നുണയല്ലാതെ പെയ്തത് മഴ മാത്രം
🌿☘️പാതിചാരികിടന്ന ജനാലയിലൂടെ ഒരീറൻ കാറ്റ് ഓടിയെത്തിയതും മുറിയിലെ ലൈറ്റ് ഒന്ന് കണ്ണ് ചിമ്മി ത്തുറന്നതും ഒരുമിച്ചായിരുന്നു.
മധുബാല സോഫയിൽ നിന്നെഴുനേറ്റു ജനാലയ്ക്കരികിലെത്തി.
‘സീ,മധു നീ എന്തിനാണിത്തരം ഒരു ഇമോഷണൽ ഡിസിഷൻ എടുത്തത്? സുദീപിനെ വിട്ട്,
കരിയറും വേണ്ടെന്നു വച്ച് ഇവിടെ ഈ മലമൂട്ടിൽ വന്ന് കുറേ വയസ്സന്മാരുടെയും വയസ്സികളുടെയും കെയർ ടേക്കർ ആയി നിന്നാൽ നിനക്കെന്ത് സുഖമാണ് ലഭിക്കുക?
അപ്പു മെല്ലെ നടന്ന് മധുവിനടുത്തെത്തി
ചോദിച്ചതിന് മറുപടി പറയാതെ
‘മഴ കനക്കും എന്ന് തോന്നുന്നു
ഇപ്പോഴേ തിരിച്ചില്ലെങ്കിൽ ടൗണിലെത്താൻ വല്ലാതെ വൈകും’ എന്ന ഒരലസൻ പ്രതികരണത്തിൽ മധു അപ്പുവിന് അറിയുന്നതും അറിയാത്തതുമായ തന്റെ ജീവിതത്തെ പൂട്ടി വച്ചു.
‘നിന്നെയും കൂട്ടി തിരിച്ചെത്തുമെന്നു സുദീപിന് വാക്ക് കൊടുത്തിട്ടാണ് ഞാൻ വന്നത്.’
അപ്പു വീണ്ടും മധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
‘നടക്കില്ല . വെറുതെ നേരം കളയണ്ട ‘
തന്റെ കണ്ണിൽ നോക്കി കടുപ്പത്തിലാണ് മധു അത് പറഞ്ഞത്.
പണ്ടും മധു അങ്ങനെയാണ്. ഒരു തീരുമാനം എടുത്താൽ പെട്ടെന്നൊന്നും പിന്തിരിയില്ല.
അത് തന്നെക്കാൾ മാറ്റാർക്കാണറിയുക?
മധു തന്റെ അമ്മയുടെ സഹോദരന്റെ മകളാണ് .അതായത് മുറപ്പെണ്ണ്.
അടുത്തടുത്ത വീടുകളിൽ ബാല്യം പങ്കിട്ടവരാണ് . ഒരേ സ്കൂളിലും കോളേജിലും പഠിച്ചവരാണ്.
പിന്നെ ഒരുമിച്ചു ഒരേ കോളേജിൽ അദ്ധ്യാപകരായി ജോലി ചെയ്തവരാണ്.
സർവോപരി അടുത്ത സുഹൃത്തുക്കളുമാണ്.
ഈ ജീവിതത്തിൽ ആരെങ്കിലും മറ്റൊരാളെ പൂർണമായി മനസിലാക്കാറുണ്ടോ? അതല്ലെങ്കിൽ സ്വയം അവനവനെ മനസ്സിലാക്കാറുണ്ടോ?
കുഞ്ഞിന്നാളിലെ മുതൽ കാണുന്ന നമ്മൾ പോലും ഇന്ന് വരെ ഒരാൾ മറ്റേയാളെ തിരിച്ചറിഞ്ഞിട്ടുണ്ടോ?
അപ്പു ഒരു മറുപടിയും പറയാതെ മധുവിനെ നോക്കി നിന്നു.
“നേരം കളയണ്ട അപ്പേട്ടൻ പൊയ്ക്കോളൂ ” മധു തറപ്പിച്ചു പറഞ്ഞു
മധുവിന്റെ ഉറച്ച തീരുമാനത്തിന് വഴങ്ങി പൊട്ടിവീണ മഴയിലേക്കിറങ്ങി കാറിൽ കയറിയ അപ്പുവിന് നേർക്ക് കൈ വീശി അവൾ അകത്തേക്ക് കയറി പോയി.
ഒരീറൻ കാറ്റല കാറിലെ ജാലകത്തിലൂടെ അകത്തേക്ക് നുഴഞ്ഞു കയറി.
മധു തന്റെ ഭാര്യ ഭാമയേക്കാൾ ബുദ്ധിയും വിവേകവും ഉള്ളവളാണ്. അവൾക്ക് നല്ല ചങ്കുറപ്പും കൈമുതലായുണ്ട്.
കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല എന്നത് അവരുടെ ജീവിതത്തിൽ ഒരു കുറവായി തോന്നിയിട്ടേ ഇല്ല.
അത്രയ്ക്ക് പ്രകാശം നിറഞ്ഞതായിരുന്നു അവരുടെ വീട്.
വീടിന്റെ അകത്തളത്തിൽ സദാ നിറഞ്ഞ അവരുടെ പൊട്ടിച്ചിരികൾ വെറും നുണകളായിരുന്നോ?
സുദീപിന്റെ ഇഷ്ടങ്ങൾ മാത്രം നോക്കുന്ന മധുവും മധുവിനെ പാചകത്തിൽ വരെ സഹായിച്ചിരുന്ന സുദീപും പലപ്പോഴും തങ്ങൾക്കു വിളമ്പിയത് നുണകൾ നിറച്ച സദ്യ ആയിരുന്നോ?
മധുവിനും സുദീപിനും ഇടയിൽ ഇത്രയ്ക്കകലാൻ എന്തുണ്ടായിരിക്കും.
അതോ അവരിലെ അകലം അവരെന്നും അടുപ്പം കൊണ്ട് പൊതിഞ്ഞു വച്ചതാണോ?
രണ്ടാളും ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി അവർക്കിടയിൽ കടുത്ത സത്യങ്ങൾ കല്ലിച്ചു കിടക്കുന്നു എന്നുറപ്പാണ്.
അല്ലെങ്കിൽ തന്നെ ഏത് ദാമ്പത്യമാണ് കല്ലിച്ചു കിടക്കാത്തത്?
കാല്പനികകവിതകളിലോ സിനിമയുടെ വിസ്തൃതമായ തിരശീലയിലോ മാത്രം കണ്ടു നിർവൃതി കൊള്ളുന്ന ഒന്ന് മാത്രമാണോ ദിവ്യവും തീവ്രവുമായ പ്രണയം?
നിത്യജീവിതത്തിന്റെ ചാക്രികതയിൽ പരസ്പരം സ്ഥിരമായി കാണുന്നവരായി പരിണമിക്കുന്ന രണ്ടുപേർ മാത്രമാണ് ഇപ്പോൾ താനും ഭാമയും.
കാലം വീഴ്ത്തിയ ജരയും നരയും ഘട്ടം ഘട്ടമായി കിട്ടിയ രോഗങ്ങളും ശമ്പളത്തിലൊതുങ്ങാത്ത ചിലവുകളുമായി മല്ലിടുമ്പോൾ പ്രണയം മണവും നിറവും പോയ പൂവായി ഇടയ്ക്കു അടർന്നു വീണത് തങ്ങൾ രണ്ടാളും അറിഞ്ഞിട്ടേയില്ല.
അല്ലെങ്കിൽ തന്നെ താൻ ഭാമയെ എപ്പോഴെങ്കിലും തീവ്രമായി പ്രണയിച്ചിരുന്നോ?
അതുമറിയില്ല..
വഴി കാണാനാവാത്ത വിധം മഴചീളുകൾ മുൻവശത്തെ ചില്ലിൽ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു.
ആരുടെയൊക്കെയോ ശകാരമോ ശാപ വാക്കുകളോ ചറുപിറുന്നനെ വീഴും പോലെ.
സമയം പത്തര കഴിഞ്ഞിരുന്നു. ഉറക്കം വരാതിരിക്കാൻ
ഒരു കട്ടൻചായ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ച നേരത്താണ്
വഴിയരുകിൽ ഒരു ചായക്കട കണ്ടത്
‘നല്ല മഴ അല്ലേ സാറെ.
കടുപ്പത്തിലൊരു കട്ടൻ ചായ നാരങ്ങാ പിഴിഞ്ഞ് എടുക്കട്ടെ” ”
കടയുടെ മുന്നിലെ ചായ്ച്ചു കെട്ടിയ ടാർപ്പാളിനിൽ നിന്ന് വെള്ളം താഴേക്കു കുത്തിയോഴുകി.
അവിടെ ഇട്ടിരുന്ന കസേരകളിൽ മഴത്തണുപ്പ് മാറ്റാൻ രണ്ട് പേർ കട്ടൻ കുടിച്ചിരിക്കുന്നു.
“സാറിന് കഴിക്കാൻ എന്തേലും.”
കടക്കാരൻ വീണ്ടും ചോദിച്ചു.
കടയോട് ചേർന്ന ബസ് സ്റ്റോപ്പിൽ കയ്യിലൊരു ബാഗും പിടിച്ച് പാതി നനഞ്ഞ ചുരിദാറും ഇട്ട ഒരു പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും നിൽക്കുന്നു. പെൺകുട്ടി ഇടയ്ക്കിടെ തന്റെ നേർക്കു നോക്കുന്നത് അപ്പു കണ്ടു.
“ഒരെട്ടെട്ടര മണിതൊട്ട് നിക്കുവാ സാറെ രണ്ടും കൂടെ. കണ്ടിട്ട് രണ്ടും കൂടെ ഒളിച്ചോടിയ മട്ടാണ്.
കട്ടൻ കുടിച്ച പൈസ കൊടുത്ത് തല കർച്ചീഫു കൊണ്ട് മറച്ചു കാറിൽ കയറവേ പെൺകുട്ടിയെ ചേർത്തു പിടിച്ച് ആ ചെറുപ്പക്കാരൻ ഓടി അടുത്തു വന്നു.
“സർ ഞങ്ങളെ അടുത്ത ബസ്റ്റാന്റിൽ ഒന്നിറക്കി വിടാമോ?”
പെൺകുട്ടിയുടെ കണ്ണിലെ ഭയവും വിഹ്വലതയും കണ്ട് അവരുടെ ആവശ്യം പോലെ അപ്പു അവരെ കാറിൽ കയറ്റി.
പാതിരക്കു യാതൊരു പരിചയവുമില്ലാത്ത ഇവരെ വണ്ടിയിൽ കയറ്റുന്നത് ബുദ്ധിയല്ലെങ്കിലും തന്റെ മകളുടെ പ്രായമുള്ള ഈ പെൺകുട്ടിയ്ക്കും ഈ പയ്യനും നാളെ ഒരാപത്തു പിണഞ്ഞെന്ന വാർത്ത കേട്ടാൽ അത് തനിക്ക് കുറ്റബോധം ഉണ്ടാക്കുമല്ലോ എന്ന് കരുതിയാണ് അപ്പു അതിന് സമ്മതിച്ചത്
കണ്ണാടിയി ലൂടെ പിറകിലെ സീറ്റിൽ ഇരുന്ന പെൺകുട്ടി കണ്ണടച്ചിരിക്കുന്നത് കണ്ടു.
ചെറുപ്പക്കാരന്റെ മുഖത്ത് വെപ്രാളം കെട്ടി നില്കുന്നത് തിരിച്ചറിയാമായിരുന്നു.
നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്? അപ്പുവിന്റെ ചോദ്യത്തിന് മറുപടി രണ്ടുപേർക്കും രണ്ടായിരുന്നു.
അപ്പു പെട്ടെന്ന് കാർ നിർത്തി.
ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ചു പോലും ഒരൊറ്റ അഭിപ്രായമില്ലാത്ത നിങ്ങളാണോ ഒരുമിച്ചൊരു ജീവിതയാത്രയ്ക്ക് ഇറങ്ങിയിരിക്കുന്നത്?
സർ ഞങ്ങളെ തെറ്റിധരിച്ചതാണ്. ബസ്റ്റോപ്പിൽ ഒരുമിച്ചു ബസ് കാത്തു നിന്നേയുള്ളു. ഞങ്ങൾക്ക് പരസ്പരം പരിചയം പോലുമില്ല
പെൺകുട്ടിയും അത് ശെരിവച്ചു.
അപ്പു കാർ മുന്നോട്ടെടുത്തു.
ചെറുപ്പക്കാരന് ഇറങ്ങാനുള്ള സ്ഥലമെത്തി അയാൾ ഇറങ്ങിയ ശേഷം അപ്പുവിന് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി
അസമയത്ത് അപരിചിതയായ ഒരു പെൺകുട്ടിയുമൊത്തു സഞ്ചരിക്കുന്ന തന്നെ പോലീസൊ സദാചാരക്കാരോ ഒരു തട്ടുപൊളിപ്പൻ സിനിമയിൽ എന്ന വണ്ണം പിന്തുടരുമോ എന്ന് പോലും അയാൾ ചിന്തിച്ചു പോയി.
കണ്ണാടിയിലൂടെ പിൻസീറ്റിൽ ചാരിയിരുന്നു മയങ്ങുന്ന പെൺകുട്ടിയെ നോക്കി.
അവൾ നേർത്ത മയക്കത്തിലാണ്.
പെട്ടെന്നു ഫോൺ എടുത്ത് ഭാമയെ വിളിച്ചു. ഒരു മണിക്കൂറിൽ വീടെത്തും എന്ന് പറഞ്ഞ് ഫോൺ വച്ചു.
ശബ്ദം കേട്ടുണർന്ന പെൺകുട്ടി ചോദിച്ചു.
“എന്നെ കൂടി ഇന്നൊരു ദിവസത്തേക്ക് വീട്ടിലേക്കു കൊണ്ടുപോകുമോ സർ?”
സാറിനോട് ഞങ്ങൾ പറഞ്ഞത് മുഴുവൻ കള്ളമാണ്. ഞാൻ അവനൊപ്പം ഇറങ്ങി പോന്നത് തന്നെയാണ്. പക്ഷെ പര്സപരം സംസാരിച്ചും കലഹിച്ചും പിരിയാനും അധികം നേരം വേണ്ടി വന്നില്ല .
ഹോസ്റ്റലിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിട്ടു പാതിരാത്രി വീട്ടിലേക്കു കയറി ചെല്ലാനാവില്ല. എന്റെ അപ്പച്ചൻ ഭയങ്കര സ്ട്രിക്ട് ആണ് സാറെ. നാട്ടിലെ പ്രമാണിയാ. ഞാനിങ്ങനെ ഇറങ്ങി പോന്നത് അറിഞ്ഞാൽ എന്നെ കൊന്ന് കളയും…
ഒരു മകളെപ്പോലെ കാണാൻ ദയവുണ്ടാകണം.
അവൾ കൂപ്പുകയ്യോടെ പറഞ്ഞു.
അപ്പുവിന് എന്ത് ചെയ്യണം എന്ന് ഒരു രൂപവും കിട്ടിയില്ല.
മധുവിനെ തിരികെ കൂട്ടാൻ പീരുമേട്ടിലേക്കു വന്ന താൻ തിരികെ ചെല്ലുമ്പോൾ കൂടെ ഒരു പെൺകുട്ടി.
എന്താവും ഭാമയുടെ പ്രതികരണം?
ഈ കുട്ടി പറയുന്നതൊക്കെ സത്യമാണെന്നു താൻ എങ്ങിനെ വിശ്വസിക്കും?
ആരെയും വിശ്വസിക്കാൻ കഴിയാത്ത ഒരു കെട്ട കാലമാണല്ലോ.
അപ്പു പെൺകുട്ടിയോട് വീടും സ്ഥലവും ചോദിച്ചറിഞ്ഞു.
പെൺകുട്ടിയുടെ എതിർപ്പ് വകവെയ്ക്കാതെ നേരെ അവളുടെ സ്ഥലത്തേക്ക് തന്നെ ഡ്രൈവ് ചെയ്തു.
അവളെയും കൊണ്ട് സ്വന്തം വീട്ടിലേക്കു കയറി ചെല്ലുന്നതിനേക്കാൾ നല്ലത് അതാണെന്നു തോന്നി.
എത്ര അപ്രതീക്ഷിതമായിട്ടാണ് ജീവിതത്തിൽ പലതും സംഭവിക്കുന്നത്.
മഴ തകർത്തു പെയ്തു കൊണ്ടേയിരുന്നു. പെൺകുട്ടിയുടെ മുഖം വികാര വിക്ഷുബ്ധമായിരുന്നു.
അവൾ പറഞ്ഞ വഴിയിലൂടെ വൈകാതെ അവർ അവളുടെ വീടിന് മുൻപിലെത്തി.
കാർ നിന്നിട്ടും പെൺകുട്ടി പുറത്തിറങ്ങിയതേയില്ല.
മഴയത്തു മുറ്റത്തിറങ്ങി അപ്പു കാളിങ് ബെൽ അടിച്ചു.
കതകു തുറന്നതൊരു സ്ത്രീയാണ്.. കണ്ടിട്ട് അവളുടെ അമ്മയാണെന്നു തോന്നിയില്ല.
പിന്നാലെ അവളുടെ അച്ഛൻ ഉടുമുണ്ട് വാരിയുടുത്ത് ഇറങ്ങി വന്നു.
അപ്പു പെൺകുട്ടിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ വിശദീകരിച്ചു..
കേട്ട് നിന്ന സ്ത്രീ പറഞ്ഞു “കർത്താവെ…
കണ്ടോ?
ഞാൻ പറഞ്ഞതല്ലേ അവളിപ്പോഴും കൊള്ളരുതാഴിക നിർത്തിയിട്ടില്ല.
ഇതിപ്പോൾ ഒന്നാമത്തെ തവണ അല്ലല്ലോ അവളുടെ ഒളിച്ചോട്ടം..
ഇതും കൂട്ടി മൂന്നാമത്തെ..
പെൺകുട്ടി കാറിൽ നിന്നിറങ്ങി വന്ന് തിണ്ണയിലേക്ക് കയറി..
എടീ നിൽക്കെടി..അവിടെ എന്നാക്രോശിച്ചു അവളെ പിന്നിൽ നിന്ന് ഉന്തി തള്ളി ആ സ്ത്രീ അകത്തേക്ക് പോയപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു..
അവളുടെ രണ്ടാനമ്മയാ സാറെ.
ഇവളെ കൊണ്ട് പൊറുതി മുട്ടിയാ അവളുടെ ഈ ഇറങ്ങിപോക്ക് പ്രതിഷേധം.
ഓരോ വട്ടവും പോയപോല അവളിങ്ങു വരും.
അയാൾ വിങ്ങിപ്പൊട്ടിപ്പോയി
എന്റെ കൊച്ചിന്റെ വിധി…
അവൾ പറഞ്ഞ നാട്ടു പ്രമാണിയായ അപ്പച്ചനും അയാളുടെ സ്‌ട്രിക്‌ട്നെസ്സും അന്നേരം ഒരു നുണമഴയിൽ ചിതറി താഴെ വീണു
എത്രയൊക്കെ നുണകൾക്ക് മേലെയാണ് എല്ലാവരും ജീവിതം കെട്ടി പൊക്കുന്നത്..
ജീവിതത്തിന് എത്ര എത്ര മുഖങ്ങളാണുള്ളത്?
നേരും നുണയും ഇടകലർത്തി വച്ച വഴിയിലൂടെ മഴച്ചാറ് കലങ്ങി കിടന്ന വെള്ളത്തിലൂടെ നടന്ന് കാറിൽ
കയറി വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ താൻ തന്നെ ഒരു നുണയാണോ എന്നയാൾക്ക് തോന്നിപ്പോയി.
അപ്പോൾ കുന്നിൻ മുകളിലെ വൃദ്ധസദനത്തിൽ മധുബാല ഒരു മുത്തശ്ശിയുടെ നെറ്റിമേൽ തലോടി മഴനീര് നിറഞ്ഞ മിഴികൾ പൂട്ടിയടച്ചു ഉറങ്ങാൻ കിടന്നു.
സുദീപ് ഭാര്യയുടെ അഭാവത്തിൽ വിസിറ്റിംഗ് റൂമിലിലെ ടേബിളിൽ ഇരുന്ന വിസ്‌കി മഴയിൽ നനഞ്ഞു കുളിച്ചു ചിരിച്ചു മറിഞ്ഞു…
ഭാമ സോഫയിലിരുന്ന് ഒരിക്കലും വായിച്ചു തീരാത്ത ഹൈമവത ഭൂവിൽ അടച്ചു വച്ച് ജനാലയിലൂടെ മഴമുറ്റത്തേക്ക് എത്തി നോക്കി.
മഴ മാത്രം നുണയല്ലാതെ സത്യമായിട്ടും
ഒഴുകികൊണ്ടേയിരുന്നു.
Dr മായാ ഗോപിനാഥ്
🌿☘️
About The Author
No related posts.
2 thoughts on “നുണയല്ലാതെ പെയ്തത് മഴ മാത്രം – ഡോ. മായ ഗോപിനാഥ്.”
മനോഹരം 🥰🥰
Good