LIMA WORLD LIBRARY

മതസൗഹാർദ്ദം – ( സാക്കിർ – സാക്കി നിലമ്പൂർ )

” അഷ്റഫേ….
ഞാൻ ഇന്ന് നിങ്ങൾടെ നബിദിന ജാഥ വന്നപ്പോൾ അവർക്ക് ലഡു കൊടുത്തു.
പക്ഷേ, അതാരും ശ്രദ്ധിച്ചില്ല. ഫോട്ടോയുമെടുത്തില്ല. “
“അപ്പൊ അയ്യപ്പാ… ഞാൻ , അന്ന് നിങ്ങൾടെ ശ്രീകൃഷ്ണ ജയന്തീടെ ഘോഷയാത്ര
 വന്നപ്പോ പായസം കൊടുത്തതും ആരും വാർത്തയാക്കിയില്ലല്ലോ. അതോ…? “
” അല്ല…എന്നതാ നിങ്ങളിവിടെ പറയുന്നേ..?”
“അല്ല തോമാച്ചായാ… ഇങ്ങള് പറയീം..
ഞങ്ങള് രണ്ട് കൂട്ടരും ഇവടെ ഓരോ മതക്കാര്ടേം പരിപാടികൾക്ക് പല സഹായങ്ങളും ചെയ്യ്ണ് ണ്ട്. അത് കാണാൻ ഇവടെ ഒര് പത്രക്കാരൂല്ല..അത് വൈറലാക്കാൻ ഒര് സോഷ്യൽ മീഡിയക്കാരൂല്ല..”
“യെട പൊട്ടൻ കുണാപ്പൻമാരെ ..
എന്റെ ചെറുപ്പകാലത്ത് തന്നെ ഇവടെ ,
ഈ അയ്യപ്പന്റെ
തറവാട്ടിൽ നിന്നാണ് മഖ്ദൂമിന്റെ പള്ളിയിലേക്ക് നേർച്ചക്കുള്ള അരി കൊടുത്തീരുന്നത്. അതേ പോലെ അമ്പലത്തിലെ ആറാട്ടുത്സവത്തിന് നല്ലൊരു തുക അഷ്റഫിന്റെ വല്യുപ്പയും കൊടുത്തായിരുന്നു.
അന്നവർ അത് കൊടുത്തിരുന്നതേയ് പേരിനും പ്രശസ്തിക്കുമല്ല. പരസ്പരമുള്ള അവരുടെ സ്നേഹം കൊണ്ട് തന്നാ…. നാട്ടില് നെല നിന്നിരുന്ന മതസൗഹാർദ്ദത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. അന്നും അതാരും വാർത്തയും ആക്കീല പ്രചരിപ്പിച്ചൂല്ല…
കാരണമെന്താ…?”
“എന്താ…?”
അഷ്റഫും അയ്യപ്പനും ഒരുമിച്ച് ചോദിച്ചു.
“അതാ പറഞ്ഞെ ,
അന്നത് പ്രചരിപ്പിക്കുന്നതായിരുന്നു ഏറ്റവും മോശം കാര്യം. ലോകമാന്യത്തിന് വേണ്ടി തറവാടിത്തം പണയം വെക്കുന്നവരായിരുന്നില്ല അവരാരും…!!”
“അപ്പൊ ഇന്ന് ഇത് വാർത്തയും വൈറലുമാക്കുന്നത് മോശമാണെന്നാണോ അച്ചായൻ പറയുന്നേ…?”
 “എന്നല്ല…ഇന്നിപ്പോ മതങ്ങള് തമ്മില് അകലം കൂടി ശത്രുത വർദ്ധിച്ചപ്പോ ഇതൊക്കെ വലിയ വാർത്തയാക്കാൻ മനുഷ്യൻ നിർബന്ധിതനായി. ഇത്തരം നൻമകൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നറിയിക്കാൻ
വലിയ വാർത്തകൾ വേണമെന്നായി. അതല്ലാണ്ട് ഇത് ഓരോരുത്തരുടെയും കടമയാണെന്ന് വിചാരിച്ച് ചെയ്യേണ്ടതാണെന്ന് അഷ്റഫും അയ്യപ്പനുമടക്കം എല്ലാരും മറന്ന് പോയീന്ന്…”
അച്ചായന്റെ വാക്കുകൾക്ക് മറുപടിയില്ലാതെ അയ്യപ്പനും അഷ്റഫും
 കണ്ണിൽ കണ്ണിൽ നോക്കി നിന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px