ഞാൻ നഴ്സറിയിൽ പഠിക്കുമ്പോഴാണ് അച്ഛൻ ദുബായിലേക്ക് പോയത്…
വൈകുന്നേരങ്ങളിൽ അച്ഛൻ്റെ കൈയിൽ നിന്നും കിട്ടിയിരുന്ന മധുരപലഹാര പൊതി ഇനി കിട്ടണമെങ്കിൽ രണ്ട് വർഷം കാത്തിരിക്കണമെന്ന്
ചേച്ചി പറഞ്ഞപ്പോൾ കാതിൽ ഈയമുരുകി വീഴുന്ന വേദനയോടെയാണ് ഞാനത് കേട്ടത്…
ആ ഏങ്ങലും വിങ്ങലും വർഷങ്ങളോളം എൻ്റെ മനസിനെ വേട്ടയാടിയിരുന്നു…
സൈനിക സ്കൂളിനടുത്തുള്ള ഒരു ഉമ്മയാണ് ഞങ്ങളുടെ വീട്ടിൽ ഓല മെടയാൻ വന്നിരുന്നത്…
വയറ് വരെ നീളമുള്ള,
കൈക്കുഴ വരെ നീളമുള്ള,
ചിത്രപ്പണികൾ തുന്നി പിടിപ്പിച്ച ബ്ലൗസും കൈലിയും കൈലിയുടെ മുകളിലൊരു വെള്ളി അരഞ്ഞാണവും തലയിലൊരു തട്ടവുമാണ് ആ ഉമ്മയുടെ വേഷം…
മതത്തെ കുറിച്ചോ
ജാതിയെ കുറിച്ചോ
അറിയാത്ത പ്രായമായതു കൊണ്ടും ആ വേഷത്തിലെ പ്രത്യേകത കൊണ്ടും ആ വേഷത്തെ കുറിച്ച് ഞാൻ ആ ഉമ്മയോട് ചോദിച്ചു…
എൻ്റെ വീടിന്റെ മുന്നിലുള്ള വിശാലമായ പ്ലാവിന്റെ തണലിലിരുന്ന് ഓല മെടയുന്ന ഉമ്മ വേഷത്തെ കുറിച്ച് മാത്രമല്ല വേഷത്തിന് അടിസ്ഥാനമായ അറബി കഥകളും പറയുമായിരുന്നു…
അവധി ദിവസങ്ങളിലാണ് ഓല മെടയാൻ വരുന്നതെങ്കിൽ
ഞാനും
ഗോപനും
ജോയിയും
ദുബായ് അനിയും
അജ്മാൻ അനിയും
അടങ്ങുന്ന കുട്ടി സംഘം ഉമ്മയുടെ അടുത്തിരുന്ന് അറബിക്കഥകൾ കേൾക്കും…
ഒട്ടകത്തിനേയും മരുഭൂമിയേയും നിലാവിനേയും നബിയേയും ഖലീഫയേയുമൊക്കെ ആ ഉമ്മ ഈണത്തൽ പാടി പറയും…
പക്ഷേ…,
മരങ്ങളും ചെടികളും പൂക്കളും വയലുകളും കുന്നുകളും തോടുകളും കുളങ്ങളും കണ്ടു വളർന്ന ഞങ്ങൾക്ക്
മരുഭൂമി മാത്രം മനസിലായില്ല…
ആ ഉമ്മ കുറച്ചു കൂടി വ്യക്തമായി മരുഭൂമിയെ കുറിച്ചും ഒട്ടകങ്ങളെ കുറിച്ചും ചിത്രം വരക്കുന്നതു പോലെ പാടിയും പറഞ്ഞും തരും…
ചിലപ്പോൾ ഞാൻ ഒറ്റക്ക് പ്ലാവിന്റെ തണലും തടോലുമേറ്റ് ഉച്ചവെയിലിൻ്റെ സൗന്ദര്യവും ആസ്വദിച്ച് വീടിന്റെ വീതിയുള്ള തിണ്ണയിൽ കിടക്കുമ്പോഴായിരിക്കും കണിയാപുരം പള്ളിയിൽ നിന്നുള്ള വാങ്ക് വിളി കേൾക്കുന്നത്…
അന്ന് പൊക്കമുള്ള കെട്ടിടങ്ങൾ ഇല്ലാത്തതു കൊണ്ട് വളരെ ദൂരത്തിലുള്ള വാങ്ക് വിളിയാണെങ്കിലും കാറ്റിലലിഞ്ഞ് നേരിയ ശബ്ദത്തിൽ കേൾക്കാം…
വാങ്ക് വിളി കേൾക്കുമ്പോൾ ഉമ്മ പറഞ്ഞ അറബി കഥയും അറബി നാട്ടിലുള്ള അച്ഛനും എൻ്റെ മനസിൽ ഓടിയെത്തും…
‘പേർഷ്യ’യിലുള്ള അച്ഛൻ
ഇനി എന്നാണ് മധുരപലഹാര പൊതിയുമായി വരുന്നതെന്ന ചോദ്യം എൻ്റെ കരളിൽ കാരമുള്ള് കുത്തുന്നത് പോലെയാണ് നോവിച്ചിരുന്നത്…
നിശബ്തതയെ പുണരുന്ന അതിരാവിലെയുള്ള വാങ്ക് വിളി ഞങ്ങൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു…
വളരെ അപൂർവമായി രാവിലെയുള്ള വാങ്ക് വിളി കേൾക്കുമ്പോഴും അച്ഛനും അറബിയും മരുഭൂമിയും എൻ്റെ സങ്കടത്തെ ഇരട്ടിയാക്കിയിരുന്നു…
ഉറങ്ങി കിടക്കുന്ന
ചേച്ചിയെ കെട്ടിപ്പിടിച്ച് അച്ഛൻ്റെ അസാന്നിദ്ധ്യത്തെ ഓർത്ത് വിതുമ്പുമ്പോൾ ഉണരുന്ന ചേച്ചി എന്നെ ആശ്വസിപ്പിക്കും…
ഓല മെടയാൻ വന്നിരുന്ന ആ ഉമ്മയിൽ നിന്നാണ് ബലി പെരുന്നാളിൻ്റെ കഥയും ഞാൻ ആദ്യമായി കേൾക്കുന്നത്…
അക്ഷരങ്ങളെ സ്നേഹിക്കുന്ന മനസ്സ് അന്നേ ഉള്ളതു കൊണ്ടായിരിക്കണം
ആ ഉമ്മ പറഞ്ഞ
മരുഭൂമിയേയും
ബലി പെരുന്നാളിനേയും
‘പേർഷ്യ’യേയും
ഞാൻ ഭാവനയിൽ കാണുമായിരുന്നു…
അപ്പോഴും ‘പേർഷ്യ’യിലുള്ള അച്ഛൻ മനസിൽ ഓടിയെത്തും…
ഇന്നും ഏകാന്തതയിലോ
മനസ് സ്വസ്ഥമായിരിക്കുമ്പോഴോ
വാങ്ക് വിളി കേട്ടാൽ ആ ഉമ്മ പറഞ്ഞ
ബലി പെരുന്നാളും
അറബി നാട്ടിൽ അദ്ധ്വാനിക്കാൻ പോയ അച്ഛനെയോർത്ത്
മനസ് നൊന്തു വെന്തതും ഓർമ്മയിലെത്തും…
എൻ്റെ എല്ലാ കൂട്ടുകാർക്കും
‘”ബലി പെരുന്നാൾ” ആശംസകൾ………………………………..
________ഉല്ലാസ് ശ്രീധർ
🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙













