തട്ടാൻ ഷാജി..!!
ഞങ്ങൾക്കുള്ള ഏക ഹിന്ദു സുഹൃത്താണവൻ.
ഓണക്കാലം വന്നാൽ ഞങ്ങളുടെയെല്ലാം ആകെയൊരു പ്രതീക്ഷ അവനിലാണ്..!
ഷാജിയില്ലാത്ത നേരത്ത് ഞങ്ങൾ കൂട്ടുകാരെല്ലാമിരുന്ന് ചർച്ച ചെയ്യും.
“ചെങ്ങായ് …
അന്നോട് സാജി ഓണം പർഞ്ഞീനോ..? “
ഷാനവാസാണ്.
“യില്ലെയ്…!
ഓൻ പറ്യയ്ക്കാരം.
ഓണത്തിന് ഇഞ്ഞൂണ്ടല്ലോ
രണ്ട് മൂന്ന് ദിവസം !!”
അൻവർ.
” ഇഞ്ഞിപ്പെങ്ങാനും
ഓം പറീല്ലേ…?”
എനിക്ക് സംശയം .
“പറ്യാതെ…!
ഞമ്മക്ക് ആകെള്ള ഒര് ഇന്തുച്ചങ്ങായി ഓനല്ലേ ഒള്ളൂ.
ഇജ്ജ് കണ്ടോ.
ഓം യെന്തായാലും പറീം …!”
താജിന് സംശയമൊട്ടുമില്ല.
“പറഞ്ഞാ..മത്യെയ്നു.”
സനോജിൻ്റെ ആത്മഗതം.
“ഓം പറ്യയ് ..
ഇങ്ങള് പേട്ച്ചണ്ട. “
ആശ്വസിപ്പിക്കുന്നത് നജീബാണ്.
അങ്ങനെ ,
കൂട്ടത്തിലെ ഏക ഹിന്ദുവിനെ വിശ്വാസത്തിലെടുത്ത് ആശ്വാസത്തോടെ ഞങ്ങളാ ഓണച്ചർച്ച അവസാനിപ്പിക്കും.
“യെടാ …
സാക്കിറേ
സാൻവാസെ അൻവറേ
നജീബേ താജെ,
മറ്റന്നാളെയ് തിരുവോണാണ്…! അന്ന് ചോറ്,
പെരീന്നാണ് ട്ടോ..
സനോജെ അന്നോടും കൂട്യാട്ടൊ !!”
ഞങ്ങളുടെയെല്ലാം ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ട് ഷാജി മാന്യമായി ഞങ്ങളെ ക്ഷണിക്കും .
ഞങ്ങൾ സന്തോഷത്തോടെ പരസ്പരം നോക്കും.
ഷാജിക്ക് അവന്റെ വീട്ടിൽ നല്ല സ്വാതന്ത്ര്യമാണ്. ഞങ്ങളുടെ എല്ലാവരുടെയും വീട്ടിലുള്ളത് പോലെ “അത് ചെയ്യരുത്
ഇത് ചെയ്യരുത് ” എന്ന വിലക്കുകളൊന്നുമില്ല.
അവന്റെ അമ്മയാണെങ്കിലോ ആരെങ്കിലും വീട്ടിൽ ചെന്നാൽ
” ജീവൻകളഞ്ഞും”
സൽക്കരിക്കും .
ഷാജിയുടെ വീട്ടിലെത്തിയാൽ പിന്നെ മുറ്റത്തിനു ചുറ്റുമുള്ള റബ്ബർ തോട്ടത്തിൽ ഞങ്ങളങ്ങിനെ ചുറ്റിപ്പറ്റി നിൽക്കും.
സദ്യ വിളമ്പാനുള്ള ഒരുക്കങ്ങൾ നോക്കി നല്ല പായസവാസനയും മൂക്കിലേക്ക് വലിച്ചു കയറ്റി കൊതിയോടെയങ്ങിനെ.
“ങാ വെരീം മക്കളേ…
എല്ലരും വെരീം ..
കേറിയിരിക്കീം!”
അവന്റെ അമ്മ ഞങ്ങളെ ക്ഷണിക്കും .
അവൻ്റെ അച്ഛൻ അയ്യപ്പേട്ടൻ,
നടൻ തിലകനെ ഓർമിപ്പിക്കുന്ന രൂപഭാവങ്ങളോടെ ഒരു തോർത്തുമുണ്ടും തോളിലിട്ടു കാര്യങ്ങളെല്ലാം നോക്കി അവിടെയുമിവിടെയുമെല്ലാം ചുറ്റി നടക്കുന്നുണ്ടാവും.
ഞങ്ങളെല്ലാം ഇരുന്ന് കഴിഞ്ഞാൽ പിന്നെ ഇലയിടും .
നാക്ക് ഇടത്തോട്ടാക്കിയാണ് ഇലയിട്ട് തരിക.
ഓണ വിഭവങ്ങൾ
വിളമ്പാനും ഒരു താളമുണ്ട്.
ആദ്യം ഉപ്പ് വിളമ്പും.
പിന്നീട്
കൂട്ടാനുകളുടെ ഘോഷയാത്രയാണ്.
എണ്ണിയാൽ തീരാത്തത്ര ഉപ്പേരികൾ കൂട്ടുകറികൾ മസാലക്കറികൾ.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവ നാക്കിലയുടെ ഇടതു ഭാഗത്ത് വിളമ്പും. പിന്നെ അച്ചാറും ഇഞ്ചിപ്പുളി എന്നിവയും വിളമ്പും.
തോരൻ, കാളൻ, പുളിശ്ശേരി ,അവിയൽ, ഓലൻ എന്നിവ വലതുഭാഗത്താണ് വിളമ്പുക.
പുലർച്ചെ എത്ര നേരത്തെ, എണീറ്റിട്ടാവണം ഇവരീ വിഭവങ്ങളൊക്കെ തയ്യാറാക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് ഞങ്ങൾ.
“യെത്തരങ്ങാനും കൂട്ടാനാ…. ല്ലേ. .!”
ഞങ്ങൾ ആഹ്ളാദത്തോടെ പരസ്പരം പറയും.
സാമ്പാർ..!
അതിന്റെ ആ
“ഹിന്ദു ചുവ.”
അതൊന്ന് വേറെ തന്നെയാണ്..!
അത്രയും രുചി മുസ്ലിം വീടുകളിലുണ്ടാക്കുന്ന സാമ്പാറിനുണ്ടാകാറില്ല
ഇവരിതിലെന്ത് മാന്ത്രികമാണാവോ കാണിക്കുന്നത്.
എന്താ അതിന്റെയൊര് സ്വാദ്.
പിന്നെ, ജീവിതത്തിൽ ഓണക്കാലത്ത് മാത്രം കൂട്ടിയിട്ടുള്ള പല തരം തൊടുകറികളാണ്.
പലതിന്റെയും പേര് ഞങ്ങൾക്കാർക്കു മറിയില്ല.
”സാജ്യേ…..
ഇദെന്ത് കൂട്ടാനാടാ..?”
“അതോ… ?
അദ് ഓലൻ “
“അപ്പൊ.. ഇദോ?”
“അദ് കാളൻ… “
“യിദോടാ..”?
” അദ് എര്ശ്ശേരി..
മറ്റദ് പുൾശ്ശേരി.
ഇദ് പച്ചടി
മറ്റദ് കിച്ചടി.”
ഷാജി എല്ലാത്തിന്റെയും പേര് ഞങ്ങൾക്ക് വിശദീകരിച്ചു തരും .
“യിദപ്പോ എല്ലത്തിൻ്റീം പേര്കള് അങ്ങട്ടും ഇങ്ങട്ടും തിരിച്ചും മർച്ചും ഇട്ടക്ക്വാണ്….ല്ലേ ….?”
എന്നും പറഞ്ഞ് ആ സൗഹൃദ സദ്യ ഞങ്ങൾ ആസ്വദിച്ച് കഴിക്കും.
പിന്നെയാണ്, പഞ്ചാരച്ചാക്ക് ചെരിഞ്ഞ പോലെ മധുര ലോകങ്ങൾ അലിയിച്ചു ചേർത്ത പാൽപായസത്തിന്റെ വരവ്’.
ഞാൻ പറയും .
” ഇച്ച്… ക്ലാസ് … ല് മദീട്ടൊ.”
“ഇച്ചും “അൻവറും നജീബും ഒപ്പം പറയും .
ഷാജിയൊടൊപ്പം
ഷാനവാസും സനോജും പായസം ഇലയിലേക്ക് വിളമ്പും.
എന്നിട്ട് മൈസൂർ പഴവും പപ്പടവും ഉടച്ച്കുഴച്ച് പായസത്തിൽ ചേർക്കും.
എന്നിട്ടതങ്ങ്
വാരിവാരിക്കഴിക്കും .
ഹൊ.. വല്ലാത്ത രുചി തന്നെ…!!
നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന ഞങ്ങൾക്ക് സദ്യ കഴിഞ്ഞാൽ പിന്നെ വളരെ എളുപ്പത്തിൽ എണീക്കാൻ കഴിയാറില്ല.
”ന്നാ… സാജ്യേ.. ഞ്ഞി
ഞങ്ങള് പോയാലോ?”
ഗംഭീരൻ ഓണസ്സദ്യ മൂക്കറ്റം കഴിച്ച്
ഞങ്ങളെല്ലാവരും ഷാജിയോട് യാത്ര പറഞ്ഞിറങ്ങും.
“ന്നാ… അയ്ക്കോട്ടെ..
അങ്ങാടീന്ന് കാണ..!! “
വിഭവസമൃദ്ധമായ ഓണസദ്യ വയറ് നിറയെ കഴിച്ച മയക്കത്തോടെ ഞങ്ങൾ മെല്ലെ അങ്ങാടിയിലേക്ക് നടക്കും.
ഇനി ഷാജി കൂടി വന്നിട്ട് വേണം ബാക്കി ഓണപ്പരിപാടികൾ പ്ലാൻ ചെയ്യാൻ.
ഓണക്കാല ഓർമകൾക്ക്
ഓണനിലാവൊളി പോലെ തന്നെ
എന്തൊരു തെളിച്ചം.!
About The Author
No related posts.