്‍ശകര്‍ കുറച്ചു ദിവസത്തേക്ക് തല മാളത്തിലൊളിപ്പിക്കും. എന്നാലും കുറേക്കഴിയുമ്പോള്‍ എല്ലാം പഴയപടി. ഇത് ഗള്‍ഫിലെ നീതിവ്യവസ്ഥയുടെ തകരാറാണെന്നു കരുതരുത്. മറിച്ച് അവിടെ ചെന്നും വന്നും താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവരുടെ ഞരമ്പുരോഗത്തിന്റെ കൂടുതല്‍ കൊണ്ടാണെന്നതാണ് സത്യം.
ഗള്‍ഫിലേക്കു പോകുമ്പോള്‍
നാട്ടില്‍ നിന്നു ഗള്‍ഫിലെ സ്വര്ണളഖനി സ്വപ്‌നം കണ്ടു പോകാനൊരുങ്ങുന്നവര്‍, പ്രത്യേകിച്ച് യുവതികള്‍ തങ്ങളുടെ സ്‌പോണ്‍സറെക്കുറിച്ചും വിസയെക്കുറിച്ചും നന്നായി ബോധ്യപ്പെട്ടിട്ടുമാത്രം ഇറങ്ങിത്തിരിക്കുക. എംബസികളിലോ വിദേശകാര്യ മന്ത്രാലയത്തിലോ ബന്ധപ്പെട്ട് റിക്രൂട്ടിംഗ് ഏജന്‍സിയുടെ ആധികാരികത ബോധ്യപ്പെടുക. ഒരല്‍പം മുന്‍കരുതലെടുത്താല്‍ കടലിനിപ്പുറം വന്ന് ഊരാക്കുടുക്കുകളിള്‍ പെട്ട് നട്ടം തിരിയാതെ കഴിക്കാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *