LIMA WORLD LIBRARY

കാണാതിരുന്നെങ്കിൽ – കഥ – ശ്രീ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ചെറുതായി ഒഴുകിവരുന്ന ഗാനം തുണിക്കടയുടെ വിരസത മാറ്റി. കൂടെയൊരു മൂളിപ്പാട്ട് പാടി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുത്തു ബിൽ കൗണ്ടറിൽ പോയി നിന്നപ്പോൾ പെൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന ചിപ്പിയെ ദൂരെ നിന്നും കണ്ടു. ഹായ് ചിപ്പി
ശബ്ദം കേട്ട് ബിൽ അടിച്ചു കൊണ്ടിരുന്ന പയ്യൻ തല യുയർത്തി നോക്കി. നെറ്റി ചുളിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു.
പരിസരം മറന്നു ചിപ്പിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഓടിപ്പോയ അഞ്ചു വർഷത്തെ സ്മാരക ശില പോലെ പുഞ്ചിരിയോടെ നിൽക്കുന്ന ചിപ്പിയെ മതി മറന്നു കെട്ടിപിടിച്ചു. ആ നിൽപ്പ് എത്ര നേരം നിന്നു എന്നറിയില്ല. ഒരു മിനിറ്റ് വരുന്നേ. ഒന്ന് ക്ലിയർ ചെയ്തോട്ടെ ചിമ്പു ചിപ്പിയുടെ തോളിൽ തട്ടി ഉത്സാഹത്തോടെ നടന്നു.
അവർക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. അവൻ ഇറങ്ങി ചെല്ലുമ്പോൾ ചിപ്പി താഴെ ചിമ്പുനെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു നമുക്ക് കുറച്ചു നടക്കാം അല്ലേ. എവിടെയായിരുന്നു ഇതുവരെ. നിഴൽ വീണ വഴികളിൽ ഉറ്റു നോക്കി ചിപ്പി നടന്നു. ചിമ്പുവിന്റെ ചോദ്യങ്ങൾ അവഗണിച്ചു നടക്കുമ്പോൾ തലയിൽ മൂടിയിരുന്ന ഷാൾ താഴെ വീഴാതെ അവൾ സൂക്ഷിച്ചു.
നീ വലിയ നോർത്തിണ്ടി ആയോടി ചിരിച്ചു കൊണ്ടു ഷാളിൽ പിടിച്ചു വലിക്കുമ്പോൾ കണ്ണിൽ തുളുമ്പിയ കണ്ണീർ പാടുപെട്ട് മറയ്ക്കുന്ന ചിപ്പിയെ തെല്ലൊരതിശയത്തോടെ ചിമ്പു ശ്രദ്ധിച്ചു.
നീ ഒറ്റക്കാണോ.
മുംബയിൽ നിന്നും എപ്പോ വന്നു. നിന്റെ കണവൻ എവിടെ. കുട്ടികൾ എത്ര പേർ. ചിമ്പു ശ്വാസം വിടാതെ തുടർന്നുകൊണ്ടിരുന്നു.
എന്താ ചിപ്പി എല്ലാ വിശേഷങ്ങളും പറയൂ. ഇതൊരുമാതിരി.
നമുക്ക് അവിടെയിരിക്കാം. മരച്ചുവട്ടിൽ ക്രമീകരിച്ചിരുന്ന ഒരു സിമിന്റ് ബഞ്ചിൽ ചിപ്പിയോട് ചേർന്നിരുന്നു.
എന്തെങ്കിലും പറയുന്നതിന് മുൻപ് തലയിൽ നിന്നും ഊർന്നു വീണ ഷാൾ. കുറ്റി മുടി ചെറുതായി വളർന്നു നിൽക്കുന്ന ചിപ്പിയുടെ തലയിൽ അവൻ പതുക്കെ തലോടി. ബാഗിൽ നിന്നും പുറത്തെടുത്ത റിപ്പോർട്സ് അവന്റെ കൈകളിൽ വെച്ച് നിമ്മി ചെമ്മാന ചോപ്പിലേ പോക്കുവെയിലിന്റെ പ്രകാശം ആവുന്നത്ര കണ്ണിലേറ്റി തിരിഞ്ഞിരുന്നു.തുടുത്ത മാനത്തിന് അവസാനത്തിന്റെ തിളക്കം. കൈയ്യിലിരുന്ന പേപ്പറിൽ അടർന്നു വീണ കണ്ണുനീർ അക്ഷരങ്ങളിൽ പാടുകൾ സൃഷ്ടിച്ചു.
അതു കുതിർത്തു കളയല്ലേടാ . പെട്ടന്ന് പേപ്പറുകൾ തട്ടി പറിച്ച് ബാഗിൽ വെച്ച് ചിപ്പി ചിമ്പുവിനെ നോക്കി.
ഭർത്താവും മോനും മുംബൈ ൽ തന്നെ.ഇനി എണ്ണപ്പെട്ടനാളുകൾ ഇവിടെ പഴയതെല്ലാം ഓർത്തെടുക്കണം. അടുക്കി വെക്കണം. കൂടെ കൊണ്ടുപോകാൻ.
പഴയ ചിരി പോലെ ഒരു ചിരി അവൾ ചിരിച്ചു.
നാളെ നീ ഫ്രീ ആണെങ്കിൽ നമുക്ക് ഒന്ന് കോളേജ് വരെ പോകാം. കുറച്ചു പെറുക്കിയെടുക്കാൻ അവിടെയും ഉണ്ടല്ലോ.
ഇവിടെ നിന്നെ കാണുമെന്നു പ്രതീക്ഷിച്ചില്ല. ചിപ്പിയുടെ നാവുകൾ കുഴയുന്നപോലെ .
നെഞ്ചോട് ചേർത്തു നടന്നു നീങ്ങുമ്പോൾ ചിമ്പുവിന്റെ മുൻപിൽ അടർന്നു വീണ ഒരു ഉണങ്ങാത്ത ഇല കുനിഞ്ഞെടുത്ത് ചിപ്പിയുടെ കൈകളിൽ വെച്ചു.
പൊട്ടികരച്ചിലിന്റെ വക്കിൽ എത്തിയ നിറഞ്ഞ നീർമിഴികൾ അമർത്തി തുടച്ച് ചിപ്പി കാറിന്റെ ഡോർ തുറന്ന് അകത്തു കയറി. ഒരു യാത്ര അയപ്പിന്റെ താളത്തിൽ അറിയാതെ അനങ്ങിയ രണ്ടു കൈകൾ .
നാളെ ഉണർന്നാൽ നമുക്ക് കോളേജ് വരെ പോണം കേട്ടോടാ. പുറത്തോട്ട് വരാത്ത ശബ്ദത്തിൽ എന്തോ പറഞ്ഞ് ചിമ്പു തലയാട്ടി.
ചിപ്പിയെ കാണാതിരുന്നെങ്കിൽ. നിലത്തു കുത്തിയിരുന്ന് പൊട്ടികരയുന്ന ചിമ്പുവിനെ ഒന്നു രണ്ടു വഴിയാത്രക്കാർ ശ്രദ്ധിച്ചു കൊണ്ട് കടന്നു പോയി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px