താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും – (മിനി സുരേഷ്)

Facebook
Twitter
WhatsApp
Email
പണ്ട് നാട്ടിൽ പുഴകൾക്ക് കുറുകെ പാലങ്ങളില്ലായിരുന്നു. അന്ന്
തോണിക്കാരായിരുന്നു ആളുകളെ അക്കരെയും ,ഇക്കരയും കടത്തിയിരുന്നത് കുഞ്ഞേലി അമ്മൂമ്മയും ,നങ്ങേലിഅമ്മൂമ്മയുമായിരുന്നു ഇല്ലിക്കടവിലെ തോണിക്കാർ.
സ്കൂളും ,ദേവാലയങ്ങളും ,വ്യാപാരസ്ഥാപനങ്ങളുമെല്ലാം ഇല്ലിക്കടവിന്റെ അക്കരെയാണ് ഉണ്ടായിരുന്നത്.
വിദ്യാർത്ഥികൾക്കും ,കച്ചവടക്കാർക്കുമെല്ലാംകടത്ത് തോണികൾ മാത്രമായിരുന്നു യാത്രക്ക് ആശ്രയം.
 നങ്ങേലി അമ്മൂമ്മയുടെ തോണിയിൽ യാത്ര ചെയ്യുവാനായിരുന്നു എല്ലാവർക്കും ഇഷ്ടം.അതിനൊരു കാരണമുണ്ട്.
നങ്ങേലി അമ്മൂമ്മ ചിരിച്ചു കൊണ്ടാണ് എല്ലാ യാത്രക്കാരോടും ഇടപെടുന്നത്.ഓരോരുത്തരോടും സ്നേഹത്തോടെ കുശലപ്രശ്നങ്ങളും നടത്തും.
തോണി തുഴയുമ്പോൾ നല്ല നല്ല പാട്ടുകളും
പാടും.
നീല വാനിൽ വെള്ളക്കുതിര പോൽ
പാഞ്ഞു നടക്കുന്ന വെള്ളി മേഘമേ
താഴോട്ട് വീഴല്ലേ തെങ്ങോലത്തുമ്പിൽ
ചായല്ലേ ,മറിയല്ലേ ചാടിക്കളിക്കല്ലേ
തെയ്യ് .തോം …തെയ്യ് ..തോം
എന്നിങ്ങനെ അമ്മൂമ്മ നീട്ടിപ്പാടുമ്പോൾ യാത്രക്കാരും കൂടെക്കൂടും. പാവപ്പെട്ട യാത്രക്കാർക്ക്
കൂലി കുറച്ച് കൊടുക്കും.അമ്മൂമ്മ നാട്ടുവിശേഷങ്ങളും ,പഴയകാലങ്ങളിലെ കഥകളുമൊക്കെ തമാശ കലർത്തി പറഞ്ഞ് തോണിയാത്ര ഉല്ലാസഭരിതമാക്കും.നാട്ടുകാർ
അമ്മൂമ്മയുടെ തോണിയെ ഉല്ലാസത്തോണിയെന്നാണ് വിളിച്ചിരുന്നത്.
ഇതിനെല്ലാം വിപരീത സ്വഭാവക്കാരിയായിരുന്നു കുഞ്ഞേലി അമ്മൂമ്മ.എപ്പോഴും ദേഷ്യപ്പെട്ട് മുഖവും വീർപ്പിച്ചാണ് തോണി തുഴയുന്നത്.ഓരോന്നും പറഞ്ഞ്  യാത്രക്കിടയിൽ എല്ലാവരോടും
കലഹിക്കും.
പാവപ്പെട്ടവരോടും കൂലി കൂടുതൽ ചോദിച്ച് വാങ്ങും.
കുഞ്ഞേലി അമ്മൂമ്മയുടെ ഈ സ്വഭാവം കാരണം ആരും അവരുടെ തോണിയിൽ കയറാതെയായി.
നങ്ങേലിഅമ്മൂമ്മയുടെ തോണി അക്കരെ പോയി
തിരിച്ചു വരുന്നത് വരെ യാത്രക്കാർ പാട്ടൊക്കെ പാടി കാത്ത് നിൽക്കും.
ഉല്ലാസത്തോണി കടവിൽ വരുന്നേ
പുന്നാരത്തോണി പഞ്ചാരത്തോണി
തോണി തുഴയും അമ്മൂമ്മ .പാട്ടു പാടും അമ്മൂമ്മ
ഇല്ലിക്കടവിലെ നല്ലൊരു നങ്ങേലി അമ്മൂമ്മ
പാവം നങ്ങേലിഅമ്മൂമ്മ
അപ്പുറത്തെ തോണിയിൽ കയറുവാൻ ആളുകളോട്
പറയും.പക്ഷേ ആർക്കുമത് ഇഷ്ടമല്ലായിരുന്നു.
കുഞ്ഞേലി അമ്മൂമ്മയ്ക്ക്
ഇത് കാരണം നങ്ങേലി അമ്മൂമ്മയോട് വലിയ ദേഷ്യമായി.
“ഹമ്പടാ ,നങ്ങേലിയുടെ തോണി അങ്ങ് നശിപ്പിക്കണം. അപ്പോൾ എല്ലാവരും എന്റെ തോണിയിൽ കയറിക്കൊള്ളും”ഇങ്ങനെ വിചാരിച്ച്
ഉല്ലാസത്തോണി കത്തിച്ചു കളയണമെന്ന് കുഞ്ഞേലിഅമ്മൂമ്മ തീരുമാനിച്ചു.
അന്ന് രാത്രി ഏറെ വൈകിയപ്പോൾ ആരും കാണാതെ ഒരു പാട്ട മണ്ണെണ്ണയും തോണിയിൽ വച്ച്
കുഞ്ഞേലി അമ്മൂമ്മ ഉല്ലാസത്തോണിയുടെ അടുത്തെത്തി. പെട്ടെന്ന് അപ്രതീക്ഷിതമായി ഒരു
വലിയ ഓളം പുഴയിൽ വന്നു. മണ്ണെണ്ണപ്പാട്ടമറിഞ്ഞ്
വള്ളത്തിൽ വീണു. ഇത് ശ്രദ്ധിക്കാതെ അമ്മൂമ്മ നനഞ്ഞു കിടക്കുന്ന
തീപ്പെട്ടിയുരച്ചു  കത്തുമോയെന്ന് പരീക്ഷിച്ചു.
കുഞ്ഞേലി അമ്മൂമ്മയുടെ വള്ളത്തിൽ തീ ആളിപ്പടരുവാൻ തുടങ്ങി.
കുഞ്ഞേലി അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അവരെ ഒരു വിധത്തിൽ
രക്ഷപെടുത്തി ആശുപത്രിയിലാക്കി.
 നങ്ങേലി അമ്മൂമ്മയുടെ വള്ളം നശിപ്പിക്കുവാൻ
ശ്രമിച്ച കുഞ്ഞേലി അമ്മൂമ്മയുടെ വള്ളം തന്നെ കത്തി നശിച്ചു.
തന്റെ ചീത്ത പ്രവർത്തി തനിക്ക് തന്നെ വിനയായതോർത്ത് കുഞ്ഞേലി അമ്മൂമ്മ ദുഃഖിച്ചു.
ഗുണ പാഠം:മറ്റുള്ളവർക്ക് ദോഷം സംഭവിക്കണമെന്ന് കരുതി ഒന്നും പറയുകയും,പ്രവർത്തിക്കുകയും ചെയ്യരുത്.മറ്റുള്ളവരോട് സ്നേഹമായി ഇടപെടുന്നവരെയാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *