ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലി – (ഡോ. മായ ഗോപിനാഥ്‌)

Facebook
Twitter
WhatsApp
Email

വൈദ്യവൃത്തിയിൽ കാൽനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഡോക്ടർ നന്ദഗോപനെ അഭിനന്ദിക്കാൻ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ സ്റ്റാഫ്‌ എല്ലാവരും ഒത്തുകൂടിയിരുന്നു.

ജൂനിയർ ഡോക്ടർമാർക്ക് ശുശ്രുഷയുടെ പാoങ്ങൾക്കൊപ്പം നന്മയും കാരുണ്യവും കൊണ്ട് അവരുടെ ഹൃദയം നിറയക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇക്കാലയളവിലെ
തന്റെ തിരിച്ചറിവുകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി പ്രസംഗം

“പൊള്ളുന്ന ദുഖങ്ങളുടെ വഴിയേ നടക്കുന്ന വൈദ്യന് വലുത് യശസ്സിന്റെ ധാർഷ്ട്യമോ സമ്പത്തിന്റെ ആർഭാടമോ അല്ല രോഗിയ്ക്കു തുഷ്ടി നൽകാൻ കഴിഞ്ഞ ആത്മസംതൃപ്തിയാണ്.

അലിവും അറിവും ചേരുമ്പോൾ വൈദ്യവൃത്തി പ്രകാശപൂർണവും ധന്യവുമാകുമെന്ന് തിരിച്ചറിഞ്ഞത് ഗുരുജനങ്ങളിലൂടെയാണ്.

ഒരിക്കൽ എന്റെ ഒരധ്യാപകനെ കാണാൻ കാല് വേദനയുമായി വന്ന പ്രായം ചെന്ന അമ്മയുടെ വിണ്ടുകീറിയ കാൽപാദം സ്വന്തം കൈവെള്ളയിലെടുത്തു വച്ച് പരിശോധിച്ച നിമിഷത്തിൽ തന്നെ ഞാൻ അദ്ദേഹത്തെ എന്റെ മാനസ ഗുരുവായി പ്രതിഷ്ഠിച്ചു. അദ്ദേഹമാണ് ഈ വഴിത്താരയിൽ എന്റെ ഏറ്റവും വലിയ പ്രചോദനം.

കൂനിക്കൂടി മുന്നോട്ടാഞ്ഞു ഇപ്പൊ വീഴുമെന്നു തോന്നുന്നൊരാൾക്ക് ഊന്ന് വടി പോലെ തണലാവുക,
സ്മൃതിലോപം വന്നവരുടെ കൈകൾ ചേർത്ത് പിടിച്ചു അവരുടെ ഓർമ്മയെ കൈക്കുമ്പിളിൽ ഒതുക്കി വയ്ക്കാൻ ആവും വിധം പ്രയത്നിക്കുക, നിരാശയുടെ പടുകുഴിയിലെ വീൽചെയറിൽ കാലുകൾ തളച്ചിട്ടവന് പ്രതീക്ഷയുടെ വെള്ളിച്ചില്ല നൽകുക, തന്റെ സ്പർശം കൊണ്ടും നോട്ടം കൊണ്ടും രോഗിയുടെ ആശങ്കയെയും ഭയത്തെയും തുടച്ച് നീക്കുക ഇതൊക്കെ തന്നെ പാതി ചികിത്സയാണ്

ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ തല്ലിതടഞ്ഞു പരിക്കേൽക്കുമ്പോൾ തനിച്ചല്ലെന്നൊരു തോന്നൽ കൊണ്ട് അവരുടെ മുറിവിടങ്ങളിൽ ലേപനമാവണം.

ഹൃദയം കൊണ്ട് ആത്മാവിനെ തൊടണം.

നന്ദഗോപൻ ഡോക്ടറുടെ പ്രസംഗം ഹാളിനോട് ചേർന്നുള്ള മുറികളിൽ അഡ്മിറ്റായി കിടന്ന മറ്റു പലരോഗികളുടേതുമെന്ന പോലെ ഊർമിളയുടെയും കണ്ണുകൾ ഈറനാക്കി.

ഇടയ്ക്കിടെ ഇടറിപോകുന്ന പ്രാഞ്ചലുമായി വിറച്ചു വെറുങ്ങലിച്ചു ഈ കിടക്കയിൽ നിശബ്ദയായി കിടക്കേണ്ട വിധിയെ പഴിചാരുമ്പോഴും നന്ദഗോപൻ എന്ന മനുഷ്യന്റെ സ്നേഹദീപ്തിയുടെ ശോഭ തന്റെയുള്ളിൽ നിറയ്ക്കുന്ന ഊർജ്ജം എത്ര വലുതാണെന്നു തിരിച്ചറിയുകയായിരുന്നു.

കാലം കാത്ത് വച്ച പോലെ തന്റെ ജീവിതത്തിലേക്ക് ഇത് നന്ദന്റെ രണ്ടാം വരവാണ്.

ഒരുമിച്ചൊരെ കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയവരാണ് രണ്ട് പേരും.

കോളേജിന്റെ കലാതിലകമായി ചിലങ്ക കെട്ടിയ പാദങ്ങളാണ് ഇന്ന് പ്രാഞ്ചി നടക്കാൻ പോലും ശേഷിയില്ലാതെ കോടിചുരുങ്ങി കിടക്കുന്നത്.

കാലം കാത്തുവക്കുന്നതെന്തൊക്കെ
എന്ന് ആർക്കും പ്രവചിക്കാൻ ആവില്ലല്ലോ.

വലിയ കട്ടികണ്ണട വച്ച നന്ദഗോപൻ എന്ന നാണംകുണുങ്ങി പയ്യൻ ഇന്ന് താനുൾപ്പടെ അനേകം അശരണർക്കു ഈശ്വരതുല്യനാണ്.

തിരക്കിട്ട കൺസൽടെഷനുകളോ വാർഡ് റൗണ്ട്സൊ ,ഫോൺ വിളികളോ, മീറ്റിംഗുകളോ ഒന്നുമില്ലാതെ മേൽക്കൂരയുടെ വെളുപ്പും ഫാനിന്റെ മൂളലും ഇടയ്ക്കിടെ വന്നു പോകുന്ന സിസ്റ്റർമാരും പിന്നെ നന്ദനും നന്ദന്റെ കുട്ടികളും മാത്രമുള്ള ലോകമാണ് ഇപ്പോൾ തനിക്കുള്ളത്.

നന്ദന്റെ മക്കളും മെഡിക്കൽ വിദ്യാർത്ഥികളുമായ ജീവനും ധ്യാനും മിക്ക ദിവസവും ആശുപത്രിയിൽ എത്താറുണ്ട്.
അച്ഛന്റെ ആർദ്രതയും നന്മയും അതേപടി പകർന്നു കിട്ടിയവർ.

ആശുപത്രിയിലെ ഏറ്റവും മുതിർന്ന ജോലിക്കാരിയായ സ്വീപ്പർ ജാനമ്മയെ അമ്മമ്മേ എന്ന് വിളിക്കുന്ന ആ കുട്ടികൾ ആതുരശുശ്രുഷയിൽ നാളെയുടെ വരദാനമാണെന്നുറപ്പാണ് .

ഇവിടെ കൊണ്ടാക്കി രണ്ടാഴ്ച കഴിഞ്ഞു ഒരു ഹോം നേഴ്സ് നെ കൂട്ട് നിർത്തിയെങ്കിലും
ഇതിനോടകം തന്റെ ഭർത്താവോ ലാളിച്ചു വളർത്തിയ മകളോ ഒരു തവണ പോലും വന്ന് നോക്കാത്തതിന്റെ പൊരുൾ താൻ പറയാതെ തന്നെ നന്ദൻ തിരിച്ചറിഞ്ഞു.

സ്വയം ചലിക്കാനാവാതെ പ്രാഞ്ചി കോടിപ്പോയ തന്റെ രൂപം ആ വീടിന് ഇനി ഒരിക്കലും അലങ്കാരമാവില്ല. അപമാനമോ ഒഴിവാക്കാനാവാത്ത ഭാരമോ മാത്രമാണ്.

ജീവിതത്തിലെ നെട്ടോട്ടങ്ങൾക്കിടെ ഒന്ന് വീണുപോയാൽ എന്താവും എന്നോർത്തു നോക്കാറില്ലല്ലോ നമ്മളാരും!

സ്വയം കൂട്ടികിഴിക്കലുകൾ നടത്തുന്നതിടെയാണ് നന്ദൻ മുറിയിലെത്തിയത്.

കൈയിലിരുന്ന ഒരു പൊതി മേശമേൽ വച്ച ശേഷം
കസേര നീക്കി തൊട്ടടുത്തിരുന്നു നന്ദൻ ഊർമിളയുടെ വലതു കൈപ്പത്തി കയ്യിലെടുത്തു മെല്ലെ തലോടി.

തന്റെ ഈ നിസ്സംഗതയ്ക്ക് മുന്നിൽ എന്റെ ആശ്വാസവാക്കുകൾ പാഴായി പോകരുത്.

തിരിച്ചു വരണം. ആ പഴയ മിടുക്കി ഡോക്ടറാവണം. കാണാൻ കാത്തിരിക്കുന്ന രോഗികളുടെ മുന്നിൽ രോഗത്തെ പോരാടി തോൽപ്പിച്ചതിന്റെ മാതൃകയാവണം.

നന്ദൻ അവളുടെ നെറുകയിൽ മെല്ലെ തലോടി അത് പറയുമ്പോൾ ഹൃദയശലഭങ്ങൾ ആത്മ പുഷ്പത്തെ ചുംബിക്കുന്ന പോലൊരു അനുഭൂതി പെയ്തിറങ്ങി

നന്ദനോട് ഒരിക്കൽ പറയാൻ കഴിയാതെ പോയ ഒരിഷ്ടം ഇപ്പോഴും ബാക്കിയായ് കിടക്കുന്നു എന്നത് ഊർമ്മിള സ്വകാര്യമായി തന്റെ നെഞ്ചിൻ കൂടിൽ തന്നെ ചേർത്ത് വച്ചു.

ആദ്യ ക്ലിനിക്കൽ ക്ലാസ്സുകളിൽ ഒന്നിൽ വാർഡിൽ കിടന്ന വളരെ പ്രായമായ ഒരമ്മയുടെ മരണം കണ്ട് കണ്ണ് നിറഞ്ഞ് തേങ്ങിയ നന്ദന്റെ മനസ്സിലെ കാരുണ്യമാണോ, നിഷ്കളങ്കമായ പെരുമാറ്റമാണോ, ലാളിത്യമാണോ ഏതോ ഒന്ന് അവനോടു തന്റെ ഉള്ളിൽ വേറിട്ട ഒരിഷ്ടം നിറച്ചു വച്ചു .

പറയാതെ പോകുന്ന പല സത്യങ്ങൾക്കുമിടെ അത് അവിടെ തന്നെ കിടന്നു.

എന്തായാലും ജീവനെയും ധ്യാനിനെയും പ്രസവിച്ച താൻ കാണാത്ത അമ്മ ഭാഗ്യവതിയാണ്.

ഹൃദയനൈർമല്യത്തിന്റെ നിറകുടമായ നന്ദന്റെ, ജീവിതസഖി സുകൃതിനിയാണ്.

ഊർമ്മിള നന്ദനോട് ചോദിച്ചു.

“നന്ദന്റെ ഭാര്യയുടെ പേരെന്താണ്?”

“ഇല്ലാത്ത ഭാര്യയുടെ പേര് ഞാൻ എങ്ങനെ പറയും ഊർമ്മിളാ?”

നന്ദൻ സ്വതേയുള്ള ചിരിയോടെ നടന്നു നീങ്ങി.

ആ മറുപടി കേട്ടുകൊണ്ടാണ് ജാനമ്മ മുറിതുടയ്ക്കാൻ മോപ്പുമായി അകത്തേയ്ക്ക് വന്നത്.

മാഡം സാറിന്റെ കുഞ്ഞുങ്ങൾ രണ്ടും ദത്തു മക്കളാണ്. എന്റെ അയൽക്കാരിയായിരുന്നു അവരുടെ അമ്മ സീത.
അവളുടെ ഗർഭകാലത്തു തന്നെ ഭർത്താവ് മരിച്ചിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച സീതയും പ്രസവത്തോടെ പോയി.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ സ്തബ്‌ധയായിപ്പോയി ഊർമിള.

കോളേജ് കാലം കഴിഞ്ഞു ഭർത്താവിനോപ്പം ദില്ലിയിൽ കൊല്ലങ്ങളോളം താമസിച്ചിരുന്നതിനാൽ കൂട്ടുകാരോടൊന്നും ഒരു ചങ്ങാത്തവും ഉണ്ടായിരുന്നില്ല. എന്തിനേറെ ക്ലാസ്സ്‌മേറ്റ്സ് ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും ആഡ് ആയത് നന്ദന്റെ ആശുപത്രിയിൽ എത്തിയ ശേഷമാണ്.

നന്ദൻ സാറിന്റെ ജീവിതം തന്നെ അദ്ദേഹം മറ്റുള്ളവർക്കു വേണ്ടി നീക്കി വച്ചിരിക്കുകയാണ് മാഡം.

എന്റെ ചെറുമകളുടെ എഞ്ചിനീയറിംഗ് പഠനചിലവെല്ലാം സാറാണ് നോക്കുന്നത്. അത് പോലെ ഈ ആശുപത്രിയിലെ എത്രയോ പേർ അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ തണലിലാണ്.

ഞങ്ങളെ പോലുള്ളവരുടെ ദൈവമാണദ്ദേഹം.

ഊർമിളയുടെ കണ്ണുകൾ സജലങ്ങളായി.

നന്ദൻ മേശമേൽ വച്ച ബ്രൗൺ പേപ്പർ പൊതി ഒന്നെടുത്തു തരാൻ ജാനമ്മച്ചേച്ചിയോട് പറഞ്ഞു ഊർമിള.

ഭംഗിയായി പൊതിഞ്ഞ ആ കവറിൽ ഒരു പുസ്തകമായിരുന്നു.

‘സാക്ഷ്യം ‘ അത് അയാളുടെ ജീവിതാനുഭവങ്ങൾ തന്നെ ആയിരുന്നു.

ആമുഖത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

ഒരു ചെറു കോശത്തിൽ നിന്നെന്നെ കോടിക്കണക്കിനു കോശങ്ങളുള്ള മനുഷ്യനാക്കിയ പ്രപഞ്ച ശക്തിയ്ക്ക് മുന്നിൽ ഞാനെന്റെ ശിരസ്സ് നമിക്കുന്നു.

ആ ഒരൊറ്റ കോശത്തിലെ ഞാനും കോടാനുകോടി കോശങ്ങളിലെ ഞാനും എന്റെ അച്ഛനിലും അമ്മയിലും ഒളിച്ചിരുന്ന ഞാനും നിങ്ങളും ഒന്ന് തന്നെയല്ലേ

നിറകണ്ണുകളോടെയാണ് ഊർമ്മിള ഓരോ പുറവും മറിച്ചത്.

ഈശ്വരകാരുണ്യം എന്ന ആദ്യ അധ്യായം തുടങ്ങിയത് ഇങ്ങനെയാണ്

തിരപ്പൂക്കൾ ഇറുത്തെടുത്തുൾപ്പൂവിൽ ചേർത്ത് വച്ചെത്ര ജീവിത
താളമതിൽ ചേർത്തു ദൈവം…..

വാക്കിന്റെ വിസ്മയം എന്ന രണ്ടാം അധ്യായം ഇങ്ങനെ തുടങ്ങുന്നു

കാണാ ഹൃദയതീരങ്ങളിൽ
കനകാംഗുരമാകും
അക്ഷരദീപമേ…..

.ഒന്നോർത്താൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിസ്മയമല്ലേ വാക്ക്?

അറിവും അനുകമ്പയും ഒരു പനിനീർപ്പൂവ് പോലെ നമ്മുടെ ബോധധാരയിൽ നിറയുമ്പോൾ വാക്കുകൾ വിസ്മയ വൈഖരിയാവുകയും നമ്മെ പവിത്രീകരിക്കുകയും ചെയ്യുന്നു.

നന്ദനെന്ന യഥാർത്ഥ മനുഷ്യനിലൂടെ സത്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ ഡോക്ടർ ഊർമിളയുടെ കണ്ണുനീരടർന്നു വീണ പുസ്തകത്തിന്റെ ഒടുവിലെ പുറത്തിലെ കുറിപ്പ് അപ്പോഴും അവർ കണ്ടിരുന്നില്ല.

ഒരുപക്ഷെ അവരുടെ കോടി വിറങ്ങലിച്ച പാദങ്ങളെ നേരെയാക്കാനുള്ള ആ അത്ഭുത മരുന്ന്….

ആത്മ സഖീ,മണ്ണിന്റെ ഞരമ്പായ പുഴ പോലെ പണ്ടേയ്ക്ക് പണ്ടേ നീയെന്നിലൂടെ ഒഴുകിയിരുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *