ഭൂമിയിലെ ജീവിതത്തെ ഞാൻ സ്നേഹിച്ചിരുന്നെങ്കിലും
അതിനെ ഞാനെന്നും ഭയപ്പെട്ടിരുന്നു.
ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നിട്ടും,
ദാർശനികമായ വ്യഥകളും നൊമ്പരങ്ങളും എന്നെ ചെറുപ്പത്തിൽതന്നെ അലട്ടിയിരുന്നു.
ജീവിതത്തിൻ്റെ അർത്ഥവും പൊരുളും എന്താണെന്ന് അറിയാൻ കഴിയാത്തതിൽ ഞാൻ എന്നും വേദനിച്ചിരുന്നു.
നിലാവിന് കാവ്യങ്ങൾ ചമച്ചും നക്ഷത്രങ്ങളെ ഭൂമിയിലേക്ക് ക്ഷണിച്ചും പൂക്കളെ ആത്മാവിൽ സ്നേഹിച്ചുമാണ് ഞാൻ എൻ്റെ ദാർശനിക ദുഃഖങ്ങളെ വേദാന്തമാക്കി മാറ്റിയിരുന്നത്. അപ്പോഴും ലോകത്തിൻ്റെ ദുരിതങ്ങളിൽ ഒരു കനൽപോലെ എൻ്റെ പരിശുദ്ധ ഹൃദയം വിങ്ങുമായിരുന്നു.
ലോകം ഞാൻ പ്രതീക്ഷിച്ചതുപോലെ
മാറാത്തതിൽ നിരാശയുണ്ടായിരുന്നു.
അങ്ങനെ ജീവിതത്തിൻ്റെ വിരസത മാറ്റാൻ ഞാൻ തടാകക്കരയിൽ ചെന്നിരിക്കുമായിരുന്നു.
ചിലപ്പോൾ അവിടെ നീല ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ആമ്പൽ പൂവിനെ നോക്കിയിരിക്കും.
അതിൻ്റെ കുഞ്ഞോളങ്ങളിൽ എൻ്റെ
ആത്മാവ് സ്പന്ദിക്കുമായിരുന്നു.
പിന്നെ കളഹംസത്തിൻ്റെ സംഗീതം കേൾക്കും.
അപ്പോഴും മനുഷ്യൻ്റെ കഷ്ടപ്പാടുകൾ കാണുമ്പോൾ എൻ്റെ ഹൃദയം വിങ്ങി വേദനിക്കുമായിരുന്നു.
ഒരു ഗുരുവിൻ്റെയോ പ്രവാചകൻ്റെയോ സന്ന്യാസിയുടെയോ വേഷംകെട്ടുന്നത് വഞ്ചനാപരമായിക്കുമെന്ന് ഞാൻ എപ്പോഴും കരുതി.
എൻ്റെ ജീവിതത്തിന് മഹത്വമുള്ള സ്മാരകങ്ങളുയരാനായി,
ജനലക്ഷങ്ങളുടെ ആരാധനയ്ക്കായി,
ഞാൻ കാഷായ വസ്ത്രം ധരിച്ച് മോക്ഷ മന്ത്രങ്ങൾ ഉരുവിട്ടിട്ടില്ല.
ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢിത്തരമെന്താണെന്ന് ചോദിച്ചാൽ, മിഥ്യാസ്വർഗ്ഗങ്ങളെ വാരിപ്പുണരുന്ന, ഭാരതീയമോക്ഷ സങ്കല്പമാണെന്ന് ഞാൻ അസന്ദിഗ്ദ്ധമായി പറയും.
അന്നൊക്കെ, എൻ്റെ ആത്മാവിൽ എരിയുന്ന അഗ്നിക്കുണ്ഡത്തെ തണുപ്പിക്കാൻ എനിക്ക് യാതൊരു മാർഗ്ഗവുമില്ലായിരുന്നു.
പകലിനെക്കാൾ ഞാൻ സ്നേഹിച്ചത് രാത്രിയെയായിരുന്നു. നിശീഥിനിയുമായുള്ള വേഴ്ചയിലൂടെയാണ് ഞാൻ എൻ്റെ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തിയിരുന്നത്.
ബുദ്ധനെ വഴിയിൽ കണ്ടാൽ തല്ലിക്കൊല്ലണമെന്ന സെൻഗുരുവിൻ്റെ വാചകം ഞാനിപ്പോൾ ഉദ്ധരിക്കാറില്ല.
എന്നാൽ സാത്വികനായ മൂർഖൻ
എന്ന പദപ്രയോഗം
എന്നെ ഇപ്പോഴും പ്രചോദിപ്പിക്കാറുണ്ട്.
ജീവിതം ഒരു പ്രഹേളികയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
എല്ലാവരും ജീവിതത്തിൻ്റെ സഹജാവബോധം വീണ്ടെടുക്കണമെന്നാണ് എൻ്റെ ഏറ്റവും അവസാനത്തെ ആഗ്രഹം.
യാഥാർത്ഥ്യത്തെക്കാൾ ഞാൻ സ്വപ്ന സങ്കല്പങ്ങളെയാണ് എന്നും പ്രണയിച്ചിരുന്നത്.
സ്വപ്നങ്ങളിൽ ചാലിച്ച് എഴുതമ്പോഴുള്ള ആശയചാരുതയ്ക്ക് നീലനിലാവിനെപ്പോലെ മാസ്മരികതയുണ്ടെന്നാണ്
എൻ്റെ അനുഭവം.
അതിനാൽ ആകാശങ്ങളെയും നക്ഷത്രങ്ങളെയും നീല നിലാവിനെയും ഞാൻ ജീവനുതുല്യം സ്നേഹിച്ചു.
അടുത്തകാലത്ത്, വൃക്ഷങ്ങൾ എൻ്റെ ജീവിതത്തിന് പ്രാപഞ്ചിക മാനങ്ങൾ കുറിച്ചു.
വൃക്ഷത്തിൽ പ്രപഞ്ചം കാണാമെന്നാണ് എൻ്റെ അനുഭവം.
വൃക്ഷങ്ങൾ പ്രപഞ്ചത്തിൻ്റെ കരുത്തുറ്റ ,
നിഷ്കളങ്കമായ ജൈവപ്രകടനമാണ്.
9.2. 2023.
Written by Adv. Pavumpa Sahadevan.
About The Author
No related posts.