ചെറിയ കഥ – മുതുകുളം സുനിൽ – മെംബർ കുറുപ്പിന്റെ @ഉറപ്പ്

Facebook
Twitter
WhatsApp
Email

ചന്ദ്രശേഖരകുറുപ്പ് നാട്ടുകാരുടെ “മെംമ്പർ കുറുപ്പാ”ണ്.
ചാറ്റിയിൽ കുടുംബത്തിലെ കാരണവർ സദാശിവകുറുപ്പ് മരിച്ചപ്പോൾ മൂത്ത നാലു മക്കളും പെൺകുട്ടികൾ ആയിരുന്നതിനാൽ അഞ്ചാമനായ മകൻ ചന്ദ്രശേഖരകുറുപ്പിനെ ചാറ്റിയിൽ കുടുംബട്രസ്റ്റ്‌ മെംമ്പറായി തിരഞ്ഞെടുത്തു.
അന്ന് പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന 17 കാരനായ ചന്ദ്രശേഖരകുറുപ്പ് അങ്ങനെ നാട്ടുകാർക്ക് “മെംമ്പർ കുറുപ്പാ”യി.
ഡിഗ്രി പഠിത്തം കഴിഞ്ഞപ്പോൾ അമ്മയുടെ നിർബന്ധം കാരണം മെംബർ കുറുപ്പ് വേദപഠനത്തിനായി പോയി.
മൂലമന്ത്രവും, പൂജാധി കർമങ്ങളും അഭ്യസിച്ച് ഉപനയനം നടത്തി പൂണൂൽ ധരിച്ചു വന്ന മെംബർ കുറുപ്പിനെ നാട്ടുകാർ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
ചാറ്റിയിൽ കുടുംബ ക്ഷേത്രത്തിൽ പൂജാരി ആയപ്പോൾ “ചാറ്റിയിൽ അമ്പലത്തിലെ തപ്പൻ തിരുമേനി” എന്നൊക്കെ ചിലർ വിളിച്ചിരുന്നെങ്കിലും നാട്ടിലെ ഭൂരിപക്ഷം പേർക്കും ചന്ദ്രശേഖരകുറുപ്പ് മെംബർ കുറുപ്പ് തന്നെ….
ക്ഷേത്രപൂജാരി മാത്രം അല്ല…. നാട്ടിലെ സാംസ്‌കാരിക-സാമൂഹ്യ -രാഷ്ട്രീയ കാര്യങ്ങളിൽ മെംമ്പർ കുറുപ്പ് നിറഞ്ഞു നിന്നു.
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥാനാർഥി ആകാൻ കുറുപ്പിനെ പ്രേരിപ്പിച്ചത് കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ ആണ്.
കുറുപ്പിന്റെ ആത്മാർത്ഥ സുഹൃത്താണ് കുഞ്ഞുമോൻ ചേട്ടൻ. ഡിഗ്രിപഠനകാലത്ത് തുടങ്ങിയ സുഹൃത്ബന്ധം. രണ്ടു വിരുദ്ധ രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ആണ് പ്രവത്തിച്ചിരുന്നതെങ്കിലും സ്നേഹബന്ധം അവർ തുടർന്നു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കുഞ്ഞുമോൻ ചേട്ടൻ ഇലക്ഷൻ കമ്മറ്റി കൺവീനർ ആയിരുന്നു.
സമർപ്പിച്ച പത്രികകൾ പരിശോധിച്ചപ്പോൾ എതിർ പാർട്ടിയുടെ ഒരു സ്ഥാനാർഥി ശരിയായ പേര് രേഖപ്പെടുത്തിയില്ല എന്ന് കുഞ്ഞുമോൻ ചേട്ടൻ കണ്ടു പിടിച്ചു.
ശ്യാമള കുമാരി അമ്മ എന്ന പെൺകുട്ടി പത്രികയിൽ ശ്യാമള കുമാരി എന്ന് രേഖപ്പെടുത്തി.
പത്രിക തെറ്റാണെന്ന് ബോധ്യം വന്ന മുഖ്യവരണാധികാരിയായ കോളേജ് പ്രിൻസിപ്പൽ പത്രിക തള്ളുകയും എതിർസ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ പാർട്ടിയുടെ സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിൽ
സന്തോഷിച്ച് മുദ്രാവാക്യം വിളിച്ച് കുഞ്ഞുമോൻ ചേട്ടനും പാർട്ടി പ്രവർത്തകരും കോളേജ് വരാന്തയിലൂടെ നടന്നു….
“പോയേ …. പോയേ ശ്യാമള പോയേ….”
“പോയേ .. പോയേ…. ശ്യാമള പോയേ…”
തിരഞ്ഞെടുപ്പ് ബഹളം ഒക്കെ കഴിഞ്ഞപ്പോൾ ഒരു വാർത്ത കോളേജിൽ പാട്ടായി….
കുഞ്ഞുമോൻ ചേട്ടന്റെയും ശ്യാമള കുമാരി അമ്മയുടെയും പ്രേമം.
” രണ്ടു വിരുദ്ധ രാഷ്ട്രീയക്കാർ തമ്മിൽ പ്രേമിക്കുന്നത് തെറ്റാണ്.
പാർട്ടി നടപടി എടുക്കണം…” വിദ്യാർത്ഥി യൂണിയൻ നേതാക്കൾ പരസ്പരം പറഞ്ഞു.
മെംമ്പർ കുറുപ്പ് കുഞ്ഞുമോൻ ചേട്ടന്റെ കൂടെ നിന്ന് പോരാടി…
കുറുപ്പിന്റെ പ്രവർത്തി കുഞ്ഞുമോൻ ചേട്ടനും കുറുപ്പും തമ്മിലുള്ള സുഹൃത്ബന്ധം ഊട്ടി ഉറപ്പിച്ചു.
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കുഞ്ഞുമോൻ ചേട്ടന്റെ നിർദേശപ്രകാരം മെംബർ കുറുപ്പ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തി.
പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയാൽ തന്നെ പ്രസിഡന്റ്‌ ആക്കണം എന്നകുറുപ്പിന്റെ ആവശ്യം പാർട്ടി നേതാക്കൾ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു.
ബഹുഭൂരിപക്ഷത്തോട് മെംമ്പർ കുറുപ്പ് വിജയിച്ചു.പാർട്ടിയിൽ എതിർപ്പുകൾ ഉണ്ടായിട്ടും
പഞ്ചായത്ത്‌ പ്രസിഡന്റും ആയി.
എന്നിട്ടും നാട്ടുകാർക്ക് അദ്ദേഹം മെംബർ കുറുപ്പ് തന്നെ.
പഞ്ചായത്തിൽ പുതിയ സംരംഭങ്ങൾ കൊണ്ട് വരാൻ കുറുപ്പ് ശ്രമങ്ങൾ ആരംഭിച്ചു.

കുറുപ്പ് തയ്യാറാക്കിയ ഒരു തൊഴിൽസംരംഭക പരിപാടി പഞ്ചായത്ത്‌ കമ്മറ്റിയിൽ അവതരിപ്പിച്ചു…………….. #വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത സ്ത്രീകളുടെ ഒരു ഗ്രൂപ്പ്‌ (സ്ത്രീ ശക്തി )ഉണ്ടാക്കുക.
#അവർക്ക് ഉണ്ണി അപ്പം ഉണ്ടാക്കുന്നതിനും….
സ്കൂട്ടർ ഓടിക്കുന്നതിനും പരിശീലനം നൽകുക.
# സ്ത്രീ ശക്തി ഉണ്ടാക്കുന്ന ഉണ്ണിയപ്പം ചെറിയ പാക്കറ്റുകളിൽ ആക്കി നഗര പ്രദേശങ്ങളിൽ കൊണ്ട് വിൽക്കുക.
# ലാഭ വിഹിതത്തിൽ നിശ്ചിത തുക പഞ്ചായത്തിൽ അടയ്ക്കുക
#പഞ്ചായത്ത്‌ ആവശ്യത്തിന് ഇലക്ട്രിക് സ്കൂട്ടർ വാങ്ങി നൽകുക..
ഭരണപക്ഷ മെംമ്പർമാർ കയ്യടിച്ചു പ്രസിഡന്റിന്റെ ആശയത്തെ പിന്താങ്ങിയപ്പോൾ പ്രതിപക്ഷം അതിനെ എതിർത്തു.
മെംബർ കുറുപ്പ് തന്റെ ആശയത്തെ ന്യായീകരിച്ചു……
” ഒരു ആശയം എന്റെ തലച്ചോറിലേക്ക് പ്രവേശിച്ചാൽ അതിന് കൂട്ടായ്മ ലഭിച്ചാൽ ആശയം കേവലമായ ആശ അല്ല ഒരു വലിയ ശക്തിയായി മാറും…
എന്റെ ഈ ആശയം നമ്മുടെ പഞ്ചായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു ആക്കം കൂട്ടുകയും നമ്മുടെ പഞ്ചായത്ത്‌ രാജ്യത്തെ ഉന്നത ശ്രേണിയിലുള്ള ഒരു പഞ്ചായത്ത്‌ ആയി മാറുകയും ചെയ്യും. ഇത്‌ എന്റെ ഉറപ്പാണ്…. ”
പ്രസിഡന്റിന്റെ വാക്കുകൾ കേട്ട് പ്രതിപക്ഷം കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങി പോയി.
“സ്ത്രീ ശക്തി ” പ്രവർത്തനം ദ്രുതഗതിയിൽ നടന്നു.
അഞ്ചു ഇലക്ട്രിക് സ്കൂട്ടർ പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ തമ്പടിച്ചു
ഉണ്ണിയപ്പ നിർമാണ പരിശീലനവും ഡ്രൈവിങ് പരിശീലനവും കഴിഞ്ഞു.
ഉണ്ണിയപ്പം പാക്കറ്റുകളുമായി സ്കൂട്ടറിൽ സ്ത്രീ ശക്തി പട്ടണ പ്രദേശങ്ങളിലേക്ക് പാഞ്ഞു…
ആദ്യ ദിവസങ്ങളിൽ നല്ല പ്രതികരണം ലഭിച്ചു..
പക്ഷെ….
ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിറ്റ ഉണ്ണിയപ്പത്തെക്കാൾ വിൽക്കാത്തതിന്റെ അളവ് കൂടി.
മെംമ്പർ കുറുപ്പിന്റെ ആശയം വെറും ആശ ആയി മാറി.
പ്രതിപക്ഷനേതാവ് അബുബക്കർ പഞ്ചായത്ത്‌ കമ്മറ്റിയിൽ പൊട്ടിത്തെറിച്ചു…
“സ്വന്തം വായിക്കുള്ളിലെ വിഷം കുടിച്ച് പാമ്പുകൾ ഇഹലോകവാസം വെടിഞ്ഞതായി ചരിത്രം ഇല്ല.ഉണ്ടെന്ന് മെംമ്പർ കുറുപ്പ് ചരിത്രം തിരുത്തി.”
മെംമ്പർ കുറുപ്പ് തിരിച്ചടിച്ചു….
“പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കമ്പിട്ട് കുത്താതെ മാറിപോകുന്നതാണ് നല്ലത്…”
പ്രതിപക്ഷ അംഗങ്ങൾ അവിടെ ഇരുന്ന ഉണ്ണിയപ്പം വലിച്ചെറിഞ്ഞു ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു…..
” എന്നാലും മെംമ്പർ കുറുപ്പേ… തന്റെ ഒരു ഉറപ്പ്….?
🌴🌴🌴🌴🌴🌴🌴🌴

About The Author

Leave a Reply

Your email address will not be published. Required fields are marked *