ജീവിതം ഒരു പ്രഹേളികയോ ?! – അഡ്വ. പാവുമ്പ സഹദേവൻ.

Facebook
Twitter
WhatsApp
Email

ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തിയിട്ടും ജീവിതം ഇപ്പോഴും എനിക്ക് ഒരു പ്രഹേളികയായിട്ടാണ് തോന്നുന്നത്.
പ്രപഞ്ചജീവിതം എന്താണെന്ന് പ്രകൃതിയിലെ പല ഗുരുക്കന്മാരോടും ഞാൻ ചോദിച്ചു.
അവരെല്ലാം ആനയെക്കണ്ട കുരുടന്മാരെപ്പോലെയാണ് സംസാരിച്ചത്.
ജീവിതം എന്തൊക്കെയോ വല്യ അദ്ഭുതമാണെന്ന് കരുതി, പർവ്വതത്തോടാണ്, ജീവിതമെന്താണെന്ന് ഞാൻ ആദ്യം ചോദിച്ചത്.
“എന്നെപ്പോലെ ഭീകരമായ ഒരു സംഭവമാണ് ജീവിത”മെന്ന് അപ്പോൾ പർവ്വതരാജൻ അട്ടഹസിച്ചുകൊണ്ട് എന്നോട് പറഞ്ഞു.
പിന്നെ ജീവിതമൊരു പർവ്വത സമാനമായ സംഭവമായിരിക്കുമെന്ന് ഞാൻ കരുതി.

തിരമാലകൾപോലെ സദാ പ്രക്ഷുബ്ദമാണ് ജീവിതമെന്ന് കടൽ എന്നോട് തിരതല്ലി തലോടിപ്പറഞ്ഞു.
അപ്പോൾ ജലസാമാധിയൊക്കെ ഏതോ സന്ന്യാസിശ്രേഷ്ഠൻ പറഞ്ഞ കടങ്കഥയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു.
“എന്നെ കീഴടക്കാൻ കഴിയാത്തതുപോലെ ജീവിതത്തെയും കീഴടക്കാൻ കഴിയില്ലെ”ന്ന് കൊടുമുടികൾ എന്നെ മുൾമുനയിൽ നിർത്തി ഗർജ്ജിച്ചു.
പിന്നെ ഞാൻ പോയത് കൊടുങ്കാറ്റിന്റെ സമീപത്തേക്കാണ്.,
അപ്പോൾ അവൾ എന്നെ അത്യുഗ്രമായ ചുഴലിയുണ്ടാക്കി ആകാശത്തേക്കുയർത്തിയിട്ട്,
ജീവിതം ഇതുപോലെ ഭയാനകവും ബീഭത്സവുമാണെന്ന് താക്കീതുചെയ്തു.

മൂടൽമഞ്ഞുപോലെ നിഗൂഢമാണ് ജീവിതമെന്ന് മഞ്ഞുമലകൾ
മന്ദഹാസത്തോടെ ഉരുവിട്ടു.
ജീവിതത്തിന്റെ ഹരിതസമൃദ്ധിയും
ഐശ്വര്യവും അനുഭവിക്കാൻ കൊടുങ്കാടുകളിലേക്ക് നിർഭയം
സഞ്ചരിക്കണമെന്ന് വനനിബിഡമായ കേന്ദ്രങ്ങൾ
നിശ്ശബ്ദമായി മൊഴിഞ്ഞു.
പെയ്തൊഴിയാത്ത കണ്ണീർക്കയമാണ് ജീവിതമെന്ന് മഴ മേഘങ്ങൾ ദു:ഖഭരിതമായി നിർവ്വചിച്ചു.
ശാന്തഗംഭീരമായ ഒഴുക്കാണ് ജീവിതമെന്ന് പുഴയും,
അതല്ല, സ്വയം പ്രകാശിക്കാനും മിന്നിത്തിളങ്ങാനും ശേഷിയുള്ളതാണ് ജീവിതമെന്ന് നക്ഷത്രങ്ങളും എന്നോട് കിന്നരം പറഞ്ഞു.
യോഗാത്മകതയുടെ കൊടുമുടികളിൽ ശീർഷാസനം
ചെയ്ത്, ബ്രഹ്മവിദ്യയുടെ പടവുകൾ കേറി ആത്മസാക്ഷാത്കാരം നേടുന്നതാണ് ജീവിതമെന്ന് ഒരിക്കൽ ഒരു ഋഷിവര്യൻ എന്നോട് ഉപദേശിക്കുകയുണ്ടായി.

അനന്തമായ ഊർജ്ജ പ്രവാഹമാണ് ജീവിതമെന്ന് സൂര്യനും,
അമാവാസിയും പൗർണ്ണമിയും ജീവിതത്തിന്റെ അഭേദ്യഭാഗമാണെന്ന് ചന്ദ്രനും എന്റെ ചെവിയിൽ രഹസ്യമായി മൊഴിഞ്ഞു.
തങ്ങളെപ്പോലെ ചിറകുവിരിച്ച് പറക്കാൻ കഴിയാത്തതാണ് മനുഷ്യന്റെ ദാർശനികമായ പ്രപഞ്ചദു:ഖങ്ങൾക്ക് കാരണമെന്ന് പക്ഷിഗണങ്ങൾ അരുൾ ചെയ്തു.
തങ്ങളെപ്പോലെ വേരുകൾ ഭൂമിയിലേക്കിറക്കി ശിഖരങ്ങൾ ആകാശത്തിലേക്ക് പന്തലിപ്പിക്കാൻ കഴിയുമ്പോഴേ മനുഷ്യജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന്
വടവൃക്ഷങ്ങൾ എന്നോട് വിമർശനാത്മകമായി വിലപിച്ചു. അർത്ഥപൂർണ്ണതയും അർത്ഥശൂന്യതയും നിറഞ്ഞ സംഘർഷാത്മകമായ വൈരുദ്ധ്യാത്മക പ്രതിഭാസമാണ്
ജീവിതമെന്ന്, ആകാശം മാത്രമാണ് എന്നോട്
സത്യം പറഞ്ഞത്.

01. 11. 2022.

Written by Adv. Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *