നല്ലതു ചെയ്താൽ ഫലംനന്മ ലഭിക്കും – ( മിനി സുരേഷ് )

Facebook
Twitter
WhatsApp
Email
ഒരു പാവം ആനക്കുട്ടിയായിരുന്നു ജംബു. അവന്എപ്പോഴും വിശപ്പാണ്. കാട്ടിലെ മരങ്ങളിൽനിന്ന്
അവന്റെ അമ്മ പഴങ്ങളൊക്കെ പറിച്ചു കൊടുക്കും.
പക്ഷേ അതൊന്നും മതിയാകാതെ ജംബു ‘
‘വിശക്കുന്നേ ‘എന്നും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കും..
മഴക്കാലമായപ്പോൾ കാട്ടിൽ പഴങ്ങളൊന്നും
ലഭിക്കാതെയായി..ഒരു ദിവസം ജംബു അമ്മ കാണാതെ കാട്ടിൽനിന്നും അടുത്തുള്ള ഗ്രാമത്തിലേക്കിറങ്ങി.
ഒരു പുരയിടത്തിൽ കയറി വാഴക്കുലയും ,പച്ചക്കറിയുമെല്ലാം വയറു നിറയെ
ഭക്ഷിച്ചു.
“അമ്മ ഇനിയെനിക്ക് ഭക്ഷണം നൽകുവാൻ
കഷ്ടപ്പെടണ്ട.ഗ്രാമത്തിലെ വയലുകളിൽ ഇഷ്ടം
പോലെ വാഴക്കുലകളും , പച്ചക്കറികളുമുണ്ട്.എല്ലാദിവസവും ഞാൻ പോയി കഴിച്ചു കൊള്ളാം”ജംബു
ആഹ്ലാദത്തോടെ അമ്മയോട് പറഞ്ഞു.
“ജംബുക്കുട്ടാ നീയിനിയും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ കൃഷികൾ നശിപ്പിക്കരുത്.അങ്ങനെ
ചെയ്യുന്ന ആനകളെ അപകടത്തിലാക്കുവാൻ അവർ കമ്പിവേലി കെട്ടാറുണ്ട്. അതിൽ വൈദ്യുതി
കടത്തി വിടാറുണ്ട്. ആർത്തിക്കാരായ മൃഗങ്ങൾക്കാണ് ആപത്ത് വരുന്നത്.
പുഴയിൽ നിന്നും വെള്ളമൊക്കെ കൊണ്ടു വന്ന് എത്ര കഷ്ടപ്പെട്ടാണ് മനുഷ്യർ കൃഷി ചെയ്യുന്നതെന്നറിയാമോ.മറ്റുള്ളവരുടെ അധ്വാനഫലം നശിപ്പിക്കുന്നത് തെറ്റാണ്”.തുമ്പിക്കൈ കൊണ്ട് അവന്റെ തലയിൽ
അമ്മ സ്നേഹത്തോടെ തലോടി.
“ഇല്ലമ്മേ ,ഞാൻ അങ്ങനെയൊന്നും ചെയ്യുകയില്ല.”
ജംബു വാക്കു കൊടുത്തു.
പിറ്റേ ദിവസം അവൻ ഗ്രാമത്തിലെ കവലയിൽ
ചെന്ന് ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ
ഒതുങ്ങി നിന്നു.ആനക്കുട്ടി യെ കണ്ട് ഗ്രാമത്തിലുള്ള കുട്ടികളെല്ലാവരും സന്തോഷത്തോടെ അടുത്തു കൂടി.അവർ അവന്
പഴവും ,ശർക്കരയുമൊക്കെ കൊടുത്തു. അതെല്ലാം
വയർ നിറയെ കഴിച്ച് ജംബു സന്തോഷത്തോടെ കുട്ടികളുടെ കൂടെ ഓടി കളിച്ചു.
പിന്നെ എല്ലാ ദിവസവും രാവിലെ അവൻ
കാടിറങ്ങി ഗ്രാമത്തിലെത്തും.പന്തു കളിക്കുവാനും ,പാട്ടിനൊത്ത് ഡാൻസു ചെയ്യുവാനുമെല്ലാം കുട്ടികൾ അവനെ പരിശീലിപ്പിച്ചു.കുറച്ചു നാളുകൾ കൊണ്ടു തന്നെ ജംബു ഗ്രാമവാസികൾക്കെല്ലാം പ്രിയപ്പെട്ടവനായി.
പ്രായം ചെന്ന ഒരു അമ്മൂമ്മ തലയിൽ വലിയൊരു
കുട്ട പച്ചക്കറിയുമായി ഒരു വീട്ടിൽ നിന്നുമിറങ്ങി
വിഷമിച്ച് നടന്നു വരുന്നത് ഒരു ദിവസം ജംബു കണ്ടു. ചന്തയിൽ പച്ചക്കറികൾ വിൽക്കുവാൻ പോകുകയായിരുന്നു അമ്മൂമ്മ.
പണ്ട് വാഴക്കുലയും ,പച്ചക്കറികളും പറിച്ചു
തിന്ന പുരയിടത്തിനോട് ചേർന്നുള്ള
വീടായിരുന്നു അതെന്ന് മനസ്സിലായപ്പോൾ അവന് സങ്കടം വന്നു.ഈ പാവം അമ്മൂമ്മയുടെ വിളകളാണല്ലോ താൻ നശിപ്പിച്ചത് എന്നോർത്ത്
അവന് കുറ്റബോധം തോന്നി.അമ്മൂമ്മയുടെ അടുത്ത് ചെന്ന് പച്ചക്കറിക്കുട്ട തുമ്പിക്കൈ കൊണ്ട്
വാങ്ങി അവൻ ചന്തയിൽ കൊണ്ടുക്കൊടുത്തു..പിന്നെ എല്ലാ ദിവസവും അമ്മൂമ്മയെ സഹായിക്കുന്നത് അവൻ പതിവാക്കി.
പുഴയിൽ നിന്നും കുടത്തിൽ വെള്ളം മുക്കിക്കൊണ്ട് വന്ന് അമ്മൂമ്മയുടെ പച്ചക്കറിത്തോട്ടമെല്ലാം നനക്കുന്ന
ജോലിയും സന്തോഷത്തോടെ അവൻ ഏറ്റെടുത്തു.
ആരോരുമില്ലാത്ത അമ്മൂമ്മ ഒരു മകനെപ്പോലെ
അവനെ സ്നേഹിച്ചു.
കാടു കാണുവാനെത്തുന്ന സഞ്ചാരികളും ജംബുവിന്റെ വിശേഷങ്ങളറിഞ്ഞ് അവനെ കാണാനെത്തിത്തുടങ്ങി.എല്ലാവരും അവന് പഴവും ,കരിമ്പുമൊക്കെ നൽകും.ഗ്രാമവാസികളുടെ
ചങ്ങാതിയായ ജംബുവിന്റെ വിശേഷങ്ങൾ വലിയ
വാർത്തയായി പത്രങ്ങളിലും, ടി.വിയിലുമെല്ലാം വന്നു.എല്ലാവരും ജംബുവിനെ സ്നേഹിക്കുന്നത്
കണ്ട് അവന്റെ അമ്മക്കും സന്തോഷമായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *