പണ്ട് പണ്ട് ദേവരാജപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ദേവരാജപുരംകൊട്ടാരത്തിലെ അലക്കുകാരിയായിരുന്നു
വൈദേഹി മുത്തശ്ശി.അവർ വസ്ത്രങ്ങൾ അലക്കിയിരുന്നത് കാടിനടുത്തുള്ള ഒരു ചോലയിലാണ് .
അവിടെ നിറയെ പാറക്കൂട്ടങ്ങൾ ഉണ്ട്. വസ്ത്രങ്ങളെല്ലാം അലക്കി അവർപാറകളുടെ മുകളിൽ ഉണങ്ങാനിടും.എന്നിട്ട്
കാട്ടിലെല്ലാം നടന്ന് പഴങ്ങൾ ശേഖരിക്കും.
കിളികൾക്കും ,കുരങ്ങന്മാർക്കുമെല്ലാം ഭക്ഷിക്കുവാനായി ഒരു പങ്ക് മാറ്റിവയ്ക്കും.
വൈകുന്നേരമാകുമ്പോൾ ഉണങ്ങിയ വസ്ത്രങ്ങളുടെ ചുമടും ,ഒരുകൂടയിൽ പഴവുമായി വീട്ടിലേക്ക് തിരിച്ചു പോകും.
മുത്തശ്ശിയുടെ അയൽക്കാരനായിരുന്നു ശ്യാമു.വലിയ മടിയനും ,വഴക്കാളിയുമായിരുന്നു അയാൾ.ആരോരുമില്ലാത്ത മുത്തശ്ശിയോട്
എപ്പോഴും വഴക്കുണ്ടാക്കും.മുത്തശ്ശി അതൊന്നും
കാര്യമാക്കുകയില്ല. കാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങളിൽ ഒരു പങ്ക് ശ്യാമുവിനും ,മക്കൾക്കും നൽകുകയും ചെയ്യും.
അധ്വാനിയായ മുത്തശ്ശിയുടെ കഷ്ടപ്പാടുകൾ വനദേവത കാണുന്നുണ്ടായിരുന്നു.വനദേവത
തന്റെ ഭൃത്യനായ ഒരു ഭൂതത്താനോട് മുത്തശ്ശിയെ സഹായിക്കണമെന്ന് നിർദ്ദേശിച്ചു.
പിറ്റേ ദിവസം മുത്തശ്ശി വസ്ത്രങ്ങളുമായി കാട്ടുചോലക്കരികിലെത്തി.
ഭൂതത്താൻ ഒരു കൊച്ച് കളിപ്പാട്ട വണ്ടിയുടെ രൂപത്തിൽ കാട്ടുചോലയിലൂടെ ഒഴുകിയൊഴുകി അവരുടെ അടുത്തെത്തി.വണ്ടിക്ക് ചക്രങ്ങളില്ലായിരുന്നു.മുത്തശ് ശിയെ ഒന്ന് പരീക്ഷിക്കുവാനാണ് ഭൂതത്താൻ അങ്ങനെ ചെയ്തത്.
ഒരു കളിപ്പാട്ടവണ്ടി ചോലയിലൂടെ ഒഴുകി വന്ന്കാലിൽ തൊട്ട് നിൽക്കുന്നത്
മുത്തശ്ശിശ്രദ്ധിച്ചു.അവർക്കത് എറിഞ്ഞുകളയുവാൻ മനസ്സു വന്നില്ല.
“അയ്യോ ,നല്ല ഭംഗിയുള്ള കളിപ്പാട്ടമാണല്ലോ.കഷ്ടം ഇതിന്റെ ചക്രങ്ങൾ എല്ലാം ഇളകി പോയല്ലോ. വെറുതെ പാഴാക്കിക്കളയണ്ട.പുതിയ ചക്രങ്ങളുണ്ടാക്കിയാൽ ശ്യാമുവിന്റെ കുട്ടികൾക്ക് കളിക്കുവാനായി നൽകാം”തന്റെ സാരിയുടെ തുമ്പ് കൊണ്ട് അതിലെ
വെള്ളവും, അഴുക്കുമെല്ലാം തുടച്ചു കളഞ്ഞിട്ട് അവരത് ഭദ്രമായി സഞ്ചിയിലെടുത്തു വച്ചു.
ഭൂതത്താന് സന്തോഷമായി. ഭൂതം മുത്തശ്ശിയുടെ
മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഭൂതത്തെ കണ്ടമുത്തശ്ശി പേടിച്ചു വിറച്ചു പോയി.
“പേടിക്കണ്ട മുത്തശ്ശീ.ഇന്ന് മുതൽ ഞാൻ
അവിടുത്തെദാസനാണ്. മുത്തശ്ശിയെ സഹായിക്കുവാൻ വനദേവത എന്നെ അയച്ചതാണ്.”ഭൂതം വണങ്ങിക്കൊണ്ട്
പറഞ്ഞു.
“നന്ദി ,ഭൂതത്താനേ ,അടിയന്ജോലി ചെയ്യുവാനുള്ള ആരോഗ്യം നൽകിയാൽ മാത്രം മതി.മുത്തശ്ശി വിനയത്തോടെ പറഞ്ഞു.
അത്ഭുതം ,ഉടനെ അവശതകളെല്ലാം മാറി മുത്തശ്ശി നല്ല ആരോഗ്യവതിയായി.
“വനദേവതേ ,ദേവീ ,അവിടുന്ന് അയച്ച ഭൂതത്താൻ
അടിയന്റെ രോഗങ്ങളും ,അവശതകളുമെല്ലാം മാറ്റിയിരിക്കുന്നു. നന്ദിയുണ്ട്.ഇനി അടിയന് വളരെ വേഗം വസ്ത്രങ്ങൾ അലക്കിയിടുവാൻ കഴിയുമല്ലോ” മുത്തശ്ശിയുടെ പ്രാർത്ഥന കേട്ട് വനദേവതക്കും ,ഭൂതത്താനും സന്തോഷമായി.
അത്ഭുതം ,വസ്ത്രങ്ങളെല്ലാം ശറ ..പറേന്ന് പെട്ടെന്ന്
അലക്കി പാറപ്പുറത്ത് വിരിച്ചിട്ടു.
“അയ്യോ ,ഭൂതത്താനേ അവിടുന്ന് ഇത്ര വേഗം
അടിയന്റെ ജോലികളെല്ലാം തീർത്തോ.എങ്കിൽ
അടിയൻ കാട്ടിൽ നടന്ന് വിറകുകളും,പഴങ്ങളുമെല്ലാം ശേഖരിച്ചിട്ടു വരാം.”
ടിം ..ടിം പറഞ്ഞു തീർന്നില്ല അതിനു മുൻപേ
വിറകു കെട്ടും ,പഴങ്ങളും പറന്ന് വന്ന് മുത്തശ്ശിയുടെ അരികിലെത്തി.
അവർ പഴങ്ങളിൽ നിന്നൊരു പങ്ക് പക്ഷികൾക്കും ,മൃഗങ്ങൾക്കുമായി മാറ്റി വച്ചു.
“എന്നാലിനി അടിയൻ ഉണങ്ങിയ വസ്ത്രങ്ങളെല്ലാം ചുമടാക്കിയെടുക്കട്ടെ.വീട്ടിൽ നേരത്തെ പോകാമല്ലോ”മുത്തശ്ശി നോക്കി നിൽക്കെ
ഭൂതത്താൻ ഉണങ്ങിയ വസ്ത്രങ്ങളെല്ലാം ചുമടാക്കി.മുത്തശ്ശിയെയും,സാ ധനങ്ങളുമെല്ലാംചുമലിലേറ്റി നിമിഷ നേരം കൊണ്ട്
വീട്ടുമുറ്റത്തെത്തിച്ചു.
മുത്തശ്ശി ഭൂതത്താനെ സ്നേഹത്തോടെ വീട്ടിലേക്ക്
ക്ഷണിച്ചു.
“ചെറിയ വീടാണ് ഭൂതത്താനേ.അകത്തോട്ട് കയറിയിരിക്കുവാൻ കനിവുണ്ടാകണം.അടിയൻ
ഉടനെ ഭക്ഷണ മുണ്ടാക്കാം”
പറഞ്ഞു തീർന്നില്ല. മുത്തശ്ശിയുടെ കുടിൽ വലിയൊരു കൊട്ടാരമായി മാറി.സ്വർണ്ണത്തളികകളിൽ
രുചിയുള്ള വിഭവങ്ങളും നിരന്നു.
ഭക്ഷണസാധനങ്ങളുടെ ഒരുപങ്ക് അവർ ശ്യാമുവിനും ,കുടുംബത്തിനും നൽകി.അത്ര രുചിയുള്ള ഭക്ഷണം ശ്യാമു ഒരിക്കലും കഴിച്ചിട്ടുണ്ടായിരുന്നില്ല.മു ത്തശ്ശിയുടെ വലിയ വീട്
കൂടി കണ്ടതോടെ അയാൾക്ക് അസൂയ വന്നു.
അമ്പടാ ,ഈ ഭൂതത്താനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു പണിയും ചെയ്യാതെ സുഖമായി ജീവിക്കാമായിരുന്നു. അയാൾ ആലോചിച്ചു.
“വൈദേഹിയമ്മ ആവശ്യപ്പെട്ടാൽഭൂതത്താൻ എന്നെയും ധനികനാക്കും ,വേഗം പറയൂ “അയാൾ മുത്തശ്ശിയെ നിർബന്ധിച്ചു.മുത്തശ്ശിക്ക് വല്ലാത്ത
വിഷമമായി. മറ്റുള്ളവരോട് ആവശ്യമില്ലാതെ ഒന്നും
ചോദിക്കുന്ന ശീലം അവർക്കില്ലായിരുന്നു.
“ക്ഷമിക്കണം ശ്യാമു .ആവശ്യമില്ലാതെ മറ്റുള്ളവരെ
ബുദ്ധിമുട്ടിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല”മുത്തശ്ശിയുടെ മറുപടി കേട്ടതും ശ്യാമു പ്രായത്തിന് മുതിർന്ന മുത്തശ്ശിയെ
ചീത്ത വിളിക്കുവാൻ തുടങ്ങി.അവർ സങ്കടം കൊണ്ട് കരയുവാൻ തുടങ്ങി.
ഇത് കണ്ട ഭൂതത്താൻ ഓടി വന്ന് ശ്യാമുവിനെ
തലങ്ങും ,വിലങ്ങും അടിക്കുവാൻ തുടങ്ങി.
“അയ്യോ ,എന്നെ ഒന്നും ചെയ്യല്ലേ .ഞാനിനി മുത്തശ്ശിയെ ഒന്നും പറയുകയില്ല.”രാമു നിലവിളിച്ചു.
“എടാ ,മടിയച്ചാരേ മുത്തശ്ശി നല്ല അധ്വാനിയാണ്.അത്യാഗ്രഹവും ഇല്ല. അങ്ങനെയുള്ളവരെ ഈശ്വരൻ സഹായിക്കും.ഒരു
ജോലിയും ചെയ്യാതെ മടി പിടിച്ചിരിക്കുന്ന നിന്നെ
ഈശ്വരൻ ഒരിക്കലും അനുഗ്രഹിക്കുകയില്ല.നിന്നെ കണ്ട് വളരുന്ന മക്കളും മടിയന്മാരായി മാറും. അതുകൊണ്ട് അത്യാഗ്രഹമെല്ലാം വെടിഞ്ഞ്
ജോലിയെടുത്ത് ജീവിക്കുവാൻ നോക്കണം”
“ഞങ്ങളൊന്നും മടിയന്മാരാകില്ല ഭൂതത്താനേ.
മുത്തശ്ശിയെപ്പോലെ അധ്വാനിച്ച് ജീവിക്കും”
“അതെ.അലസതയും ,മടിയുമില്ലാത്ത കുഞ്ഞുങ്ങളാണ്
ഓരോ നാടിന്റെയും സമ്പത്ത്.”സന്തോഷവാനായ
ഭൂതത്താൻ കുഞ്ഞുങ്ങൾക്ക് കൈ നിറയെ
കളിപ്പാട്ടങ്ങൾ നൽകി.അന്നു മുതൽ മടിയെല്ലാം
മാറ്റി ശ്യാമുവും അധ്വാനിച്ച് ജീവിക്കുവാൻ തുടങ്ങി.
ഗുണ പാഠം:അധ്വാനിയെയും ,പരിശ്രമശാലിയെയും
ഈശ്വരൻ ഒരിക്കലും കൈ വെടിയുകയില്ല..പ്രായത്തിന് മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറണം.മറ്റുള്ളവരെ ചീത്ത പറയുന്നതും ,അത്യാഗ്രഹവും നല്ല ഗുണങ്ങളല്ല.













