മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ മലരായ് വിടരും നീ – (മോഹൻ ദാസ് മുട്ടമ്പലം)

Facebook
Twitter
WhatsApp
Email

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ

കണ്മണി നിനക്കായി …..
ജീവിതവനിയിൽ കരളിൻ തന്ത്രികള്‍ മീട്ടും ഞാൻ ..

സത്യം പറഞ്ഞാല്‍ ഈ വരികള്‍കേട്ടപ്പോള്‍
കണ്ണുകളില്‍ അറിയാതെപടരുന്ന ആ നനവ്…ഉള്ളിന്‍റെയുള്ളില്‍ നൊമ്പരപ്പൂക്കള്‍ വിടരുന്ന അനുഭവം. ചില ഗാനങ്ങള്‍ അങ്ങനെയാണ് . അത് ഹൃദയം കൊണ്ടാണ് കേള്‍ക്കേണ്ടത്. വല്ലാത്ത ഒരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

ഒളിമങ്ങാത്ത പ്രണയത്തിന്‍റെ മൃതസഞ്ജീവനി നീ പകര്‍ന്നപ്പോള്‍ അത് എന്‍റെ ജീവിതത്തിനു നല്‍കിയ ഹര്‍ഷോത്സവത്തെകുറിച്ചുള്ള വരികള്‍ അതിമനോഹരമാണ്. അധരങ്ങള്‍ വിടരുകയും പവിഴം പൊഴിയുകയും പ്രണയം പൂത്തലയുകയും ചെയ്യുന്ന സായൂജ്യം.

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

കാലങ്ങള്‍ എത്ര കഴിഞ്ഞാലും പലതും മണ്ണിൽ അലിഞ്ഞുചേർന്നാലും ചില ഓർമ്മകള്‍ ഹൃദയത്തിലങ്ങനെ തറച്ചിരിക്കും

കണ്മണി* നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ

നിനക്കായി ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടുന്ന ആ സ്നേഹം എത്ര ആർദ്രമാണ്.

യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് കെ. ജെ. ജോയിയുടെ അതിമനോഹരവും ഹൃദയസ്പര്‍ശിയുമായ ഈണം അടിവരയിടുന്നു. ചിത്രം – സായൂജ്യം . ഈ ഗാനത്തിന്‍റെ റൊമാന്‍റിക് വേര്‍ഷന്‍ വാണിയമ്മ പാടിയിട്ടുണ്ട്. ദാസേട്ടന്റെ സാഡ് വേര്‍ഷനാണ് എനിക്കിഷ്ടം.

ദാസേട്ടന്‍റെ ആലാപനം,
ഒരു രക്ഷയില്ലാത്ത ഫീലാണ് ഒന്നും പറയാനില്ല അതിമനോഹരം. എത്ര കേട്ടാലും മതിവരില്ല അത്രക്കും മനോഹരം.

സമീര്‍ ബിന്‍സി ( Sameer Binsi ) എന്ന യുവ ഗായകന്‍ ഈ ഗാനം അതിമനോഹരമായി ആലപിച്ചീട്ടുണ്ട്. യൂട്യൂബില്‍ ലഭ്യമാണ്.

ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം.

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

ഈ ഗാനം നല്‍കുന്ന മിഴിനീര്‍പ്പുവുകള്‍ ഈ രാത്രിയുടെ ഹൃദയത്തില്‍ വിടരുമ്പോള്‍.

സ്നേഹം❤

ദാസ്

About The Author

Leave a Reply

Your email address will not be published. Required fields are marked *