“വട്ടൻ ബാബു” കോയിക്കൽ കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ വന്നതറിഞ്ഞു കുറെ സുഹൃത്തുക്കൾ കോയിക്കൽ എത്തി.
ചിന്തക്കനാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ ആയി ജോലി ചെയ്യുന്ന
” വട്ടൻ ബാബു “വിൽ നിന്ന് ചട്ടമ്പി കൊമ്പന്റെ കഥ കേൾക്കാൻ ആണ് കോയിക്കൽ എല്ലാരും കൂടിയത്.
” വട്ടൻ ബാബു ” വിനു വട്ടൊന്നും ഇല്ല.
ഒരിക്കൽ ലീവിന് വന്നപ്പോൾ ഒരു പരിചയക്കാരൻ “എടോ ബാബുവേ ” എന്ന് വിളിച്ചു.
അത് ബാബുവിന് സഹിച്ചില്ല.
“ഐ ആം നോട്ട് ബാബു… ബട്ട് ബാബു സി. പിള്ള.”
എന്ന് തിരിച്ചടിച്ചു.
അന്ന് മുതൽ നാട്ടിൽ ചിലർ അവനെ ” ബട്ട് ബാബു പിള്ള ” എന്ന് വിളിച്ചു.
കാലക്രമേണ” ബട്ട് ബാബു ” “വട്ട് ബാബു ” ആയി.
കോയിക്കൽ എത്തിയവരോട് ചിന്തക്കനാലിൽ നിന്ന് മയക്കു വെടി വെച്ച് മാറ്റിയ “ചട്ടമ്പി കൊമ്പന്റെ “കഥ ബാബു പറഞ്ഞു തുടങ്ങി.
ചട്ടമ്പി കൊമ്പൻ ചട്ടമ്പിയായത് അവന്റെ ജീവിതാനുഭവം കൊണ്ടാണ്…
അവനു മൂന്നു വയസ്സായപ്പോൾ അവന്റെ അമ്മ മുട്ട കാടുള്ള ഏല തോട്ടത്തിൽ തളർന്നു കിടന്നു.
കുട്ടികൊമ്പനായ അവൻ നാലു ദിവസത്തോളം അമ്മയെ നോക്കി നിസ്സഹായനായി നിന്നു.
അമ്മ ചരിഞ്ഞതിനു ശേഷം കാട്ടാന കൂട്ടം എത്തി കാട്ടിലേക്ക് കൊണ്ട് പോയി.
വളർന്നു കഴിഞ്ഞപ്പോൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി.
ഗോതമ്പിന്റെ മണം അവനെ ഭ്രാന്ത് പിടിപ്പിക്കും…..
റേഷൻ കടകളിലും, പലവഞ്ജന കടകകളും തല്ലി പൊളിച്ചു ഗോതമ്പും, ആട്ടയും നശിപ്പിക്കും.
നാട്ടുകാർ പല കാരണങ്ങൾ ആണ് പറയുന്നത്….
തന്റെ അമ്മയെ ഗോതമ്പു ആട്ടയിൽ വിഷം വെച്ച് ഏലതോട്ടം ഉടമകൾ കൊന്നു എന്ന് അവൻ വിശ്വസിക്കുന്നു.
ഗോതമ്പിന്റെ മണം അവനു അലർജി ആണെന്ന് ചിലർ.
എന്തായാലും ചട്ടമ്പി കൊമ്പൻ ഗോതമ്പിന്റെ ശത്രു ആയിരുന്നു..
നാട്ടുകാരിൽ ചിലർ അവനെ ” ഗോതമ്പു കൊമ്പൻ “എന്നൊക്കെ വിശേഷിപ്പിച്ചു.
ചിന്തക്കനാലിലും, ചന്ദ്ര നെല്ലിയിലും, കുമ്മായപാലത്തിലും, ചെറിയ കനാലിലും ചട്ടമ്പി കറങ്ങി നടന്നു…കൂട്ടിന് മൂന്നു പിടിയാനകളും, അഞ്ചു കുട്ടി കൊമ്പമാരും.
അവന്റെ അടുത്ത സുഹൃത്ത് “ചക്കര കൊമ്പനും “ഇടയ്ക്കിടെ അവന്റെ കൂടെ കാണും.
” ചട്ടമ്പിയെ ” നാട് കടത്താൻ നാട്ടുകാർ ഒന്നടങ്കം ശ്രമിച്ചു.
ആറു വർഷം മുമ്പ് ചട്ടമ്പിയെ പിടി കൂടാൻ ശ്രമിച്ചെങ്കിലും കുങ്കികൾ ഇടഞ്ഞതോടെ ശ്രമം വിഫലമായി…
വട്ട് ബാബു കഥ തുടർന്നു…
ചട്ടമ്പി കൊമ്പന്റെ ചട്ടമ്പിത്തരം കോടതികൾ വരെ എത്തി.
അവസാനം മയക്കു വെടികൾ വെച്ച് അവനെ കീഴ്പ്പെടുത്തി.
വാഹനത്തിൽ കയറാൻ ഇടഞ്ഞു നിന്ന ചട്ടമ്പി കൊമ്പനെ കുങ്കിയാനകൾ മൂന്നു വശത്തു നിന്നും ഉന്തിയും തള്ളിയും വളരെ ശ്രമപ്പെട്ട് ലോറിയിൽ കയറ്റി.
കണ്ണ് കെട്ടി, കഴുത്തിൽ ഉപഗ്രഹട്രാക്കിനുള്ള റേഡിയോ കോളർ ഘടിപ്പിച്ചു.
കോളറുള്ള ചട്ടമ്പിയുടെ ഓരോ നീക്കങ്ങളും സാറ്റലൈറ്റ് വഴി ഞങ്ങളുടെ ഓഫീസിൽ കിട്ടും….
മൊബൈലിൽ നോക്കി….
ബാബു പറഞ്ഞു….
“ഇപ്പോൾ ചട്ടമ്പി തമിഴ് നാടു അതിർത്തിയിൽ ആണ് “
ബാബു കഥ പറഞ്ഞു തീർത്തതും കുഞ്ഞുമോൻ ചേട്ടന്റെ ഭാര്യ പദ്മിനി ചേച്ചി ചോദിച്ചു….
” ബാബു പിള്ളേ….
റേഡിയോ കോളർ വാങ്ങാൻ കിട്ടുമോ…. “
ബാബു സംശയത്തോട് ചോദിച്ചു….
” ഇച്ചേയ്ക്കെന്തിനാ റേഡിയോ കോളർ…. “
“അത് ഇവിടുത്തെ കുഞ്ഞുമോൻ ചേട്ടന്റെ കഴുത്തിൽ കെട്ടാനാ…..”
പദ്മിനി ചേച്ചിയുടെ വാക്കുകൾ കേട്ട് കൂടിയിരുന്നവർ പൊട്ടി ചിരിച്ചു.
പദ്മിനി ചേച്ചിയെ കണ്ണുരുട്ടി നോക്കിയിട്ട് കുഞ്ഞുമോൻ ചേട്ടൻ ബെഡ് റൂമിൽ കയറി കതകടച്ചു.
നാരങ്ങയുടെ ഗന്ധം ബെഡ് റൂമിന്റെ ജനാല വഴി പുറത്തേക്ക് ഒഴുകി.













