കാലം തീര്‍ത്ത അരങ്ങുകള്‍
അരങ്ങിന്‍റെ രംഗപ്രയോഗക്ഷമതയെക്കുറിച്ച് ആധികാരികമായി സംവദിച്ച ഒരാള്‍ യൂജിന്‍ അയൊനസ്കോയാണ്. അയൊനസ്കോ ജീവിതത്തെ തന്നെ നാടകീയമായി കണ്ട ഒരാളാണ്. എല്ലാ പ്രതിഭാശാലികളും അങ്ങനെ ജീവിതത്തെ അതിന്‍റെ പരിസരങ്ങളോട് ചേര്‍ത്തുവച്ചുകൊണ്ട് മനുഷ്യന്‍റെ മഹാസങ്കടങ്ങളും വിക്ഷോഭങ്ങളും അവതരിപ്പിച്ചവരാണ്. ഈ അവതരണത്തില്‍ നിന്നാണ് ഒരു നാടകരചയിതാവിന് പ്രതിരോധശക്തിയായിത്തീരുന്ന ചിന്തയുടേതായ ഒരുള്‍ക്കരുത്ത് ലഭിക്കുന്നത്. ഇതിനെ അയൊനസ്കോ ആത്മനിഷ്ഠമായ വ്യാഖ്യാനമായി കാണുന്നു. എന്നാലതില്‍ വികാരത്തിന്‍റെ സ്വച്ഛമായൊരു ഒഴുകി പ്പരക്കലുണ്ട്. അത് ഒരു നാടകത്തിന്‍റെ ഭാവരൂപശില്പങ്ങളുടെയും രംഗ ബോധത്തിന്‍റെയും യുക്തിപരമായ കരുത്തുകൂടിയാണ്. ഇങ്ങനെ പ്രത്യക്ഷത്തില്‍ നാം കാണുന്ന അനുഭവത്തെ ആകെ തന്നെ പുതിയൊരു ദാര്‍ശനിക നിര്‍വചനത്തിലേക്ക് കൊണ്ടു വന്ന് സൗന്ദര്യസംസ്കാരം സൃഷ്ടിക്കുകയാണ് അയൊനസ്കൊ ചെയ്യുന്നത്.
അയൊനസ്കൊയ്ക്ക് മുന്‍പും പിന്‍പും അനവധി നാടകകൃത്തുക്കളുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം അയൊനസ്കൊയെ വ്യത്യസ്തനാക്കുന്നത് വ്യാഖ്യാനം സാദ്ധ്യമായ അനുഭവത്തിനു പുറത്തേക്ക് കഥാപാത്രങ്ങളെയും രംഗങ്ങളെയും നയിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്. അയൊനസ്കൊയുടെ ‘കാണ്ടാമൃഗം’ എന്ന രചനയില്‍ ആധുനികജീവിതത്തിന്‍റെ പ്രശനസങ്കീര്‍ണ്ണതയെ കൃത്യവും വിശ്വാസയോഗ്യവുമായ ജീവിതപരിസരത്തിലേക്ക് കൊണ്ട് വന്ന് വിശ്വാസമാക്കിത്തീര്‍ക്കുകയാണ് എഴുത്തുകാരന്‍. എന്നാലിത് കേവലം ജീവിത വ്യാഖ്യാ നമല്ല. അതിനപ്പുറത്തേക്ക് കടക്കുന്ന സ്വാഭാവികമായൊരു പരിണാമം ഇതിനുണ്ട്. ഇത്തരം രചനാസമീപനങ്ങള്‍ക്ക് എല്ലാക്കാലത്തിന്‍റെയും കരുത്തും സൗന്ദര്യവുമുണ്ട് എന്നത് വ്യക്തമാണ്.
മറ്റൊന്ന് ഇത്തരം രചനകളിലെ ‘സാംസ്കാരിക ജാഗ്രത’ ശ്രദ്ധയോടെ തിരിച്ചറിയപ്പെടേണ്ട ഒന്നാണ്. അവിടെ ജ്ഞാനമണ്ഡലത്തെയും സൗന്ദര്യബോധപക്ഷപാതത്തെയും താത്ക്കാലികമായെങ്കിലും ഒഴിവാക്കിക്കൊണ്ട് പ്രമേയത്തെ വ്യതിരിക്തമായൊരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ഉദാത്തമായൊരു കലാസൃഷ്ടി നേടിയെടുക്കുന്ന വിജയമാണ്. അതുകൊണ്ടാണ് ആദ്യവായനയിലെ അനുഭവം രണ്ടാം വായനയിലെത്തുമ്പോള്‍ വിമലീകരിക്കപ്പെടുന്നത്. ഇങ്ങനെ ചിന്താവിഷയമായിത്തീരുന്ന കലാസൃഷ്ടികളിലെല്ലാം പ്രത്യക്ഷ സൗന്ദര്യബോധത്തിനപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്നൊരു ആര്‍ജ്ജിത വ്യക്തിത്വമുണ്ട്. അത് വിശ്വാസത്തിന്‍റെയും കലാസിദ്ധാന്തത്തിന്‍റെയും ഭാവിയെ സംബന്ധിച്ചുള്ള ഉത്തമനിദര്‍ശനം കൂടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ വിശദീകരിച്ചാല്‍ ഇതിനെ ചിന്താപരമായ കലാപം എന്നുതന്നെ വിശേഷിപ്പിക്കാം. ഇങ്ങനെ ചിന്തയുടെ നേര്‍ക്കുള്ളതും ചിന്തയുമായി ബന്ധപ്പെട്ടതുമായതെല്ലാം ലക്ഷ്യത്തിലെത്തിച്ചേര്‍ന്നുകൊണ്ട് നവീനമായൊരു ലാവണ്യ പരിസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു സിദ്ധാന്തം സൃഷ്ടിക്കുവാനുള്ള ജാഗ്രതയല്ല. പകരം ജീവിതവുമായി ബന്ധപ്പെട്ട സാംസ്കാരിക സമന്വയത്തിന് കാലവുമായി ബന്ധപ്പെട്ട ഒരു യുക്തി വിചാരത്തിന്‍റെ തീര്‍പ്പ് അനുഭവപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഈ തീര്‍പ്പിന്‍റെ ജീവിതസ്തോഭമാണ് കാരൂരിന്‍റെ നാടകങ്ങളുടെ ഉള്‍പ്പൊരുള്‍. പ്രത്യക്ഷത്തില്‍ കാരൂരിന്‍റെ നാടകങ്ങള്‍ക്ക് രണ്ട് വ്യത്യസ്തമായ ലാവണ്യധാരകളാണുള്ളത്. അതിലൊന്ന് വ്യവസ്ഥാപിതനിയമങ്ങളെ കാല്പനികയുക്തിബോധം കൊണ്ട് അടയാളപ്പെടുത്തുന്നു എന്നുള്ളതാണ്. ഇത് സൃഷ്ടിക്കുന്ന കാലബോധം ശ്രദ്ധേയമായ ഒരനുഭവമാണ്. ജീവിതത്തെ, അതിന്‍റെ അനിശ്ചിതത്വത്തില്‍ നിന്ന് വിമോചിപ്പിച്ച് മനുഷ്യന്‍റെ സാമൂഹിക ജീവിതപരിസരങ്ങളെ ഉര്‍വ്വരമാക്കുകയാണ് കാരൂരിലെ നാടകകൃത്ത് ചെയ്യുന്നത്. ഇത്തരമൊരു രചനാസമീപനം മലയാളത്തില്‍ ഏറെ പുതുമയുള്ള ഒരനുഭവമാണ്. ഇത്തരമൊരു രചനാ സമീപനം ഏറെ മൗലികമായൊരു നിലപാടുകൂടിയാണ്. നിരന്തരം പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരെഴുത്തുകാരന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്നൊരു സാഹസികത കാരൂരിലെ നാടകകൃത്തിനുണ്ട്. അത് ദര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറത്തേക്ക് ചലിക്കുന്ന ജീവിതത്തിന്‍റെ തന്നെഅന്വേഷണങ്ങളാണ്. ഇത് ആ അര്‍ത്ഥത്തില്‍ രസാമയമായ അനുഭവമാണെങ്കിലും കൃതിയുടെ മൂലതത്ത്വവുമായി ബന്ധപ്പെടുത്തി പര്യായാലോചനാ വിഷയമായി അപഗ്രഥിക്കുമ്പോള്‍ ബുദ്ധിപരമായ ഉണര്‍വ്വായി തന്നെ സ്വീകരിക്കാവുന്നതാണ്. മറ്റൊന്ന് വെറും വാക്കുകള്‍ കൊണ്ടല്ല നാടകകൃത്ത് സംഭാഷണങ്ങളുടെ ചടുലതയെ അടയാളപ്പെടുത്തുന്നത് എന്നുള്ളതാണ്. വൈകാരികമായ സ്വാതന്ത്ര്യത്തെ വിശ്വാസയോഗ്യമാക്കി ത്തീര്‍ക്കുവാനുള്ള സമഗ്രവ്യഗ്രത ആ വാക്കുകളില്‍ ധ്വനിക്കുന്നുണ്ടെങ്കിലും അതിന് ശ്രമിക്കാതെ, വികാരത്തെ അടുക്കിയും ക്രമപ്പെടുത്തിയും പരിപൂര്‍ണ്ണതയിലെത്തിക്കുവാനുള്ള എഴുത്തുകാരന്‍റെ കൃതഹസ്ത എടുത്തുപറയേണ്ട ഒന്നു തന്നെയാണ്. അതുകൊണ്ട് തന്നെ കാരൂരിന്‍റെ നാടകങ്ങള്‍ ജീവിതവും കാലവുമായി ബന്ധപ്പെട്ട വിവിധ സാംസ്കാരിക ഘടകങ്ങളുടെ സമ്മളിതരൂപമാണ്.
കാരൂരിന്‍റെ ഏറെ വിഖ്യാതമായ നാടകമാണ് ‘കാലപ്രളയം’. പേരില്‍ നിന്ന് ധ്വനിക്കുന്ന പോലെ പ്രളയം തന്നെയാണ് നാടകത്തിന്‍റെ മൂല ഇതിവൃത്തം. ഇതിനെ കാരൂര്‍ കാലവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ കാലഗന്ധിയായ ഒരു രംഗബോധം സൃഷ്ടിക്കുകയാണ് ഈ നാടകത്തിലൂടെ കാരൂര്‍. ഇക്കാര്യം ആത്മാര്‍ത്ഥമായ നിരീക്ഷണത്തിലൂടെ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ആമുഖമായി രേഖപ്പെടുത്തിയിട്ടുണ്ട്. നോവലുകളിലെ മൗലികമായ ഇതിവൃത്തഭംഗികള്‍, അതിന്‍റെ ചൂടും വേവും സൗന്ദര്യവും കുറയാതെ തന്നെ പ്രളയം പഠിപ്പിച്ച ജീവിതതത്വത്തിലൂടെ ഓണക്കൂര്‍ അടിവരയിട്ട് പറയുന്നുണ്ട്. ഈ തുറന്നു പറച്ചിലിനു വ്യത്യസ്തമായ സൗന്ദര്യനിരീക്ഷണങ്ങളാണുള്ളത്. അതിലൊന്ന് നാടകം ലക്ഷ്യവേദിയാക്കിത്തീര്‍ക്കുന്ന കാലത്തിന്‍റെ യാഥാസ്ഥിതിക മനോഭാവത്തെ അടിസ്ഥാനമാക്കിയാണ്. മറ്റൊന്ന് കാലത്തിന്‍റെ സ്വരശേഷിയിലൂടെ പുനരാവിഷ്കരിക്കപ്പെടുന്ന പ്രകൃതിയുടെ തന്നെ പ്രളയ തീക്ഷ്ണതയെയാണ്. ഈ രണ്ടു വ്യതിരിക്തമായ സൗന്ദര്യ നിരീക്ഷണങ്ങളിലൂടെയാണ് ‘കാലപ്രളയം’ ഒഴുകിപ്പരക്കുന്നത്. മനുഷ്യമോഹങ്ങളുടെ നിരര്‍ത്ഥകതയും അതിനുശേഷമുള്ള എരിഞ്ഞു തീരലും എല്ലാം കതിര്‍ക്കനമുള്ള അനുഭവങ്ങളായിത്തന്നെ നാടകത്തില്‍ ഇതള്‍ വിരിയ്ക്കുന്നുണ്ട്. ഇങ്ങനെ കാലത്തിന്‍റെ സാക്ഷാത്ക്കാരമുദ്രകളായിത്തീരുന്ന അനുഭവസ്ഥലികളില്‍ നിന്നാണ് ‘കാലപ്രളയം’ സക്രീയമായൊരു വിഷയമായിത്തീരുന്നത്. അതിനു അനുബന്ധമായ തരത്തിലാണ് മൂന്ന് തലമുറകളെ നാടകകൃത്ത് അവതരിപ്പിക്കുന്നത്.ഈ അവതരണത്തിനുപോലും കാലികമായൊരു രസബോധമുണ്ട്.
‘പ്രളയം പഠിപ്പിച്ച ജീവിതതത്വ’ത്തില്‍ ഡോ. ഓണക്കൂര്‍ എഴുതുന്നു. ‘പ്രളയം സ്വപ്നങ്ങളെ മുക്കിക്കൊല്ലുന്നു. കെട്ടിപ്പടുത്തതും കൂട്ടിച്ചേര്‍ത്തതുമൊക്കെ കൈവിട്ടുപോകുന്നു. അതിശക്തമായി പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍, ഭൂമിയുടെ വേരുകള്‍ ഇളക്കുന്നു. പര്‍വതങ്ങളില്‍ ഉരുള്‍പ്പൊട്ടികുന്നുകള്‍ ഒഴുകിവരുന്നു. ഗ്രാമങ്ങളെ മൂടിക്കളയുന്നു. മനുഷ്യജീവികള്‍ അതിലമര്‍ന്നു ശ്വാസം കിട്ടാതെ മരണം വരിക്കുന്നു.’
പ്രകൃത്യോപാസനയില്‍ നിന്ന് എന്നോ അകന്നുമാറിയ മനുഷ്യന്‍. അവന് പില്‍ക്കാലത്ത് നേരിടേണ്ടിവരുന്ന ദുരന്തമുഹൂര്‍ത്തങ്ങള്‍. അതില്‍ നിന്നൊരിക്കലും രക്ഷപ്പെടാനാകാത്തവിധം വലിച്ചുമുറുക്കുന്ന വിധിയുടെ പ്രചണ്ഡതാണ്ഡവം. ഇതെല്ലാം ‘കാലപ്രളയ’ത്തിന്‍റെ സര്‍ഗാത്മകസാക്ഷ്യത്തിന്‍റെ അടയാളവാക്യങ്ങളാണ്. വിനാശത്തിന്‍റെ തകിടം മറിച്ചിലുകളെ പ്രവചനാത്മകമായ നേരുകള്‍ കൊണ്ട് നാടകകൃത്ത് പൂരിപ്പിക്കുകയാണിവിടെ. ഇവിടെ ലക്ഷ്യവേധിയായിത്തീരുന്ന ഒരു ജീവിതത്തിന്‍റെ ഉയിര്‍പ്പും അതേ തപ്പുതാളത്തോടെ അനുഭവപ്പെടുന്ന പ്രത്യക്ഷങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഈ നാടകം എല്ലാക്കാലത്തിന്‍റെയും ഉടച്ചുവാര്‍ക്കലിന്‍റെ പ്രാമാണികമായ രേഖകൂടിയായി മാറുന്നു.
‘കാലപ്രളയം’ ഇരുത്തം വന്ന കനപ്പെട്ട ഒരു രചനയാണ്. പ്രമേയത്തില്‍ പാലിക്കപ്പെടുന്ന സാദ്ധ്യതയെ ഒരളവിനപ്പുറത്തേക്ക് വിന്യസിക്കാന്‍ കാരൂരിലെ കൃതഹസ്തനായ നാടകകൃത്ത് ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാലീ നാടകം വരാനിരിക്കുന്ന കാലത്തിന്‍റെ ഉജ്ജ്വലമായൊരു താക്കീതായും മാറുന്നുണ്ട്. ഇത് അനിയന്ത്രിതമായ ഭാവന (ഡിയൃശറഹലറ കാമഴശിമശേീി)യുടെ ശുദ്ധിപത്രവുമല്ല. പകരം നാം നോക്കി നില്‍ക്കേ ഒലിച്ചുപോകുന്ന ജീവിതത്തിന്‍റെ തന്നെ ഒരവസ്ഥയാണ്. പ്രത്യക്ഷത്തില്‍ ഒഴുകിമറയുന്നത് മണ്ണും മണ്ണിന്‍റെ നനവുമാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് ഒഴുകിപ്പോകുന്ന മനുഷ്യവസ്ഥയുടെ തന്നെ അതിദയനീയമായൊരു അനുഭവാസ്ഥയുണ്ട്. നാടകകൃത്ത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരവസ്ഥയുടെ സാമൂഹിക-പാരിസ്ഥിതിക വീക്ഷണത്തിന്‍റെ നവീകരണമാണ്. ഇത് വാസ്തവികതയെ മറികടന്നുകൊണ്ടുള്ള മുന്നേറ്റമാണ്. ഇത്തരം മാതൃകകള്‍ കാരൂരിന്‍റെ മിക്ക കൃതികളിലുമുണ്ട്. ജീവിത നിരീക്ഷണത്തിലും സാംസ്കാരിക മനോഭാവത്തിലും കാരൂര്‍ പുലര്‍ത്തുന്ന ‘റിയലിസ്റ്റിക് തോട്ട്’ (ഞലമഹശശെേര ഠവീൗഴവേ) യഥാര്‍ത്ഥ കലാകാരന്‍റെ സൗന്ദര്യദര്‍ശനം തന്നെയാണ്. ഈ ദര്‍ശനത്തിന്‍റെ സാക്ഷാത്കാരമാണ് കാരൂരിന്‍റെ രചനകള്‍. ഇത്തരമൊരു വൈകാരികാനുഭവം കാരൂരിന്‍റെ നാടകത്തിലേക്ക് വരുമ്പോള്‍ അത് ശതഗുണീഭവിക്കുന്നതുകാണാം. ആരംഭത്തില്‍ സൂചിപ്പിച്ച റിയലിസ്റ്റുകലയുടെ സംശുദ്ധമായ സാക്ഷ്യപത്രം ‘കാലപ്രളയ’ത്തില്‍ ജ്വലിച്ചുകിടപ്പുണ്ട്.
മറ്റൊന്ന് ‘കാലപ്രളയ’ത്തിലെ സംവാദാത്മകതയെ സംബന്ധിച്ചുള്ളതാണ്. ഒരു പാട് ചോദ്യങ്ങളുടെ മഹാമുഴക്കങ്ങള്‍ ഈ നാടകത്തില്‍ ജ്വലിച്ചു നില്‍പ്പുണ്ട്. നാടകകൃത്ത് സൂചിപ്പിക്കുംപോലെ ആ ചോദ്യാവലികള്‍ക്ക് പ്രളയകാലമേഘഗര്‍ജ്ജനങ്ങളുടെ രൗദ്രഭാവമാണു ള്ളത്. ഈ നാടകത്തിലെ സംവാദാത്മകതയെ മുന്‍നിര്‍ത്തി ചില ആലോചനാവിഷയങ്ങളിലേക്ക് കടക്കാവുന്നത്. അറുപത്തിയഞ്ചു വയസ്സുള്ള ഈപ്പന്‍ പറമ്പില്‍ ചാണ്ടിക്കുഞ്ഞ് എന്ന ചാണ്ടി മാപ്പിള തന്നെ ഉദാഹരണമായി എടുക്കാവുന്നതാണ്. ചാണ്ടിമാപ്പിളയുടെ വ്യക്തിത്വം തന്നെ എത്ര സൂക്ഷ്മമായാണ് കാരൂര്‍ അവതരിപ്പിക്കുന്നത് എന്ന്.
സൂക്ഷ്മവായനയില്‍ നമുക്ക് ബോദ്ധ്യമാവുക തന്നെ ചെയ്യും. ചാണ്ടിമാപ്പിള ഒരു ആലോചനാവിഷയമാണ്. അയാള്‍ സഫോടനാത്മകമായ ഒരു കാലത്തിന്‍റെ സര്‍വ്വ സാക്ഷിയായ ഒരു കഥാപാത്രമാണ്. അയാള്‍ക്ക് ചുറ്റുമാണ് കാലപ്രളയത്തിന്‍റെ മഹാമുഴക്കം ജാഗരം കൊള്ളുന്നത്. ഇത് നാടകത്തിന്‍റെ ഇതിവൃത്തത്തെ തന്നെ കരുത്താര്‍ജ്ജിപ്പിക്കുന്ന ഒരു രംഗഭാഷ്യമാണ്. ചാണ്ടിപ്പിളയെപ്പോലെ തന്നെ വ്യത്യസ്ത ജീവിതപരിസരങ്ങളില്‍ നിന്ന് ചലനാത്മകമായ കാലത്തിന്‍റെ ഉര്‍വ്വരതയിലേക്ക് നടന്നടുക്കുന്ന കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അവര്‍ ഈ നാടകത്തിന്‍റെ പേശീബലമുള്ള ശരീരഘടനയില്‍ വ്യത്യസ്ത കര്‍മ്മ-ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പിന്‍വാങ്ങുന്നവരാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ഇതപര്യന്തമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള നാടകങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു രംഗഭാഷ്യം സൃഷ്ടിക്കാന്‍ ‘കാലപ്രളയ’ത്തിന് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.
ഒരു നാടകത്തിന്‍റെ പൂര്‍ണ്ണതയെ അല്ലെങ്കില്‍ സാഫല്യത്തെ സംബന്ധിച്ച് കൃത്യമൊരു നിര്‍വചനത്തില്‍ എത്തിച്ചേരാന്‍ ആകില്ല. എന്നാല്‍ കാലസംബന്ധിയായ നാടകങ്ങളിലെല്ലാം അത്തരമൊരു പൂര്‍ണ്ണബോദ്ധ്യം ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതാ കട്ടെ, സുദൃഢമായ സംഭവപരമ്പരകളാല്‍ നിര്‍ബന്ധിതമാണ്. ‘കാലപ്രളയ’ത്തിലെ ഇഴയടുപ്പം ജീവിതത്തിന്‍റെ സമനിലയെ സംബന്ധിച്ചുള്ള ആലോചനാമാര്‍ഗ്ഗങ്ങളാണ്. അവിടെ നാടകപൂര്‍ണ്ണതയുടെ അനുഭവത്തിലേക്ക് കടക്കുന്നതുകാണാം. പ്രേക്ഷകന്‍റെ മുന്‍വിധികളെ പുതുക്കിപ്പണിയാണഅ ഉപകരിക്കുന്നൊരു ആന്തരിജാഗ്രത ‘കാലപ്രളയ’ ത്തിന്‍റെ സൃഷ്ടിയിലുണ്ട്. അത് നാടകകൃത്തിന്‍റെ കൃതഹസ്തതയെയാണ് കാട്ടിത്തരുന്നത്. നാടകകൃത്തിന്‍റെ ഭാവനയും ദീര്‍ഘദര്‍ശിത്വവും ഊര്‍ജ്ജസ്വതയും സമന്വയിക്കുന്നൊരിടമായി സൃഷ്ടിന്മുഖതയാര്‍ന്ന ഈ ഇടം പരിണമിക്കണം. ഇതില്‍ നിന്നാണ് നാടകത്തിന്‍റെ ജീവന്‍ നിലനില്‍ക്കുന്നത്. വാക്കുകള്‍ ഉപയോഗിക്കാതെയുള്ള ആശയങ്ങളുടെ ലക്ഷ്യവേധിയായുള്ള വിന്യാസക്രണങ്ങള്‍ ‘കാലപ്രളയ’ത്തെ പുതിയൊരു അവബോധത്തിലേക്ക് നയിക്കുന്നുണ്ട്. ഇതെല്ലാം ശക്തിമത്തായ ഒരു നാടകത്തിന്‍റെ ഭാവരൂപസൃഷ്ടിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ്. ഈ പരിണാമങ്ങളുടെ ആകത്തുകയില്‍ നിന്നാണ് കാലവും ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവരാശി ഉയിര്‍കൊള്ളുന്നത്. ‘കാലപ്രളയ’ ത്തിന്‍റെ സംഘര്‍ഷാവസ്ഥയ്ക്ക് അത്തരമൊരു സൗന്ദര്യബോധമുണ്ട്. അതുകൊണ്ട് തന്നെ അത് എല്ലാക്കാലത്തിന്‍റെയും തീക്ഷ്ണ സാന്നിദ്ധ്യം പേറുന്ന ശ്രദ്ധേയമായൊരു സൃഷ്ടിയാണ്.
പ്രത്യക്ഷത്തില്‍ ‘കാലപ്രളയം’ എന്ന നാടകം മാത്രമാണ് ചര്‍ച്ച ചെയ്തെങ്കിലും കാരൂര്‍ സോമന്‍റെ നാടകരചനാ വഴികളില്‍ ‘കാലപ്രളയ’ ത്തിനു മുന്‍പില്‍ ഒന്നിലധികം കൃതികള്‍ കരുത്തു പകര്‍ന്നിട്ടുണ്ട്. ആദ്യത്തെ സംഗീതനാടകമായ ‘കടല്‍ക്കര’ (അവതാരിക-ശ്രീമൂലനഗരം വിജയന്‍), ഗള്‍ഫില്‍ നിന്നുള്ള ആദ്യമലയാളസംഗീത നാടകമായ ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ (അവതാരിക-തോപ്പില്‍ഭാസി) സംഗീത നാടകമായ ‘കടലോളങ്ങള്‍’ എന്നിവയാണ് കാരൂരിന്‍റെ നാടകങ്ങള്‍ ഈ നാടകങ്ങളിലെല്ലാം കാരൂര്‍ പ്രമേയപരമായി സ്വീകരിച്ചിരിക്കുന്ന ചിന്താപരമായ ഔന്നത്യവും ജീവിതവിശ്വാസത്തിന്‍റെതായ നേരനുഭവങ്ങളും കാലവുമായി ചേര്‍ത്തുവച്ചുകൊണ്ടാണ് ചര്‍ച്ചചെയ്യേണ്ടത്. ഇതെല്ലാം മനുഷ്യന്‍റെയും മാനവികമായ നിലപാടുകളുടെയും ഒരു തുറന്നു പറച്ചിലാണ്. കാരൂരിലെ നാടകകൃത്ത് ഈ രംഗപാഠങ്ങളിലൊന്നും തന്നെ അധികാരരാഷ്ട്രീയത്തിന്‍റെ ആപത്കരമായ നിലപാടുകളെ ഒന്നും തന്നെ കൂട്ടിക്കൊണ്ടുവരാത്തതും ഇത്തരമൊരു തുറന്നുപറച്ചിലിന്‍റെ സാദ്ധ്യതയെ മുന്‍നിര്‍ത്തിയാണ്. കേവലം രാഷ്ട്രീയധാര എന്നതിനപ്പുറം യുക്തിവിചാരബോധത്തിലധിഷ്ഠിതമായ മനുഷ്യപക്ഷത്തിന്‍റെ സാദ്ധ്യതകളിലേക്കും അവകാശ സംരക്ഷണങ്ങളിലേക്കുമാണ് കാരൂരിലെ നാടകകൃത്ത് പ്രവേശിക്കുന്നത്. ഇതാണ് ആരംഭത്തില്‍ സൂചിപ്പിച്ച പരിണാമത്തെ അര്‍ത്ഥവത്താക്കുന്ന അനുഭവതലം. ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണാമമാണ്. കാരൂരിന്‍റെ നാടകങ്ങളില്‍ ഇത്തരമൊരു പരിണാമത്തിന്‍റെ സൗന്ദര്യസാക്ഷ്യങ്ങളുണ്ട്. അത് വൈകാരികമായ ഇടിമുഴക്കം കാലവുമായി ചേര്‍ത്തു വച്ച് ചര്‍ച്ച ചെയ്യാന്‍ നാടകകൃത്ത് ധൈര്യപ്പെടുന്നു. ഇതിനെ ബുദ്ധിപരവും വികാരപരവുമായ വ്യാഖ്യാനം എന്ന് ഇബ്സനെപ്പോലുള്ളവര്‍ നിര്‍വചിക്കുന്നുണ്ട്. ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് സാദ്ധ്യമായ പ്രമേയ പരിസരങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അര്‍ത്ഥതലങ്ങളുണ്ട്. അതുകൊണ്ടാണ് കാരൂരിന്‍റെ കഥാപാത്രങ്ങള്‍ പലപ്പോഴും ദിശാസൂചികളായി നിലകൊള്ളുന്നത്. ഇതൊരുതരം അനുഷ്ഠാനമാണ്. മനുഷ്യന്‍റെ അടിസ്ഥാനപരമായ മര്യാദതത്വങ്ങളെ നവീകരിച്ചുകൊണ്ട് സൃഷ്ടിപരമായ ഒരൗന്നത്യത്തിലേക്ക് കടക്കാന്‍ ഉപകരിക്കുന്നൊരു ആന്തരിക പരിശീലനം ജീവിതത്തിന്‍റെ ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് കാരൂര്‍ കണ്ടെത്തുന്നുണ്ട്. ഇത് രചനാപരമായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. സൗന്ദര്യപരമായ അവബോധത്തില്‍ നിന്ന് വിടുതല്‍ തേടുന്ന അഭിരുചികളെ സ്ഥലകാലബോദ്ധ്യങ്ങളിലേക്ക് ചേര്‍ത്തുവച്ചുകൊണ്ട് കാലത്തിന്‍റെ നടുക്കളത്തില്‍ നിന്നുകൊണ്ട് അലറിവിളിക്കുകയാണ് ഈ നാടകങ്ങള്‍ മുഖ്യമായും ചെയ്യുന്നത്. അതുകൊണ്ട് തന്നെ, വിഷമാവസ്ഥയെ, മനുഷ്യന്‍റെ ബന്ധങ്ങളോട് ചേര്‍ത്തുനിര്‍ത്തി ഒരു സാമൂഹികജീവിത പരിസരം സൃഷ്ടിക്കുകയാണ് കാരൂര്‍. ഈ അര്‍ത്ഥത്തിലെല്ലാം കാരൂരിന്‍റെ നാടകങ്ങള്‍ക്ക് സ്വയം പൊരുതുന്ന ഒരാര്‍ജ്ജിതവ്യക്തിത്വമുണ്ട്. ഇത് കാലം ആവശ്യപ്പെടുന്ന നാടകങ്ങളും കലാപരമായ നന്മയും കൂടി യാണ്.
കാരൂര്‍ സോമന്‍
Email ID : karoorsoman.yahoo.com
WhatsApp : 0044 794057067
( അവസാനിക്കുന്നു )
About The Author
No related posts.