‘കലയിലെ കൊലപാതകങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ എമ്പുരാന്‍ സിനിമയെക്കുറിച്ച് ശ്രീ കാരൂര്‍ സോമന്‍ എഴുതിയ സുദീര്‍ഘമായ
നീരുപണം ഏറെ ശ്രദ്ധേയമാണ്. പരസ്യത്തിനുവേണ്ടി ഒരു സിനമയെ അനുകൂലിച്ചും പ്രതികൂലിച്ചും
എഴുത്തുകുത്തുകളും ദൃശ്യാവിഷ്‌ക്കരണങ്ങളും പ്രത്യക്ഷപ്പെടുക സ്വാഭാവികം. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായിമാത്രമായി കാണേണ്ടതേയുള്ളു. കലാകരന്മാര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മതമെന്തന്നറിയാതെ മതവിശ്വാസികളായി വേഷമിടുന്നവരില്‍ നിന്നാണ്. കഥയാവട്ടെ, കവിതയാകട്ടെ, നോവലാകട്ടെ, സിനമയാകട്ടെ, നാടകമാകട്ടെ, നാട്യനൃത്തങ്ങളാകട്ടെ, സാമ്പ്രദായിക
ഈശ്വര ബിംബങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായൊരു മുഖം കൊടുത്താല്‍നെറ്റി ചുളിക്കുന്നവരാണ് പൊതുജനങ്ങളിലധികവും.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ കലാസൃഷ്ടിയും , കലാവിഷ്‌ക്കരണവും , കലാസ്വാദനും
ദുഷ്‌കരമാവുക സ്വാഭാവികമാണ്. എങ്കിലും എതിര്‍പ്പുകളേയും പ്രതിഷേധങ്ങളെയും വിയോജിപ്പുകളേയും ഭേദിച്ച് കലാസൃഷ്ടികള്‍ എക്കാലത്തും കാലത്തെ അതിജീവിക്കുന്ന കാഴ്ചയാണ് കാലാകാലങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഈ ചരിത്രവസ്തുതക്ക് നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിക്കുന്നു.
കേരളത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍തുള്ളല്‍ പോലുള്ള കലാരൂപങ്ങള്‍ സൃഷ്ടിപ്പെടുവാനുള്ള കാരണവും മറ്റൊന്നല്ല.
ശ്രീ കാരൂര്‍ സോമന്‍ എമ്പുരാന്‍ എന്ന സിനിമയെ അതിന്റെ സാമുദായിക,സാംസ്‌കാരിക, സാമ്പത്തിയ, ശാസ്ത്രീയ, മതമൗലിക വശങ്ങളെ
നിഷ്പക്ഷമായി വിലയിരുത്തുകയാണ് തന്റെ ‘ കലയിലെ കൊലപാതകങ്ങളി’ല്‍. ലോകത്തെവിടെയും നടക്കുന്ന, മാനവമൈത്രിക്കെതിരേയുള്ള പൈശാചിക പ്രവണതകളെ മുഖം നോക്കാതെ വിമര്‍ശിക്കുകയും തന്റെ തുറന്നെഴുത്തില്‍ക്കൂടി സമവായം കണ്ടെത്തുകയും ചെയ്യുന്ന
മുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ ‘കലയിലെ കൊലപാതകങ്ങള്‍’ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു നിരുപണമായി മാറുകയാണ്.
നാം ജീവിക്കുന്ന ഈ കാലഘട്ടം മാറ്റങ്ങളുടെ മാറ്റൊലിയാണ്. കഥകളും കവിതകളും ഗാനങ്ങളും
സംഗീതവും സംഗീതസംവിധാനവും സിനിമയും സിനിമാസംവിധാനവുമെല്ലാം നിര്‍മ്മിതബുദ്ധിയില്‍ നിര്‍വഹിക്കപ്പെടുന്ന ഈ നൂറ്റാണ്ടില്‍
പ്രതികരണങ്ങളുടേയും പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും ഒപ്പം അഭിനന്ദനങ്ങളുടേയും നിലയ്ക്കാത്ത പ്രവാഹംതന്നെ നടന്നുകൊണ്ടേയിരിക്കും.
ശ്രീ സോമന്റെ ചില വിലയിരുത്തലുകള്‍ വിലപ്പെട്ടതാണ്.
‘ ഈ സിനിമയില്‍ ദൈവത്തേയും പിശാചിനേയും കൊണ്ടുവരുമ്പോള്‍ നാം ജീവിക്കുന്നത് ആധുനികശാസ്ത്രയുഗത്തിലെന്നോര്‍ക്കണം.
ആവിഷ്‌ക്കാരസ്വാതന്ത്ര്യമെന്നാല്‍ സാത്താന്‍സേവ മറ്റുള്ളവരെ പഠിപ്പിക്കലല്ല. തീവ്രവാദസിനിമ എടുക്കുന്നവര്‍ മറ്റ് മതവിശ്വാസികളുടെ മനസ്സിന് മുറിവണ്ടാക്കാനും , ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുവാനും ശ്രമിക്കരുത്.’ ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് , ശ്രീ കാരൂര്‍ സോമന്‍ എമ്പുരാനിലെ
തമ്പുരാനെ തിരിച്ചറിഞ്ഞിരിക്കുന്നു . നെല്ലും പതിരും വോര്‍തിരിച്ചിരിക്കുന്നു. സിനിമയെ സിനിമയായിക്കാണുവാനുള്ള ഒരാഹ്വാനമാണ് ‘കലയിലെ കൊലപാതകങ്ങള്‍’ സഹൃദയര്‍ക്ക് നല്‍കുന്ന സന്ദേശം.













