അച്ചനും കപ്യാരും – (ജോണ്‍സണ്‍ ഇരിങ്ങോള്‍)

Facebook
Twitter
WhatsApp
Email

ടൂംംം………….
നെറ്റിയില്‍ കൈപ്പൊത്തി വികാരിയച്ചന്‍. ഈശ്വോയേ
ടൂം….
മൂക്കും വായും പൊത്തിപിടിച്ച് കപ്യാര്‍.
ഈ പൂ…മോനെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കപ്യാര്‍.
അച്ചനും കപ്യാരും മുഖാമുഖം നോക്കി ദേഷ്യവും സങ്കടവും ഉളളിലൊതുക്കി. കപ്യാരുടെ കണ്ണുകള്‍ നിറഞ്ഞു.
ടും…. ടും….. ടും.
നിലത്ത് വീണ് തെറിച്ച് തെറിച്ച് ഉരുണ്ട് പോകുന്ന ഒരു അലൂമിനിയം കലം.
ഐസിലൂടെ വഴുതിയ പോലെ ഇറയത്തെ മാര്‍ബിള്‍ തറയിലൂടെ തെന്നി തെന്നി ചവിട്ട് പടിയില്‍ കാല്‍ ഉടക്കി വാഴ വെട്ടിയിട്ടതു പോലെ കമിഴ്ന്ന് വീഴുന്ന് വറീത്.
തൊട്ട് മുന്നിലായി കലിതുളളി നില്‍ക്കുന്ന വികാരിയച്ചനേയും കപ്യാരേയും ഒരു പ്രകാരത്തില്‍ തല ഉയര്‍ത്തി നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ചിരിയും കരച്ചിലും ഇഴ ചേര്‍ന്ന് ഭാവാഭിനയത്തില്‍ വറീത്.
ഉയരത്തില്‍ നിന്നും പറന്നിറുങ്ങുന്ന വിമാനം റണ്‍വേയിലെ ടാറിംങ് തറയില്‍ കത്തുന്ന ചക്രങ്ങള്‍ സാവകാശം വന്ന് നില്‍ക്കുന്ന പോലെ അടുക്കളയില്‍ നിന്നും ഹാളിലേക്കും ഹാളില്‍ നിന്ന് സിറ്റൗട്ടിലേക്കും വറീതിന്‍റെ പിന്നാലെ വന്ന് നില്‍ക്കുന്നു സോഫി. അച്ചനേയും കപ്യാരേയും കണ്ടതും ഇനിയെന്ത് എന്നറിയാതെ ഒരു നിമിഷം. ഒടുവില്‍ കുട്ടികളെ പോലെ കൊഞ്ചി ഒരു കരച്ചിലും.”ഹും…. ഹും… എന്‍റെ പൊന്നച്ചാ ഇതിയാന്‍റെ കൂടെയുളള ഈ ജീവിതം.”
എല്ലാവരും കണ്ടതും സംഭവിച്ചതും മിന്നല്‍ വേഗതയിലായിരുന്നു. അതുകൊണ്ട് തന്നെ എന്താ സംഭവിച്ചത് എന്ന് അച്ചനും കപ്യാര്‍ക്കും ഒന്നും മനസിലായില്ലാ. നെറ്റി തിരുമ്മി നിന്ന അച്ചന്‍ അരയോളം ഉയരത്തില്‍ മടക്കി കുത്തി വച്ചിരുന്ന സോഫിയുടെ നൈയിറ്റി. തുടകളിലേക്ക് നോക്കി അച്ചന്‍റെ കണ്ണുകളില്‍ നിന്നും സോഫിയുടെ ഉള്‍ബോധമനസ് ഉണര്‍ന്നു. നൈയിറ്റിയുടെ കുത്തഴിച്ചിട്ടു. സോഫിയുടെ കരച്ചില്‍ നാണത്തിലേക്കും വശീകരണത്തിലേക്കും ഭാവം മാറി.
ആദ്യം അച്ചന്‍ ചെറുതായി ഒന്ന് ആസ്വദിച്ചുവെങ്കിലുംപെട്ടെന്ന് ഉളളില്‍ ദൈവ വിളിയുണ്ടായി.
സെബാസ്റ്റ്യനച്ചാ കണ്ണ് വെടുക്കായാല്‍ അതിനെ ചൂഴ്ന്ന് എടുത്തു കളയണം. കണ്ണുകള്‍ അരുതാത്തതില്‍ മോഹിപ്പിച്ചാലും അതും വ്യഭിചാരം തന്നെ. മണ്ണിനെ പ്രണയിക്കുന്ന മണ്ണിരയെപ്പോലെ നിലത്ത് കിടന്ന് ഇഴയുന്ന വറീതിനോട് അച്ചന്‍ പറഞ്ഞു.
“എണ്ണീറ്റ് പോടാ വറീതെ ഇല്ലെങ്കില്‍ എന്‍റെ കാലന്‍കുടയ്ക്ക് പണിയാവും കേട്ടോ. കലത്തിന്‍റെ ഏറ് കിട്ടിയതിന്‍റെ വിഷമം മാറിയിട്ടില്ലാ. വേഗം എണീറ്റോ അതാ നല്ലത്.””അപ്പോള്‍ എന്‍റെ മൂക്കില്‍ കൊണ്ടതോ അച്ചാ.” ചടഞ്ഞ മൂക്കായതിനാല്‍ ശബ്ദം മാറി കപ്യാര്‍ പറഞ്ഞു.
“ഞാന്‍ പലപ്പോഴും പറഞ്ഞിട്ടില്ലേ കപ്യാരെ ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ മൂക്കറ്റം വരെ തിന്നരുതെന്ന്. അതിനുളള ശിക്ഷയായി ഇതിനെ കണ്ടാല്‍ മതി.”
“അപ്പോള്‍ അച്ചന്‍റെ നെറ്റിയില്‍ കൊണ്ടതോ.”
“അത് സാത്താന്‍റെ പരീക്ഷണമാണ് കപ്യാരെ. ”
“ഉലക്കേടെ മൂട്.” അച്ചന്മാര്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ അത് പിശാചിന്‍റെ പ്രവര്‍ത്തനം. മറ്റൊളളവര്‍ക്ക് പറ്റിയാല്‍ അത് ശിക്ഷവിധി. മനസില്‍ പിറുപിറുത്തു കളള കത്തനാര്. എന്തെങ്കിലും ദുഷ്ടതകാണും അതുകൊണ്ടാ തലയ്ക്ക് തന്നെ ഒന്നാംതരം ഏറ് കിട്ടിയ്.
ഒരു പ്രകാരത്തില്‍ എണീറ്റ് ചവിട്ട് പടിയില്‍ ഇരുന്നുകൊണ്ട് വറീത് ചോദിച്ചു. “അപ്പോള്‍ രണ്ട് പേര്‍ക്കും ഏറ് കിട്ടിയെങ്കില്‍ രണ്ട് കലം ഉണ്ടായിരുന്നോ?”
അത് ശരി. കലം ഒന്നേ ഉണ്ടായിരുന്നുളളൂ. ഉല്‍ക്ക പോലെ ഒരെണ്ണം അകത്ത് നിന്ന് വന്നു എന്‍റെ നെറ്റിയില്‍ കൊണ്ടു. ഇരിക്കട്ടെ കപ്യാര്‍ക്കെന്ന് കലത്തിന് തോന്നി തെറിച്ച് കപ്യാരുടെ മൂഞ്ചിക്ക് അവിടെന്ന് തെറിച്ച് നിലത്ത് വീണ് ടും.. ടും… ടും. എന്നും പറഞ്ഞ് ഉരുണ്ടുരുണ്ട് ദാ പോയി കിടക്കുന്നു.
ഇതിനിടയില്‍ വെളിയില്‍ ഇരിക്കുന്ന ചില പാത്രങ്ങളിലേക്കും അച്ചന്‍റെ കണ്ണുകള്‍.
“അല്ലാ സോഫി മോളെ ഇവിടെ ചളക്കം പറ്റാത്ത പാത്രങ്ങള്‍ വേറെ ഒന്നുമില്ലേ?”
“ഒന്നും പറയണ്ട അച്ചാ ഇതിയാന്‍റെ കുടി നിര്‍ത്താതെ ഇവിടെ ശരിയാവില്ലാ.”
“ദേഷ്യപ്പെട്ട് അച്ചന്‍ ഒന്ന് എണീക്കടാ വറീതെ.” നാക്ക്റുക്കി. “നല്ല ഒരു ഞായറാഴ്ചയായിട്ട് പളളിയിലും വരാതെ കളളും കുടിച്ച് വേഷം കെട്ടി നടക്കുന്നു. നിന്നെ ഒന്ന് കാണാന്‍ തന്നെയാ വന്നത്. നിന്‍റെ പാവം ഭാര്യയും മക്കളും മുടങ്ങാതെ കുര്‍ബാന കാണാന്‍ വരുന്നു. നിന്നെ കണ്ട് ഭാര്യയും മക്കളും പഠിക്കണ്ട സ്ഥാനത്ത് അവരെ കണ്ട് നീ പഠിക്കണ്ട ഗതികേട്. നീ എത്ര നാളായി പളളിയില്‍ വന്നിട്ട്.”വറീത് വിരല്‍ നീട്ടി ഒന്ന് രണ്ട് എന്ന് എണ്ണാന്‍ തുടങ്ങിയപ്പോള്‍ ക്ഷുബിതനായി അച്ചന്‍.
“എടാ തെണ്ടി നീ നിന്‍റെ ഇളയ കൊച്ചിന്‍റെ ആദ്യ കുര്‍ബ്ബാനക്ക് വന്നതല്ലേടാ കളള് കുടിയാ.
“ക്ഷീണം തീര്‍ക്കാന്‍ ഇത്തിരി കുടിക്കും.”
“നിന്‍റെ ക്ഷീണം.”
അച്ചനൊക്കെ വീഞ്ഞ് കുടിക്കാറില്ലേ? അല്ലെങ്കിലും ബൈബിള്‍ പറയുന്നുണ്ടല്ലോ നിന്‍റെ കൂടെ കൂടെയുളള ക്ഷീണം തീര്‍ക്കാന്‍ അല്പം വീഞ്ഞ് സേവിച്ചുകൊളളാന്‍. കര്‍ത്താവിന്‍റെ ആദ്യ അത്ഭുതം തന്നെ കാനാവിലെ പച്ചവെളളത്തെ വീഞ്ഞാക്കിയതല്ലേ? അപ്പോള്‍ അച്ചനും കര്‍ത്താവിനും എന്തും ആകാം. ഞങ്ങള്‍ ഈ പാവങ്ങള്‍ ചെയ്താല്‍ പാപം.
ഓ… നീ ബൈബിള്‍ നന്നായിട്ട് പഠിച്ചുവെച്ചിട്ടുണ്ട് അല്ലേ? എല്ലാ കളള് കുടിയന്മാരും കൃത്യമായി ഇത് പഠിക്കും.
സോഫിയ പറഞ്ഞു. “കേട്ടില്ലേ അച്ചാ ഇതിയാന്‍റെ തര്‍ക്കുത്തരം. ഈ മനുഷ്യന്‍ ഒരുകാലത്തും നന്നാവില്ലാ. ഞാന്‍ പലപ്പോഴും അച്ചനോട് പറഞ്ഞിട്ടില്ലേ? ഇപ്പോള്‍ അച്ചന് മനസ്സിലായില്ലേ? വേണമെങ്കില്‍ ഇതിയാന്‍ ഉപദേശിച്ച് മറ്റുളളവരെ കുടിയനാക്കി തരും.”
“മദ്യപാനി സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയല്ലാ വറീതെ.”
“അപ്പോള്‍ പിന്നെ നിങ്ങള്‍ വീഞ്ഞ് വിളമ്പുന്നതും കുടിക്കുന്നതോ? അല്ലെങ്കില്‍ തന്നെ ഈ സ്വര്‍ഗ്ഗം എവിടെ അച്ചന്‍ കണ്ടിട്ടുണ്ടോ?”
ഞാന്‍ സ്വര്‍ഗ്ഗം കണ്ടിട്ടില്ലാ. പക്ഷെ ഞാന്‍ സ്വര്‍ഗ്ഗം പലരേയും കാണിച്ചിട്ടുണ്ട്.
കപ്യാര് അച്ചന്‍റെ മുഖത്തേക്ക് നോക്കി. എന്നിട്ട് മനസില്‍ പറഞ്ഞു. വെറുതെയല്ലാ ക്രിസ്തു പറഞ്ഞത് സ്വര്‍ഗ്ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയെന്ന്”.
അച്ചന്‍ വറീതിനോടായി പറഞ്ഞു. വറീതെ നീ എന്നെ പരീക്ഷിക്കരുതേ വീഞ്ഞും നീ ദിനവും തേമ്പുന്ന മദ്യവും രണ്ടും രണ്ടാണ്. പിന്നെ പറഞ്ഞ സ്വര്‍ഗ്ഗം നന്മകൊണ്ട് നമ്മളുടെ ഇടയില്‍ നാം ഉണ്ടാക്കിയെടുക്കണം എന്നാണ് അതിന്‍റെ അര്‍ത്ഥം. കപ്യാരെ ബാക്കി ഒന്ന് പറഞ്ഞേ.”
“വറീത് എണീറ്റ് ഈ കസേരയില്‍ ഇരിക്കൂ. ഇല്ലെങ്കില്‍ കാലന്‍ കുടയ്ക്ക് അച്ചന്‍റെ കയ്യില്‍ നിന്നും നല്ല കുത്ത് കിട്ടും.”
വറീതും എണീറ്റ് ഒരു കസേരയില്‍ ഇരുന്നു. എല്ലാവരുമായി ക്ഷേമാന്വേഷണങ്ങളും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി മണിക്കൂറുകള്‍, ഇതിനിടയില്‍ സോഫി കൊണ്ടു വച്ച ചായയും പലഹാരങ്ങളിലുമായി അച്ചനും കപ്യാരും മല്‍പിടത്തവും. ഇടയ്ക്ക് തമാശ പറയാനും മടിച്ചില്ലാ.
“കപ്യാരെ മൂഞ്ചി ശരിയായോ?”
“ഉം.” ഒരു തരം കളിയാക്കിയ ചോദ്യം പോലെ തോന്നി കപ്യാര് അച്ചനെ നോക്കി.
“ഇതെല്ലാം ഇവിടെ ഉണ്ടാക്കുന്നതാണോ സോഫി.”
അച്ചന്‍ ചോദിച്ചു.
“അതെ അച്ചാ.”
“സോഫിയുടെ പലഹാരങ്ങള്‍ ഒന്നും മോശമല്ലാ കേട്ടോ?”
കപ്യാര് അച്ചനെ വീണ്ടും നോക്കി എന്നിട്ട് ചോദിച്ചു. “അച്ചാ നെറ്റിയുടെ വേദന മാറിയോ.
“ഉം…”
“പക്ഷെ ഇപ്പോഴും മുഴച്ച് നില്‍ക്കുന്നുണ്ട്.”
“കപ്യാരെ താഴെ കളയാതെ തിന്ന്.”
“ഉം… അച്ചനാണല്ലോ കൂടുതലും താഴെ കളയുന്നത്. “കപ്യാരെ മണിയടിച്ചാല്‍ പോരെ ശിശ്രൂഷയും ചെയ്യണോ?. ആ സോഫി ഇതുപോലെ പലഹാരങ്ങള്‍ ഉണ്ടാക്കി കുറച്ച് എനിക്കും അരമനയില്‍ കൊണ്ടു തായോ ചായ ഉണ്ടാക്കി കഴിച്ചോളാം.”പ്പൂം… ചായ ഗ്ലാസ് മോന്തി കൊണ്ടിരുന്ന കപ്യാരുടെ വായില്‍ നിന്നും ഒരു ശബ്ദവും സ്പ്രേ പോലെ ചായ തെറിക്കലും.”
അച്ചന്‍ കപ്യാരുടെ നെറുകയില്‍ കൈ തട്ടികൊണ്ടു പറഞ്ഞു.
“കപ്യാരെ ഞാന്‍ ആദ്യമേ പറഞ്ഞില്ലായിരുന്നു.” കപ്യാര് മനസില്‍ പറഞ്ഞു. അച്ചന്‍ ഇതുപോലെ കോമഡി പറഞ്ഞാല്‍ ചായ ശിരസില്‍ കയറാതിരിക്കുമോ? പലഹാരങ്ങള്‍ ഉണ്ടാക്കി കൊണ്ട്ഇടയ്ക്ക് അരമനയിലേക്ക് വരാന്‍. അരമനകളും കുമ്പസാര കൂടുകളും ജനം മറന്നിട്ടില്ലാ അച്ചോ.
അങ്ങനെ ഒടുവില്‍ എല്ലാവരേയും വിളിച്ച് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പിരിഞ്ഞു. അച്ചനും കപ്യാരും വെളിയിലേക്കിറങ്ങിയപ്പോള്‍ പിന്നില്‍ വന്ന് വറീതിന്‍റെ മകള്‍ പറഞ്ഞു.
‘അച്ചാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
“അരമനയിലേക്ക് വന്നോളൂ.”
“ഈശ്വേയേ… “കപ്യാര് അറിയാതെ പറഞ്ഞു.
അല്ലാ അച്ചാ ഞാന്‍ ഇപ്പോള്‍ പറയാം.
“എന്നാല്‍ പറയൂ. കപ്യാരെ.”
കപ്യാര്‍ അല്പം അകലെ മാറിനിന്നു. മകള്‍ പറഞ്ഞു. അച്ചന്‍ കണ്ടതും കേട്ടതുമല്ലാ സത്യം.
“പിന്നെ.”
പപ്പാ ഇത്തിരി മദ്യപിക്കുന്നു എന്നുളളത് ശരിയാ. പപ്പാ ഒരു പ്രശ്നവും ഉണ്ടാക്കാറില്ലാ. ഇതെല്ലാം സമ്പാദിച്ചതും പപ്പ തന്നെയാ. പപ്പ മദ്യപിച്ച് വന്നാല്‍ കടിക്കാത്ത പട്ടിയുടെ വായില്‍ കോലിട്ട് ഇളക്കി കടിമേടിക്കുന്നപോലെയാ മമ്മി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങും. സഹികെടുമ്പോള്‍ പപ്പാ തിരിച്ചും. ആദ്യത്തെ അടി അമ്മയുടെ വക. പപ്പ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കും. പക്ഷെ ശ്രമം മാത്രമുളളൂ. അടി കൂടി കഴിയുമ്പോള്‍ പപ്പാ വെളിയിലേക്ക് ഓടും കലി തീരാതെ കൈ കിട്ടിയത് വച്ച് അമ്മ പപ്പയെ എറിയും എന്നിട്ട് അമ്മ ഉച്ചത്തില്‍ കരയും. അന്വേഷിക്കുന്നവരാരും എന്താ സംഭവം എന്ന് അന്വേഷിക്കാറില്ലാ. നാട്ടില്‍ മുഴുവന്‍ പറയും പപ്പ വെളളമടിച്ച് പ്രശ്നമാണെന്ന്. പപ്പ നാണക്കേട് കാരണം ആരോടും പറയാറില്ലാ. ആദ്യം നന്നാക്കണ്ടത് അമ്മയെയാണ്. സിറ്റൗട്ടില്‍ അവരെ നോക്കി സോഫിയും മറ്റുളള വരും. സോഫിക്ക് മനസിലായി അവള്‍ എന്തോ അച്ചനോട് പറഞ്ഞു. അവള്‍ക്കല്ലെങ്കിലും അവളുടെ ഈ ഉണക്കതന്തയോടാ ഇഷ്ടം. അച്ചന്‍ മോളെ പറഞ്ഞ് വിട്ടിട്ട്. കൈകാട്ടി സോഫിയെ വിളിച്ചു. അച്ചനെ ധിക്കരിക്കാന്‍ ആവില്ലാത്തതുകൊണ്ട് സോഫി നീങ്ങി വന്നു. ഒപ്പം കപ്യാരും.
സോഫി എപ്പോഴാ പലഹാരങ്ങള്‍ കൊണ്ട് അരമനയില്‍ വരുന്നത്. വരുമ്പോള്‍ ധൃതിപിടിച്ച് തിരികെ പോരാന്‍ പാകത്തിന് വരരുത്. ഒന്ന് സംസാരിക്കണം.
കപ്യാര് മനസില്‍ പറഞ്ഞു. ദാ കിടക്കണു പിന്നെയും അച്ചന്‍ ഈ പെണ്ണുങ്ങളെ ഇങ്ങനെ അരമനയിലേക്ക് വിളിക്കുന്നത് എന്താ.
“ഇല്ലാ അച്ചാ ഞാന്‍ അടുത്താഴ്ച പളളിയില്‍ വരുമ്പോള്‍ കൊണ്ടുവരാം. അരമനയിലേക്കില്ലാ.”
“മരിയാതെക്കെ വന്നേക്കണം. ഞാന്‍ കുറച്ച് വെളളം പ്രാര്‍ത്ഥിച്ച് തരും അതു ഇവിടെ കൊണ്ടുവരണം.”
“അതിന് അരമനയിലേക്ക് വരണമോ അച്ചാ.” സോഫിയും കപ്യാരും ചോദിച്ചു.
‘വരണം…. ഞാന്‍ പറയുന്ന പോലെ അനുസരിക്കണം. ഇല്ലെങ്കില്‍ എന്‍റെ സ്വഭാവം മാറും.”
“വരാം അച്ചാ.” സോഫി പറഞ്ഞു. പക്ഷെ മനസില്‍ മറ്റൊരു തീരുമാനമായിരുന്നു. മകള്‍പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ അരമനയും കുമ്പസാരങ്ങളും പെണ്ണുങ്ങള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. ഇല വന്ന് മുളളില്‍ വീണാലും മുളള് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് തന്നെ. അച്ചന്‍ പ്രാര്‍ത്ഥിച്ച് അരമനയില്‍ തരുന്ന വെളളം എനിക്ക് വേണ്ടച്ചാ. അത് പളളിയില്‍ കാണുമ്പോള്‍ തന്നോളൂ. അരമനമോഹം ആ മനസില്‍ വച്ചാല്‍ മതി.
അച്ചന്‍റെ സംസാരവും സോഫിയുടെ പ്രതികരണവും മാറി മറിഞ്ഞ് നോക്കിയ കപ്യാര്‍ നിസഹായനായി നിന്നു.
എന്നാല്‍ പോകാം കപ്യാരെ.
പോകാം.
യാത്രയില്‍ അച്ചന്‍ കപ്യാരോടായി.
“എന്താടോ ഈ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്.”
“അത് തന്നെയാ ഞാനും ചോദിക്കുന്നത്.”
“ഭാര്യയെ ഭര്‍ത്താവ് തല്ലുന്നു എന്ന് ധാരാളം കേട്ടിരിക്കുന്നു. ഇവിടെ നേരെ തിരിച്ച്.”
“പലയിടത്തും അങ്ങനെ തന്നെയാ, അച്ചന്‍ പെണ്ണ് കെട്ടിയിരുന്നെങ്കില്‍ അറിയുമായിരുന്നു.” നല്ല കുടുംബം അത് പവിത്രമാണ്. അതു ഉണ്ടാക്കാന്‍ പ്രയാസവുമാണ്. ആണായാലും പെണ്ണായാലും സ്വയം നന്നാവുക. അതേ പരിഹാരമുളളൂ.
“അതെ അച്ചാ. അതെ എനിക്കും അച്ചനോടും പറയാനുളളൂ.”
സ്വയം നന്നാവുക
കപ്യാര് എന്നെ ഒന്ന് ആക്കിയതാണല്ലേ?
ആണോ.?

About The Author

Leave a Reply

Your email address will not be published. Required fields are marked *