സർപ്പക്കളം – ( ശ്രീ മിഥില )

Facebook
Twitter
WhatsApp
Email
സർപ്പപ്പാട്ടിന്റെ ഇഴഞ്ഞ ഈണത്തിൽ ആടിപ്പോയി വേദ.തറവാട്ടുമുറ്റത്ത് ഈ കാഴ്ച ഇതാദ്യമല്ല.കളത്തിന് മുൻപിൽ ഇരുത്തുമ്പോൾ അതിലെ നിറഭേദങ്ങളിൽ ആയിരുന്നു ആവളുടെ കണ്ണ്. അമേരിക്കയിൽനിന്നും നാട്ടിലേക്കു പോരുമ്പോൾ മമ്മി പലവട്ടം പറഞ്ഞുതന്നിരുന്നു സർപ്പപൂജയെക്കുറിച്ച് .സ്ഥിരമായി സ്വപ്നത്തിൽ വരുന്ന കുഞ്ഞുസർപ്പങ്ങൾ വേദയെ അലോസരപ്പെടുത്തിയിരുന്നു. അവൾ ഇതിനെപ്പറ്റി മമ്മിയോട്‌ പറഞ്ഞപ്പോൾ നാട്ടിലുള്ള ഓപ്പോളെ വിളിച്ചു കാര്യം പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പൂജകൾ ആയിരിക്കും ഇതിനു കാരണമെന്നും ഉടൻ നാട്ടിലെത്തണമെന്നും ഓപ്പോൾ മമ്മിയോട്‌ പറഞ്ഞു. താമസം അമേരിക്കയിലാണെങ്കിലും ഹൃദയത്തിലും ചിന്തകളിലും തനി നാട്ടിൻപുറത്തുകാരിയായ മമ്മി ഏറ്റവും അടുത്ത ദിവസംതന്നെ നാട്ടിലെത്താനുള്ള വട്ടംകൂട്ടി.
 വലിയമ്മയുടെകൂടെ നാടുകണ്ടു നടക്കുമ്പോൾ തറവാട്ടിലെ ഒളിഞ്ഞിരിക്കുന്ന പല കഥകളും വലിയമ്മ വേദക്ക് പറഞ്ഞുകൊടുത്തു.
ഇഴയുന്ന സർപ്പങ്ങൾ അന്നും അവൾക്കുചുറ്റും പ്രദക്ഷിണംവെച്ചു.
സർപ്പ പൂജക്കുള്ള എല്ലാ ഏർപ്പാടുകളും തറവാട്ടിൽ ഒരുങ്ങിക്കഴിഞ്ഞു.
 ഒരുക്കിയ കളത്തിന് മുൻപിൽ വേദയെ
 ഇരുത്തി. പുള്ളുവൻപാട്ടിന്റെ ലഹരിയിൽ വേദ മഞ്ഞളാടിത്തുള്ളി കളത്തിൽ കുഴഞ്ഞുവീണു.
ദേഹത്തിഴഞ്ഞ സർപ്പങ്ങൾ അതാ വിയർപ്പുതുള്ളികളായി കളത്തിലേക്കു ഒഴുകി നീങ്ങുന്നു.
  “കുട്ടിക്ക് നല്ല ക്ഷീണം കാണും.” ആരൊക്കെയോ പറയുന്നു. അകത്തു കൊണ്ടുപോയിക്കിടത്തി മമ്മി വീശിക്കൊടുത്തു.
അന്ന് രാത്രിയിൽ വേദക്ക് ചുറ്റും സർപ്പങ്ങൾ ഇഴഞ്ഞില്ല.
വലിയമ്മയോട് അവൾക്ക് ചോദിക്കാൻ രാവിലെതന്നെ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. ദേഹത്തു ഇഴഞ്ഞു പിന്നീട് തനിക്കു ചുറ്റും ഇഴഞ്ഞിരുന്ന സർപ്പങ്ങൾ എങ്ങോട്ടാവും പോയിരിക്കുക.
“അവയെല്ലാം കളരിയുടെ മുൻപിലുള്ള മരത്തിൽ ഒളിച്ചു കാണും.”
“ഇനി വരില്ല കുട്ടിയുടെ ദേഹത്ത്.” “കാവിലമ്മ കുട്ടിയെ കാത്തു.”വലിയമ്മ പറഞ്ഞു.വേദ പിറ്റേന്ന് സന്ധ്യയോടെ വലിയമ്മയുടെ കൂടെ കാവിൽ തിരി കൊളുത്താൻ പോയി. “നന്നായി പ്രാർത്ഥിച്ചോളൂ കുട്ട്യേ “. അവൾ കണ്ണടച്ചു നിന്നു പ്രാർത്ഥിച്ചു. കണ്ണു തുറന്നു കളരിക്ക് മുൻപിലെ മരത്തിലേക്ക് അവൾ കണ്ണുപായിച്ചു. തൂങ്ങിയാടുന്ന കുഞ്ഞുസർപ്പങ്ങൾ. സ്വർണ്ണ നാഗങ്ങൾ. മരത്തിൽ നിറഞ്ഞു നിൽക്കുന്നു.
വലിയമ്മയുടെ കൈപ്പിടിച്ചു പുറത്തു കടക്കുമ്പോൾ അവൾ ഏതോ കടങ്കഥയിലെ നായികയെപോലെ അർദ്ധബോധാവസ്ഥയിൽ
ഉന്മാദിനിയായി നടന്നുനീങ്ങി.
പിന്നീടൊരിക്കലും അവൾക്ക്ചുറ്റും നാഗത്താൻമാർ ഇഴഞ്ഞില്ല.
മമ്മിക്കൊപ്പം അമേരിക്കയിലേക്ക് പറക്കുമ്പോൾ കാതിൽ മുഴങ്ങിയ നാവോരു പാട്ടുകൾ. “നാൾ ദോഷം തീർക്കേണം ….. ആയുരാരോഗ്യം വരുത്തേണം…”
 പുള്ളുവൻപാട്ടിന്റെ ശബ്ദം അകന്നുപോകുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *