ഷോപ്പിംഗ് കഴിഞ്ഞെത്തിയ നീലിമയെ അച്ഛൻ സൂരജ് പുറത്തു കാത്തുനിന്നിരുന്നു.
പതിവില്ലാതെ എന്താണാവോ
പുറത്തൊരു കാർ പാർക്ക് ചെയ്തിരിക്കുന്നു.
മോഹനും ധനുഷും വന്നിട്ടുണ്ട്.
അവർ റഷ്യൻ ട്രിപ്പിൽ ആയിരുന്നല്ലോ.
നിങ്ങൾ എപ്പോ എത്തി..?
ഇന്നലെ ലാൻഡ് ചെയ്തേയുള്ളു മോളേ. മോഹൻ അങ്കിൾ അതു പറഞ്ഞു പതുക്കെ എഴുന്നേറ്റ് അടുത്തേക്ക് വന്നു.
ധനുഷിന്റെ ഉച്ചത്തിലുള്ള ചിരി..!
.
എപ്പോ എത്തി മംഗൂസേ..?
നീ പോടാ ചിമ്പാൻസി.
ഹായ് മോഹൻ അങ്കിൾ. ഞാൻ പോയി എന്തെങ്കിലും കുടിക്കാൻ എടുക്കാം.
ലല്ലു അതൊക്കെ തന്നു. മോൾ ഇവിടെ ഇരിക്ക്.
നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കണം.
എന്താണാവോ. ധനുഷിന്റെ മടിയിൽ കൈ വെച്ച് അവനോട് ചേർന്നിരുന്നു.
കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്.
മോഹൻ അങ്കിൾ സംഭവത്തിലേക്ക് കടന്നു.
നിങ്ങളെ അങ്ങ് ഒന്നിപ്പിക്കാമെന്ന് വിചാരിക്കുകയാണ് ഞങ്ങൾ.
മോൾ എന്തു പറയുന്നു..?
ഇപ്പോൾ എന്താ ഞങ്ങൾ ഒന്നിച്ചായിരുന്നല്ലോ ഇത്ര നാളും.
അതല്ല ഒരു കയറിട്ടു കുരുക്കിയാലോ എന്നാലോചിക്കുവാ.
പെട്ടന്ന് നീലിമ ധനുഷിന്റെ അടുത്തു നിന്നും കുറച്ചു മാറിയിരുന്നു.
ഇവൻ ഓക്കെയാണ്.
മോളുടെ അഭിപ്രായം അറിഞ്ഞാൽ മതി.
പെട്ടന്ന് നീലിമ ധനുഷിന്റെ കൈ പിടിച്ചിട്ടു പറഞ്ഞു..
നീയൊന്നെണീറ്റു വന്നേ.
അവൾ പുറത്തേക്കുള്ള വാതിലിനു നേരെ തിരിഞ്ഞു.
പുറത്തു നടന്നു കൊണ്ട് അവർ സംസാരിച്ചു. നിന്റെ മനസ്സിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ..?
ഏയ് ഇല്ല. പക്ഷെ നിന്നെ കാണാതിരിക്കുമ്പോൾ ഒരു അസ്വസ്ഥത ഉണ്ട്.
അത് എനിക്കും ഉണ്ട്.
നമ്മൾ വിവാഹിതരായാൽ ഇതു പോലെ മുൻപോട്ടു പോകാൻ പറ്റുമോ..
അറിയില്ല.
നിന്നെ പോലെ എന്നെ മനസ്സിലാക്കാൻ വേറെ ഒരാളുണ്ടാവില്ല ഭൂമിയിൽ..!
അതു തീർച്ച..
എങ്കിലും എങ്ങനെയാടാ നിന്നെ ഞാൻ സഹിക്കുക..?
എന്തായാലും ശരി.. അങ്ങോട്ട് സമ്മതിക്കാം അല്ലേ..
കൈകോർത്തു ചിരിച്ചു വരുന്ന കുട്ടികളെ കണ്ടു അവർ അത്ഭുതത്തോടെ നോക്കി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അവരിൽ.
അവൾക്ക് അവരുടേതായ ചില നിലപാടുകൾ വ്യക്തമാക്കാനുണ്ടായിരുന്നു..
എനിക്ക് താൽപ്പര്യം തോന്നുന്ന എന്തെങ്കിലും ഒന്ന് സ്വന്തമായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അങ്കിൾ.
അതിനെന്താ ഒന്നിനും ആരും ഒരു തടസ്സമാവില്ല.
ഈ കല്യാണം എന്റെ സ്വാതന്ത്ര്യങ്ങൾക്ക് തടസ്സമാകരുത്. അതു കൊണ്ട് പറഞ്ഞതാ.
ഒരിക്കലുമില്ല മോളേ. നിങ്ങൾ സന്തോഷമായിരിക്കണം അത്രേയുള്ളൂ.
എങ്കിൽ നൂറുവട്ടം സമ്മതം..
പെട്ടന്ന് ലല്ലു എന്ന ഓമനപ്പേരുള്ള അമ്മയുടെ ലഞ്ചിന്റെ സ്വാദ് അറിഞ്ഞ് അവർ യാത്രയായി.
രുചിയിൽ അമ്മയെ വെല്ലാൻ ആരുമില്ലെന്ന് തോന്നാറുണ്ട്.
എല്ലാം തനിക്കും പകർന്നു തന്നിട്ടുണ്ട് അമ്മ.
അതിൽ തന്നെ പല പരീക്ഷണങ്ങളും ചെയ്തു നോക്കാറുമുണ്ട്.
വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
അങ്ങനെ ഏറ്റവും വലിയ കൂട്ടുകാരനെ വിവാഹം ചെയ്യാൻ പോകുന്നു.
സംഗതി അറിഞ്ഞിട്ട് ആർക്കും അത്ഭുതം തോന്നിയില്ല.
നിനക്ക് ഇവനല്ലാതെ ആരു യോജിക്കും..?
കൂട്ടുകാർ ഒന്നടങ്കം ഇതു തന്നെ പറഞ്ഞു.
വിവാഹം കഴിഞ്ഞു ഉല്ലാസ യാത്രകളും ഒക്കെയായി ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി.
ഇതിനിടയിൽ ഒരമ്മയായി..!
രുചിഭേദങ്ങളുടെ കലവറ മനസ്സിൽ മായാതെ ഉണ്ടായിരുന്നു എപ്പോളും.
അമ്മയിൽ നിന്നു കിട്ടിയ പാചക കല അവൾ വിവിധ രീതിയിൽ പരീക്ഷിച്ചു.
കൂട്ടുകാരുടെ ഇടയിൽ അവൾ പാചക റാണിയായി.
രാവിലെ രുചികരമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ധനുഷ് ഒരു കാര്യം പറഞ്ഞു. അതു വളരെ സന്തോഷം തരുന്നതായിരുന്നു. എന്റെ കുറച്ചു പരിചയക്കാർ പെൺകുട്ടികളെ നിന്റെ അടുത്തു കുക്കിംഗ് ക്ലാസ്സിനു വേണ്ടി അയക്കാൻ താൽപ്പര്യപ്പെടുന്നു.. നീ റെഡി ആണോ..?
എന്നാലും ക്ലാസ്സ് എന്നൊക്കെ പറയുമ്പോൾ എങ്ങനെ… കുറച്ചു പേടി. എങ്കിലും സമ്മതിച്ചു.
അല്ല..സ്വന്തമായി ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യണമെന്ന് നീയല്ലേ പണ്ടു പറഞ്ഞത്. ഇതിൽ കൂടുതൽ നിനക്കിഷ്ടമുള്ളത് എന്താണ്..?
ശരിയാണ്..
എന്തായാലും നീ സമ്മതിച്ചോ. ചെയ്തു നോക്കാം.
ഒഴിഞ്ഞു കിടന്ന സ്വന്തം ഫ്ലാറ്റിൽ തന്നെ ക്ലാസ്സ് തുടങ്ങാൻ തീരുമാനിച്ചു..
മാസങ്ങൾ കഴിഞ്ഞപ്പോൾ അതൊരു യൂണിവേഴ്സിറ്റി പോലെ ആയി.
അവളുടെ കുക്കിംഗ് ടിപ്സ് നോട്സ് എല്ലാം പലരുടെയും കയ്യിൽ എത്തി. ടീവീ ഷോകളും മറ്റും നിരന്തരം. പ്രശസ്തിയുടെ പടവുകൾ ചവിട്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു അവൾ ഉൽഘാടനചടങ്ങുകളിലും മറ്റും സജീവമായി.
അവളുടെ പാചക കുറിപ്പുകൾ വലിയ ബുക്കുകളായി. പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.
ആത്മ സംപ്രപ്തിയോടെ അവൾ തന്റെ ചുവടുകൾ ഉറപ്പിച്ചു.
ധനുഷ് ആണ് മുൻപോട്ടുള്ള ഈ ഉയർച്ചക്ക് കാരണം. നല്ല ഒരു സുഹൃത്ത് നല്ല ഒരു ഭർത്താവ് ആയിരിക്കും. പല മോട്ടിവെഷൻ ക്ലാസ്സുകളിലും അവൾ ഇത് പെൺകുട്ടികൾക്ക് പകർന്നു കൊടുത്തു.
സ്വന്തം നിലപാട് വ്യക്തമാക്കി മാത്രം ജീവിതം മുൻപോട്ട് കൊണ്ടു പോകണം.
ആരുടെയും കാൽച്ചുവട്ടിൽ അടിയറ വെക്കാനുള്ളതല്ല ഒരു പെണ്ണിന്റെ ജീവിതം.
ഇത് അവൾ പല ആവർത്തി അരങ്ങുകളിൽ പങ്കിട്ടു.
തീർച്ചയായും ധനുഷിന്റെ സഹകരണവും സ്നേഹവും ആണ് ഇന്ന് തന്നെയിങ്ങനെ ആകാശഉയരങ്ങളിലേക്ക് പറത്തി വിട്ടത്.. ഓരോ പെണ്ണിന്റെയും ജീവിതം തൃപ്തികരമാകാൻ അവർ തന്നെ ശ്രമിക്കണം..
അവിടെയാണ് ഒരു സ്ത്രീയുടെ വിജയം..!