വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 4– ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 4

പുറത്തുനിന്ന് മടങ്ങിയെത്തിയ ചാക്കൊച്ചന്റെ അടുത്ത് സോജുമോനെ ഏല്പിച്ച് ബേവച്ചൻ പ്രഭാകരനോടൊപ്പം
അവരുടെ പതിവു സ്ഥലത്തേക്ക് നീങ്ങി.ഒരുമിച്ച് കുന്നു കയറുമ്പോഴും തല്പസമാനമായ പാറയിൽ ഉപവിഷ്ടരാകുമ്പോഴും
മൗനത്തിന്റെ ഒരു കന്മതിൽ അവർക്കിടയിൽ ഉയർന്നുനിന്നു.
         പ്രഭാകരനു കൂട്ടുകാരൻ പ്രണയ രഹസ്യം തന്നിൽ നിന്ന് മറച്ചു വച്ചതിനു,ബേവച്ചന് ഒരു പുതു ജീവിതത്തിലേക്ക്
പ്രവേശിച്ചിരിക്കുന്ന സ്നേഹിതനോട് എന്തു
സംസാരിക്കണം എങ്ങനെ തുടങ്ങണം എന്ന തേങ്ങൽ. പ്രഭാകരന്റെ മൗനം ബേവച്ചനെ വല്ലാതെ സ്പർശിച്ചു.
          “എന്താ പ്രഭാകരാ!വിവാഹത്തോടെ നീ ആകെ മാറിപ്പോയോ?എന്തുപറ്റി നിനക്ക്.?ഞാൻ ഒരു തെറ്റായ കാര്യമാണോ ചെയ്തത്?എനിക്കു നിന്റെ മൗനം കണ്ടിട്ട് ഭയമാകുന്നു.”
 “എനിക്കെന്തു പറ്റാനാ? ഒറ്റയ്ക്കു നടന്നിരുന്ന ഞാൻ ഒരു പെൺകുട്ടിയെ കൂട്ടത്തിൽ ചേർത്തു. അതും നീ എനിക്കു
കണ്ടു പിടിച്ചത്.അങ്ങനെ പോലും ഞാൻ നിനക്ക് സ്വാതന്ത്ര്യം തന്നു. ആ നീ……”
 “നിനക്കെന്താ അങ്ങനെ തോന്നാൻ?
എന്താ പ്രഭാകരാ നീ നിർത്തിക്കളഞ്ഞത്? ഞാൻ എന്തു ചെയ്തുന്നാ നീ പറഞ്ഞു വരുന്നത് “
  “ബേവച്ചാ!എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും നിനക്കറിയാം എന്റെ എല്ലാ അനുഭവങ്ങളും ഞാൻ നിന്നോട് പങ്കു വച്ചിട്ടുണ്ട്. എനിക്കു നിന്നിൽ നിന്ന് മറച്ചു
വയ്ക്കാൻ ഒന്നുമില്ലായിരുന്നു. പക്ഷെ നീ.. നീയും അങ്ങനെയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ….”
                നിശബ്ദതയുടെ നിമിഷങ്ങൾ ഒന്നല്ല പലതു കടന്നു. ബേവച്ചന് സംഗതി എന്തെന്ന് പെട്ടെന്നു പിടികിട്ടി. ഗീതയിൽനിന്ന് എല്ലാം പ്രഭാകരൻ മനസ്സിലാക്കിയിരിക്കുന്നു. വിവാഹത്തിന്റെ ആദ്യനാളുകൾ. എല്ലാം എല്ലാം തുറന്നു പറഞ്ഞ് ഒന്നാകുന്ന നിമിഷങ്ങൾ. അപ്പോൾ സംഭവിച്ചതാകാം.
    “ശരിയാണ് പ്രഭാകരാ!ഞാൻ ഒരു കാര്യം നിന്നിൽ നിന്ന് ഒളിച്ചു. പെട്ടെന്നറിയിച്ചു നിന്നെ ഒന്നു അത്ഭുതപ്പെടുത്തണമെന്നേ
ഞാൻ കരുതിയുള്ളു.”
   കൂട്ടുകാരന്റെ പരിഭവത്തിനു മുൻപിൽ ബേവച്ചൻ തന്റെ ഹൃദയരഹസ്യം തുറന്നു കാട്ടി. ലിസായെ യൂണിയൻ പ്രവർത്തന ത്തിന് ചെന്നപ്പോൾ ആദ്യമായി കണ്ടത്, പിന്നീട് ആ കാഴ്ചയിൽ ഉള്ളിലുടക്കിയ ആ രൂപം തന്റെ തന്നെ ഓഫീസിലേക്ക് സ്ഥലം മാറി വന്നത്, അവൾക്കും തന്നെ
താൽപര്യമാണെന്ന് മനസ്സിലാക്കിയത്, അവളുടെ നാടിനെക്കുറിച്ച്, വീടിനെക്കുറിച്ച്, ചുറ്റുപാടുകളെക്കുറിച്ച്, അത്‌ ഇനി വീട്ടിൽ എങ്ങനെ അവതരി പ്പിക്കുമെന്നതിനെക്കുറിച്ച്…
എല്ലാം. ഒന്നും വിടാതെ.
 “നീയല്ലേ എനിക്കു വേണ്ടി ബുദ്ധിമുട്ടിയത്. ഇതു ഞാനായിക്കളയാം. നിങ്ങൾ തമ്മിൽ അടുപ്പംആണെന്നൊന്നും പറയാൻ പോകണ്ട. ഗീതയുടെ ഒരു കൂട്ടുകാരിയെന്ന നിലയിൽ ഞാൻ ആലോചന എടുത്തിടാം. എന്താ “
          “ബേവച്ചനും അതു സ്വീകാര്യമായി തോന്നി.
             ബേവച്ചനുമായി പറഞ്ഞൊത്തതു പോലെ ശോശാമ്മച്ചേടത്തിയും ചാക്കോച്ചേട്ടനും ഒരുമിച്ചിരിക്കുമ്പോൾ തന്നെയാണ് പ്രഭാകരൻ അതവതരിപ്പിച്ചത്. പക്ഷെ അതൊരു പരിഹാരം കാണാപ്രശ്നമായി മാറുമെന്ന് പ്രഭാകരനോ ബേവച്ചനോ സ്വപ്നത്തിൽ പോലും വിചാരിച്ചി ല്ല.
    ” ഇവിടെ രണ്ടേ വരാനുള്ളു. രണ്ടും ഒരു പോലെ മതി. ഒന്നു കസേരെക്കേറി ഞെളിഞ്ഞിരുന്നു വിളമ്പിക്കോ എന്നു കല്പന പുറ പ്പെടുവിക്കാനും മറ്റതു അടുക്കള വഴി ചാരോം വാരി,പാത്രോം മോറി, വച്ചും വിളമ്പീം നടക്കാനും ഞാൻ സമ്മതിക്കേല”.
അതായിരുന്നു ശോശാമ്മയുടെ വാദം.
       “ഒന്ന് കുറ്റം പറഞ്ഞു നുള്ളിപ്പെറുക്കി
തിന്നാൻ. മറ്റത് കാച്ചിക്കുറുക്കി, വച്ചു വിളമ്പി തീറ്റിക്കാൻ. ഇല്ല ഞാൻ സമ്മതിക്കേല.”
    ശോശാമ്മ അതെ നിലപാടിൽ തുടർന്നു കൊണ്ടിരുന്നു. മൂത്തവളെപോലെ ഇളയവളും ആയിരിക്കണം എന്നാണ് ആ നല്ല
അമ്മ കണ്ടത്. മാത്രമല്ല ഉദ്യോഗക്കാരികളെക്കുറിച്ച് അത്ര നല്ല അഭിപ്രായം അവർക്കില്ല. പ്രഭാകരന്റെ പെണ്ണ് നല്ലവൾ
ആണെന്ന് മേരിമ്മ അഭിപ്രായപ്പെട്ടെങ്കിലും നാണിയമ്മയിൽ നിന്നു കേട്ടിടത്തോളം അവൾ അങ്ങനെയല്ല എന്നു ശോശാമ്മക്ക് തോന്നിയതിൽ തെറ്റുമില്ല.പ്രായം കൊണ്ട് അവർ കൂട്ടുകാർ.നാണിയമ്മക്ക് വീട്ടിനകത്തുള്ള പരിചയം, തനിക്കുപുറത്തുനിന്നും. ആ പെണ്ണിന്റെ കൂട്ടുകാരി 6ppppഅല്ലെ?കൂട്ടുകാരിയും അത്ര മെച്ചമാകാൻ
വഴിയില്ല. അവർ ഒന്നുകൂടി തറപ്പിച്ചു പറ ഞ്ഞു.
“അനിയൻ പഠിത്തോം പത്രാസുമുള്ള പെണ്ണിനെ കെട്ടിയാൽ നരകിക്കുന്നത്
ചേട്ടത്തിയായിരിക്കും. വച്ചുവിളമ്പലും
തുണിയലക്കലും കാലക്രമത്തിൽ കൊച്ചു
വളർത്തൽ വരെ. “
     കാര്യവിവരമുള്ള ഒരമ്മയുടെ ഉറച്ച നില പാട്.ചാക്കോച്ചനും ഇക്കാര്യത്തിൽ വലിയ
താൽപര്യം കാണിച്ചില്ല. പെണ്മക്കളാരും ജോലിക്കാരല്ല. വന്നു കയറിയവളും അങ്ങനെ തന്നെ. അവളു പറയുന്നതിൽ അല്പം കാര്യമില്ലാതില്ല. അതായിരുന്നു ആ നാട്ടു
മ്പുറത്തുകാരന്റെ ചിന്താഗതി. പിന്നെ അവന്റെയിഷ്ടം. അതിനു ഇവിടെ പ്രസക്തിയില്ല.അവൻ കണ്ടുവച്ച പെണ്ണൊന്നുമല്ലല്ലോ, അപ്പപ്പിന്നെ അമ്മ പറയുന്നതല്ലേ
കേൾക്കേണ്ടത്.
       കോരച്ചനും അമ്മ പറയുന്നത് ശരിയായി തോന്നി. തനിക്കു കിട്ടിയവളെ പോലെ അനുജനും ഒരുവളെ കൊണ്ടു വന്നാൽ വലിയ പ്രശ്നത്തിന് കാരണം ഉണ്ടാകില്ല. മറിച്ചാണെങ്കിൽ ചിന്താഗതിക്കു തന്നെ മാറ്റമുണ്ടായേക്കാം. ഇരുകൂട്ടരുടെയും ജീവിതരീതി തന്നെ മാറിമാറിഞ്ഞേക്കാം. നാളെയൊരിക്കൽ രണ്ടു കുടുംബമായി മാറേണ്ടവരാണ്. ഒരാൾ താഴേക്കിടയിലും മറ്റേയാൾ മേലെക്കിടയിലും ആകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാം.മാസാമാസംപെണ്ണ് വീട്ടിൽ കാശു കൊണ്ടുവരിക. തുണിത്തരങ്ങൾ,മറ്റുസാധന
ങ്ങൾ ഒക്കെ തോന്നിയപോലെ വാങ്ങുക, ഒത്തു ടൂർ പോവുക,ഒക്കെ പലരുടെയും ഉറക്കം കെടുത്തും.വേണ്ട, അമ്മ പറഞ്ഞതുതന്നെ മതി, അവനു ജോലിയില്ലാത്തൊരു നല്ല പെൺകുട്ടി .
         ആകെ കുഴഞ്ഞത് ബേവച്ചനായിരുന്നു. ലിസായുമായുള്ള വിവാഹാലോചന ഒരു വെറും ആലോചനയായി അവതരിപ്പി ച്ചതിന്റെ പരിണിതഫലം. വേണ്ടായിരുന്നു. പ്രഭാകരന്റെ ആ അഭിപ്രായത്തോട് താൻ യോജിക്കരുതായിരുന്നു. മേരിമ്മ അനുജനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
അവനിലെ മാറ്റവും.സോജുമോനുമൊത്ത് അവനു നേരത്തെയുള്ള കളിയില്ല, ചിരിയില്ല,ഓഫീസിലെ തമാശ പറച്ചിൽ ഇല്ല.സന്ധ്യാപ്രാർത്ഥന കഴിഞ്ഞിരിക്കുമ്പോഴോ അത്താഴം കഴിയ്ക്കുമ്പോഴോ എന്തെങ്കിലുമൊക്കെ മിണ്ടുകയും പറയുകയും ചെയ്യാറുള്ളതാണ്. ഇപ്പോൾ അതപ്പാടെ മാറിയിരിക്കുന്നു.ഒരു മിണ്ടാട്ടവു മില്ലാതെ ഒരേ കിടപ്പ്. സോജുമോനെയും
കൊണ്ട് പുറത്തു നടക്കുകയോ കുതിര കളിപ്പിക്കയോ ഒന്നും
 ഇല്ല അവൻ പുറകേ ചെന്നാലും എന്തെങ്കിലും പറഞ്ഞ് ഒഴിവാകും .ഇതങ്ങനെ വിട്ടാൽ പറ്റില്ല മേരിമ്മ ചിലതു ചിന്തിച്ചുറച്ചു.
          അന്നു ഒരവധി ദിവസമായിരുന്നു. ബേവച്ചനും പ്രഭാകരനും പതിവുപോലെ
സമ്മേളനത്തിനു പോയിരിക്കുന്നു. എന്തോ അതു മാത്രം അവൻ ഒഴിവാക്കിയിട്ടില്ല. അതേതായാലും നന്നായി.അമ്മയും അച്ചായനും സോജുമോനേം കൊണ്ട് പൂമുഖത്തും. മേരിമ്മ പതുക്കെ പറമ്പിന്റെ അതിരിലേക്ക് ചെന്നു അവിടെ ചെറിയ ഒരു പൊഴി ഇട്ടിട്ടുണ്ട്, അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കാൻ.അവൾ അതിലുടെ കടന്നു പ്രഭാകരന്റെ മുറിയുടെ വാതിൽക്കൽ എത്തി.ഭാഗ്യം വാതിൽ ചാരിയിട്ടേയുള്ളു. അവൾ ഒച്ചയുണ്ടാ ക്കാതെ ഗീതയെ വിളിച്ചു.ഗീത വാതിൽ തുറന്നു രണ്ടുപേരും ചവിട്ടുപടിയിൽ ഇരുന്നു. ചിലപ്പോളൊക്കെ അങ്ങനെ ഒരു പതിവ് അവർ തുടങ്ങിയിട്ടുണ്ട്. വല്ലതുമൊക്കെ മിണ്ടാനും പറയാനും മനസ്സിനിണങ്ങിയ ഒരു കൂട്ടുകിട്ടുക എന്നത് ഒരാശ്വാസമാണ്.
സംസാരത്തിനിടയിൽ മേരിമ്മ ഗീതയോട് ചോദിച്ചു. “ഗീത ഒരു ലിസായെ അറിയുമോ “
“ലിസായെ അറിയുമോന്നോ? അതു നമ്മുടെ ബേവച്ചന്റെ…”
അവൾ പെട്ടെന്നു നിർത്തി. പറഞ്ഞത് അബദ്ധമായോ എന്ന മട്ടിൽ. മേരിമ്മ പക്ഷെ വിട്ടില്ല അത്‌ അറിയാനാണല്ലോ തന്ത്രത്തിൽ അവളുടെ അടുത്തേയ്ക്കു വന്നത്.
“ബേവച്ചന്റെ….എന്താ ഗീത നിർത്തിക്കള ഞ്ഞത്?”
പിന്നെ ഗീത ഒന്നും ഒളിച്ചു വച്ചില്ല. അവൾ ക്കറിയാവുന്നതെല്ലാം പറഞ്ഞു. താൻ മൂലം ആ വിവാഹം നടന്നാലോ?പ്രഭാകരൻ ആ വീട്ടിൽ അവരുടെ കാര്യം അവതരിപ്പിച്ച വിധവും അവിടെയുണ്ടായ പുകിലുകളും എല്ലാം അവൾ അറിഞ്ഞിരുന്നു.ഇനി ഈ വിധത്തിലാണ് അവർക്കു സ്വീകാര്യമായി തോന്നുന്നതെങ്കിലോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *