മൂന്ന് പെൺമക്കളും മേക്കപ്പ് കഴിഞ്ഞു. മൂത്തവൾ കടും ചുവപ്പ് ലിപ്സ്റ്റിക്കിട്ട് ചുണ്ടുകളെ വരച്ച് ഒരു പരുവമാക്കി. പൊടിയും ചൂടും തണുപ്പും ഏൽക്കരുത്.കടും ചുവപ്പ് കണ്ട് മദിയിളകുന്നവൻ്റെ (വളുടെ) കരണം പൊട്ടിക്കാൻ പത്ത് നഖങ്ങളിൽ പത്ത് നിറം പിടിപ്പിച്ചു വച്ചിട്ടുണ്ട്.
രണ്ടാമത്തവൾ പരമശിവൻ്റെ ചിത്രം പോലെയാണ് സ്റ്റൈലാക്കിയിരിക്കുന്നത്.
മുടിയെല്ലാം തൂത്ത് വാരിനെറുകയിൽ വട്ടംചുറ്റി കറുത്ത പ്ലാസ്റ്റിക് പാമ്പിനെ ചുറ്റി. കഴുത്തിൽ നാലു് മടക്കിൽ രുദ്രാക്ഷമാല ചുറ്റി. ഇത് ഒറിജിന ലോ ഡൂപ്ലിക്കേറ്റോ എന്ന് പരിശോധിച്ചില്ല.
മൂന്നാമത്തവൾ തിരികക്കെട്ടും ജീൻസും ഇൻ ചെയ്ത ഷർട്ടും സ്പോർർട്സ് ഷൂവും .
“ഇതെന്തുവാ ! അമ്മയായ ഞാൻ എൻ്റെ ഉള്ളിൽത്തന്നെ ഒന്നലറി.
ഞാൻ എൻ്റെ തലയ്ക്കു മുകളിൽ ഡെമോക്ലസിൻ്റെ വാൾ കണ്ടു.
മക്കളേ.. എന്ന് വിളിക്കാൻ നാവ് പൊങ്ങുന്നില്ല. ഭയത്താൽ ചകിതയായവൾ എന്ന് ഒരു സാഹിത്യം താലോലിച്ചു.
എനിക്കൊരുങ്ങണ്ടെ? ഇങ്ങനെ നിന്നാൽ മതിയോ? ഞാൻ ഇവരുടെ അമ്മയല്ലോ. കൂട്ടത്തിൽ ഒന്ന് പിടിച്ചു നിൽക്കണ്ടേ?
മേക്കപ്പ് മുറിയിൽ ചെന്ന് ഞാൻ മൂത്തവളുടെ ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ട് ചുണ്ട് മെനയാക്കി. ജീൻസും ഷർട്ടമിട്ടു. മുടി തോൾ വരെയേ ഉള്ളു. ഭാഗ്യം. വെറുതെ ചീകിയിട്ടു.
എന്നെക്കണ്ട് മൂന്നാമത്തവൾ പറഞ്ഞു.
ദേ നമ്മുടെ മമ്മി .കൊള്ളാമല്ലോ.
ഈ മമ്മി ടെ ഒരു കാര്യം.പാവം. ഇന്നലെ ഉണ്ടാക്കി വച്ച വൈൻ എത്രേം കഴിച്ചു?
ങേ!
എനിക്ക് ബോധം പോയെന്നാണോ ഇവൾ പറയുന്നത് .ഞാൻ എന്നിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. രണ്ടാമത്തവൾ എന്നെ ചേർത്ത് പിടിച്ച് ഒരു ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ ഇട്ടു.ഒന്നാമത്തവൾക്ക് അവളുടെ ”നവ്യനപുംസക “ത്തിന് ഒരു good day അവാർഡ് കിട്ടിയ ആനന്ദം പങ്കുവയ്ക്കേണ്ടതുണ്ട്.
ആയതിന് ഒരു കേക്ക് വാങ്ങിച്ച് മുറിച്ചു എല്ലാവരുടെയും വായിൽ വച്ച് തന്ന് ഒരു വിഡിയോ പിടിക്കണം.
ഇവൾ എപ്പോഴാണ് സാഹിത്യം രചിച്ചത്? രാത്രിയോ പകലോ?
എവിടെ വച്ച്?
എങ്ങനെ?
ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ. ആർട്ടിഫിഷ്യൽ വല്ലതും ഇവൾക്ക് ജാരനായോ? ഞാൻ അന്തിച്ചു നിന്നു.
അമ്മ നിന്ന് ആലോചിക്കാതെ ഈ ഡ്രസ് മാറ്റി നല്ലൊരു സാരിയുട്ത്ത് വരണം. സമ്മാനദാനത്തിന് അമ്മയെ കൊണ്ടു ചെല്ലണമെന്ന് മെസേജുണ്ട്. മൂത്തവൾ പറയുന്നു.
അമ്മേ… സ്വപ്നം കണ്ട് നിക്കാതെ ഒന്ന്റെ ഡിയാവ്.ഞങ്ങൾ കേക്ക് വാങ്ങിച്ചിട്ട് വരാം.
മക്കളേ… പെൺമക്കളേ… ഞാൻ ഒരു പിൻവിളി വിളിച്ചു. അമ്മയെ മറന്നൊരു കാര്യവുമില്ലാത്ത പൊന്നുമക്കളേ.. ……
മനസറിഞ്ഞ് മനസിനോട് വിളിച്ചു പറഞ്ഞു.
എനിക്ക് ഒന്ന് കിടക്കാനാണ് തോന്നിയത്.ഇന്നലെ ഒരു പോളക്കണ്ണ് അടച്ചിട്ടില്ല. മൂന്ന് പേർക്കും ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കി കഴിപ്പിച്ച്….
തമാശ പറഞ്ഞു് മൂവരും എൻ്റെ മടിയിൽ കിടന്നാണ് ഉറങ്ങിയത്. ഞാനത് നോക്കിക്കൊണ്ട് ഉറങ്ങാതിരുന്നു.
ഇപ്പോൾ ഒരു സ്വപ്നം വന്ന് ഒരു സത്യം വെളിപ്പെടുത്താനുണ്ടെന്ന് എന്നോട് പറയുകയാണ്.
ആവാം.ലോകം തന്നെ ഒരു വെളിപാട് തറയായി ചമഞ്ഞിരിക്കുകയാണല്ലോ. പിന്നെ എനിക്കെന്താ ആയാല്?
സ്വപ്നം അത് കേട്ടോ എന്തോ. എൻ്റെ ഉപബോധത്തിൽ ഒരു എഴുത്ത് കടലാസ് ചുരുൾ നിവരുന്നു.ഞാൻ .ഡൗൺലോഡ് ചെയ്ത പുസ്തകത്താൾ പോലെ ഒന്ന്.
മൂത്തവളാണ്. കോപ്പി പേസ്റ്റ് നടത്തുകയാണവൾ. പല പല സാഹിത്യത്തെ കുഞ്ഞു തുണ്ടു കളാക്കി ചേർത്തു വയ്ക്കുകയാണ്. നവ്യനപുംസകം. ഇങ്ങനല്ലാതെ ഇതൊക്കെ നീട്ടിപ്പിടിച്ച് ഉറങ്ങിയും ഉറങ്ങാതെയും തിന്നും തിന്നാതെയും എഴുതിപ്പടയ്ക്കുവാൻ എനിക്ക് വയ്യേ. അവൾ തലയ്ക്ക് കൈ വയ്ക്കുന്നു. എത്ര പെട്ടെന്നാണ് ഞാൻ ഒരെഴുത്തുകാരിയായിരിക്കുന്നത്. അവാർഡ് നിർണയത്തിൻ്റെ പ്രോട്ടോക്കോളിൽ നഞ്ച് വിതറിയത്!
അവളുടെ നവ്യനപുംസകത്തിന് അവാർഡ് കിട്ടി എന്ന Social meadia unknown group അറിയിപ്പ് Edit copy ആക്കി സ്വപ്നം കാണിക്കുന്നു.
വിവര സാങ്കേതികത്തിൽ അടിയുറച്ച സ്വപ്നമേ.. ഞാനെന്തു പറയാൻ?
അമ്മേ…. അനുപമേ…
മൂത്തവളുടെ വിഡി ഓ കാൾ.
അനുപമ എന്നാണ് എൻ്റെ പേര്.അങ്ങനെയാണ് മൂത്തവൾ എന്നെ വിളിക്കുക.
സാരിയുടുത്തില്ലേ ഇതു വരെ ? കെടന്നുറങ്ങു വാ?
അവളുടെ കലിപ്പ് മൊബൈൽ ആപ്പിലൂടെ പൊട്ടിപ്പുറപ്പെടുന്നു.
എൻ്റെ സ്വപ്നം പോയ വഴിക്ക് ഒരു പുല്ലു പോലുമില്ല!
ഞാൻ ചട പടെ എഴുന്നേറ്റ് അവളോട് ചോദിച്ചു.’ മക്കള്മാർകേക്കുമായി വരുമ്പോഴക്കും പോരേ?
കലിപ്പോട് കലിപ്പ്.
ആര് വര്ന്നെന്നാ?മുത്തോ ള് ടെ കണ്ണ് ചുവന്ന് കേട്ടോ. ന്നാലും ഒരു രസോണ്ട്.
അവൾ അലറുന്നു.
ഒര്ത്തി തെരുവ് നാടകത്തിലെ പർണശാലയിലേക്ക് പോയി.
ഒരുത്തി ഏതോ കൂതറ ഷൂട്ടിങ്ങിൻ്റെ കോറസിൽ കയ്യടിച്ച് ചിരിക്കാൻ പോയി.
അപ്പം നീയോ?
അപ്പോം പഴോം കേക്കും ഒന്നൂല്ല.ഞാൻ വരും .ഒന്നൊരുങ്ങി നിക്ക്.
സത്യത്തിൽ ഒരു ഗ്രാൻ ഡാർക്ക് ഫോറസ്റ്റ് തിന്നുവാനുള്ള ആർത്തിയിലേയ്ക്ക് എൻ്റെ സ്വാദു മുകുളങ്ങളെ ഞാൻ വളർത്തി വച്ചിരിക്കയായിരുന്നു.അത് ആരറിയാൻ?












