LIMA WORLD LIBRARY

പാഠം -1: ഹരിതകം – (സന്ധ്യ അരുൺ)

“ഇലകൾ പച്ച, പൂക്കൾ മഞ്ഞ”
കുട്ടികൾ അത്യുത്സാഹത്തിലാണ്.
പാട്ടിൻ്റെ താളത്തിൽ നൃത്തച്ചുവട് വെക്കുന്നുമുണ്ട് ചിലർ. സ്കൂൾ മൈതാനത്തിൻ്റെ അതിരിൽ വാക, തണൽ വിരിച്ച കോണിൽ പരിസ്ഥിതി പഠനം പൊടിപൊടിക്കുകയാണ്.

ആരും നട്ടു നനക്കാതെ ഗുൽമോഹർ നിരകളും, കർണ്ണികാരങ്ങളും തലയിൽ തീ വെയിൽ നാളങ്ങളെ പൂക്കളായി ചൂടി, വേനലിൽ തണലും വസന്തവും വിരിയിക്കുന്ന പ്രകൃതിയുടെ മാജിക്, കുട്ടികളെ വിസ്മയിപ്പിക്കുമാറ്,
പാടിയും പറഞ്ഞും സൗമ്യ ടീച്ചർ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.

കൊറോണയുടെ കഠിന തടവുകാലം
പിന്നിട്ട്, വിദ്യാലയങ്ങൾ ഉണർന്നു വരുന്നേയുള്ളൂ. ഓൺലൈൻ ക്ലാസ്സുകളുടെ പുതുമോടികൾ,
മടുപ്പിന് വഴിമാറിക്കഴിഞ്ഞിരുന്നൂ.

നഗരമധ്യത്തിൽ തലയെടുപ്പോടെ
നിൽക്കുന്ന ആംഗലേയ വിദ്യാലയം.
കത്തുന്ന സൂര്യൻ, നട്ടുച്ച വെയിലിൽ, പ്രൗഢഗംഭീരമായ ആ കെട്ടിടത്തിൻ്റെ നിഴൽ ചിത്രം വരച്ചിട്ടു. അകങ്ങളിൽ ഉയർന്ന ആർപ്പു വിളികളും പുറത്തെ വെയിൽ ചിത്രവും പകർന്ന കാല്പനിക പശ്ചാത്തലം, മുത്തശ്ശിക്കഥയിലെ രാക്ഷസൻ കോട്ടയും, പൂന്തോട്ടവും കഥാന്ത്യത്തിലെ വസന്ത ഋതുവിൻ്റെ ആഗമനവും അനുസ്മരിപ്പിച്ചു.

തലേ ദിവസത്തെ ഗൃഹപാഠം
പരിശോധിക്കുന്നതിനിടയിൽ
സൗമ്യ ടീച്ചർ പെട്ടെന്നാണ് ഒരു ചോദ്യമുന്നയിച്ചത്. അത് ടീച്ചറിൻ്റെ
സ്വതസിദ്ധമായ ശൈലിയാണ്.

എന്തു കൊണ്ടാണ് ഇലകൾക്ക്
പച്ച നിറം എന്ന് പറയാമോ?

കുട്ടികൾ ഞാൻ പറയാം,
ഞാൻ പറയാം എന്ന് കൈകൾ
വീശി കാണിച്ചു കൊണ്ടിരുന്നു.
ക്ലോറോഫിൽ അഥവാ ഹരിതക സാന്നിധ്യം,ഫോട്ടോസിന്തസിസ്,
അഹമഹമിഹയാ ഉത്തരങ്ങൾ
പൊന്തി വന്നു.

ഹരി ഉത്തരം പറയൂ:
ഹരി എണീറ്റു നിന്നു തല കുനിച്ചു.
ചുറ്റിലും പരിഹാസച്ചുവയുള്ള
അടക്കിപ്പറച്ചിലുകൾ .

ഇന്നും ഹരിക്ക് ഉത്തരമില്ലല്ലേ,
ടീച്ചർ ശബ്ദമുയർത്തി.

കുട്ടികൾ ചിരിയടക്കി!
ഹരി കരച്ചിലടക്കി.

കോവിഡ് കുത്തൊഴുക്കിൽ
ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക്
ചേക്കേറിയ കുടുംബത്തിലെ
കുട്ടിയാണ് ഹരി. ഓൺലൈൻ ക്ലാസ്സുകളിൽ കയറിയിട്ടില്ല,
ആംഗലേയ ഭാഷ നാവിനോ, കൈകൾക്കോ, ബുദ്ധിക്കോ
ഇതുവരെ വഴങ്ങിയിട്ടില്ല.
പിന്നേ ഏതു ചോദ്യം, എന്ത് ഉത്തരം!
ഹരി എല്ലാ ചോദ്യങ്ങൾക്കും മുന്നിൽ
എന്നും തല കുനിച്ചു നിന്നു.

അന്നത്തെ ദിവസം അവസാനിപ്പിച്ചത് അറിയിച്ച് കൊണ്ട്, നീണ്ട മണി മുഴങ്ങി,
കുട്ടികൾ സ്വന്തം പുസ്തക ഭാണ്ഡങ്ങൾ മുറുക്കി പല വഴി ചിതറി.

മറന്നു വെച്ച മൂല്യ നിർണ്ണയ പട്ടിക,
അന്വേഷിച്ചാണ് സൗമ്യ ടീച്ചർ സ്കൂൾ ചത്വരത്തിലേക്ക് മടങ്ങി വന്നത്.
സ്ക്കൂൾ അങ്കണം, അടക്കി പിടിച്ചു കരയുന്ന കുട്ടിയെ പോലെ നിശബ്ദത പുതച്ചു കിടന്നു! എന്തു കൊണ്ടോ
ഹരിയുടെ ഓർമ്മ മിന്നി മനസ്സിൽ.

പെട്ടെന്ന് ആ കാഴ്ച്ച സൗമ്യയെ
അമ്പരപ്പിച്ചു. ഹരി,സ്കൂൾ മുറ്റത്തെ,
വാടിത്തളർന്ന അലങ്കാര
വൃക്ഷത്തൈകൾക്ക് അവൻ്റെ
കൈയിൽ അവശേഷിച്ച കുടിനീർ
തളിച്ചു കൊണ്ട് അവയോട് മിണ്ടിയും
പറഞ്ഞുമിരിക്കുന്നു!!!

ടീച്ചർ മൂല്യനിർണ്ണയ പട്ടിക തുറന്നു!
ഹരിയുടെ പേരിന് നേരെ ചുവന്ന
മഷിയിൽ അടയാളപ്പെടുത്തിയ
ശൂന്യമായ കളങ്ങളിൽ നീലമഷിയിൽ
എഴുതി ചേർത്തു – 100 %

സൗമ്യ ടീച്ചർ ഏതോ നിർവൃതിയിൽ തനിച്ച് നടന്നു നീങ്ങവെ, ഒരു
വിങ്ങലോടെ പിൻതിരിഞ്ഞു നോക്കി.
പിറകിൽ ശൂന്യമായ മൈതാനത്തിൽ വാകയുടെയും ജക്കരാന്തയുടെയും ചുവപ്പും നീലയും പൊഴിഞ്ഞ് കിടന്നു!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px