ട്രഷറിയിലേക്ക് കയറുന്ന ഗേയ്റ്റിന് വലത് ഭാഗത്ത് മുന്നിൽ വളർന്ന് നെഗളിച്ചകാട്ട് വാകമരത്തിൻ്റെ മാറിൽ ചേർന്ന് പടന്ന് റോഡിലേക്ക് കാണത്തക്കവണ്ണം കുലച്ചു കിടക്കുന്ന മഞ്ഞമന്ദാരം. മന്ദാരം ഇത്രേമൊക്കെ വളരുമോ എന്ന ചോദ്യത്തിനൊന്നും ഒട്ടുമേ പ്രസക്തിയില്ല. അല്ലെങ്കിൽ ത്തന്നെ ചോദ്യങ്ങൾ അപ്രസക്തമാവുകയും ഉത്തരങ്ങൾക്ക് വരൾച്ച സംഭവിക്കയും ചെയ്യുന്ന ഒരു കാലത്തിൻ്റെ ദൃക്സാക്ഷ്യത്തിലാണല്ലോ നമ്മൾ.
ചെക്ക് ഏല്പിച്ചു കഴിഞ്ഞാൽ കാശ് കൈപ്പറ്റുന്നതു വരെയുള്ള ഇടവേളയിൽ ഞാൻ ഈ മഞ്ഞമന്ദാരത്തെ വീക്ഷിക്കയായിരുന്നു. നല്ല ഭംഗിയുണ്ട് മഞ്ഞമന്ദാരപ്പൂവിന്. മന്ദാരപ്പൂങ്കുലകൾ എന്നെ നോക്കി ചിരിക്കുകയാണ്. ഞാൻ ഭൂതകാലത്തിൽ ചെന്ന് മാധുര്യമൂറുന്ന മുന്തിരിക്കുലകൾ പറിക്കണോ?’
അതോ ചമ്പകപ്പൂവുകൾ പറിച്ച് ചാറ് പിഴിഞ്ഞ് എൻ്റെ കവിൾ അതിൽ മുക്കി വയ്ക്കണോ?
അതോ ഭാവിയുടെ ആകാശച്ചുമരിൽ രണ്ടും കല്പിച്ച് നിൽക്കണോ?
” നമ്പർ 25 ആരാ?
നമ്പർ 25
നമ്പർ 25 ഉണ്ടോ?
എന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. ഞാനെന്ന ഞാൻ സ്വപ്ന ലോകത്തിൽ മാഞ്ഞു പോയിരുന്നല്ലോ.
ഏതോ ഒരു ശബ്ദം എൻ്റെ ബോധം തുളഞ്ഞ് ഓർമ്മപ്പെടുത്തിയത് നന്നായി.
ഒരു പാട് പേർ എൻ്റെ നമ്പർ ഏറ്റെടുത്ത് എന്നെ അറിയിക്കാൻ ശ്രമിച്ചു എന്നത് ഒരു വലിയ മനുഷ്യത്വമായി എനിക്ക് തോന്നി. പ്രായം ഏറിവരുമ്പോൾ മനുഷ്യന് മനുഷ്യനെ തിരിച്ചറിയുവാനുള്ള വ്യഗ്രത കൂടുവാൻ സാധ്യതയേറുമെന്ന് തോന്നുന്നു.
ഞാൻ തിടുക്കത്തിൽ കൗണ്ടറിൽ ചെന്ന് പണവും വാങ്ങി വരുമ്പോൾ മറ്റൊരാൾ ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കുന്ന കൗണ്ടറിനു മുന്നിൽ നിന്ന് എന്നെത്തേടി ഓടി വന്നു.
വേണെങ്കിൽ ഓൺലൈനിൽ ഇതൊക്കെ ചെയ്യാവെന്നേ. എന്നാലും ഇവിടെ വന്ന് നാലാളെ കണ്ട് വർത്തമാനം പറഞ്ഞു കണ്ട് കേട്ട് പോകുമ്പം ഒരു സുഖവാ. അല്ലെങ്കിത്തന്നെ അത്രേം സമയം ജീവിതത്തിൽ നിന്ന് ഓൺലൈനിലൂടെ ലാഭമാക്കിയിട്ട് എന്താ ക്കാനാ?
പിന്നേ മോളേ ഒരു വിശേഷ വൊണ്ട്. അവൾ പറയുകയാണ്
ങാഹാ എന്താ അനുരാധേ ?
എനിക്കും അറിയാൻ കൗതുകമായി.
അനുരാധ റിട്ടയർമെൻ്റ് കഴിഞ്ഞിട്ടും അവളുടെ ചുറുചുറുക്കിന് ഒരു കോട്ടവും വന്നിട്ടില്ല.
” അതൊക്കെ അതിൻ്റെ വഴിയെ നടക്കും. നമ്മളതോർത്ത് ജീവിതത്തിൻ്റെ സർവീസിടങ്ങളിൽ സ്വയം വിരമിച്ചു നിൽക്കണ്ട ആവശ്യമെന്ത്? അവൾ മുഖവുരയായി പറഞ്ഞു.
അവളുടെ അഭിപ്രായത്തിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല.
ജീവിതം തീരുന്നതുവരെ ജീവിക്കാൻ നമ്മൾ ബാധ്യസ്ഥരാണല്ലോ.പ്രായം കൂടുന്നതിനനുസരിച്ച് അതിൻ്റെ പരമ്പരാഗത ചിഹ്നങ്ങൾ അണിഞ്ഞേകഴിയു എന്ന നിബന്ധന യൊന്നുമില്ലല്ലോ.
ഞാനിപ്പ വരാമേ. എന്നും പറഞ്ഞ് അനുരാധ ഓഫീസിനുള്ളിലെ മസ്റ്ററിങ് ടേബിളിനടുത്തേക്ക് പോയി.
” അലീമ ടീച്ചർ ക്ക് ഇ പ്പോഴും എഴുത്തിൻ്റെ ഭ്രാന്തുണ്ടെന്ന് തോന്നണല്ലോ.”
ഒരു പഴയ സഹപ്രവർത്തകനാണ് കേട്ടോ ഇപ്പറഞ്ഞത്.
എന്താ എന്താ ആരാ? മനസിലായില്ലല്ലോ സാർ.ഞാൻ എൻ്റെ അവസ്ഥ വെളിപ്പെടുത്തി.
ഞാൻ കണ്ടു ആ മന്ദാരപ്പൂക്കളും നോക്കി നിക്ക്ന്നത്.
നമ്പർ 25 എന്ന് നീട്ടത്തിൽ വിളിച്ചവരിൽ ഞാനുമുണ്ടായിരുന്നു. എന്നെ മറന്നോ ?
ഓഹ്. എനിക്ക് ഒട്ടും മനസിലായില്ല..
ഇയാൾ ആരാണ്. ഒട്ടും പിടികിട്ടുന്നില്ല .
“എനിക്കറിയാം. ഓർക്കില്ല എന്ന്. കാലോം കോ ലോം മാറിയല്ലോ.”
ആൾ ബാഗിനുള്ളിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് എന്നെ കാണിച്ചു.
” ഇതെനിക്കറിയാം. വസുതുണ്ടിൽപ്പാടത്ത്. “
അപ്പം അറിയാം. ഈ ഞാൻ തന്നെയാ അത്.
താനവിടെ ട്രാൻസ്ഫറായി വന്ന് ഒരാഴ്ചക്കകം എനിക്ക് ട്രാൻസ്ഫറായി. അതാ പറ്റിയേ.
ന്നാലും താൻ അന്നുടുത്ത സാരി ഇപ്പോഴും ഞാൻ ഓർക്കുന്നു. നിറയെ മഞ്ഞമന്ദാരപ്പൂക്കളുള്ള ഒരു സാരിയായിരുന്നു അത്.
ഓർക്കുന്നില്ലേ മുകളിലത്തെ നിലയിൽ നിന്ന് ഞാൻ ഓടിയിറങ്ങി വന്നതും തന്നെ പരിചയപ്പെട്ടതും സാരിയെക്കുറിച്ചു പറഞ്ഞതും ഒക്കെ?
ഉണ്ട്. നല്ല ഓർമയുണ്ട്.
മഞ്ഞമന്ദാരപ്പൂവിനെ അന്നേ ഇഷ്ട വാ അല്ലേ?
എന്തൊരു കാലമായിരുന്നു അത്.
അയാൾ പറഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ഓർമകളെ താലോലിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് ഞാനും ചിന്തിച്ചു നിൽക്കവേ ഒരു ആവേശക്കാറ്റ് വന്ന് മഞ്ഞ മന്ദാരത്തിൻ്റെ ഇതളുകളും പഴുത്തിലകളും കൊഴിച്ച് പ്രണയ നിമിഷങ്ങളിലെ ഉന്മാദം പോലെ റോഡിൽ വിതറിയിട്ടു.
ഈ അന്തരീക്ഷത്തിൽ ഒരു യൗവ്വന ഗന്ധം ഊളിയിട്ടു വരുന്നുണ്ടല്ലോ. എൻ്റെ മൂക്കിനെ പരമാവധി ആ മധുരിമയിൽ തളച്ചിടാൻ ആഗ്രഹിച്ചു. അവശതകളുടെ കാഴ്ച്ചകൾ ആശങ്കപ്പെടുത്തുന്നതിനേക്കാൾ ഭേദം ഈ മധുരിമ തന്നെയല്ലേ?
മക്കളോ കൊച്ചു മക്കളോ കൈ പിടിച്ചു കൊണ്ടുവരുന്ന അവശരൂപങ്ങൾ, തനിയേ തത്തിത്തത്തി ഒരു കുഞ്ഞിനെപ്പോലെ വരുന്നവർ ,കൂട്ടം കൂടി ചിരിച്ചു രമിച്ചു വരുന്നവർ ,നിർമ്മമതയുടെ ഭസ്മക്കുറിയിട്ടു വരുന്നവർ ,വ്യവസ്ഥിതികളോട് രോഷം കൊണ്ട് വരുന്നവർ, ഒക്കത്തിനോടും നിസാരത്തിൽ പുഞ്ചിരിച്ചു വരുന്നവർ അങ്ങനെയങ്ങനെ പലവർ.
“ഇന്ന് ഞാൻ നാളെ നീ ” എന്ന് ഓർത്താൽ ഒരു തെറ്റുമില്ല. പെൻഷനായവരേ… പ്രാണനിൽ നിന്ന് പെൻഷനാകുവോളം ജീവൻ്റെ ഇത്തിരിപ്പോളം കണികകളിലും അഭിരമിക്കുവിൻ.” റോഡിലേക്ക് ചാഞ്ചാടുന്ന മന്ദാരക്കൂമ്പുകളിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ടോ?
അലീ മേ… –
അരുണിൻ്റെ കാര്യമാണോ?
അനുരാധയാണ്.
ഇല്ല. ഏതരുൺ ?
എന്താ പറ്റിയേ?’
ഇന്ന് രാവിലെ അത് മരിച്ച്.ബോഡി ആ ഓഫീസിനു മുന്നിൽ പ്രദർശനത്തിന് വയ്ക്കാൻ ഇത് വഴിയാ കൊണ്ട് പോയത്.പെൻഷണ റാ” .ഉം.
വരുന്നോ കാണാൻ?
ഇല്ല. എനിക്ക് പരിചയമില്ല.
അല്ലെങ്കിലും ഒരു അവസ്ഥ കഴിഞ്ഞാൽ പിന്നെ മരണത്തിന് ദു:ഖമില്ല. അല്ലേ?
വൃദ്ധസദനത്തിലായിരുന്നു അരുൺജീവിച്ചത്.ഭാര്യ മരിച്ചു പോയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം വന്നുകൂടിയതാണ്.
ദേ പുള്ളിക്കാരൻ്റെ ഒരു പ്രസംഗം .നോക്കിയേ.
അവൾ മൊബൈലിൽ Save ചെയ്ത് വച്ചിരുന്ന ഒരു വിഡി ഓ കാണിക്കുകയാണ്.
സംഭാഷണം ചന്ദ്രനിലൂടെയാണ് സഞ്ചരിക്കുന്നത്. വൃദ്ധിക്ഷയങ്ങളിൽ വ്യാപരിക്കുന്നവനാണ് ചന്ദ്രൻ എന്നാണ്.
വൃദ്ധി അഭിവൃദ്ധിയാണെന്നും പരിപൂർണ നായ ചന്ദ്രൻ ഏറെ തേജസ്വിയാണെന്നും ഒക്കെ വിശദമാക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ വൃദ്ധസദനം എന്ന പേരിനേക്കാൾ Full Moon എന്ന പേരാണ് ഉചിതം .എന്നും പറയുന്നു.
പ്രായക്കൂടുതൽ അഭിമാനിക്കേണ്ടതാണ്. അപമാനം ഏൽക്കുവാനല്ല.
അനുരാധയെന്തോ പറയാം പറയാം എന്ന് പറയുന്നതല്ലാതെ പറഞ്ഞില്ല.
പരിചയമില്ലെങ്കിലും നീ വന്നേ പറ്റൂ. മിണ്ടീം പറഞ്ഞും നടക്കാം.ബാ. എനിക്ക് ഒരൂട്ടം നിന്നോട് പറയാനുമുണ്ട്. വസുതുണ്ടിൽപ്പാടത്ത് പെട്ടെന്നെവിടെയോ മറഞ്ഞു.
മനുഷ്യന് ഇങ്ങനെ അപ്രത്യക്ഷമാവാൻ കഴിയുമോ?
അതേ വസു ദേ മഞ്ഞമന്ദാരം നോക്കി നിക്ക്ന്ന്. പിന്നേ നമുക്ക് അരുണിൻ്റെ ബോഡി നോക്കീട്ട് തിരിച്ചു വന്ന് വീണ്ടും സംസാരിക്കാം.
എത്ര നാളായി നമ്മൾ കണ്ടിട്ട്. കുറെ കഴിഞ്ഞിട്ടൊക്കെ വീട്ടിൽ പോയാൽ -മതി.
എന്തിനാ കൃഷി ഓഫീസിലോട്ടൊന്നും ഇനി പോണ്ട. അരുണിനെ അദ്ദേഹത്തിൻ്റെ മകൾ വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളേ ള്ളു.
വേണ്ടപ്പെട്ട വരൊക്കെ നാളെയേ എത്തൂ.
ആരെല്ലാമോ പറഞ്ഞു.
നമുക്ക് ഒരുമിച് ഊണ് കഴിച്ചാലോ?അനുരാധ ചോദിക്കുന്നു.
അപ്പോൾഒരിലക്കുമ്പിൾ നിറയെമഞ്ഞമന്ദാരത്തിൻ്റെ ഇതളുകളുമായി വരുകയാണ് വസു.
വേണോ അലീന ടീച്ചറേ?
അന്നത്തെ രതി പുഷ്പം വിതറിയ സാരി ഇപ്പഴുണ്ടോ?
അതുപോലൊന്ന് കിട്ടിയെങ്കിൽ അനുരാധയ്ക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. വസു പറയുന്നു.
അനുരാധയും വസുവുമായി എന്താ ബന്ധം?
ചേർത്തു വായിക്കാൻ എനിക്കെന്താ ഒരു പ്രയാസം ?
ശീലിച്ചുപോയ നാട്ടുനടപ്പുകളിൽ നിന്ന് മാറിനടക്കൽ എളുപ്പമല്ല. അതു കൊണ്ടാവും. കാലത്തിൻ്റെ മാറ്റത്തിലേക്ക്കാലം തന്നെ വന്ന് മനുഷ്യനെ കൂടെ കൂട്ടും.
അലീമയെന്താ ആലോചിക്കുന്നെ?
വാസുവും ഞാനും ഇപ്പോൾ ഭാര്യയും ഭർത്താവുമാ.അതാ ഞാൻ നിന്നോട് പറയാൻ വന്നത്. അനുരാധ വെളിപ്പെടുത്തി.
ഞാൻ ഞെട്ടിയില്ല. ഇപ്പോൾ സാധാരണമായിത്തുടങ്ങിയിരിക്കുന്ന ഒരു കാര്യമാണല്ലോ ഇത്.അനുരാധയെ പരിചയപ്പെട്ട നാൾ മുതൽ ഭർത്താവ് ഉപേക്ഷിച്ചു പോയവൾ എന്നാണ് കേട്ടിരിക്കുന്നത്. വസുവിൻ്റെ കാര്യം എനിക്കറിയില്ല. ഉണ്ടായിരുന്ന ഭാര്യ മരിച്ചു പോയിട്ടുണ്ടാകും.
“ഇത് നോക്ക് ഞങ്ങളുടെ വിവാഹ ഫോട്ടോ “
അവർ പൂമാലയിട്ട് നിൽക്കുന്ന ഒരു ഫോട്ടോ അനുരാധ ബാഗിൽ നിന്നെടുത്തു. ഒപ്പം അതിൽ വച്ചിരുന്ന മഞ്ഞമന്ദാരത്തിൻ്റെ ഇതളുകൾ നിലത്തേക്ക് പറന്നു വീണു.
‘അയ്യോ അനൂ.രതി പുഷ്പങ്ങൾ കളയാതെടോ ” സഹജമായ നർമത്തിൽ വസു പറഞ്ഞു.
അവരിരുവരും നർമത്തിൻ്റെ ആകാശവർണത്തിൽ പൊതിഞ്ഞ വെള്ളത്തൂവലുകൾ പോലെ അഭിരുചി എന്ന പുതിയ റെസ്റ്റോറൻ്റിലേയ്ക്ക് ഊളിയിടുകയാണ്.
എന്നെ മറന്നോ? ഞാൻ കൂടെപ്പോകണോ? സ്വർഗ്ഗം, കട്ടുറുമ്പു് എന്നൊക്കെയുള്ള സാധ്യതയിലേയ്ക്കാണോ എൻ്റെ പ്രവേശനം.
ഹൊ അനുരാധ തിരിഞ്ഞ് എന്നെ വിളിക്കുന്നു.
വന്നേ മോളേ.sory ടാ .., വന്നേ
ആകെയുള്ള ഒരേയൊരു ഗസ്റ്റ് ആണ് നീ.
Pls .
ങും.
എനിക്കിത്തിരി പരിഭവമുണ്ടായത് അവൾ കണ്ടോട്ടെ എന്ന് നിനച്ചു കൊണ്ട് ഞാൻ കൂടെപ്പോയി. പരിഭവം എന്നെ കുറച്ചു നേരം അവർ മറന്നു പോയതിനാണ് കേട്ടോ .ഈ പ്രായത്തിലും ഇത്രയ്ക്കങ്ങട് സർവ്വം മറക്കണോ എന്ന് തോന്നാതെയുമിരുന്നില്ല.
പക്ഷേ കുശുമ്പോ അസൂയയോ ഒട്ടുമില്ല.എനിക്കെന്തിന് അത് തോന്നണ്ട കാര്യം?
കാടുകയറി യോ ഞാൻ?
എന്താ കഴിക്കാൻ വേണ്ടത് പറഞ്ഞോ അലീമേ.വിഭവങ്ങളുടെ ലിസ്റ്റ് എൻ്റെ മുന്നിലേയ്ക്കിട്ടിട്ട് അവർ കണ്ണിൽക്കണ്ണിൽ നോക്കി കണ്ണു കൊണ്ട് സംസാരിച്ചു തുടങ്ങി. അവരുടെ കണ്ണുകളിൽ അപ്പോൾ കൂടു പൊട്ടി വന്ന ചിത്രശലഭങ്ങൾ പറക്കുന്നത് എനിക്ക് കാണാമായിരുന്നു.
പക്ഷേ ഒരു കാര്യമുണ്ട്. ഉപാധികളില്ലാത്ത ഒരു പ്രണയത്തിൻ്റെ തുടക്കമായിരിക്കും അത് എന്ന് ഞാൻ വിശ്വസിക്കുന്നു.
കുഞ്ഞുകുട്ടിപരാധീനതകൾ എന്ന മധുരസ്വപ്നം വാതിൽ തള്ളിത്തുറന്ന് കടന്നു വരില്ല. സാമ്പത്തിക പ്രതിസന്ധി, ഒത്തുതീർപ്പുകൾ, അലവലാതി അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമേ തോണ്ടാൻ വരണ്ട കാര്യമില്ല.
കാറ്റിൽ പാറുന്ന ഇലപോലൊരു തുടർ ദാമ്പത്യം .
ഇനി ചില തമാശികൾ പറയുന്നു. സ്ഥിര ദാമ്പത്യത്തിൽ നിന്ന് തുടർ ദാമ്പത്യത്തിലേക്ക് വഴിമാറാൻ പ്രചോദിതരായേക്കുമോ സമകാലികർ എന്ന്.
ഏയ്. ഒരിക്കലുമില്ല. ഇതൊക്കെ തികച്ചും വ്യക്തിപരം.
ദേ രണ്ടു ഭീമൻ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് അവർക്ക് മുന്നിൽ വന്നു.
ഞാനൊന്നും ഓർഡർ കൊടുത്തിരുന്നില്ലല്ലോ. അവരെപ്പഴാണോ അത് കൊടുത്തത്.
എന്നെ അവർ വീണ്ടും മറന്നിരിക്കുന്നു.
ഇനി ഞാനിത് സഹിക്കില്ല. നിങ്ങൾക്ക് തോന്നാം. എനിക്കിതിൻ്റെ വല്ല ആവശ്യവും ഉണ്ടായി രുന്നോ എന്ന്. ഒരു ഫസ്റ്റ് നൈറ്റിൻ്റെ ഹാങ്ഓവറിലേക്ക് കൂപ്പുകുത്താനിരിക്കുന്നവർക്കി ടയിൽ നുഴഞ്ഞു കയറിയത് മണ്ടത്തരമായിപ്പോയില്ലേ എന്ന്!
ഞാൻ നുഴഞ്ഞു കയറിയതല്ലല്ലോ. അവഗണനയും ഏറ്റുവാങ്ങി പോകണ്ട കാര്യമെന്തിരിക്കുന്നു?
ഞാൻ എഴുന്നേറ്റ് അനുരാധയുടെ കയ്യിൽ പിടിച്ച് യാത്ര ചോദിക്കയാണ്.
മോളേ All wishes…… ഇത് ഞാൻ കുടിക്കുവാ. അവളുടെ മുന്നിലെ ജ്യൂസ് ഞാൻ എട്ത്ത് ആത്മാർത്ഥമായി കുടിച്ചു.
എന്നെ എൻ്റെ ഭർത്താവ് വിളിക്കുന്നു. പോട്ടെ?
ഇനിയും വേണ്ട തൊക്കെ വാങ്ങിക്കഴിച്ചിട്ട് രണ്ടാളും സ്ഥലം കാലിയാക്കിയാൽ മതി.
പിന്നേ ഒരുകാര്യം. ആദ്യം ഈയിരിക്കുന്ന ഒരു ഗ്ലാസ് ജ്യൂസ് രണ്ടാളും പകുതിപ്പകുതി കുടിച്ചിട്ട് വേണം അടുത്തത് ഓർഡർ ചെയ്യാൻ.
അവർ ചിരിക്കുന്നു. എന്തൊരു മാതിരി ചിരിയാണോ അത്.
ഇപ്പോൾ ഈ കഥ ഇവിടെ നിർത്തിപ്പോകാമെന്ന് ഞാൻ കരുതിയതാണ്.അന്നേരമാണ് എൻ്റെ ഭർത്താവിൻ്റെ വിളി ശരിക്കും വന്നത്.
ഞാൻ ട്രഷറിയുടെ മുറ്റത്ത് നിൽക്കാൻ. അദ്ദേഹം അത് വഴി വരുന്നുണ്ടെന്ന്.
മഞ്ഞമന്ദാരത്തിൻ്റെ ഇതളുകൾ രണ്ടെണ്ണം റസ്റ്റോറൻ്റിൻ്റെ നിലത്ത് വീണ് കിടപ്പുണ്ട്. അനുരാധയുടെ ബാഗിൽ നിന്നാണ്.
ഞാനവിടെ നിന്നിറങ്ങി .
ഇനിയും ഞാൻ മഞ്ഞമന്ദാരത്തിൻ്റെ മരവും നോക്കി ട്രഷറിയുടെ മുറ്റത്ത് ചെന്ന് പുതിയ ജീവിതാഭിനേതാക്കളെ കണ്ടെത്തണോ?
…..
ഇപ്പോൾ ട്രഷറിയുടെ മുറ്റത്ത് ആളുകളേയില്ല. എല്ലാവരും അവരവരുടെ കാര്യനിർവ്വഹണം നടത്തി പൊയ്ക്കഴിഞ്ഞു. ഞാനും മഞ്ഞമന്ദാര മരവും മാത്രം.നിലം നിറയെ രതി പുഷ്പത്തിൻ്റെ ഇതളുകൾ .












