എന്താ മെയ്യഴക് – (സൂസൻ പാലാത്ര)

Facebook
Twitter
WhatsApp
Email

ഹൊ എന്തായിരുന്നു അവൻ്റെയാ മെയ്യഴക്? ആ ആരോഗ്യമുള്ള ശരീരത്തിന് യോജിച്ച വസ്ത്രം തമ്പുരാൻ തയ്പിച്ചുകൊടുത്തതാണവന്. ചെമന്ന കുപ്പായത്തിൽ കടുംനീലബോർഡറുകളിൽ തിളങ്ങുന്ന കസവുറേന്തകൾ ചേർത്തുവച്ചടിച്ചതുപോലെ എന്തായിരുന്നു ഭംഗി? എപ്പോളും കടുംചെമപ്പുനിറമുള്ള തലപ്പാവണിഞ്ഞ്, കാതിൽ വെള്ളക്കടുക്കനിട്ട് ചെമന്ന മാസ്ക് സദാ താടിയിൽ തൂക്കിയിട്ട് ഗരിമയോടെയുള്ള ആ നടത്തം. അവൻ്റെ ഭംഗി മനസ്സിൽനിന്ന് മായുന്നില്ല. കൂട്ടത്തിൽ ഇളംറോസ്നിറത്തിൽ കറുത്ത പുളളികളും ഇളംമഞ്ഞയിൽ ഇളംനീലവരകളും ഒക്കെയുള്ള വസ്ത്രങ്ങളണിഞ്ഞ യുവകോമളന്മാർ ധാരാളം.
എല്ലാവരും ഏറെയിഷ്ടപ്പെട്ടത് ആദ്യം പറഞ്ഞ പുരുഷകേസരിയെത്തന്നെ. അവൻ്റെ ആ തലയെടുപ്പ് ആ നീണ്ട കാലുകൾ അത്ര മനോഹരം. പിന്നിൽ ചൈനാക്കാരുടെ വിശറിയെക്കാൾ അതിമനോഹരമായ ഒരു നീളമുള്ള നിബിഡമായ …. ആ അതു ഞാൻ വഴിയേ പറയാം. ഒരു സസ്പെൻസായിക്കിടക്കട്ടെ.
പറമ്പിൽ മൂന്നുകച്ചിത്തുറുവുണ്ടായിരുന്നു. പഞ്ഞിമരത്തിൽ ഉണ്ടാക്കിയ കച്ചിത്തുറുവാണ് ഏറ്റവും വലുത്. പഞ്ഞി പറമ്പിന് ദോഷമായതിനാൽ മുകൾഭാഗം വെട്ടിക്കളഞ്ഞ്, മരം ഉണങ്ങാതിരിപ്പാൻ മുകളിൽ ഒരു വലിയ കലം കമഴ്ത്തിവച്ചിട്ടുണ്ട്, ചെറിയകിളിർപ്പുകൾ മുളപൊട്ടിയിട്ടുണ്ട്. പിന്നെ ഒരു നാട്ടുമാവിൻ്റെ താഴത്തെ കമ്പുകൾ വെട്ടിക്കളഞ്ഞ് അതിലും ഒരു കിളിഞ്ഞിൽമരത്തിലുമായി കച്ചിതുത്തുറുവുൾ. കച്ചിത്തുറുവിലെ വൈക്കോൽ ഉണങ്ങിപ്പോവാതിരിക്കാനും കോഴികൾ പറന്നുകയറി, ചികഞ്ഞു പൊടിക്കാതിരിക്കാനും, കാഷ്ടിച്ച് പശുക്കൾക്കു് അറപ്പുവരുത്താതിരിക്കാനുമായി ഓലത്തുഞ്ചാണികൾകൊണ്ട് തുറു മനോഹരമായി പൊതിഞ്ഞിട്ടുണ്ട്. എന്നാലും തലയിൽതൊപ്പിയുള്ള കറുത്ത കാപ്പിരിക്കോഴിയും കഴുത്തേൽ പപ്പില്ലാത്ത ചെമന്നകോഴീം, ഒന്നരാടൻ വലിയ ചെമന്നന്നമുട്ട തരുന്ന, കറുകറുത്ത ബ്ലാക്ക് മിനോർക്കയും നിത്യവും ചെറിയ വെള്ളമുട്ട തരുന്ന, ഒരു പൊടിക്കല്ലെടുത്തെറിഞ്ഞാ ൽക്കൂടേ ചാകുന്ന വൈറ്റ് ലഗോണും എല്ലാം മുട്ടയിടുന്നത് തുറുവിൽ. ഇടയ്ക്ക് പൊത്തുകളുണ്ടാക്കി അതിലിരിക്കും. ഒരു തുറുവിൽ അമ്മയുടെ പ്രിയപ്പെട്ട പ്ലിമത്ത് റോക്ക് പത്തുപതിമൂന്നു കുഞ്ഞുങ്ങളെ ആരുമറിയാതെ മുട്ടയിട്ട് അടയിരുന്ന് കൊത്തിവിരിച്ചെടുത്തത് വളരെ രസകരമായിരുന്നു.
ഇന്ന് ഇതൊക്കെ ഓർക്കാൻ കാരണം. നട്ടുപിടിപ്പിച്ച് ഓമനിച്ചുവളർത്തുന്ന കുറെ കൃഷിവർഗ്ഗങ്ങളുണ്ട്. പ്രത്യേകിച്ച് ഏത്തവാഴകൾ. ഇത് വളരാൻ സമ്മതിക്കാതെ ദിനമ്പ്രതി കൊത്തിയലക്കിക്കളയുന്ന ആ ജന്തുക്കളെ കൈയോടെ പിടിക്കാൻ കച്ചകെട്ടി ഒരുങ്ങിയിരിക്കുമ്പോളാണ് ആ അതിമനോഹര ശബ്ദം! വൈലോപ്പിള്ളി പാടിയതുപോലെ “താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങുംവലിയോരലാറം, പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം” രാത്രിയുടെ നാലാംയാമത്തിൽ ഇന്നുകേട്ടത്. കർത്താവേ, ഞാനേതു ലോകത്തിലാണ്? വീണ്ടും ആ സുന്ദരമായ ശബ്ദത്തിനായി കാതോർത്തു.
ബാല്യം മനസ്സിൻ്റെ ഉള്ളറയിലേക്ക് ഓടിയെത്തി. പഴയ തറവാട്ടുവീട്, വിശാലമായ മുറ്റം. ധാരാളം നടകളുള്ള വീട്. കന്നുകാലിക്കൂട്, ആട്ടിൻകൂട്, താറാവിൻ്റെ കൂട്, കോഴിക്കൂട്. കണ്ടമാനം കോഴിയുള്ളതിനാൽ പൂവന്മാരുതമ്മിൽ കൊത്തും ബഹളവും ഒഴിഞ്ഞനേരമില്ല. ഭീരുക്കളും അനുസരണംകെട്ടവരുമായ കുറെയെണ്ണം കാപ്പി മരത്തിലും കച്ചിത്തുറുവിലും ഒളിച്ചിരിക്കും. ധൈര്യശാലികൾ കൂട്ടിൽത്തന്നെ കൂടി പിടകളെ പാട്ടിലാക്കും. പലകോഴികളും മുട്ടകൾ ഇടുന്നത് അയൽവീടുകളിലും അയലത്തെ കന്നുകാലിത്തൊഴുത്തുകളിലും.
അമ്മ… കുറച്ച് നുറുക്കരിയും ഗോതമ്പുമായി ബാ… ബാ.. ബ… ബ… കോഴി ബാ… ബാ…. എന്ന് നീട്ടിയും കുറുക്കിയും വിളിച്ചുകൊണ്ടുവന്ന് മുട്ടയിടീപ്പിച്ച് പുഴുങ്ങിയും പൊരിച്ചും കുടുംബത്തെ തീറ്റിക്കും.
മുട്ട കൊടുത്ത് മീൻ വാങ്ങുന്നതിന് പണക്കാരായ ബന്ധുക്കൾ കളിയാക്കും. വീട്ടിൽ വന്ന് മുട്ടയെടുക്കാൻ രണ്ടു മുട്ടക്കാരുണ്ട്. മുട്ടക്കാരൻ ബേബിച്ചേട്ടനും കൂത്രപ്പള്ളിക്കാരനും. അവർ യഥാക്രമം ബുധൻ, ശനി ദിവസങ്ങളിൽ വീട്ടിൽ വന്ന് മുട്ടയെടുത്ത് പണം കൃത്യമായിത്തരും. മുട്ട വിറ്റുകിട്ടുന്ന പണം കൊടുത്ത് മത്തിവാങ്ങും. അതുപറഞ്ഞു പരിഹസിക്കുന്ന ബന്ധുക്കളോട് അമ്മ പറയുന്ന ന്യായം: “കപ്പ തിന്നണ്ടേ, പിള്ളേർക്ക് കപ്പ രുചിയായി തിന്നണമെങ്കിൽ മീൻ അത്യാവശ്യമാ. മുട്ട വല്ല ചപ്പാത്തിക്കോ അപ്പത്തിനോ പറ്റും”
എന്നിട്ട് ഞങ്ങൾമക്കളോടായി പറയും: “തറവാട്ടുകാരാന്നും പറഞ്ഞ് കുടുംബസ്വത്തെല്ലാം വീതംചെയ്യാതെ കൈയടക്കിവച്ചിട്ട് പൊത്തുവരുത്തം പറയാൻ വരുന്നു. പോയി മുഞ്ഞി കഴുകട്ടെ, ഹല്ല പിന്നെ”
അമ്മയും അപ്പച്ചനും തൻ്റെ സഹോദരങ്ങളും താനും അടങ്ങിയ രസകരമായ ദിനസ്മരണകളിൽ അവൾ പുളകംകൊണ്ടുനില്ക്കുമ്പോൾ തൻ്റെ ഓമന, ഓറിയോ എന്ന പട്ടിക്കുട്ടി നിറുത്താതെ കുരയ്ക്കുന്നു.
പിന്നാമ്പുറക്കാഴ്ചകൾ കണ്ട് മോഹാലസ്യപ്പെടാൻ തുടങ്ങിയ അവളെ ഓറിയോ വന്ന് മൃദുവായി മുട്ടിയുരുമ്മിനിന്നു.
തൻ്റെ ഏത്തവാഴക്കന്നുകൾ മുഴുവനും മൂടോടെ അയലത്തെസുന്ദരനും കാമുകീഗണങ്ങളുംകൂടി കൊത്തിത്തിന്നുതീർത്തിരിക്കുന്നു. കൂട്ടത്തിൽ ദാ ഞാൻ വഴിയേ പറയാമെന്നു പറഞ്ഞ ആ മനോഹരമായ, മഞ്ഞയും മറൂണും,നീലയും നിറങ്ങളുടെ സങ്കലനങ്ങളുള്ള അങ്കവാലുമായി ആ യുവകോമളനും. വീരശൂരപരാക്രമിയായ ഒരു രാജാവിൻ്റെ തലയെടുപ്പോടെ, അവൻ്റെ തലയിലെ കിരീടത്തിൽ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന കടുംചെമപ്പുപൂവിനെന്താ ഭംഗി! നോക്കിനോക്കിനില്ക്കുമ്പോൾ നിറങ്ങൾമിന്നിമാറിമറിയുന്നു. കടുംചെമപ്പ്, മറൂൺ, കടുംനീല, ഇളംമഞ്ഞ അങ്ങനെയങ്ങനെ.
അവൾ ദേഷ്യത്തോടെ പുലമ്പി, എന്താ മെയ്യഴക് ! എന്നിട്ടും കൈയിലിരുപ്പിതല്ലേ?
……..

About The Author

Leave a Reply

Your email address will not be published. Required fields are marked *