LIMA WORLD LIBRARY

നവയുഗപ്പിറവി – ( ശ്രീ മിഥില )

മുറ്റത്തെ പടിക്കെട്ടുകൾക്ക് താഴെ നിറയെ ചെമ്പരത്തി പൂത്തുനിൽക്കുന്ന നീണ്ടനിഴൽവിരിച്ച വഴി.
അതിന്റെ ഓരത്തു കുഴികുത്തി അതിൽ ഇലവെച്ച് കഞ്ഞി വിളമ്പുന്ന വാല്യക്കാർ. ചെറുമന്മാർ കഞ്ഞി കുടിക്കുന്നത് മുറ്റത്തുകുഴിച്ച കുഴിയിൽ.
കളിച്ചു കൊണ്ടിരിക്കുമ്പോൾ ഉണ്ണിക്കു പല വിധ സംശയങ്ങൾ മനസ്സിൽ തെളിഞ്ഞു. ഓപ്പോൾ കൊത്തംകല്ലാടുന്നതിനിടയിൽ അവന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
 “ഉണ്ണി എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത്.”
അവരൊക്കെ കീഴ് ജാതികൾ അവരെയൊന്നും പടിക്കകത്തു കയറ്റാൻപാടില്ല ഉണ്ണീ “
“അതെന്താ ഓപ്പോളേ.”
“അവരുടെ നിറം കറുത്തിട്ടല്ലേ ഉണ്ണിയെ. അതോണ്ടാ. കൂടുതൽ അറിയണമെങ്കിൽ നീ വല്യമ്മാമയോട് ചോദിക്കൂ “.
“അന്നൊരിക്കൽ കുട്ടിച്ചെറുമന്റെ കൈ
മുറിഞ്ഞില്ലേ പോത വെട്ടുമ്പോൾ?” അപ്പോളവന്റെ കയ്യിൽ നിന്നുംവന്ന ചോര ചുവപ്പായിരുന്നല്ലോ.
ഉണ്ണിയുടെ കൈ മുറിഞ്ഞപ്പോളും ചോരയുടെ നിറം ചുവപ്പന്നെ.” ഉണ്ണിക്ക് സംശയം തീരുന്നില്ല
“എന്റെ ഉണ്ണിയെ നിക്ക് ഒന്നും അറിയില്യ.”
ഓപ്പോൾ അവന്റെ ചോദ്യങ്ങളിൽനിന്ന് ഒരുവിധം രക്ഷപ്പെട്ടു.
വല്യമ്മാമയോട് ഈ വക കാര്യങ്ങൾ ചോദിക്കാൻ ഉണ്ണി ഭയപ്പെട്ടു.മുറ്റത്തേയ്ക്കുള്ള ഒതുക്കുകല്ലുകൾ കയറുമ്പോൾ ദാ നിൽക്കുന്നു
കുടവയറും തിരുമ്മിക്കൊണ്ട് വല്യമ്മാമ. “എന്തെ ഉണ്ണിയേ?”
” ഒന്നൂല്യ.” ഉണ്ണി ഒഴിഞ്ഞുമാറി നേരെ അടുക്കളപ്പുരയിലേക്ക് നടന്നു.
പഞ്ചസാരഭരണിയിൽ കയ്യിട്ടുവാരി പുറത്തുകടക്കുമ്പോൾ ഒരു പാമ്പ് കാലിൽ കൊത്താതെ പാഞ്ഞുപോയി .
വല്യമ്മാമയെപ്പോലെ ഭീകരനല്ല പാമ്പ്. ചെറുമന്മാരുടെ ഉയർന്നുതാഴുന്ന നെഞ്ചും ഒട്ടിയവയറും ഉണ്ണിക്ക് എന്നുമൊരു ചോദ്യചിഹ്നമായിരുന്നു.
കുളത്തിൽ കുളിക്കുമ്പോൾ കാൽവഴുതി ഉണ്ണി നിലയില്ലാതെ മുങ്ങുമ്പോൾ കൈതന്നു രക്ഷിച്ചത് കുട്ടിച്ചെറുമനാണ്.
അതിൽപ്പിന്നെ അവനുമായി നല്ല ചെങ്ങാത്തത്തിലായി.
“ഏൻ കൈ തന്നൂന്ന് ഉണ്ണീടെ വല്യമ്മാമ്മ അറിയേണ്ട ട്ടോ ” ചെറുമക്കിടാവ് പറഞ്ഞു. “
നീ എന്നെ രക്ഷിക്കുകയല്ലേ ചെയ്തത്. അതിലെന്താ തെറ്റ്? ഉണ്ണിയുടെ മറുചോദ്യം
“വേണ്ട ഉണ്ണീ ഇവിടെല്ലാം തെറ്റുതന്നെ.”
കുനിഞ്ഞുപോയ അവന്റെ മുഖമുയർത്തി ഉണ്ണി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി.ആ കണ്ണിൽ തിളങ്ങുന്ന പകയും പക്വതയും അവൻ വായിച്ചു.
ഉണ്ണി മാവിചോട്ടിലിരുന്ന് ഉറക്കെ വായിച്ചു. പതുങ്ങിനിന്ന് കുട്ടിച്ചെറുമൻ പാഠങ്ങൾ പഠിച്ചു.
രണ്ടുദ്രുവങ്ങളിൽ വളർന്നുവലുതായി.
കുട്ടിച്ചെറുമന്റെ മസിലുകൾ ഉരുണ്ടു. ആരോഗ്യവാനായ ചെറുപ്പക്കാരനായി അവൻ.ഉണ്ണിയുടെ വിരലുകളിൽ എഴുത്തിന്റെ തഴമ്പു തടിച്ചു.
വല്യമ്മാമ ക്രൂരതയിൽ മനംനൊന്ത് മരിച്ച അച്ഛൻ. ആത്മഹത്യചെയ്ത അമ്മ. ആകെയുള്ള ഓപ്പോൾ വിവാഹിതയായി. കുട്ടിച്ചെറുമനുമായുള്ള സുഹൃത്ത്ബന്ധം ദൃഢമായി.ആയിടക്കായിരുന്നു വല്യമ്മായുടെ മരണം. അയാൾക്ക്‌വേണ്ടി കണ്ണീർവാർക്കാൻപോലും ആരുമുണ്ടായില്ല.വല്യമ്മാമയുടെ മരണത്തോടെ കുട്ടിച്ചെറുമൻ പടിക്കെട്ടുകയറി ഉമ്മറത്തെത്തി. അവന്റെ കൈപ്പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ആശ്വാസം തോന്നി.
എന്നും ഏകാന്തതയുടെ മുറിവുണക്കിയിരുന്നത് കുട്ടിച്ചെറുമൻ തന്നെ.അവന്റെ ചങ്ങാത്തം പുതിയ ആശയങ്ങൾക്കും അറിവിനും കാരണമായി. മാറിക്കൊണ്ടിരിക്കുന്ന നാട്. അവർ ഒന്നിച്ചു ഭക്ഷിച്ചു. ഒന്നിച്ചുറങ്ങി. ഒന്നായണിചേർന്നു . മുട്ടിയിരുമ്മി സമരംനയിച്ചു. ധീരനേതാവായി. “പൂർവ്വദിങ്മുഖമൊന്നുചുവന്നു
പുതിയ മനുഷ്യനുണർന്നു.”
ആ പാട്ടു പലവട്ടം കേട്ടു.
മനുഷ്യൻ ഉണർന്നു കഴിഞ്ഞിരുന്നു.
സ്പുടം ചെയ്ത കറുത്തയുടലുകൾ മുന്നിട്ടിറങ്ങി.
ചോരയുടെ നിറമൊന്നായി.
നാലുകെട്ടിനുള്ളിൽ ഇനി ഗർജ്ജനങ്ങളില്ല.
സാന്ത്വനങ്ങൾ മാത്രം.
ചെറുമന്റെയും ഉണ്ണിയുടെയും ഏകോപന മന്ത്രങ്ങൾ.
ഇങ്ങനെയൊരുകാലം സ്വപ്നം കണ്ടിരുന്നു. ഓപ്പോളും കുട്ടികളും ഇന്നു വരുന്നുണ്ട്. കുട്ടികൾക്ക് വെക്കേഷൻ. ചെറുമന്റെ മക്കളും ഓപ്പോളുടെ മക്കളും ഒന്നിച്ചു കളിച്ചു.നവയുഗം പിറന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px