ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ ആകാശമേ എന്നൊരു അതിശയോക്തി വിചാരിക്കുകയും ചെയ്തു.
എപ്പോഴാണ് താൻ കോൺക്രീറ്റുചുമരുകളുടെ വെൺമകളിൽ പൂണ്ടു പോയതും തിരക്കുകളിൽ നെട്ടോട്ടമോടിയതും ഭർത്താവിൻ്റെ കവിളുകളിൽ ചുംബിക്കാൻ മറന്നതും ……..
നേരമില്ലായ്മകളിൽ സൗന്ദര്യത്തിൻ്റെ അസ്ഥിപഞ്ജരമായിപ്പോയ ഒരെഴുത്തുകാരി ആദ്യമായി തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയതാണ്. അവൾ ഈയിടെ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയുണ്ടായി. ഓരോ മാറ്റവും ഓരോ പുതുമകളുടെ ആവാഹനമാകുമെന്ന് അവൾ കരുതുന്നു.
വയലിൻ്റെ മുഖം നോക്കുന്ന കുളക്കോഴിപ്പെണ്ണിൻ്റെ മനസിൽ എന്താകും?
ജാലകത്തിലെ കൊതുകുവലക്കണ്ണികളിലൂടെ സുഖ സുന്ദര മായി കാണാ കുന്നുണ്ട് അത്.
മഞ്ഞച്ചേര ഇഴഞ്ഞുകയറുന്നതും മീൻ തുടിച്ചു ചാടുന്നതും ചേതോഹരമാണ്.
അർജുനൻ്റെ കവിളിൽ ഒരുമ്മ വയ്ക്കാൻ തോന്നിയത് ഉച്ചക്കിറുക്കാണോ ?’
തണുത്ത കാറ്റും ആകാശത്തിൻ്റെ വെണ്മയും കണ്ണാടിത്തിളക്കം കോരിയൊഴിച്ചിട്ടുണ്ടാകും. തുളുമ്പാത്ത ആകാശം പോലെ തുളുമ്പിപ്പരക്കാൻ കൊതിച്ചു കിടന്ന ഒരിഷ്ടം.
ആകാശത്തിൻ്റെ മടക്കുകളിൽ പ്രണയം പുഷ്പിക്കുന്നതും മഴവില്ലിൻ്റെ പൂക്കളാകുന്നതും ഒഴുകി നിറയുന്ന പൂങ്കാവന ത്തിലെ രണ്ടു ചിത്രശലഭങ്ങൾ ചിറകുകളുടെ പത്തിയിൽ പരസ്പരം അമരുന്നതും എഴുതാൻ വാക്കുകളില്ല.
അർജുനൻ വർക്ക് ഫ്രം ഹോമിലായിട്ട് വർഷങ്ങളായി. തൊഴിലിൻ്റെ ഇരുമ്പു ഭിത്തികളിൽ ബന്ധിതനായിരുന്നുവെന്ന് പറയാമെങ്കിലും മാസാവസാനം അക്കൗണ്ടിലേയ്ക്ക് പറന്നു വീഴുന്ന ശമ്പളത്തിൻ്റെ വലുപ്പം സമാധാനത്തിൻ്റെ കട്ടിപ്പുതപ്പിനുള്ളിൽ അവനെ ഗാഢാലിംഗനം ചെയ്തിരുന്നു.
അതിനു മുന്നിൽ ജീവിതം തന്നെ നിസാരമായ നേരങ്ങൾ
ദേ ആകാശം!
ദേ കുളക്കോഴികൾ!
ദേ ഞണ്ടുകൾ!
ദേ ….
ദേ…..
ഒന്നു വന്നേ
ലയനയുടെ നിഷ്കളങ്കമായ വിളിയിൽ ആ കൃഷ്ടനായി അർജുനൻ മുകളിലെ ലാപ്‌ടോപ് ബന്ധനം വിടുവിച്ച് ഇറങ്ങി വരുകയായിരുന്നു.
അവൻ്റെ കണ്ണുകൾ കൊക്കിലും കുളക്കോഴിയിലും കാറ്റിനെ ചുറ്റിവളയുന്ന വാളൻപുല്ലിൻ്റെ നീളൻ ഇലകളിലും തപ്പിത്തടഞ്ഞു പോയത് സ്വാഭാവികം.
ഇത്ര നല്ല ദൃശ്യം കോളജിൽ പഠിക്കുമ്പോൾ നോവലിൽ വായിച്ചിട്ടുണ്ട്. പിന്നീട് ജോലിയുടെ മാസ്മരികതയ്ക്കപ്പുറമായിപ്പോയി അതെല്ലാം. ഓർമ്മയിൽ ഓടിയെത്തിയ ചിന്തയോട് അവന് ശഹാതുരത യുണ്ടായി.
നിയമ തടസങ്ങളോട് മല്ലടിച്ചിട്ട് കാര്യമില്ലെന്ന അറിവോടെ നീണ്ടു നിവർന്നു കിടക്കുന്ന ശാന്തമായൊരു വയൽപ്പരപ്പാണത് .
മഞ്ഞപ്പൂക്കളും പച്ചപ്പുല്ലും മെത്ത വിരിച്ചിട്ടിരിക്കുന്നു. ഇടയ്ക്കിടെ വരുന്ന മഴച്ചാറൽ പൂങ്കവിൾ മുത്തും കാമുകനാവുന്നു മുണ്ട്.
മണിക്കൂറുകളോളം ജലപ്പരപ്പിൽ മീൻ കൊത്താൻ നോക്കിയിരിക്കുന്ന വലിയ ചാരക്കൊക്ക് കൗതുകമുണർത്തുന്നു. കാണാൻ പാകത്തിന് യാതൊരു മാലിന്യവുമില്ല. ശുദ്ധമായ കാറ്റിൻ്റെ ഓമനയായ തഴുകൽ മാത്രം .
വീടിൻ്റെ മുൻവശത്ത് കൂടി വീതിയുള്ളൊരു റോഡ് പോകുന്നുണ്ട്.
ബാ നമുക്കിതി ലേ നടക്കാം. വഴികാണാം. മേഘത്തിൻ്റെ കുടക്കീഴിലൂടെ കൊറ്റികളുടെ പ്രേമം കണ്ട് നടക്കാം.
അർജുനൻ അവളെ ചുറ്റിപ്പിടിച്ച് വഴിയിലേക്കിറങ്ങിക്കഴിഞ്ഞു.
“പ്രണയവും പ്രകൃതിയും മനസിനോട് ചേർന്ന് കിടന്ന് സ്വപ്നങ്ങൾ നെയ്ത പൊത്തുകൾ വസിക്കാൻ തരും.”
അവൻ അവളോട് പറഞ്ഞു.
ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ കവിതയുടെ പല്ലക്കിൽ തന്നെ ഇരുത്തുകയാണല്ലോ എന്ന് അവളും പറഞ്ഞു.
വഴിയോരത്തെ തട്ടുകടയിൽ ദോശ മൊരിക്കുന്നുണ്ടായിരുന്നു.രവിച് ചേട്ടൻ്റെ കട.
ദോശ തിന്നാം ഊണ് കഴിച്ചില്ലല്ലോ. പ്രണയം മൊത്തിക്കുടിച്ച് വിശപ്പ് കൂടിയ പോലെ.
ഇരുവരും പതിയെ പറഞ്ഞ് ദോശ തിന്നു.
നെയ് ദോശയും തക്കാളി ച്ചമ്മന്തിയും.
പിന്നേം പിന്നേം വാങ്ങുകയും കഴിക്കുകയും ചെയ്തു.
“ഞാനിങ്ങനെ ദോശ ചുട്ടുകൊണ്ടിരിക്കും. ആരെങ്കിലുമൊക്കെ ഇത് വഴി നടന്ന് കഴിക്കാൻ വരും. നിങ്ങളെപ്പോലെ. അന്തിക്കു മുന്നേ മാവ് തീരും ദോശേം തീരും.
ദേ. അത് എൻ്റെ പശുക്കളാ. അവരക്ക് പിണ്ണാക്ക് വാങ്ങണം. അത്രേയൊള്ള്.
പാല് വിക്കും. ദോശക്ക് ചേർക്കാൻ നെയ്യുണ്ടാക്കും.മോരിനും ചെലവൊണ്ട്.
ലാഭം നോക്കത്തില്ല. സമയം പോന്നതറിയില്ല. അതാണ് മെച്ചം.രവിച്ചേട്ടൻ പറഞ്ഞു കൊണ്ടിരുന്നു.
നെയ്മണമുള്ള അഞ്ച് ദോശ വീതം അവർ തിന്നു. തക്കാളിച്ചമ്മന്തിപുരണ്ട വിരൽ കടിച്ചു തിന്നാൻ തോന്നിയെന്നാണ് ലയന പറഞ്ഞത്.
ര വിച്ചേട്ടൻ ഏകാകിയാണ് .അദ്ദേഹം സന്തോഷത്തിനായി ചെയ്യുന്ന ഒരു പ്രവൃത്തിയാണ് ദോശക്കച്ചവടം.
“ഏകാന്തതയുടെ എരിപൊരിഞ്ഞ നേരങ്ങളെ ചുട്ട് കൊല്ലാതെ വിളക്കിയെട്ക്കുകയാണല്ലോ രവിച്ചേട്ടൻ”
തിരിച്ചുള്ള യാത്രയിൽ അർജുനൻ ലയനയോട് പറഞ്ഞു.













