ഗേറ്റിനു പുറത്തു ലഭിക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി അവൻ കാത്തു നിന്നു.
ഗേറ്റിനുള്ളിൽ അവനെ നോക്കി കുരക്കുന്ന അവന്റെ വർഗ്ഗത്തിൽ തന്നെയുള്ള ഫോറിൻ ബ്രീടിനെ നോക്കി അവൻ നെടുവീർപ്പിട്ടു. സിംഹ കുട്ടിയെ പോലെ വരാന്തയിൽ അവന്റെ ഇരിപ്പു കണ്ടിട്ട് തേല്ലൊരസൂയ തോന്നി. ബാക്കി വരുന്ന ഭക്ഷണങ്ങൾക്കു വേണ്ടി കാത്തു നിൽക്കുമ്പോൾ അവൻ എന്നും സ്വപ്നം കണ്ടു. ഗേറ്റിനുള്ളിൽ അവന്റെ ഒരു ദിവസം.
പ്രൗഠിയോടെ അകത്തു നിൽക്കുന്ന അവനെ തന്നെ അവൻ കണ്ടു.
വളരെ ചെറുപ്പം തൊട്ടേ ഈ വീട്ടിൽ നിന്നും ഭക്ഷണം കിട്ടി തുടങ്ങിയതാണ്.
വിശപ്പടക്കാൻ അതല്ലാതെ ഒരു മാർഗ്ഗവുമില്ല.അകത്തുള്ളവന്റെ ഭാവം കണ്ടാൽ ഇങ്ങോട്ടുള്ള വരവ് ഇനി വേണ്ട എന്ന് തോന്നും.
പിഴപിടിച്ച തന്റെ കൂട്ടുകാരുടെ പ്രവൃത്തി ദോഷം ആണ് തന്നെ പോലുള്ളവരെ അകറ്റി നിർത്താൻ അവരെ പ്രേരിപ്പിച്ചത്.നാട്ടുകാരെ മുഴുവൻ തോന്നിയ പോലെ കടിച്ചു പറിച്ചാൽ പിന്നെ ആരെങ്കിലും അടുപ്പിക്കുമോ.തെരുവു നായ എന്ന പരിഗണന പോലും കിട്ടാത്തത് അതുകൊണ്ട് തന്നെ. തന്റെ ഭാഗത്തു നിന്നും ഇതു വരെ വേണ്ടാത്തതൊന്നും ഉണ്ടാകാത്തതു കൊണ്ട് ഈ വീട്ടുകാർക്ക് തന്നോട് നല്ല മതിപ്പാണ്. ഇതൊക്കെയാണെങ്കിലും എന്റെയും അകത്തുള്ളവന്റെയും ഇടയിൽ ഒരു സൗഹൃദം രൂപം കൊണ്ടു.
ഞങ്ങളുടേതായ ഭാഷയിൽ പലതും സംസാരിച്ചു.
ഗേറ്റിന്റെ അഴികൾക്കിടക്കൂടെ ചിലപ്പോൾ അകത്തുള്ളവൻ കയ്യും തലയും പുറത്തിട്ടു സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്.
വീട്ടുകാരുടെ ശകാരം അവനെ പിന്തിരിപ്പിക്കും. പിന്നെ കാണാം എന്നു രഹസ്യമായി മൊഴിഞ്ഞു അവൻ സ്ഥലം വിടും.
അങ്ങനെയിരിക്കെ അകത്തുള്ളവൻ രണ്ടു ദിവസമായി പുറത്തിറങ്ങുന്നില്ല.സുഖ സൗകര്യങ്ങൾ കൂടി അവനു അസുഖം പിടിപെട്ടു കാണും. ഒന്നും കഴിക്കാൻ തോന്നിയില്ല. അവനെന്തു പറ്റിയെന്നു ചിന്തിച്ചിരിക്കുമ്പോൾ വീട്ടുകാർ പറയുന്നത് കേട്ടു. മൂന്നു ദിവസമായി അവൻ ഭക്ഷണം കഴിക്കുന്നില്ല. ശബ്ദവും ഇല്ല. പുറത്തു നിന്നു ശ്വാന ഭാഷയിൽ എന്തു പറ്റിയെന്നു ചോദിച്ചു. അവന്റെ മറുപടിയും കിട്ടി. തളർന്ന ഒരു കുരക്കൽ. വീണ്ടും വീണ്ടും ഇതാവർത്തിച്ചു.
വീട്ടുകാർ അതാ ഗേറ്റ് തുറന്ന് ഗേറ്റിനുള്ളിൽ തനിക്കുള്ള ഭക്ഷണം വെച്ചു കഴിച്ചോടാ എന്നു പറയുന്നു. അകത്തേക്കുള്ള ആദ്യത്തെ ചവിട്ടുപടി.
ഡോഗ് ഫുഡ് ആണ് പാത്രത്തിൽ. അടക്കാനാവാത്ത സന്തോഷം തോന്നി. സ്വപ്നം യാഥാർഥ്യമാകുന്നു. വീണ്ടും നീട്ടിയൊരു കുര. മറുപടി പോലെ അവനും.
അവൻ എന്തായാലും ഉഷാറായി. അടുത്തു വന്നപ്പോൾ മൗനമായി ചോദിച്ചു ഇതൊക്കെ എന്നെ അകത്തേക്ക് കേറ്റുവാനുള്ള നിന്റെ ബുദ്ധിയാണ് അല്ലേ.
പുതിയതായി വാങ്ങിയ കൂട്ടിൽ താൻ അടക്കപ്പെട്ടു. ഇവനാണെങ്കിൽ നന്നായി കുരക്കും. വീട്ടുകാരുടെ അഭിപ്രായം.
ആദ്യം തോന്നിയ അഭിമാനം ദിവസം ചെല്ലുന്തോറും ഇല്ലാതെ ആയി. ബന്ധനാവസ്ഥ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതിലും ഭേദം തെരുവ് തന്നെ. നീ അനുഭവിച്ചോ എന്ന മട്ടിൽ ഫോറിൻ ബ്രീഡ് എന്നെ ഒരു നോട്ടം.
തല താഴ്ത്തി കൂട്ടിൽ ഇരുന്ന് ആലോചിച്ചു. ഒരു സ്വപ്നസാക്ഷാത്കാരത്തിനു ഇങ്ങനെ ഒരന്ത്യമോ.