LIMA WORLD LIBRARY

ആന്തരികവ്യക്തിത്വം തേടി ഒരു യാത്ര അഡ്വ.ശ്രീജാ ജോഷി ദേവ്

മലയാള നോവല്‍ മുന്‍പെങ്ങുമില്ലാത്ത വിധം വളര്‍ച്ചയുടെ പാതയിലാണ് എണ്ണത്തിന്‍റെയും വണ്ണത്തിന്‍റെയും കാര്യത്തിലുള്ള ഈ വളര്‍ച്ച സൃഷ്ടിയുടെ ഗുണനിലവാരത്തില്‍ എത്രകണ്ട് പ്രതിഫലിക്കുന്നു എന്നത് സന്ദേഹമുണര്‍ത്തുന്നു. വിപണിയുടെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് നോവലെഴുതുന്നവരും മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്താന്‍ അറിയുന്നവരും എഴുത്തുകാരുടെ നിരയില്‍ ഉണ്ടാവുന്നു എന്നതും കാലത്തിന്‍റെ മാറ്റമാവാം.
എന്നാല്‍ ബൃഹദ് ആഖ്യായികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന പല നോവലുകളും വൃഥാസ്ഥൂലതയും ദുര്‍മേദസും കൊണ്ടും ശില്‍പ്പസംവിധാനത്തിലെ പിഴവുകള്‍ കൊണ്ടും പലപ്പോഴും എന്തൊക്കെയോ കുത്തിനിറച്ച കീറച്ചാക്കുകകളുടെ തലത്തിലേക്ക് അധപതിക്കുന്നു. ചിലര്‍ എഴുത്തുകാരന്‍റെ വിജ്ഞാനം പ്രദര്‍ശിപ്പിക്കാനുളള ഒരു മെഗാഷോയാക്കി നോവലിനെ മാറ്റുന്നു. വിക്കിപീഡിയയില്‍ നിന്നും ഇതര ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ കേവലം ഒരു തര്‍ജ്ജുമാകാരന്‍റെ ലാഘവത്തത്തോടെ നോവലിന്‍റെ കഥാഗാത്രത്തില്‍ സന്നിവേശിപ്പിക്കുന്നു. എല്ലാ നൈതികതയും മറന്ന് ഇക്കൂട്ടര്‍ക്ക് കുടപിടിക്കാന്‍ ചില നിരൂപകരും പ്രസാധകരും ഒപ്പമെത്തുന്നു.
മൂല്യരഹിതമായ ഇത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കിടയില്‍ ഇതാണ് നവീന നോവല്‍ എന്ന് നിഷ്കളങ്കരായ വായനക്കാരില്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. അതേസമയം വിവേചനബുദ്ധിയുള്ള വായനക്കാര്‍ ഇതിന്‍റെ പൊളളത്തരം തിരിച്ചറിഞ്ഞ് തളളിക്കളയുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ഒരു കൃതിയുടെ ആന്തരികതലത്തിലേക്ക് സഞ്ചരിക്കുവാന്‍ അനുവാചകന് നിരൂപകര്‍ അടക്കം ആരുടെയും ശുപാര്‍ശപത്രങ്ങള്‍ ആവശ്യമില്ല.. മുഖ്യധാരാപ്രസാധകര്‍ നിരസിക്കുകയും നിരൂപകള്‍ ഗൗനിക്കാതെ വിട്ടുകളയുകയും ചെയ്ത പല കൃതികളും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിയുകയും വായനക്കാര്‍ ഏറ്റെടുക്കുകയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന പ്രവണതയ്ക്ക് എല്ലാ കാലത്തും ഉദാഹരണങ്ങള്‍ ഏറെയുണ്ട്.
ഇത്തരം പൊതുപ്രവണതകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന നോവലാണ് സജില്‍ ശ്രീധറിന്‍റെ ഷഡ്പദം. ആഘോഷങ്ങളില്ലാതെ നിശ്ശബ്ദമായി വായനക്കാരനെ കീഴടക്കുന്ന, കീഴടക്കേണ്ട കൃതിയാണിത്. വാര്‍പ്പുമാതൃകകളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വഴിമാറി സഞ്ചരിക്കുന്ന നോവല്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം. പ്രമേയത്തിന്‍റെ മൗലികതയാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. തത്ത്വചിന്താപരമായ തലങ്ങള്‍ ഉള്‍ക്കൊളളുന്ന പ്രമേയം പ്രകടനപരമാവാതെ തികഞ്ഞ അവധാനതയോടെ അതിന്‍റെ സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ചും കഥാഭൂമികയുടെ ആന്തരികതയില്‍ വിദഗ്ധമായി സമന്വയിപ്പിച്ചും ആവിഷ്കരിക്കുക എന്ന ദൗത്യം ഫലപ്രദമായി നിര്‍വഹിച്ചിരിക്കുന്നു നോവലിസ്റ്റ്.
മനുഷ്യവ്യക്തിത്വം കേവലം രൂപമോ മുഖമോ ആയി പരിമിതപ്പെടുകയും അവന്‍റെ ആന്തരികവ്യക്തിത്വം അഥവാ ആന്തരികശോഭ തമസ്കരിക്കപ്പെടുകയും ചെയ്യുന്ന ദാരുണമായ അവസ്ഥയുടെ കലാത്മകമായ ആവിഷ്കാരമാണ് ഈ കൃതി.
ഇതിലെ രാമുണ്ണി എന്ന നായകകഥാപാത്രം ഒരേ സമയം മനുഷ്യനായും ദൈവമായും ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ്. ആള്‍ദൈവമായി നിലനില്‍ക്കുമ്പോഴും വിഗ്രഹവത്കരിക്കപ്പെടുമ്പോഴൂം അയാള്‍ പൂര്‍വാശ്രമത്തില്‍ കുടുംബസ്ഥനും രണ്ട് കുട്ടികളുടെ പിതാവുമാണ്. രണ്ട് വിഭിന്നാവസ്ഥയില്‍ ജീവിക്കുമ്പോഴും രാമുണ്ണി എന്ന വ്യക്തിയുടെ അടിസ്ഥാന നന്മകളും നിഷ്കളങ്കതയും തിരിച്ചറിയാന്‍ ആര്‍ക്കും കഴിയുന്നില്ല. അവര്‍ അയാളെ വിലയിരുത്തുന്നത് ഉപരിതലത്തിലൂടെയാണ്. മുഖം അഥവാ ബാഹ്യരൂപം മനുഷ്യനെ മനസിലാക്കാനുളള അളവുകോലായി പരിണമിക്കുകയും പരിമിതപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിന്‍റെ നിസാരതയുമായി കൂടി ചേര്‍ത്തുവച്ച് വായിക്കേണ്ടതുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തില്‍ രാമുണ്ണിക്ക് അയാളുടെ മുഖം നഷ്ടപ്പെടുകയാണ്. അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ വീണുപോയ രാമുണ്ണിയുടെ മുഖം ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചു കീറുന്നു. ആശുപത്രിവാസത്തിന് ശേഷം നാം കാണുന്നത് മറ്റൊരു രാമുണ്ണിയെയാണ്. ആര് കണ്ടാലും ഭയക്കുന്ന വൈരൂപ്യത്തിന്‍റെ പാരമ്യതയിലുളള ഒരു രൂപം. സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കും പോലും ആ രൂപത്തിലുള്ള രാമുണ്ണിയെ ഉള്‍ക്കൊള്ളാനാവുന്നില്ല. ലൗകികജീവിതത്തില്‍ പ്രസക്തി നഷ്ടമായ രാമുണ്ണി ആശ്രമത്തില്‍ വീണ്ടും അഭയം തേടാന്‍ ശ്രമിക്കുമ്പോള്‍ അവിടെയും സമാനമായ അനുഭവമാണ് അയാളെ കാത്തിരിക്കുന്നത്. ലോകം അറിയുന്ന രാമുണ്ണിയുടെ മുഖം ഇതല്ല. അയാളുടെ രൂപത്തിലുളള പ്രതിമകളും പഞ്ചലോഹവിഗ്രഹങ്ങളും ഛായാചിത്രങ്ങളും ഫോട്ടോകളും ലോകമെങ്ങുമുണ്ട്. അതുമായി പുലബന്ധം പോലുമില്ലാത്ത മറ്റൊരു രൂപം അഥവാ മുഖം അവര്‍ക്കും ഉള്‍ക്കൊളളാനോ സങ്കല്‍പ്പിക്കാനോ പോലും ആവുന്നില്ല. അവിടെയും തിരസ്കാരത്തിന്‍റെ ദാരുണമായ അവസ്ഥയാണ് അയാള്‍ക്ക് നേരിടേണ്ടി വരുന്നത്. ഒടുവില്‍ അന്യനെ പോലെ നിന്ന അയാളെ ചിരപചിരിതര്‍ പോലും തിരിച്ചറിയുന്നില്ല. ആശ്രമത്തിലെ സന്ധ്യാ പ്രാര്‍ത്ഥനയുടെ സമയത്ത് രാമുണ്ണിയുടെ വിഗ്രഹത്തിന് അരികെ അന്തിച്ചു നിന്ന അയാളോട് നോക്കി നില്‍ക്കാതെ ഈശ്വര്‍ജിയെ തൊഴാന്‍ ഒരു ബ്രഹ്മചാരി കല്‍പ്പിക്കുന്നു. മറ്റ് പോംവഴികളില്ലാതെ പഴയ ബാഹ്യരൂപത്തെ വന്ദിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാവുന്നു.
സമൂഹത്തിന്‍റെ തീര്‍ത്തും ഉപരിപ്ലവമായ, ഉപരിതലസ്പര്‍ശിയായ ആഴം കുറഞ്ഞ നിലപാടുകളില്‍ മനുഷ്യന്‍റെ ആന്തരികവ്യക്തിത്വം പരിഗണിക്കപ്പെടാതെ പോകുന്നതും തീര്‍ത്തും തമസ്കരിക്കപ്പെടുന്നതുമായ ഭീഷണമായ ചിത്രം വരച്ചു കാട്ടുകയാണ് നോവലിസ്റ്റ്. പ്രത്യക്ഷത്തില്‍ അതീവലളിതമായി സങ്കീര്‍ണ്ണതകളോ ചുറ്റിക്കെട്ടുകളോ വളച്ചുകെട്ടുകളോ ഇല്ലാതെ നേര്‍രേഖയിലും നേര്‍ഭാഷയിലും കഥ പറഞ്ഞു പോവുകയാണ് നോവലിസ്റ്റ്. പ്രമേയം ഗര്‍ഭത്തില്‍ വഹിക്കുന്ന ദാര്‍ശനികധ്വനികളും തത്ത്വിന്താപരമായ തലങ്ങളും അത് ഉള്‍ക്കൊളളാന്‍ ശേഷിയുളവര്‍ക്ക് ഗ്രഹിക്കാം. മറിച്ച് കേവലവായനയുടെ രസാനുഭൂതികള്‍ കാംക്ഷിക്കുന്നവര്‍ക്ക് രാമുണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് തൃപ്തിയടയാം. വിവിധ സ്വഭാവമുള്ള ആസ്വാദനസാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ത്രിമാനങ്ങളുള്ള ഈ നോവലിന്‍റെ ആഖ്യാനം നിര്‍വഹിച്ചിട്ടുളളത്.
നിരവധി അടരുകളുളള സൃഷ്ടിയാണ് ഷഡ്പദം. ജീവിതത്തിന്‍റെ ചാക്രികതയും നൈരന്തര്യവും ചര്‍വിതചര്‍വണം എന്ന് വിവക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് വ്യക്തിയെ കൊണ്ടുചെന്നെത്തിക്കുന്നു. സാമൂഹികമായ കെട്ടുപാടുകളും ഗൃഹസ്ഥാശ്രമജീവിത വ്യവസ്ഥകളും ഒരേ തരം ദിനചര്യകളുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും ജീവിതത്തിന്‍റെ തനത് സൗന്ദര്യം ചോര്‍ത്തി കളയുന്നു. പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും അടക്കമുള്ള ജീവജാലങ്ങള്‍ക്ക് പോലും ഇത്തരം പാരതന്ത്ര്യങ്ങളോ ബന്ധനങ്ങളോ ഇല്ല.
മനുഷ്യന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന മടുപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ നിത്യനൂതനത്വം നിറഞ്ഞ ഒരു ജീവിതപരിതോവസ്ഥയിലേക്ക് എത്തിപ്പെടാന്‍ അയാളെ പ്രേരിപ്പിക്കുന്നു. നിലവിലുളള ജീവിതപരിതോവസ്ഥയില്‍ നിന്നും രഹസ്യമായി പലായനം ചെയ്ത് അപരിചിതമായ ഒരു ദ്വീപിലേക്ക് എത്തിപ്പെടാന്‍ അയാളെ പ്രേരിപ്പിക്കുന്നതും ഈ മാനസികഭാവമാണ്. അവിടെ കാലാന്തരത്തില്‍ എല്ലാവരും ആദരിക്കുന്ന ഒരു ആള്‍ദൈവമായി മാറിയിട്ടും ജീവിതത്തിന്‍റെ നൈസര്‍ഗിക സൗന്ദര്യം അയാള്‍ക്ക് അനുഭവപ്പെടുന്നില്ല. എല്ലാത്തരം സ്വകാര്യതകളും നഷ്ടപ്പെടുത്തി എന്നും ഒരേ തരം പ്രാര്‍ത്ഥനകളും ചടങ്ങുകളും മറ്റുമായി സ്വയം ഒരു പ്രദര്‍ശനവസ്തുവായി മാറുന്നതിലെ പൊളളത്തരവും വിരസതയും കുടുംബബന്ധങ്ങളിലേക്ക് മടങ്ങാന്‍ രാമുണ്ണിയെ പ്രേരിപ്പിക്കുന്നു. അയാള്‍ ആശ്രമത്തില്‍ നിന്നും രാത്രിയുടെ മറവില്‍ നാട്ടിലേക്ക് പലായനം ചെയ്യുന്നു.
ആത്യന്തികമായി എല്ലാം വൈരസ്യപൂര്‍ണ്ണമാണ്. ആപേക്ഷികമാണ്. ആകര്‍ഷകം എന്ന് തോന്നുന്ന അവസ്ഥകള്‍ പോലും നിരന്തരമായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ അസഹ്യമായി മാറുന്നു. വൈവിധ്യമാണ് ജീവിതത്തിന്‍റെ കാതല്‍. നൂതനമായ അനുഭവങ്ങളും ജീവിതാവസ്ഥകളും ജീവിതരീതികളും സമീപനങ്ങളുമാണ് ജീവിതം എന്ന പ്രക്രിയയ്ക്ക് സൗന്ദര്യവും ആഭിമുഖ്യവും വര്‍ദ്ധിപ്പിക്കുന്നത്. അടിസ്ഥാനപരമായ ഈ സത്യത്തെ കലാപരമായി അഭിവ്യഞ്ജിപ്പിക്കാനുളള ഒരു എഴുത്തുകാരന്‍റെ സത്യസന്ധവും സഫലവുമായ ശ്രമങ്ങളുടെ ആകത്തുകയാണ് ഷഡ്പദം എന്ന നോവല്‍. കഥയും കഥാപാത്രങ്ങളും കഥാഭൂമികയുമെല്ലാം അതിലേക്കുളള ചവിട്ടുപടികളോ ഉപകരണങ്ങളോ മാത്രം.
തന്‍റെ പ്രമേയത്തെ ആഴത്തിലും പരപ്പിലും അനുവാചകമനസിലേക്ക് വിന്യസിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന അവധാനതയാണ് സജില്‍ ശ്രീധര്‍ എന്ന നോവലിസ്റ്റിനെ ശ്രദ്ധേയനാക്കുന്നത്. അനാവശ്യവര്‍ണ്ണനകളുടെ ഭാരം തീര്‍ത്തും ഒഴിവാക്കി നേര്‍ത്ത വരകളിലൂടെ കാര്യങ്ങള്‍ അഭിവ്യഞ്ജിപ്പിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. ഇതിവൃത്തം മുന്നോട്ട് വയ്ക്കുന്ന ദാര്‍ശനികമാനങ്ങള്‍ പ്രകടനപരമായി മുഴച്ചു നില്‍ക്കാതെ നിശ്ശബ്ദധ്വനികളിലൂടെ കഥാഗാത്രത്തിന്‍റെ ആന്തരികതതലങ്ങളിലൂടെ സംവദിക്കാനാണ് എഴുത്തുകാരന്‍റെ ശ്രമം. പറയാതെ പറയുക എന്ന സംജ്ഞയെ തന്നെ ഇതിനായി നാം ഉപയോഗിക്കേണ്ടിയിരിക്കുന്നു.
നോവലിന്‍റെ ആകത്തുക ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യന്‍റെ അടിസ്ഥാനപരമായ നിസഹായത തന്നെയാണ്. മനപൂര്‍വമല്ലാത്ത ഒരു ചവിട്ടടിയില്‍ അവസാനിക്കുന്ന ഷഡ്പദങ്ങളേക്കാള്‍ നിസാരവും നിസഹായവുമായ ഒന്നാണ് മനുഷ്യജീവിതമെന്ന ദര്‍ശനവും നോവല്‍ മുന്നോട്ട് വയ്ക്കുന്നു. ഇത് ഒരു പുതിയ കാര്യമോ തിരിച്ചറിവോ അല്ലായിരിക്കാം. എന്നാല്‍ രാമുണ്ണി എന്ന കഥാപാത്രത്തിന്‍റെ അനുക്രമമായ വികാസപരിണാമങ്ങളിലൂടെ ദൈന്യമായ പതനത്തിലൂടെ അന്ത്യത്തിലൂടെ അനുവാചകന്‍റെ ഉളളില്‍ സ്പര്‍ശിക്കുന്ന അനുഭവമാക്കി മാറ്റാന്‍ നോവലിസ്റ്റിന് കഴിയുന്നു. വരണ്ട ആഖ്യാനസമീപനങ്ങളും പരിചരണരീതികളും പാടെ ഒഴിവാക്കി വായനക്കാരന്‍റെ അനുഭവതലത്തെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയുന്ന കൃതിയെന്ന നിലയിലും ഷഡ്പദം എന്ന നോവലിനുള്ള സ്ഥാനം അനുപമമാണ്.
നോവലിന്‍റെ നിര്‍മ്മാണപ്രക്രിയയിലും എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മത ശ്രദ്ധേയമാണ്. ശില്‍പ്പസംവിധാനത്തിലും പാത്രസൃഷ്ടിയിലും അന്തരീക്ഷ നിര്‍മ്മിതിയിലും പ്രതിപാദനരീതിയിലും ഭാഷയുടെ ഓജസും ചൈതന്യവും നിലനിര്‍ത്തുന്നതിലും രൂപകങ്ങളും ബിംബകല്‍പ്പനകളും വിന്ന്യസിക്കുന്നതിലുമെല്ലാം പ്രകടിപ്പിക്കുന്ന കൈത്തഴക്കം ശ്ലാഘനീയം എന്ന ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല.
വരും കാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള കൃതിയാണിത്. കാലത്തിന് മുന്‍പേ പിറന്ന ദാര്‍ശനിക സൗഭഗമാണ് ഈ കൃതിയെ അത് അര്‍ഹിക്കുന്ന തലത്തില്‍ ശ്രദ്ധേയമാകാന്‍ കഴിയാത്ത വിധം പിന്നോട്ട് വലിക്കുന്നതെന്ന് ഞാന്‍ അനുമാനിക്കുന്നു.

ഷഡ്പദം
(നോവല്‍)
സജില്‍ ശ്രീധര്‍
ഗ്രീന്‍ ബുക്സ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px