LIMA WORLD LIBRARY

കനകകതിരുകൾ വിതറുന്ന ദേവാലയം – കാരൂർ സോമൻ

ലോകപ്രസിദ്ധമായ ധാരാളം ദേവാലങ്ങൾ നമ്മെ തൊട്ടു തലോടി നിൽക്കാനുള്ള പ്രധാന കാരണം അവിടെ കുറെ ചരിത്രയാഥാർഥ്യങ്ങൾ തളം കെട്ടികിടക്കുന്നതുകൊണ്ടാണ്. അതെല്ലാം തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്. അതിൽ ചില ദേവാലയങ്ങൾ കനകത്തെപോലെ തിളങ്ങുന്ന കാരണം ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ദൈവിക ശക്തി ഒരു വിശ്വാസിയുടെ  മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്  ആ കാഴ്ച്ച എത്ര ചാരിതാർത്ഥ്യ൦ നൽകുന്നതും  ആനന്ദാശ്രു നിറഞ്ഞതുമെന്ന് മനസ്സിലാകുന്നത്.  അതുപോലുള്ള അത്ഭുതക്കാഴ്ച  മനുഷ്യർ പണി തീർത്ത നിറം  ചാർത്തിയ പ്രതിമകളിലും അവർ മെനഞ്ഞെടുത്തു ഉരുവിടുന്ന ആചാരങ്ങളിലും ലഭിക്കില്ല.    ആ ദിവ്യ ദൃഷ്ടിയുടെ വെളിപ്പെടുത്തലുകൾ  നടന്നത് പാരീസ് നഗരത്തിന്റ മാറിടത്തിൽ സ്ഥിതി ചെയുന്ന ചാപ്പൽ ഓഫ് ഔർ ലേഡി ഓഫ് ദി മിറാക്കുലസ് മെഡൽ ദേവാലയമാണ്. ഹോട്ടൽ മറിയാസ് ഗ്രാൻഡ്‌സ് പ്രീമിയർ ഹോട്ടലിൽ നിന്നും യൂബർ ടാക്സിയിലാണ് ഞാനും കുടുംബത്തിലുള്ളവരും ആ ദേവാലയത്തിലെത്തുന്നത്.  അപ്പോൾ പതിനൊന്നു മണിക്കുള്ള കുർബാന നടക്കുകയാണ്. യൂറോപ്പിന്റ പല ഭാഗത്തുനിന്ന്ള്ളവർ അവിടെയുണ്ടായിരുന്നു.

അതിമനോഹരമായ ദേവാലയത്തിന്റ അൾത്താരയിൽ മെഴുകുതിരികൾ എരിയുന്നു. ആകാശപ്പൊയ്കയിൽ വിടർന്നു നിൽക്കുന്ന നക്ഷത്രങ്ങളെപോലെ ദേവാലയത്തിന്റ ഓരോ തൂണിലും പ്രകാശം തിളങ്ങി നില്കുന്നു. ഗായകരുടെ മധുരഗാനങ്ങൾ ഒരു കുളിർകാറ്റുപോലെ എല്ലാവരെയും തഴുകിയുണർത്തുന്നു. മുകളിലെ നിലയിലും താഴെയുമായി ആയിരത്തിലധികം ആരാധകർക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. ഇരിപ്പിടം കിട്ടാതെ ആരാധകർ ഏറ്റവും പിറകിലായി നില്കുന്നു. അവരിൽ പ്രായമായവരെ ഒരു കറുത്ത വർഗ്ഗക്കാരൻ ആദരവോടെ വിളിച്ചുകൊണ്ടുപോയി മുന്നിലിരുത്തുന്നു. ബ്രിട്ടനിലും അമേരിക്കയിലും ആരാധകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇത്രമാത്രം ജനപ്പെരുപ്പം എന്തെന്നു ഞാൻ ഒരു നിമിഷം ഓർത്തു നിന്നു. പുരോഹിതരായിട്ടുള്ള അഞ്ചുപേരിൽ പ്രായമായ ഒരു  ഫ്രഞ്ചുകാരനും മറ്റുള്ളവർ കറുത്ത, ഇരുനിറത്തിലുള്ളവരാണ്.  കന്യാസ്ത്രീകളും വിവിധ നിരത്തിലുള്ളവരാണ്. അതിൽ മലയാളിയായ കോഴിക്കോട്ടുകാരി സിസ്റ്റർ തെരേസയുമുണ്ട്. ഞാൻ പരിചപ്പെടുന്നത് അവിടുത്തെ പുസ്തകശാലയിൽ വെച്ചാണ്.  അതിനുള്ളിൽ വരുന്നവരെല്ലാം ആദ്യ൦ തലകുനിച്ചു കുരിശുവരച്ചിട്ടാണ് ഇരിപ്പിടങ്ങളിലേക് പോകുന്നത്. യൂറോപ്പിലെ പല പ്രമുഖ ദേവാലങ്ങളിലും ഞാൻ കണ്ടിടുള്ളത് ബലിപീഠങ്ങളിൽ പ്രമുഖ സ്ഥാനം യേശുവിനാണ്. അതിൽ നിന്നും വ്യത്യസ്തമായി ബലിപീഠത്തിന്റ ഹ്രദയഭാഗത്തു ഉദയപർവ്വതത്തിൽ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തിളങ്ങി നിൽക്കുന്ന വിശുദ്ധകന്യാമറിയത്തിന്റ മാർബിൾ പ്രതിമയാണ്. അതിന് താഴെയിട്ടാണ് യേശുവിന്റ ക്രൂശ്ശിതരൂപം. ആ ദേവാലയത്തിന്റ അഗാധതയിലേക്കു ഞാനും ഇറങ്ങി ചെന്നു.

ലോകപ്രസ്തമായ ഫ്രാൻസിലെ ലൂർദ്ദിൽ ബെർണരുതു് എന്ന പെൺകുട്ടിക് രോഗശാന്തിക്കായി പതിനാലു വയസ്സുള്ളപ്പോഴാണ് പരിശുദ്ധ കന്യാമറിയ൦ പ്രത്യക്ഷപ്പെട്ടത്. ഇവിടെ കാതറിൻ ലേബെറെ എന്ന ഒൻപത് വയസ്സുകാരിക് തൻ്റെ അമ്മ നാല്പത്തിരണ്ടാമെത്തെ വയസ്സിൽ പത്തു മക്കളെ പിരിഞ്ഞു മരണത്തിന് കിഴ്‌പ്പെടുമ്പോൾ കാതറിൻ കന്യാമറിയത്തിന്റ  ചിറകിൻ കിഴിൽ അഭയം പ്രാപിച്ചു.  ഒരമ്മയുടെ തലോടലിനായി അവൾ പരിശുദ്ധ അമ്മയോട്  നിത്യവും കണ്ണുനീരോട് പ്രാർത്ഥിച്ചു.  ഈറനണിഞ്ഞ നിലവിൽകുളിച്ചു നിന്ന ഒരു രാത്രിയിൽ 18 ജൂലൈ 1830 ന് താൻ നിദ്രകൊണ്ടിരിന്ന  മുറിക്കുള്ളിൽ ആരോ വിളിക്കുന്ന ശബ്‌ദം കെട്ടവൾ കണ്ണു തുറന്നു നോക്കി. ഇരുട്ട് പരന്നിരുന്ന മുറിക്കുള്ളിൽ ചക്രവാളത്തിലുദിച്ചുയർന്നപോലെ ഒരു പൈതൽ നില്കുന്നു. ഉള്ളിൽ ഉത്കണ്ഠയും കണ്ണുകളിൽ ഭയവും നിറഞ്ഞു. പെട്ടെന്ന് ആ കുട്ടി വിനീതഭാവത്തിലറിയിച്ചു. കാതറിൻ പേടിക്കേണ്ട. എന്റ ഒപ്പം വരിക. നീ ആഗ്രഹിക്കുന്ന നിന്റ പരിശുദ്ധ അമ്മ നിന്നെ കാത്തു ദേവാലയത്തിലിരിക്കുന്നു. പൈതൽ തൻറെ നിയോഗം വെളിപ്പെടുത്തി. അവൾ ചാടിയെഴുന്നേറ്റു. മനസ്സു നിറയെ സന്തോഷവുമായി  കതക്‌തുറന്നു അമ്മയെ ദർശിക്കാനായി പൈതലിനൊപ്പം പാരിസിന്റ് പൂനിലാവിലൂടെയോടി. ദിർഘനിശ്വാസത്തോടെ ദേവാലയത്തിനുള്ളിൽ പ്രവേശിച്ചു. ചന്ദ്രൻ ഉദിച്ചുനിൽക്കുംപോലെ മന്ദഹാസപ്രഭയുമായി നിൽക്കുന്ന പരിശുദ്ധ അമ്മയെ കണ്ടു. അവളുടെ കണ്ണുകൾ, കവിൾത്തടങ്ങൾ രക്തവർണ്ണം പോലെയായി. അടുത്തെത്തി വണങ്ങി. മാതൃസഹജമായ വാത്സല്യത്തോടെ അവളെ തലോടിയിട്ടു പറഞ്ഞു.  “മകളെ നിന്റ പ്രാർത്ഥന ഞാൻ കേട്ടു. നിന്റ കണ്ണുനീരുപോലെ എന്റ കണ്ണുകൾ സദാസമയവും നിന്റ മേൽ ഉണ്ടായിരിക്കും. പ്രസാദവരങ്ങൾ നിന്നിലേക് ഞാനൊഴുക്കും. എന്നോട് അപേക്ഷിക്കുന്നവരെ ഞാൻ നിരാശപ്പെടുത്തുകയില്ല. ദൈവത്തിനു ഒരുപാട് കാര്യങ്ങൾ നിന്നിലൂടെ ചെയ്ത് തീർക്കാനുണ്ട്. പ്രയാസങ്ങൾ നിന്നെ വലയം ചെയ്യും. നീ പ്രത്യാശ കൈവിടാതെ ദൈവത്തിൽ അഭയം പ്രാപിക്കുക. ഫ്രാൻ‌സിൽ വിപ്ലവും കലാപവും രോഗവും ദുഖവും മാത്രമല്ല വൃവസ്ഥിതികളും മാറിമറിയും. മത പീഡകർ ദൈവത്തിന്റ മക്കളെ കൊല്ലും. നിരാശപ്പെടാതെ വിശ്വാസത്തോടെ പ്രാർത്ഥിക്കുക”.  അവൾക് നന്മകൾ നേര്ന്നുകൊണ്ടു സ്വർഗ്ഗിയ പ്രഭയിൽ മറയുമ്പോൾ അന്യാദർശമായ ആ ദിവ്യ തേജസ്സ് അവിടെമാകെ സൂര്യരശ്മികൾ പോലെ നിറഞ്ഞു നിന്നു.

പ്രാർത്ഥനയിലും ധാന്യത്തിലും മുഴുകി ജീവിച്ച കാതറിന് 27 നവംബർ 1830 നും മാതാവ് ധാന്യത്തിൽ പലതും വെളിപ്പെടുത്തികൊടുത്തു.  അന്ന് കുരിശോടുകൂടിയ  യേശുവിന്റ മുൾമുടിയണിഞ്ഞ തിരു ഹൃദയവും മാതാവിന്റ വിമല ഹൃദയവും കണ്ടു. അതിനു ചുറ്റുമായി ധാരാളം നക്ഷത്രങ്ങളും പ്രത്യക്ഷമായി. അത് “എം” എന്ന അക്ഷരത്തിന്റ മാതൃകയിലായിരിന്നു. എം എന്നത് മേരിയെ സൂചിപ്പിക്കുന്നു. കാതറിന്റ സ്വഭാവത്തിൽ കണ്ടിരുന്ന ഒരു പ്രത്യകത മാതാവുമായുള്ള കുടിക്കാഴ്ച്ചകൾ ആരോടും പങ്കുവെക്കില്ലായിരുന്നു. മാതാവിന്റ അനുവാദത്തോടെ ഒരു ദിവസം അവൾ പള്ളി വികാരിയായിരുന്ന ഫാദർ അലടെലിനോട് മാതാവിന്റ പേരുമായി ബന്ധപ്പെട്ട എം എന്ന അക്ഷരത്തെപ്പറ്റി സംസാരിച്ചു. എല്ലാം മനസ്സിലാക്കിയ ഫാദർ പറഞ്ഞു. മാതാവ് നിനക്ക് തന്ന അനുഗ്രഹ-പ്രസാദവരമാണത്.  1832 ൽ പാരിസിലെ ആർച്ചു ബിഷപ്പ് മാതാവിന്റ സമ്മാനമായ കാശുരൂപം നിർമിക്കാനും അത് കഴുത്തിലണിയാനും വിശ്വാസികൾക് അനുവാദം കൊടുത്തു. അങ്ങനെ കാതറിൻ അമലോൽഭവയായി ലോകമറിഞ്ഞു. കാലാന്തരത്തിൽ അത് അമലോൽസവകാശുരൂപം എന്ന പേരിൽ അറിയപ്പെട്ടു. മാതാവ് ആദ്യദർശനത്തിൽ പറഞ്ഞതുപോലെ ഫ്രഞ്ച് ജനത കണ്ണീരിലൂടെ കടന്നുതുടങ്ങി. ആ കാലത്താണ്  രോഗത്താൽ 20,000 തിലധികം മനുഷ്യർക് പ്ലെഗും, കോളറയും ബാധിച്ചു ജീവൻ നഷ്ടപ്പെട്ടത്.  വിശുദ്ധ വിൻസെന്റ് ഡി.പോളിന്റ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഫ്രാൻ‌സിൽ ആതുരസേവന രംഗത്ത് മുന്പന്തിയിലായിരിന്നു. അവർ ജനങ്ങൾക് കാശുരൂപം നൽകി പരിശുദ്ധ അമ്മയോട് നിരന്തരം പ്രാർത്ഥിക്കാൻ നിർദേശം നൽകി. കാശുരൂപം കഴുത്തിലണിഞ്ഞവർ മാത്രമല്ല മുടന്തർ നടക്കുകയും കുരുടൻ കാഴചയുള്ളവരായി മാറുകയും ചെയ്തു.

 

ഒരു സാധാരണ കൃഷികുടുംബത്തിൽ ഫെയിൻ ലെസ് മൗണ്ടിയേഴ്സിൽ മെയ് 2, 1806 ലാണ് പത്തു മക്കളിൽ ഒരുവളായി മിസ്റ്റർ ലബോറിയുടേയും ലൂയിസ് ഗോൺടാർഡിന്റയും മകളായി കാതറിൻ ജനിച്ചത്. 1818 ൽ കാതറിൻ ആദ്യ കുർബാന കൈകൊള്ളുന്നതും ഈ ദേവാലയത്തിൽവെച്ചാണ്. മൂത്ത സഹോദരി മാരി ലൂയിസ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയിൽ കന്യാസ്ത്രീയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് പിതാവിനോട് കാതറിൻ ആതുരസേവന രംഗത്ത് കടന്നുവരുന്ന കാര്യ൦ പറയുന്നത്. പിതാവ് അതിനെ എതിർത്തു. ഒരാൾ സേവനം ചെയ്യുന്നില്ലേ ഇനിയും മറ്റൊരാൾ കുടി പോകേണ്ട എന്നതായിരിന്നു പിതാവിന്റ വാദം.  ഒടുവിൽ അവൾ ആ സത്യ൦ തുറന്നുപറഞ്ഞു. പരിശുദ്ധ അമ്മയുടെ ആഗ്രഹമാണ് ഞാൻ ഈ വേല ചെയ്യണമെന്ന്‌ അല്ലാതെ എന്റ ഇഷ്ടമല്ല. മറ്റുള്ള മക്കളെക്കാൾ ഏറ്റവും കൂടുതൽ മാതാവിനോട് പ്രാർത്ഥിക്കുന്ന മകളുടെ ആഗ്രഹത്തിന് അദ്ദേഹം സമ്മതമരുളി. ചെറുപ്രായത്തിൽ തന്നെ പാരിസിലെ റു. ഡി റീയൂളിലുള്ള ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ വ്യഥസദനത്തിലാണ് 1831 ൽ കാതറിൻ ആതുരസേവന൦ ആരംഭിക്കുന്നത്. തുടർന്നുള്ള എല്ല വേലകളിലും ഒരമ്മയുടെ കാരുണ്യം ജനങ്ങൾ തിരിച്ചറിഞ്ഞു. ഡിസംബർ 31, 1876 കാതറിൻ ഈ ലോകത്തോട് വിട പറഞ്ഞു.  കാതറീന്റ് മരണശേഷം രോഗികൾ സൗഖ്യ൦ പ്രാപിക്കയും പൈശാചിക മനസ്സുള്ള മനുഷ്യർ മനസാന്തരപ്പെടുകയും ചെയ്തു. ജൂലൈ 27, 1947 പോപ്പ് പിയൂസ് ഏഴാമെൻ കാതറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. ദേവാലയത്തിനുള്ളിൽ അൽമാവിന്റ നിശ്വാസവായു ശ്വാസിച്ചുകൊണ്ടിരിക്കെ ഹൃദയാങ്കമായ സ്നേഹമായവായ്‌പ്പോടെ എല്ലാവരും കയ്യസുരി കൊടുത്തു പിരിഞ്ഞു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px