പ്രിയ കാമുകാ – (രേഖ സി.ജി)

Facebook
Twitter
WhatsApp
Email

നിനക്കെന്തെഴുതണമെന്ന്
എനിക്കറിയില്ല.
ഓലമറച്ച കളിപ്പുരയിൽനിന്നും
കല്ലുമറച്ച കുളിമുറിയിലെ
ഓവുചാലിൽ,
ഒളിച്ചുനിന്ന്
നീയെന്നെ ദംശിച്ചത് ഓർക്കുന്നുവോ !!!
നീലച്ച ശരീരം ഉപേക്ഷിച്ചാണ്
നീയന്ന് നാടുവിട്ടത്.

വിഷത്തിൽ നിന്നുയിർകൊണ്ട ബീജം
ഞാൻ
പാലൂട്ടിവളർത്തി.

എന്തിനെന്നോ…

ചന്ദ്രിക പതിഞ്ഞ രാത്രികളിൽ
സംഹാരരുദ്രയായി
അവളുടെ ദന്തപ്പാടുകളെല്ലാം
നീലയായി മാറുന്നതു കാണാൻ…

ഒരോ പല്ലേറ്റങ്ങളും
പുഴയ്ക്ക് കാവൽനിന്ന
നിലാവിൻ്റെ മറവിൽ
മറഞ്ഞിരിക്കുന്നുണ്ടെന്നറിയാൻ…

കടലോ ആകാശമോയെന്നറിയാതെ
തിരയോ മേഘമോയെന്നറിയാതെ
നീലകളിലാണ്ടുപോയ ജീവനിലും
ഒരു തുടിപ്പുണർന്നു.

കൊത്തുകളിലറുത്തുപോയ
കാലത്തിൻ്റെ ചിറകുകളിലേക്ക്
മണ്ണ്
നനവ് പടർത്തി.

നീലയായി മാറിയ അവളുടെ
മാറിൽനിന്നും
കറുപ്പുവമിച്ചുകൊണ്ടേയിരുന്നു.

പ്രിയകാമുകാ …
നിൻ്റെ ദംശനങ്ങളിൽനിന്നും
അവളിലേക്കുള്ള ദൂരം
ഞാൻ അളന്നെടുക്കുകയാണ്.

നിൻ്റെ തെറ്റ് അവൾ പകർത്തിയെഴുതുകയാണ്

About The Author

Leave a Reply

Your email address will not be published. Required fields are marked *