ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും പ്രചോദനം കിട്ടിയിട്ടാണോ എന്ന് പറയാൻ കഴിയില്ല കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്.
പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.
“മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.
എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു.
കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് .
“നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു കഞ്ഞിവെള്ളം കുടിക്കാൻ നല്ല നേരം നോക്കണം.”കുഞ്ഞന്നാമ്മ അങ്ങിനെ പറഞ്ഞപ്പോൾ ഔസേപ്പിനും അത് ശരിയാണെന്ന് തോന്നി.
ആശയം ഒരു പ്രമേയമായി സഹോദരന്മാർ മൂന്നുപേരെയും കൂട്ടി കേന്ദ്രത്തിൽ സമർപ്പിക്കപ്പെട്ടു.പ്രമേയം കേന്ദ്രം നിഷ്ക്കരുണം തള്ളിക്കളഞ്ഞെങ്കിലും സഹോദരന്മാർ നാലുപേരും അവരുടെ സുഹൃത്തുക്കൾ രണ്ടുപേരും കൂടി അപ്പീൽ കൊടുത്തപ്പോൾ കേന്ദ്രം അയഞ്ഞു.
അങ്ങനെ അവർ സഹോദരന്മാർ നാലുപേരും അവരുടെ കുടുംബവും സുഹൃത്തുക്കൾ രണ്ടുപേരും അവരുടെ കുടുംബവും ഒന്നിച്ചു് മലബാറിലേക്ക് പുറപ്പെട്ടു.
എല്ലാവരും കൂടി മലബാറിൽ വന്ന് സ്ഥലം വാങ്ങി വീട് വച്ച് താമസമാക്കി.നെല്ലും കപ്പയും ചേനയും കാച്ചിലും കൃഷി ചെയ്തു.കുഞ്ഞന്നാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ,”നാട്ടിലേത് എന്നാ ജീവിതമായിരുന്നു?പന ഇടിച്ചു കുറുക്കി തിന്നു ജീവിക്കുക,ഇപ്പം വല്ലതുമൊക്കെ തിന്നാനുണ്ടായി.”
പക്ഷേ,ചുറ്റുപാടും മലമ്പനിയും വസൂരിയും പടർന്നുപിടിക്കുന്നതിൻ്റെ വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരെയുംപോലെ കുഞ്ഞന്നാമ്മയുടെ മനസ്സിലും തീ ആളിക്കത്തി.അത് അവരെ വല്ലാതെ ഭയപെടുത്തുക തന്നെ ചെയ്തു.
ദിവസവും ആരും നോക്കാനില്ലാതെ ചികിത്സകിട്ടാതെ അവിടെയും ഇവിടയും ആളുകൾ വസൂരിയും മലമ്പനിയും പിടിപെട്ട് മരിക്കുന്നതു കേൾക്കുമ്പോൾ എങ്ങനെ ഞെട്ടാതിരിക്കും?മലമ്പനിയെ തടഞ്ഞുനിർത്താൻ മഞ്ഞനിറത്തിലുള്ള “കൊയ്‌ന ഗുളികകൾ “ഉണ്ടായിരുന്നു.എന്നാൽ വസൂരിയുടെ കാര്യം അങ്ങനെ അല്ല.പിടിപെട്ടാൽ രക്ഷപെടുന്നവർ വിരളം ആയിരുന്നു.രക്ഷപ്പെട്ടാലും അവരുടെ ജീവിതം ദുരിത പൂർണമായിരുന്നു.
കൂടെക്കൂടെ ഉണ്ടാകുന്ന പനിയും അസുഖങ്ങളും അവർ എല്ലാവരെയും വല്ലാതെ ഭയപ്പെടുത്തി.രോഗം വന്നാൽ തങ്കത്തിൻ്റെ ഹോസ്പിറ്റലിൽ പോകും. ഡോക്ടർ തങ്കം, കുടിയേറ്റ പ്രദേശങ്ങളിൽ പ്രശസ്ത ആയിരുന്നു. അവിടെ നിന്നും രോഗിയെ ഉപേക്ഷിച്ചാൽ പിന്നെ എവിടെ പോയാലും രക്ഷപെടുകയില്ലന്ന് അവർ വിശ്വസിച്ചു.
എന്നാൽ ഭാഗ്യം കൊണ്ട് കുഞ്ഞന്നാമ്മയുടെ കുടുംബത്തെ ഒരു രോഗവും അവർ ഭയപ്പെട്ടതുപോലെ ബാധിക്കുകയുണ്ടായില്ല.എല്ലാവിധ അസുഖങ്ങളിൽ നിന്നും തങ്ങളെ കാത്തുസൂക്ഷിക്കുന്നത് പരിശുദ്ധ കന്യാമറിയം ആണെന്ന് കുഞ്ഞന്നാമ്മ വിശ്വസിച്ചു .അതിൻ്റെ നന്ദിസൂചകമായി എല്ലാ ശനിയാഴ്ചകളിലും മകൻ കുഞ്ഞുമോനെയും കൂട്ടി കുഞ്ഞന്നാമ്മ നിത്യസഹായമാതാവിൻ്റെ നോവേന കൂടാൻ പള്ളിയിൽ പോകും.
അങ്ങിനെ പള്ളിയിൽ പോയി വരുന്ന വഴിക്കാണ് കുഞ്ഞന്നാമ്മയെ പ്രശസ്തയാക്കിയ ചരിത്ര പ്രസിദ്ധമായ ഒരു സംഭവം നടക്കുന്നത്.
കുഞ്ഞന്നാമ്മയും മകൻ അന്തോണിയും ടാറിട്ട റോഡിൽക്കൂടി നടന്നു പോകുകയായിരുന്നു.മകൻ കുഞ്ഞുമോന് നാലുവയസ്സ്.നടന്നു പോകുന്ന അവരുടെ മുൻപിൽ പെട്ടെന്ന് ഒരു വില്ലിസ് ജീപ്പ് വന്നു നിന്നു.അതിൽ നിന്നും ഒരു വെള്ളക്കാരൻ ചാടി ഇറങ്ങി. വെള്ളക്കാരായ ബ്രിട്ടീഷുകാരെ എല്ലാവരും സായിപ്പ് എന്നാണ് വിളിക്കുക.ജീപ്പിൽനിന്നും ഇറങ്ങിയ സായിപ്പ് കുഞ്ഞന്നാമ്മേടെ ചുറ്റും ഒന്നു രണ്ടു തവണ നടന്നു നോക്കി .അത്ഭുതത്തോടെ എന്തോക്കെയോ വിളിച്ചുപറഞ്ഞു.കുഞ്ഞന്നാമ്മ പേടിച്ചും പരിഭ്രമിച്ചും അന്താളിച്ചു നിൽക്കുന്നതുകണ്ട് സായിപ്പ് ആംഗ്യം കാണിച്ചു പേടിക്കേണ്ട, എന്ന്.
കുഞ്ഞന്നാമ്മേടെ ഭംഗിയായി അടുക്കിട്ട മുണ്ടും ചട്ടയും കവണിയും ആണ് സായിപ്പിനെ ആകർഷിച്ചത്.എന്തൊക്കെയോ അയാൾ വിളിച്ചു പറയുന്നു,ഇടക്ക് എന്തൊക്കെയോ കുഞ്ഞന്നാമ്മയോട് ചോദിക്കുകയും ചെയ്തു.ഒന്നും മനസിലാകാതെ കുഞ്ഞന്നാമ്മ കുഞ്ഞുമോനെയും ചേർത്തുപിടിച്ചു അങ്ങനെ നിന്നു.
സായിപ്പ് ജീപ്പിൽ നിന്നും ഒരു വലിയ പെട്ടി വലിച്ചു പുറത്തിട്ടു.അത് ഒരു മുക്കാലിയിൽ കയറ്റി വെച്ചു കുഞ്ഞന്നമ്മയോടും മകനോടും പെട്ടിയിലേക്ക് നോക്കി നില്ക്കാൻ ആംഗ്യം കാണിച്ചു.
പിന്നീട് സായിപ്പ് പെട്ടിക്കുള്ളിൽ തലയിട്ട് എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു തല പെട്ടിയിൽനിന്നും പുറത്തുവന്നു.
രണ്ടു മൂന്നു തവണ പെട്ടിയുടെ മുമ്പിലുള്ള അടപ്പ് തുറക്കുകയും അടക്കുകയും ചെയ്തു.ഇടക്ക് സായിപ്പ് കുഞ്ഞന്നാമ്മയുടെ കയ്യിൽ പിടിച്ചു പലപോസുകളിൽ നിർത്തിയ ശേഷം പെട്ടിയുടെ അടപ്പു വീണ്ടും തുറക്കുകയും അടക്കുകയും ചെയ്തു.കുഞ്ഞന്നാമ്മക്ക് സായിപ്പിൻ്റെ കൈ ദേഹത്ത് സ്പർശിച്ചപ്പോൾ ആകെ കോരിത്തരിച്ചു.ആരെങ്കിലും അതുകണ്ടുകാണുമോ എന്ന് ചുറ്റും നോക്കുകയും ചെയ്തു.
സായിപ്പ് ചിരിച്ചുകൊണ്ട് “അഡ്രസ്സ്” എന്ന് പറഞ്ഞു.അഞ്ചാം ക്ലസ് വരെ പഠിച്ചിരുന്ന കുഞ്ഞന്നാമ്മ എന്തും വരട്ടെ എന്ന് വിചാരിച്ചു “നോ,നോ”,എന്ന് തട്ടിവിട്ടു.
സായിപ്പ് അറിയാവുന്ന മലയാളം പറഞ്ഞു,” വിലാസം വിലാസം.”
കുഞ്ഞന്നാമ്മക്ക് മനസ്സിലായി അഡ്രസ്സാണ് സായിപ്പ് ചോദിക്കുന്നത് എന്ന്.
” നോ നോ”കുഞ്ഞന്നാമ്മ ധൈര്യപൂർവ്വം വീണ്ടും പറഞ്ഞു..
എവിടെ പോകുന്നു എന്ന് ആംഗ്യഭാഷയിൽ സായിപ്പ് മോണോ ആക്‌ട് കാണിച്ചു.ഇപ്പോൾ കുഞ്ഞന്നാമ്മക്കും നല്ല ധൈര്യമായി.ഇടതു കൈയ്യിലേയും വലതുകൈയ്യിലേയും ചൂണ്ടുവിരൽ ചേർത്ത് കുരിശുണ്ടാക്കി കുഞ്ഞന്നാമ്മ കാണിച്ചുകൊടുത്തു,പള്ളിയിൽ പോയതാണ് എന്ന് അർത്ഥം. ചിരിച്ചുകൊണ്ട് സായിപ്പ് എന്തോ പറഞ്ഞു,ജീപ്പിൽ ചാടിക്കയറി ഓടിച്ചുപോയി.
എന്താണ് സംഭവിച്ചത് എന്നും പെട്ടിക്കുള്ളിൽ എന്തിനാണ് സായിപ്പു തല ഒളിപ്പിച്ചു വച്ചത് എന്നും കുഞ്ഞന്നാമ്മക്ക് മനസ്സിലായില്ല.കുഞ്ഞന്നാമ്മ നടന്നത് എല്ലാം സവിസ്തരം വീട്ടിൽ വന്ന് ചേടത്തിമാരോടും അനിയത്തിമാരോടും പറഞ്ഞെങ്കിലും ആരും അത് കാര്യമാക്കിയില്ല.
അനിയൻ്റെ ഭാര്യമാത്രം പറഞ്ഞു,”ഇപ്പോൾ സായിപ്പന്മാർ ഒരു മെഷീൻ കണ്ടുപിടിച്ചിട്ടുണ്ട്.അതിനുള്ളിൽ ക്കൂടി നോക്കിയാൽ മനുഷ്യരെ തുണിയുടുക്കാത്ത രീതിയിൽ കാണാം”.
അതുകേട്ടതോടുകൂടി പിന്നെ കുഞ്ഞന്നാമ്മ ആരോടും ഈ വിഷയം ചർച്ച ചെയ്തില്ല.
“എല്ലാത്തിനും അസൂയയാ.”തന്നത്താൻ പറഞ്ഞു.
ആറുമാസം കഴിഞ്ഞു പോയി ,കുഞ്ഞന്നാമ്മ ആ സംഭവം മറന്നുകഴിഞ്ഞിരുന്നു.
ഒരു ദിവസം പതിവുപോലെ പള്ളിയിൽ പോയി നൊവേനയും കഴിഞ്ഞു വരുമ്പോൾ പള്ളിയിലെ അച്ചൻ വിളിച്ചു.”കുഞ്ഞന്നാമ്മ ഒന്ന് പള്ളിമുറിയിലേക്ക് വരൂ.”
അച്ചൻ ഒരു തടിച്ച കവർ കൊണ്ടുവന്ന് ചിരിച്ചുകൊണ്ട് അത് തുറന്ന് കാണിച്ചു കൊടുത്തു. അതിൽ കുഞ്ഞന്നാമ്മയുടെ പല പോസിലുള്ള ഏതാനും ഫോട്ടോകൾ ആയിരുന്നു.കുഞ്ഞന്നാമ്മക്ക് കൊടുക്കാൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പള്ളിയുടെ അഡ്രസിൽ അയച്ചുകൊടുത്തതായിരുന്നു ആ ഫോട്ടോകൾ.
കുഞ്ഞന്നാമ്മക്ക് സന്തോഷം അടക്കുവാനായില്ല,എങ്കിലും ആരോടും ഈ വിവരം പറഞ്ഞില്ല.
“എല്ലാത്തിനും മുഴുത്ത അസൂയയാണ്.വെറുതെ എന്തിന് നാണംകെടണം?”
ഒരു നിധി കിട്ടിയ പോലെ ആ ഫോട്ടോകൾ കുഞ്ഞന്നാമ്മ തനിക്ക് സ്ത്രീധനമായി കിട്ടിയ കാലിപ്പെട്ടിയിൽ ഒരു തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചു വച്ചു.
കാലമേറെ കടന്നു പോയി.
കുഞ്ഞന്നാമ്മ ഒഴിച്ച് എല്ലാവരും ആ ഫോട്ടോയുടെ കാര്യം മറന്നുകഴിഞ്ഞിരുന്നു.
ആരും അറിയാതെ ഇടക്കിടക്ക് കുഞ്ഞന്നാമ്മ കാലിപ്പെട്ടി തുറന്ന് ആ ഫോട്ടോകൾ എടുത്തുനോക്കും.
അമ്മ ആയിരുന്ന കുഞ്ഞന്നാമ്മ വല്യമ്മയായി.
മക്കളും മക്കളുടെ മക്കളും എല്ലാം ആയി എല്ലാവരുടേയും അമ്മച്ചിയായി കുഞ്ഞന്നാമ്മ ഭരണം നടത്തിപ്പോന്നു.
കുഞ്ഞന്നാമ്മയുടെ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അന്തോണിയുടെ മകൻ സണ്ണിക്കുട്ടിക്ക് ലണ്ടനിൽ ജോലി കിട്ടി.
കുഞ്ഞന്നാമ്മയ്ക്ക് കൊച്ചുമക്കളിൽ ഏറ്റവും ഇഷ്ടം സണ്ണിക്കുട്ടിയോടായിരുന്നു. ആയിടക്കാണ് സണ്ണിക്കുട്ടി ചെരുവിൽ വർക്കിയുടെ മകൾ സെലീനാമ്മയുമായി പ്രണയത്തിലാണ് എന്നറിയുന്നത്.അതി സുന്ദരിയായിരുന്നു സെലീനാമ്മ,എങ്കിലും സണ്ണിക്കുട്ടിയുടെ അപ്പനും അമ്മയ്ക്കും ആ ബന്ധത്തിൽ താൽപര്യം ഇല്ലായിരുന്നു.
“ആരെങ്കിലും കൊത്തികൊണ്ടുപോകുന്നതിന് മുമ്പ് വിളിച്ചോണ്ട് വാടാ ആ പെങ്കൊച്ചിനെ “,എന്നതായിരുന്നു കുഞ്ഞന്നാമ്മയുടെ പ്രതികരണം.
പിന്നെ ആരും എതിരുപറഞ്ഞില്ല.
കുഞ്ഞന്നാമ്മ ആരും കേൾക്കാതെ സണ്ണികുട്ടിയോട് ആ ഫോട്ടോയുടെ കഥയും ചരിത്രവും പറഞ്ഞു .അവൻ ആ കഥകൾ കേട്ട് വായും തുറന്ന് ഇരുന്നുപോയി.
“നീ ബ്രിട്ടോ സായിപ്പിനെ കണ്ടാൽ എൻ്റെ അന്വേഷണം പറയണം.”
അവനെ പെട്ടി തുറന്നു സൂക്ഷിച്ചു വച്ചിരുന്ന ഫോട്ടോകൾ കാണിച്ചുകൊടുത്തു.അവന് അതൊരു പുതിയ അറിവായിരുന്നു.എഴുപതു വർഷം പഴക്കമുള്ള ആ ഫോട്ടോകൾ യാതൊരു കേടും കൂടാതെ ഇരിക്കുന്നു.
ഫോട്ടോ നോക്കി സണ്ണിക്കുട്ടി പറഞ്ഞു,”വല്യമ്മച്ചി അന്ന് എന്ത് സുന്ദരിയായിരുന്നു?.വല്യമ്മച്ചിയുടെ സൗന്ദര്യം മക്കൾ ആർക്കും കിട്ടിയില്ലല്ലോ ?”
അതുകേട്ട് കുഞ്ഞന്നാമ്മയുടെ മുഖം പ്രകാശിച്ചു.സണ്ണിക്കുട്ടി ആ ഫോട്ടോയുടെ കവറിൽ എഴുതിയിരുന്ന അഡ്രസ്സ് നോക്കി,ജെയിംസ് ബ്രിട്ടോ ഗ്രാൻറ് റോഡ് 4 പോർട്ട്സ് മൗത്.
എഴുപത് വർഷം മുൻപുള്ള കാര്യമാണ്,വല്യമ്മച്ചിക്ക് ഇപ്പൾ തൊണ്ണൂറ്റിരണ്ട് വയസ്സായിരിക്കുന്നു.ഭൂതകാല സ്വപ്നങ്ങളും ഓർമകളുമായി വല്യമ്മച്ചി ജീവിക്കുന്നു.
ഫോട്ടോ കണ്ട്, കുഞ്ഞന്നാമ്മ പറഞ്ഞത് ബോധ്യപ്പെട്ടെങ്കിലും അവൻ അത് കാര്യമായി എടുത്തില്ല.
ഇനി അവൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുമ്പോൾ തീർച്ചയായും ബ്രിട്ടോ സായിപ്പിനെക്കുറിച്ചു അന്വേഷിക്കും എന്നുതന്നെ കുഞ്ഞന്നാമ്മ കരുതി.
സണ്ണിക്കുട്ടി ഭാര്യയുമൊന്നിച്ചു ലണ്ടനിലെ നാഷണൽ മ്യൂസിയത്തിൽ ചുറ്റിനടക്കുമ്പോഴാണ് ആ ഫോട്ടോ അവൻ്റെ കണ്ണിൽ പെടുന്നത് .
“ദേ , നമ്മുടെ വല്യമ്മച്ചി ” അവൻ വിളിച്ചുകൂകി .അതെ അത് കുഞ്ഞന്നാമ്മയുടെ ഫോട്ടോ തന്നെ ആയിരുന്നു.എ ട്രാവൻകൂർ വുമൺ ഇൻ ട്രഡീഷണൽ ഡ്രസ്സ്( A travancore woman in traditional dress )എന്ന് അതിനടിയിൽ എഴുതിവച്ചിരിക്കുന്നു.
അതെ അത് വല്യമ്മച്ചി തന്നെ.
ലണ്ടനിൽ നിന്നും കൊച്ചു മകൻ സണ്ണിക്കുട്ടി അവധിക്ക് വരുന്നു എന്നറിഞ്ഞപ്പോഴേ കുഞ്ഞന്നാമ്മക്കു ആവേശമായി.അവൻ ബ്രിട്ടോ സായിപ്പിനെ കണ്ടിട്ടുണ്ടായിരിക്കും.തന്നെക്കുറിച്ച് സായിപ്പ് അന്വേഷിച്ചിട്ടുണ്ടാകും,എന്നെല്ലാം മനസ്സിൽ സ്വപ്നങ്ങൾ നെയ്തുകൊണ്ടിരുന്നു.
കുഞ്ഞന്നാമ്മയുടെ ഉത്സാഹവും സന്തോഷവും എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
“തൊണ്ണൂറ്റിരണ്ട്‍ വയസ്സായില്ലേ, അമ്മക്ക് നല്ല ബോധം ഇല്ലാതായി,നമ്മൾക്ക് ഒരു ഹോം നഴ്സിനെ വയ്ക്കാം, എപ്പോഴും ഒരാളുടെ ശ്രദ്ധ വേണം.”മകൻ്റെ ഭാര്യ പറഞ്ഞു.
അത് എല്ലാവർക്കും സമ്മതമായിരുന്നു.
സണ്ണിക്കുട്ടി വരുന്നതും കാത്തിരുന്നു കുഞ്ഞന്നാമ്മ.
കുഞ്ഞന്നാമ്മ ഹോം നഴ്‌സിനോട് പറഞ്ഞു,” നീ ആ പെട്ടി ഒന്ന് തുറക്ക്.”
അവൾ പെട്ടി തുറന്നു.അതിൽ ഒരു പഴയ ടർക്കി തൂവാലയിൽ എന്തോ പൊതിഞ്ഞു വച്ചിരുന്നു.
“അതിങ്ങെടുക്ക്”.
അവർ പൊതി എടുത്തുകൊടുത്തു.ആ പൊതിയഴിച്ചു കുഞ്ഞന്നാമ്മ കുറേനേരം ആ ഫോട്ടോകളിൽ തന്നെ നോക്കിയിരുന്നു.ശല്യപ്പെടുത്തണ്ട എന്നു വിചാരിച്ചു ഹോം നഴ്സസ് പുറത്തേക്ക് പോയി.
സണ്ണിക്കുട്ടി കാറിൽ നിന്നും ഇറങ്ങി ആദ്യം പോയത് വല്യമ്മച്ചിയുടെ മുറിയിലേക്കാണ് .ബ്രിട്ടോ സായിപ്പ് എടുത്ത കുഞ്ഞന്നാമ്മച്ചിയുടെ ഫോട്ടോ കണ്ടത് അമ്മച്ചിയെ അറിയിക്കണം.
വാതിൽക്കൽ എത്തിയപ്പോഴേ അവൻ വിളിച്ചു,” വല്യമ്മച്ചി വല്യമ്മച്ചി.”
വാതിലിന് എതിർ വശത്തേക്ക് തിരിഞ്ഞു തുറന്നുകിടക്കുന്ന ജനാലയിൽകൂടി പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു വല്യമ്മച്ചി.
അവൻ അടുത്തുചെന്നു.”വല്യമ്മച്ചി ഇത് ഞാനാ സണ്ണിക്കുട്ടി”
വല്യമ്മച്ചി ഉറങ്ങുകയാണ്.ഉറങ്ങുന്ന വല്യമ്മച്ചിയുടെ അടുത്ത് തുറന്നുകിടന്നിരുന്ന ആ തുണി കെട്ട് സണ്ണിക്കുട്ടി കയ്യിൽ എടുത്തു. അതിൽ ബ്രിട്ടോ സായിപ്പ് എടുത്ത വല്യമ്മച്ചിയുടെ ഫോട്ടോകൾ ആയിരുന്നു.
അവൻ പതുക്കെ കുലുക്കി വിളിച്ചു “കുഞ്ഞന്നമ്മേ,ഇത് ഞാനാ സണ്ണിക്കുട്ടി എഴുന്നേൽക്ക്.”
സണ്ണിക്കുട്ടിയുടെ കയ്യിലെ ആ കടലാസുകെട്ടിൽ നിന്നും കുറെ ഫോട്ടോകൾ താഴേക്ക് വീണു.അവൻ അത് പെറുക്കി എടുക്കുമ്പോൾ ഫോട്ടോകളുടെ കൂട്ടത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു സായിപ്പിൻ്റെ ചിത്രം.
അത് വല്യമ്മച്ചി അവനെ കാണിച്ചിരുന്നില്ല,അതിൻ്റെ യാതൊരു സൂചനയും കൊടുത്തിരുന്നുമില്ല .
അത് ജെയിംസ് ബ്രിട്ടോ എന്ന സായിപ്പ് ആയിരിക്കും.ഫോട്ടോയുടെ കൂടെ ഏതാനും പോസ്റ്റ് ചെയ്യാത്ത കത്തുകൾ ,എല്ലാം കുഞ്ഞന്നാമ്മ ബ്രിട്ടോ സായിപ്പിന് എഴുതിയതാണ്.
സണ്ണിക്കുട്ടി വിളിച്ചു,”കുഞ്ഞന്നമ്മേ,കൊച്ചുകളളി,എഴുന്നേൽക്ക് ബ്രിട്ടോ സായിപ്പിൻ്റെ വിശേഷങ്ങൾ അറിയണ്ടേ?”
കുഞ്ഞന്നാമ്മ മറുപടി ഒന്നും പറഞ്ഞില്ല. സംശയത്തോടെ സണ്ണിക്കുട്ടി വിളിച്ചു .”വല്യമ്മച്ചി…………………”
ശബ്ദം കേട്ട് ഓടിവന്ന ഹോം നഴ്‌സ് കുഞ്ഞന്നാമ്മയുടെ പൾസ് പിടിച്ചുനോക്കി.
നിശബ്ദതയുടെ തണുത്ത നിഴലുകൾ ആ ചിത്രങ്ങളെ ചേർത്തുപിടിച്ചു.
അജ്ഞാതവും അവ്യക്തവുമായ സ്നേഹത്തിൻ്റെ നിഴലുകൾ അവരെ പൊതിഞ്ഞു..
About The Author
No related posts.