അദ്ധ്യായം -19
എന്‍റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍
ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. എന്‍ജല്‍ തീയേറ്റേഴ്സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു.
മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്‍റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സത്യമോ, വിശുദ്ധിയോ, സ്നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്‍റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്‍റെ സ്നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്‍, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്‍റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.
പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന്‍ പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്‍ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്‍റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്‍റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന്‍ ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന്‍ അല്ലെങ്കില്‍ സാത്താന്‍. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്‍റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്‍. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്‍റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്‍റെ മുഖ മുദ്രകളാണ്.
മണ്ണിലെ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷാടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന്‍ വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു “നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.
പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന്‍ അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന്‍ മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന്‍ ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന്‍ ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തുന്നു, തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്‍റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങളില്‍ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്‍റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള്‍ ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്‍. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള്‍ ജാതി- മതത്തിന്‍റേയോ രാഷ്ട്രീയത്തിന്‍റേയോ അടിമകളല്ല. നമ്മള്‍ ഈശ്വരന്‍റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്‍റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. “എന്‍റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള്‍ പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന്‍ എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള്‍ ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്‍റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, “ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങളില്‍ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്‍റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള്‍ ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.
മഹര്‍ഷീവര്യന്‍റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് “ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.
നാടകം ജോസഫ് സാറിന്‍റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കീഴ്പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്‍റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.
സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്‍റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്‍റര്‍വ്യൂവിന്‍റെ ഫലം കാത്തിരുന്നത്. അതിന്‍റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്കാരങ്ങള്‍ കാണുക എന്നുളളത്. ഇന്‍റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്‍റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് എന്‍റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്‍റെ സ്വപ്നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്‍റര്‍ കോം ശബ്ദിച്ചത്. അത് എന്‍റെ ബോസ് സുബാഷ് ബാബുവിന്‍റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്‍റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.
എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്‍റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന്‍ മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്‍റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര്‍ തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്‍റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.
ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്നയിലെ ജോലി ഒരു സ്വപ്നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്നമായി മാറി. എന്‍റെ നല്ല സ്വപ്നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.
1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്‍റെ അമ്മാവന്‍ ഉമ്മന്‍ മുതലാളിക്കും, എന്‍റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന്‍ നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്‍റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്‍റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്‍റെ പണം കൈപ്പറ്റുമ്പോള്‍ എന്‍റെ അച്ഛന്‍റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്‍റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്നേഹസമ്പന്നനായ പോസ്റ്റുമാന്‍ കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന്‍ …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.
ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.
റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്‍റെ അടുക്കല്‍ അനിയന്‍ കുഞ്ഞുമോന്‍ വന്നതായി ജ്യേഷ്ഠന്‍ എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വന്നത്. അവന്‍ പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്സില്‍ ജോലിയുളള ജ്യേഷ്ഠന്‍ പാപ്പച്ചന്‍ സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്‍റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്‍റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.
About The Author
Related posts:
- കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 17 – ( ആത്മകഥ – കാരൂര്‍ സോമന്‍ )
- കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 16 – ( ആത്മകഥ – കാരൂര്‍ സോമന്‍ )
- കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 14 – ( ആത്മകഥ – കാരൂര്‍ സോമന്‍ )
- കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 12 – ( ആത്മകഥ – കാരൂര്‍ സോമന്‍ )
- കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 10 – ( ആത്മകഥ – കാരൂര്‍ സോമന്‍ )