അദ്ധ്യായം – 11
ആദ്യ ജോലി മോഷണം
ആ സംഭവം അപ്പോള്‍ തന്നെ ചെറിയാന്‍ ജ്യേഷ്ഠത്തിയെ വര്‍ണ്ണോജ്വലമായി ധരിപ്പിച്ചു. പരസ്പരം തല്ലുകൂടുന്നവരെ ഒന്നകറ്റാന്‍ ശ്രമിക്കാതെ എരിതീയില്‍ എണ്ണയൊഴിക്കും പോലുളള ഒരാളായിരുന്നു ചെറിയാന്‍. തിന്മകളെ ഒറ്റപ്പെടുത്താന്‍ കഴിയാതെ അതിനോട് സഹതാപം കാട്ടുന്നവര്‍. വീട്ടിലെത്തിയ എന്നെ ജ്യേഷ്ഠത്തി ശകാരിച്ചു. ഓരോ വാക്കുകളും എന്നെ അമ്പരപ്പിച്ചു. ജ്യേഷ്ഠത്തി കാര്യമറിയാതെ തുളളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരോ തെറ്റിധരിപ്പിച്ചതാണ്.
നീ ഇവിടെ വന്നത് ഞങ്ങളുടെ സ്വസ്തത നശിപ്പിക്കാനാണോ. ഇന്നുവരെ ഇവിടെ ജീവിച്ചത് അഭിമാനത്തോടെയാ. ഞാന്‍ അതിനു മറുപടിയായി ചോദിച്ചു, എന്നെ ഒരുത്തന്‍ അനാവശ്യമായി അസഭ്യം പറഞ്ഞാല്‍, ഉപദ്രവിച്ചാല്‍ അതെല്ലാം കയ്യും കെട്ടി സ്വീകരിക്കണമെന്നാ പറയുന്നേ?. അതിനെ എതിര്‍ത്തിട്ട് അറിയിച്ചു, നീ ഇനി ആരെയും ഉപദ്രവിക്കരുത്. നീയിപ്പോള്‍ ഒരു തലവേദനയായി മാറിയിരിക്കയാ. മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും?. സ്വന്തം നിലപാടുകള്‍ എന്‍റെമേല്‍ അടിച്ചേല്പിച്ചിട്ട് ജ്യേഷ്ഠത്തി അടുക്കളയിലേക്ക് പോയി. മറ്റുളളവര്‍ക്കൊപ്പം നിന്ന് എന്നെ എതിര്‍ക്കാനാണ് ശ്രമം. നാട്ടിലേതു പോലെ സ്വന്തം വീട്ടില്‍ നിന്നും ഭീഷണികളാണ് മുന്നിലുളളത്.ജ്യേഷ്ഠത്തിയുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഒരു മുന്നറിയിപ്പുണ്ട്. അത് ഈ പ്രശ്നം ഉണ്ടായതിന് മുമ്പ് ഉളളതാണ്. അതിങ്ങനെ വായിക്കാം, “എനിക്ക് നിന്നെ ഇഷ്ടമല്ല, ഇവിടെ താമസിക്കുന്നതിലും താത്പര്യമില്ല”. ജീവിക്കാന്‍ മറ്റൊരിടമില്ലാത്തതു കൊണ്ട് ജ്യേഷ്ഠത്തിയുടെ ശകാരവും മറ്റും എന്നെ ഒട്ടും തളര്‍ത്തിയില്ല. സ്നേഹം വാരിക്കോരി തരാത്തതില്‍ പരിഭവം തോന്നിയിട്ടില്ല. എന്നെ പലതില്‍ നിന്നും ഒഴിവാക്കിയപ്പോഴും പരിഭവമില്ലായിരുന്നു.
ഞാനറിയാതെ പ്രളയകാലത്തെ കൊടുങ്കാറ്റു പോലെ മലയാളികള്‍ക്കിടയില്‍ ഒരു ഗുണ്ട എന്ന പേര് എനിക്കുണ്ടായി. റാഞ്ചിയില്‍ പേരെടുത്തിട്ടിളള ഗുണ്ടകളായ വാസുപിളള, കുണ്ടറയാശാന്‍ ഇവരുടെ കാതുകളിലും വര്‍ഗ്ഗീസ് കാരൂരിന്‍റെ അനുജന്‍ സോമന്‍ എന്ന ഗുണ്ടയെത്തി. വാസുപിളളയും കുണ്ടറയും ഹിന്ദിക്കാരായ പല ഗുണ്ടാ നേതാക്കെളെയും അടിച്ചൊതുക്കി പേര് സമ്പാദിച്ചവരാണ്. ഹിന്ദി ഗുണ്ടകളൊക്കെ മദ്യ ലഹരിയില്‍ ആയതുകൊണ്ടാണ് വാദവും ഒരു കൂട്ടര്‍ പറയാറുണ്ട്. വള്ളികുന്നം, ആനന്ദന്‍, സുകുമാരപിളള മുതലായവരുടെ കഴുകന്‍ കണ്ണുകള്‍ എന്‍റെ ചുറ്റും പറന്നുകൊണ്ടിരിക്കുന്നു. അവരുടെ നിശ്വാസവായുവിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നെ അടിച്ച് തറ പറ്റിക്കണം. എന്ന ആഗ്രഹമാണ്.
കുണ്ടറയാശാനെ സമീപിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി, വര്‍ഗ്ഗീസ് നാട്ടില്‍ നിന്നു വരട്ടെ എന്നാണ്. കൂട്ടത്തില്‍ ഒരു ഉപദേശവും കൊടുത്തു. മനുഷ്യര്‍ തമ്മിലുളള പ്രശ്നങ്ങള്‍ മതത്തിലോട്ട് വലിച്ചിടരുത്. അത് അപരാധമാണ്. ഇവിടുത്തെ ഹിന്ദു മുസ്ലിം ലഹള പോലെ മലയാളിയും മാറണോ. ഇവിടെ മതമൊന്നും മലയാളിക്കു വേണ്ട. നമ്മള്‍ ഇവിടെ വന്നത് ദരിദ്ര്യം മാറ്റാനാണ്. അല്ലാതെ മതദാരിദ്യം അനുഭവിക്കാനല്ല. ഇയാള്‍ അസ്സോസ്സിയേന്‍ അംഗമായതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന ഭാവമാണ് ആനന്ദനും കൂട്ടുകാര്‍ക്കുമുണ്ടായിരുന്നത്. പിന്നീടവര്‍ പോയത് വാസുപിളളയെ കാണാനാണ്. ദുര്‍ഗ്ഗ പൂജയുടെ അവസാനത്തെ ഇനമായ കായിക ഗുസ്തിയില്‍ അവിടുത്തെ പ്രമുഖ ഗുണ്ടയായ ശര്‍മ്മയെ തോല്‍പിച്ചാണ് ആയിരങ്ങളെ സാക്ഷി നിറുത്തി പിളള സ്വര്‍ണ വള സ്വന്തമാക്കിയത്. റാഞ്ചിയില്‍ മിശ്ര, ശര്‍മ, വര്‍മ്മ ഇങ്ങനെ പല സമുദായക്കാരുടെ ഗുണ്ടാ ഗ്രൂപ്പുകളുണ്ടയിരുന്നു. ചിലപ്പോഴൊക്കെ ഇവര്‍ ഏറ്റമുട്ടാറുണ്ട്. അതിനാല്‍ ഈ കൂട്ടരെല്ലാം പോലിസിനു തലവേദനയാണ്.പലപ്പോഴുമിവിടെ പോലീസ് നോക്കുകുത്തികളായി മാറുന്നതു മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോരോ ജാതിയില്‍പ്പെട്ടവര്‍ക്കൊപ്പം നിന്ന് രാഷട്രീയ പാര്‍ട്ടി ജാതി വിത്തിറക്കി വോട്ടു സ്വന്തമാക്കും. ഗുണ്ടകളുടെ ഉരുക്കു മുഷ്ടികള്‍ തകര്‍ത്തു കളയാനുളള കരുത്ത് നിയമപാലകര്‍ക്കുമില്ലായിരുന്നു.
വാസുപിളളയെ കാണാന്‍ ചെന്നവര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. നാട്ടില്‍ നിന്ന് ജോലി തേടി വന്ന ഒരുത്തനെ ഞാന്‍ തല്ലണമെന്നോ, നാണമില്ലേ നിങ്ങള്‍ക്ക് പറയാന്‍. ഞാനാരേയും അനാവശ്യമായി ഉപദ്രവിക്കത്തില്ല. അങ്ങനെ ഒരു നായകത്വം ഞാനുണ്ടാക്കിയിട്ടില്ല. അവര്‍ കലങ്ങിയ മനസ്സുമായി വണങ്ങിയിട്ട് പുറത്തിറങ്ങുമ്പോള്‍ അകത്തേക്ക് നോക്കി വിളിച്ചു, എടാ കുട്ടാ ഇങ്ങോട്ടു വന്നേ. അകത്തു നിന്ന് തടിച്ചു കൊഴുത്ത ഒരു താടിക്കാരന്‍ പുറത്തേക്കു വന്നു. ഇവന്‍ എന്‍റെ അമ്മാവന്‍റെ മോനാ. നാട്ടിലെ എന്‍റെ കളരിയില്‍ നിന്ന് അത്യാവശ്യം ഒരുത്തനെ മലര്‍ത്തിയടിക്കാന്‍ ഇവന്‍ പഠിച്ചിട്ടുണ്ട്. പക്ഷേ അനാവശ്യമായി ആരുടെ ദേഹത്തും ഞങ്ങള്‍ കൈവെക്കില്ല. എടാ കുട്ടാ നീ ഇവരുടെ കാര്യമൊന്ന് പഠിക്ക്. സത്യം എന്തെന്ന് നമുക്ക് അറിയില്ല. ആനന്ദന്‍ പ്രതീക്ഷയോടെ നോക്കി. പണം കൊടുത്ത് വാസുപിളളയെ വശീകരിക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ മനസ്സാകെ തകര്‍ന്നിരുന്നു. ആനന്ദന്‍ വളരെ ആദരവോടെ വാസുപിളളയോട് യാത്ര പറഞ്ഞു കുട്ടനോടൊപ്പം ദുര്‍വ്വയിലേക്ക് തിരിച്ചു. എതിരാളിയെ നേരിടാനുളള കരുത്ത് കുട്ടന്‍റെ കണ്ണുകളില്‍ പ്രകടമായിരുന്നു. ഇതൊക്കെ ഞാനറിയുന്നത് ആനന്ദന്‍റെ ഒപ്പം നടക്കുന്ന ബാലനില്‍ നിന്നായിരുന്നു.
സെക്ടര്‍ മുന്നില്‍ ആഴ്ചയില്‍ രണ്ടു ദിവസം നാട്ടിലെ ചന്തകള്‍ പോലെ പലവിധ കച്ചവടങ്ങളാണ് നടക്കാറുളളത്. അവിടെ എല്ലാവിധ പച്ചക്കറികളും വിവിധ നിറത്തിലുളള മത്സ്യങ്ങളും വില്പനക്ക് വരും.എച്ച്. ഇ.സിക്കി ദുര്‍വ്വയടക്കം നാലു സെക്ടറുകളാണ് ഉളളത്. ഇവിടേയും ചെറുതും വലുതുമായ ക്വാര്‍ട്ടറുകള്‍ തീവണ്ടി പാളങ്ങള്‍ പോലെ മൈലുകളോളം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഇവിടെയെല്ലാം താമസ്സിക്കുന്നത് എച്ച്.ഇ.സിയിലെ തൊഴിലാളികളാണ്. ഇതിനുളളില്‍ സ്കൂളുകള്‍, വലിയ കമ്യൂണിറ്റി ഹാളുകള്‍, ഹോട്ടലുകള്‍, കടകള്‍ എല്ലാമുണ്ട് കോളജുകള്‍ റാഞ്ചി സിറ്റിക്കടുത്താണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് സെന്‍റ് സ്റ്റിഫന്‍സ് കോളജ്. ചോട്ടാ നാഗ്പൂര്‍ എന്നറിയപ്പെടുന്ന പ്രദ്ദേശത്ത് ഏറ്റവും കൂടുതല്‍ പാര്‍ക്കുന്നത് ആദിവാസി ക്രിസ്ത്യാനികളാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ഹിന്ദു മുസ്ലിം ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്.
ഞാനും ജ്യേഷ്ഠന്‍റെ സൈക്കിളില്‍ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങാറുണ്ട്. ഞാന്‍ പച്ചക്കറി വാങ്ങാനായി ചെന്ന കടയ്ക്കു മുന്നില്‍ ഒരു മലയാളിയുമായി കടയുടമയുടെ അനുജന്‍ വിലയുമായി ബന്ധപ്പെട്ട് വിലപേശല്‍ നടക്കുന്നതിനിടയില്‍ അയാള്‍ ഇറങ്ങി വന്ന് മലയാളിയുടെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അയാള്‍ വീണു. എഴുന്നേറ്റ് പാന്‍റ്സിലെ മണ്ണ് തട്ടിമാറ്റിക്കൊണ്ടിരിക്കേ വീണ്ടും അടിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കി. അവിടേക്ക് ചെന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു, ക്യയ ബദ് മാസി കര്‍ രഗഹേ ആപ് (നിങ്ങള്‍ എന്തു ഭ്രാന്താണ് കാണിക്കുന്നത്). അതയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ പിറകോട്ട് പിടിച്ചു തള്ളിയപ്പോള്‍ തറയില്‍ വീണു.
ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന സമയം എന്‍റെ ഉടുപ്പിന് പിടിച്ചിട്ട് പുച്ഛത്തോടെ ചോദിച്ചു. തും ക്യാ കരേഗ മദ്രാസി (നീ എന്തു ചെയ്യും മദ്രാസി) .ഞാന്‍ ദേഷ്യപ്പെട്ടു പറഞ്ഞു. ഹാത്ത് നികാലോ. (കൈ എടുക്ക്) അവന്‍ കൈ എടുക്കാതെ വീണ്ടും ക്രോധത്തോടെ ചോദിച്ചു. ഹാത്ത് നഹി നികാലാത്തോ തും ക്യാ കരേഗ ( കൈ എടുത്തില്ലെങ്കല്‍ നീ എന്തു ചെയ്യും) എന്‍റെ കണ്ണുകള്‍, കവിള്‍ത്തടങ്ങള്‍ ചുവന്നു തുടുത്തു. ഉപദ്രവിക്കുക മാത്രമല്ല പരിഹസിക്കുക കൂടി ചെയ്യുന്നു. അവന്‍റെ ഉപദ്രവം ഇനിയും മലയാളികളോട് ആവര്‍ത്തിക്കരുത്. കൈ തട്ടി മാറ്റി മൂക്കിനു തന്നെ ആദ്യത്തെ ഇടി കൊടുത്തു. മുകളിലേക്കുയര്‍ന്ന് അവന്‍റെ ഉയര്‍ന്ന നെഞ്ചില്‍ ചവിട്ടി. അതില്‍ അയാള്‍ തറ പറ്റി. അകത്തിരുന്ന ബന്ധു ഓടിയെത്തി അവനെ മുകളിലേക്കുയര്‍ത്തി. അയാളുടെ മുക്കില്‍ നിന്നും ചോര പൊടിച്ചുവന്നു. ഞാനവിടെ നിന്ന് രണ്ടു പേരേയും വെല്ലുവിളിച്ചു. എന്‍റെ നെറ്റിയില്‍ നിന്നു വിയര്‍പ്പു കണങ്ങള്‍ പൊടിച്ചുവന്നു. ബന്ധു അവനെ അകത്തേക്ക് പിടിച്ചു കൊണ്ടു പോയി.
കണ്ടുനിന്ന ഒരാള്‍ പറഞ്ഞു, അച്ച ഓഹെയ (നല്ലതായി). അവസാനം ഞാന്‍ പറഞ്ഞു, തൂ ക്യാ സമസ്താഗേ മദ്രാസിക ബാരേമേ (നിനക്ക് എന്തറിയാം മദ്രാസിയെപ്പറ്റി). ഭീതിയോടെ നിന്ന മലയാളിയും അടുത്തു വന്നിട്ട് പറഞ്ഞു, ഒത്തിരി നന്ദി. കടക്കാരന്‍റെ കൈ നഖം കൊണ്ട് അയാളുടെ കവിള്‍ ചെറുതായി മുറിഞ്ഞിരുന്നു. അവര്‍ മുന്നോട്ടു നടന്നു. പരസ്പരം പരിചയപ്പെട്ടു. അയാളുടെ പേര് കൃഷ്ണന്‍ നായര്‍. കൃഷ്ണന് ഞാനവിടെ ഉണ്ടായിരുന്നത് ഒരഭിമാനമായി തോന്നി. അവനൊരഹങ്കാരിയാണ്. എന്നെ അടിക്കാന്‍ ഞനൊരു തെറ്റും ചെയ്തില്ല. സംസാരിച്ചുകൊണ്ട് നില്‍ക്കേ കൃഷ്ണന്‍റെ സുഹൃത്ത് ജോസഫ് അവിടേക്ക് വന്നു. അവിടെ നടന്ന കാര്യം കൃഷ്ണന്‍ ജോസഫിനോട് വിവരിച്ചു. എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞത് എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ജോസഫിന് എന്‍റെ ജ്യേഷ്ഠനെ അറിയാം. മീന്‍ വാങ്ങി സൈക്കിളില്‍ മടങ്ങുമ്പോള്‍ മനസ്സില്‍ തികട്ടി വന്ന ചോദ്യമാണ് എന്തിനാണ് മറ്റുളളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ പോരേ. കൈയ്യൂക്കുളളവന്‍ കരുത്തില്ലാത്തവനെ ഉപദ്രവിക്കുന്നത് നോക്കിനില്‍ക്കാന്‍ ആണൊരുത്തന് കഴിയുമോ.? എല്ലാ തിന്മകള്‍ക്കു കൂട്ടുനിന്നാല്‍ ഈ ഭൂമി തിന്മകളുടെ കൂമ്പാരമായി മാറില്ലേ. ഇതൊക്കെ കണ്ടുനിന്നു രസിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുന്നവരല്ലേ. ശരിയായ പ്രവൃത്തി ചെയ്യുന്നവരെ ആത്മാര്‍ത്ഥ സ്നേഹം നല്‍കുന്നവരെ ദൈവം ഒരിക്കലും കൈവിടാറില്ല.
റാഞ്ചിയിലെ ബസ്സ്യാത്രയില്‍ കണ്ടക്ടര്‍ ഒരു പെണ്‍കുട്ടിയെ തട്ടിയത് അവള്‍ ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും മൗനികളായി നിന്ന ആ കോളജ് വിദ്യാര്‍ത്ഥിക്ക് ഞാന്‍ സഹായമായെത്തി. കണ്ടക്ടറുമായി വാദ പ്രതിവാദത്തിലായി. മനുഷ്യര്‍ പരമ്പരാഗത വിശ്വാസം പോലെ തിന്മകള്‍ കണ്ടാല്‍ നിശബ്ദരാകുന്നതിന്‍റെ കാരണം സ്വാര്‍ത്ഥത തന്നെയാണ്. ഇങ്ങനെയുളളവരില്‍ വസിക്കുന്നത് പിശാചിന്‍റെ മനസ്സാണ്. ദൈവത്തെ സ്നേഹിക്കുന്നവര്‍ ഏതവസ്ഥയിലും അവന്‍റെ സാന്നിധ്യം കാണിക്കും. ആവശ്യമെങ്കില്‍ ചെറുത്തു തോല്‍പിക്കും. ക്വാര്‍ട്ടറിന്‍റെ അടുത്തുളള ഒരു വര്‍ഗ്ഗീസിന്‍റെ അളിയന്‍ അച്ചന്‍കുഞ്ഞിനു റാഞ്ചി എക്സ്പ്രസ്സ് എന്ന ഹിന്ദി- ഇംഗ്ളീഷ് ദിനപത്രത്തിലായിരുന്നു ജോലി. ദുര്‍വ്വയില്‍ ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കുന്നവരും ജോലിയുളളവരും ഏതെങ്കിലും ക്വാര്‍ട്ടറില്‍ രാത്രികാലങ്ങളില്‍ ഒന്നിച്ചിരുന്ന് ഷോര്‍ട്ട് ഹാന്‍ഡ് എഴതുമായിരുന്നു. ചില ദിവസങ്ങളില്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. അവര്‍ പലരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സെക്രട്ടറമാരാണ്. അച്ചന്‍കുഞ്ഞു മാത്രമാണ് പത്രത്തില്‍ ജോലി ചെയ്യുന്നത് . റാഞ്ചി ലയണ്‍സ് ക്ളബിലെ പാര്‍ട്ട് ടൈ ജോലിയും അച്ചന്‍കുഞ്ഞ് ചെയ്യുന്നുണ്ട്. ഷോര്‍ട്ട്ഹാന്‍ഡ് എഴുതുന്നതില്‍ സമര്‍ത്ഥന്‍. അച്ചന്‍കുഞ്ഞ് നാട്ടില്‍ ഒരുമാസത്തേക്ക് പോകുന്നുണ്ട്. ആ അവധി സമയം ആ ജോലി ചെയ്യാന്‍ എന്നോട് പറഞ്ഞു. അതിന്‍പ്രകാരം റാഞ്ചി എക്സ്പ്രസ്സില്‍ ഞാനെത്തി. ആശങ്കകളും അസ്വസ്തതകളും വളര്‍ന്നിരുന്ന മനസ്സിന് ആ ജോലി ഒരു ആശ്വാസമായിരുന്നു.
അച്ചന്‍കുഞ്ഞ് എല്ലയ്പ്പോഴും മറ്റുളളവരെ സഹായിക്കാന്‍ മനസ്സുളളവനായിരുന്നു. ഓഫിസ് ജോലികളെപ്പറ്റി യാതൊരു ബോധവുമില്ലായിരുന്ന എനിക്കു വേണ്ട അറിവു പകര്‍ന്നുതരിക മാത്രമല്ല അടുത്തുളള ചായക്കടയില്‍ കൊണ്ടുപോയി ചായയും പലഹാരങ്ങളും വാങ്ങിതരികയും ചെയ്തു. റാഞ്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ വിശന്നലഞ്ഞു നടന്ന എനിക്ക് അച്ചന്‍കുഞ്ഞ് ഒരു നല്ല സുഹൃത്തായിരുന്നു. ആ ദിവസം രാത്രി എട്ടുമണിയോടെയാണ് ഞാന്‍ ക്വാര്‍ട്ടറില്‍ എത്തിയത്, തീഷ്ണമായ മനസ്സുമായി ജ്യേഷ്ഠന്‍ എന്നെ കാത്തിരിക്കുകയായിരുന്നു. അപ്പുവുമായി കടയില്‍ ചെന്ന് കാര്യങ്ങള്‍ അറിയുകയും ചെയ്തു. അന്ന് എന്നെ ആശ്ചര്യപ്പെടുത്തിയത് എന്‍റെ സഹപാഠിയായിരുന്ന സെയ്നു എന്നു വിളിക്കുന്ന ചെല്ലാനെ അവിടെ കണ്ടതാണ്. എന്‍റെ വിശപ്പിനും വിഷമങ്ങള്‍ക്കുമിടയില്‍ ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ കണ്ടപ്പോള്‍ അതിരറ്റ സന്തോഷം തോന്നി.
ജ്യേഷ്ഠന്‍ ഞാനുമായുണ്ടായ അടിപിടി, ശത്രുക്കളെ വളര്‍ത്തുന്നത്, മുറിവേറ്റ മനസ്സ് ഇവയെല്ലാം വിശദീകരിച്ചു. ഒരു കാര്യത്തില്‍ ആശ്വാസം തോന്നി ജ്യേഷ്ഠത്തിയെപോലെ എന്നെ തളളിപ്പറഞ്ഞില്ല. ഈ സംഘര്‍ഷത്തിലൂടെ നീ എന്തുനേടി . നിന്‍റെ ശക്തി കാണിക്കേണ്ടത് കൈക്കരുത്തിലല്ല. ശക്തിയാര്‍ജിക്കേണ്ടത് സ്വന്തം ജീവിതത്തിലാണ്. മറ്റുളളവരില്‍ നീയുണ്ടാക്കിയത് അപമാനമാണ്. അതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒരുത്തന്‍റെ തല്ല് കൈകെട്ടിനിന്നു കൊള്ളേണ്ട യാതൊരാവശ്യവുമില്ല. ഇവിടുത്തെ മലയാളികള്‍ മിക്കവരും തല്ല് വാങ്ങി പോകുന്നവരാണ്. അവസാനം ശക്തമായ ഭാഷയില്‍ പറഞ്ഞു ഇനിയും ഇതുപോലുളള സംഭവങ്ങള്‍ ഉണ്ടാകരുത്. മനുഷ്യന് കുറച്ചൊക്കെ ക്ഷമയും സഹന ശക്തിയും ആവശ്യമാണ്. കോപം വരുമ്പോള്‍ അതു മറക്കരുത്. അങ്ങനെ മറക്കുമ്പോഴാണ് അത്യാപത്തുകള്‍ ഉണ്ടാകുന്നത്. മനുഷ്യത്വം ചവിട്ടി മെതിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെട്ടു പോകാനും പറ്റില്ല എന്ന ചിന്തയായിരുന്നു. ഞാന്‍ നിത്യവും ജോലിക്കു പോയിത്തുടങ്ങി. സെയിനുവിനെ ഹിന്ദിപഠിക്കാന്‍ ജ്യേഷ്ഠന്‍ ഹോട്ടലില്‍ നിര്‍ത്തി. ഹിന്ദി പഠിച്ചിട്ട് അവനും ഒരു ജോലി കണ്ടെത്തണമെന്നായിരുന്നു ഞങ്ങള്‍ക്ക്. ചാരുംമൂട്ടിലെ ഖാന്‍ സാഹിബ് വക്കീലിന്‍റെ സഹായത്തിലാണ് അവന്‍റെ കുടുംബം കഴിയുന്നതെന്ന് എനിക്കറിയാം. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനൊരു ആജാനുബാഹുവായിരുന്നു. അവന്‍റെ തടിയെ ഭയന്നിട്ടാകണം ആരും അവനോട് വഴക്കിടാറില്ല. എന്തായാലും ജ്യേഷ്ഠന്‍ അവനെ കൊണ്ടുവന്നതില്‍ വളരെ സംതൃപ്തി തോന്നി.
ചിലരൊക്കെ ഞാന്‍ എഴുതിക്കൊടുത്ത നാടകവും ഇഷ്ടപ്പെട്ടിരുന്നു. അതിന്‍റെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു. അതില്‍ പലര്‍ക്കും ഞാനൊരു ഗുണ്ടയെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അച്ചന്‍കുഞ്ഞ് അവധിക്ക് പോയതിനു ശേഷം പത്രം ഓഫീസിലെ ജോലിയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പുറത്തുനിന്നുളള വാര്‍ത്തകള്‍ എങ്ങനെ സംഘടിപ്പിക്കുന്നു എന്നുളളതായിരുന്നു. ചില നേരങ്ങളില്‍ അവിടെ വന്നുപോകുന്ന ജേണലിസ്റ്റുകളുമായി ഞാന്‍ ഇതൊക്കെ സംസാരിക്കുമായിരുന്നു. എന്നിലെ വികാരം മനസ്സിലാക്കിയ ഒരു പത്രപ്രവര്‍ത്തകന്‍ ആ വിഷയം എഡിറ്ററുമായി സംസാരിച്ചു. ജേണലിസം പഠിക്കണമെന്നുളള ആഗ്രഹം ഹൃദയത്തില്‍ തുടിച്ചു നിന്നിരുന്നു. എഡിറ്റര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു. ഇദ്ദേഹം ജേണലിസം പഠിക്കാനുളള അവസരം ഒരുക്കിത്തന്നു. റാഞ്ചിയിലുളള ഒരു പ്രമുഖ സ്ഥാപനത്തില്‍ മീഡിയ മാനേജേമെന്‍റില്‍ ഞാനും ചേര്‍ന്നു. അവര്‍ക്ക് മറ്റു കോഴ്സുകള്‍ എല്ലാ ദിവസ്സവുമുണ്ടെങ്കിലും ജേണലിസത്തിന് ശനി – ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ക്ലാസ്. ഓഫിസിലെ എല്ലാ പണികളും ചെയ്തിട്ട് എഡിറ്ററുടെ അനുവാദത്തോടെ ഞാനും റാഞ്ചി കറസ്പോണ്ടന്‍റായ വിക്രം സിംഗിനൊപ്പം വാര്‍ത്ത തേടി സഞ്ചരിച്ചു. അതെല്ലാം സന്തോഷകരമായ നിമിഷങ്ങളായിരുന്നു. റാഞ്ചിയില്‍ നിന്നു ദുര്‍സായിലേക്ക് വരുമ്പോള്‍ ഞാന്‍ കാശു കൊടുത്തു ടിക്കറ്റ് എടുത്തു. കൈയ്യില്‍ കാശുളളപ്പോള്‍ എന്തിനാണ് കളളം ചെയ്യുന്നതെന്ന ചിന്ത എന്നെ ഭരിച്ചു.
ദുര്‍വ്വായിലെത്തിയാല്‍ ആദ്യം പോകുന്നത് ഹോട്ടലിലേക്കാണ്. ചൂടുളള ചായ അപ്പു തരും. അപ്പുവിന് എന്നെ ഏറെ ഇഷ്ടമായിരുന്നു. തണുപ്പു കാലം ആരംഭിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തണുപ്പിന്‍റെ കാഠിന്യമറിയുന്നത്. തണുപ്പില്‍ ജീവജാലങ്ങളെല്ലാം മരവിച്ചു കിടന്നു. സൂര്യന്‍റെ അരണ്ട വെളിച്ചത്തില്‍ പ്രകൃതി സൂര്യനെ നോക്കും. മരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. തണുപ്പിനണിയാന്‍ ജ്യേഷ്ഠന്‍റെ ഒരു പഴയ സ്വെറ്റര്‍ എനിക്കു തന്നിരുന്നു. ഒരെണ്ണം കൂടി വേണം. സ്വെറ്ററിനു നല്ല വിലയാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ധാരാളം കമ്പിളി സ്വെറ്ററുകള്‍ നേപ്പാളികള്‍ വിറ്റു കൊണ്ടിരുന്നു. എന്‍റെ കയ്യില്‍ അന്‍പതും നൂറും രൂപ കൊടുത്തു സ്വെറ്റര്‍ വാങ്ങാന്‍ കാശില്ല. പല ദിവസങ്ങളിലും വഴിയോരത്തുളള പല കടകളിലും കയറി നോക്കി. ഒരു കടയില്‍ ബീഹാറികള്‍ സ്വെറ്റര്‍ ഊരുകയും ഇടുകയും ചെയ്യുന്നതു കണ്ട് ഞാനും സ്വെറ്റര്‍ ഇട്ടും ഊരിയും നിന്നു. അതിനിടയില്‍ ഞനൊരു വെളുത്ത ഫുള്‍ സ്വെറ്റര്‍ ഇട്ടുകൊണ്ട് അവരുടെ ഇടയിലൂടെ നടന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. കടക്കാര്‍ വന്നവരുമായി സ്വെറ്ററിനു വില പേശിക്കൊണ്ടു നില്‍ക്കുന്നതിനിടയില്‍ ഞാനവിടെനിന്നു കടന്നു.
ഒരു രാത്രിയില്‍ കടയ്ക്കുളളില്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി. ഗുണ്ടകള്‍ പലപ്പോഴും ഭക്ഷണം കഴിച്ചാല്‍ പണം കൊടുക്കില്ല. ദുര്‍വ്വയിലെ പ്രധാന ഗുണ്ടയായ മിശ്രയോട് അപ്പു ഭക്ഷണത്തിന് കാശു ചോദിച്ചു. അവര്‍ മൂന്നു പേരാണ് ചക്കാത്തില്‍ കഴിച്ചത്. ശാന്തനായിരുന്ന മിശ്ര കോപാക്രാന്തനായി അപ്പുവിന്‍റെ മേശ വലിച്ചെറിഞ്ഞു. ഞാനും സെയിനും ആ കാഴ്ച്ച അമ്പരപ്പോടെ കണ്ടു.